തൂലിക ഉണ്ടായിട്ടെന്ത് ഇളക്കിമറിക്കാന്‍ കൈകള്‍ ഇല്ലാത്തിടത്തോളം എന്ത് ഗുണം! ശരിയായ എഴുത്തുകാരുടെ അഭാവം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിഴലിക്കുന്നുണ്ട്... മനുഷ്യനോടോ പ്രകൃതിയോടോ യാതൊരു കൂറുമില്ലാത്തവര്‍ സ്നേഹമെഴുതി കടലാസ്സു പാഴാക്കുന്നു...
കേരളത്തില്‍ ശബ്ദമില്ലാത്ത എഴുത്തുകാരും സാംസ്കാരിക നായകരും.... എഴുത്തുകാരന്‍ എന്നും പ്രതിപക്ഷത്തിരിക്കണം എന്ന മാന്യത കളഞ്ഞു കുളിച്ച ജന്മങ്ങള്‍ ... ഭരിക്കുന്നവരുടെ കോലായില്‍ അവാര്‍ഡോ കൊള്ളാവുന്ന കസേരയോ തരപ്പെടുമോ എന്ന് നോക്കി ഓച്ചാനിച്ച് നില്‍ക്കുന്നവര്‍ ..
ചട്ടക്കൂടില്‍ പെടാത്ത എഴുത്തുകാരെയാണ് കേരളം തേടുന്നത്.. അത്തരം എഴുത്തുകാര്‍ ഉണ്ടായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനം എന്നേ ഇളകിയേനെ.
സുകുമാര്‍ അഴിക്കോടെന്ന കൊട്ടേഷന്‍ പ്രാസംഗികന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തോ പറഞ്ഞെന്നു വരുത്തി തലയൂരിയത്‌ മറക്കുന്നില്ല.. പാവം അത്രയെങ്കിലും ചെയ്തല്ലോ! ഇനിമേല്‍ സുകുമാര്‍ അഴികോട് എന്നല്ല സുമാര്‍ അഴികോട് എന്ന് പറയാമെന്നു തോന്നുന്നു..
എം.മുകുന്ദന്‍ എഴുത്തുകാര്‍ സംഘടിക്കുന്നതിനെ കുറിച്ച് വാചാലനാവുന്നുണ്ട്.. എന്തിനാണാവോ, കോക്കസ്സുകള്‍ ഉണ്ടാക്കി സ്വന്തം സൃഷ്ടികള്‍ പ്രൊമോട്ട് ചെയ്യാനോ? അല്ലാതെ സ്വതന്ത്രരായ എഴുത്തുകാരുടെ കൂട്ടായ്മയല്ല വിദ്വാന്‍ ആഗ്രഹിക്കുന്നത്.. ചിലര്‍ സംഘം ചേര്‍ന്ന് മഹാ കവിയെ സൃഷ്ടിക്കാന്‍ പാടുപ്പെടുന്നത് മയ്യഴി മുകുന്ദന് സഹിക്കുന്നുണ്ടാവില്ല .. ഭാവിയില്‍ മഹാ കവി എന്ന നിരയിലേക്ക് മഹാ നോവലിസ്റ്റ് എന്നൊരു സാധനം കയറി കൂടായികയില്ല...
ജനത്തിനോ പ്രകൃതിക്കോ ഗുണം ചെയ്യാത്ത എഴുത്തുകാരെ മഹാ പാപികള്‍ എന്ന് വിളിക്കാമെന്നു തോന്നുന്നു..


കേരളത്തില്‍ സി.പി.എം. ബി.ജെ.പി.യിലേക്കും ബി.ജെ.പി സി.പി.എമ്മിലെക്കും ചായുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങിയിരിക്കുന്നു. കോണ്ഗ്രസ്സിനെക്കാള്‍ നല്ലത് ഇടതു പക്ഷമെന്നും , കൊണ്ഗ്രസ്സിന്റെത് മുതലാളിത്ത പ്രീണനം എന്നും , സി.പി.എം. ബി.ജെ.പി സംഘട്ടനം കൊണ്ട് നേട്ടമുണ്ടാക്കുന്നത് കൊണ്ഗ്രസ്സെന്നും ബി.ജെ.പി.യില്‍ ചിലര്‍ നിരീക്ഷിക്കുമ്പോള്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ചില അടവ് നയങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാകുന്നു.

ബി.ജെ.പി.യെ അത്തരം ചിന്തയിലേക്ക് നയിക്കുന്നതിന് ഉത്തരവാദിത്വം കൊണ്ഗ്രസ്സിനു തന്നെ. ന്യൂന പക്ഷ വര്‍ഗീയ കൂട്ടുകെട്ടുമായി മുന്നോട്ടു പോകുന്ന കോണ്ഗ്രസ് ഭൂരിപക്ഷ വിഭാഗത്തില്‍ അസംതൃപ്തി ഉണ്ടാക്കുന്നു എന്ന് ബി.ജെ.പി.യെ പോലെ സി.പി.എമ്മും കണക്കു കൂട്ടുന്നു. എന്നാല്‍ ഭൂരിപക്ഷ വിഭാഗം എന്നും വര്‍ഗീയതക്ക് എതിരെന്ന് ആ കക്ഷികള്‍ അറിയാതെ പോകുന്നു. കേരളത്തില്‍ ഹൈന്ദവ വിഭാഗം എന്നും വര്‍ഗീയതയെ ചെറുത്തിട്ടെ ഉള്ളൂ. അതിനു തെളിവാണ് നാളിതു വരെ ബി.ജെ.പിക്ക് കേരള നിയമ സഭയില്‍ ഒരംഗത്തെ പോലും ജയിപ്പിച്ചെടുക്കാന്‍ കഴിയാത്തത്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിസ്സാരത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ സി.പി.എമ്മിനെ താങ്ങി നിര്‍ത്തുന്നത് ഹിന്ദുക്കള്‍ ആണ്. അത് സി.പി.എമ്മിന്റെ വര്‍ഗീയതയോടുള്ള എതിര്‍പ്പ് മൂലവും. എന്നാല്‍ സി.പി.എം കാവി കൂട്ട് കെട്ടിലേക്ക് നീങ്ങിയാല്‍ സി.പി.എമ്മില്‍ നിന്നും ഹിന്ദുക്കളുടെ കൂട്ടമായ ഒഴിഞ്ഞു പോക്ക് ഉണ്ടാവുകയും സി.പി.എം കേരളത്തില്‍ അവസാനിക്കുകയും ചെയ്യും. അത് ഗുണം ചെയ്യുന്നത് ആര്‍ക്കെന്ന് കാത്തിരുന്നു കാണുകയെ നിവൃത്തിയുള്ളൂ.


അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളെയും അമേരിക്കന്‍ കമ്പനികളെയും തുല്യമായി കാണാന്‍ ആവില്ലെന്ന്... തെളിയുന്ന മുഖങ്ങള്‍ ചുവപ്പെങ്കിലും അതിലൊരു സാമ്രാജ്യത്വ നിഴല്‍ ഇടം പിടിച്ചിരിക്കുന്നു. അമേരിക്കയെ എതിര്‍ക്കുകയും അതെ നാവു കൊണ്ട് അമേരിക്കന്‍ കമ്പനികളെ തലോടുകയും.
കഷ്ടം, അമേരിക്കന്‍ നയമെന്നത് അമേരിക്കന്‍ കമ്പനികളുടെ ഊട്ടുപ്പുരകളില്‍ രൂപം കൊള്ളുന്നത്‌ ആയിട്ട് കൂടി ഒട്ടുമേല്‍ ഉളുപ്പില്ലാതെ പറയാന്‍ ആവുന്നുണ്ടല്ലോ! വഞ്ചന. അമേരിക്കന്‍ പ്രസിഡന്റ് എന്നത് കോര്‍പറേറ്റ്കളുടെ റബ്ബര്‍ സ്റ്റാമ്പ്.. എന്നിട്ടും കറുത്തവനും കടുകോളം മുസ്ലീം നിഴലുമുള്ള ഒബാമ അധികാരത്തില്‍ ഏറിയപ്പോള്‍ ബുദ്ധി ജീവികള്‍ എന്നവകാശപ്പെടുന്ന നിരുപദ്രവകാരികള്‍ എന്ന് കാഴ്ചയിലും ക്ഷുദ്ര ജീവികളെന്നു അനുഭവത്തിലും തെളിയിച്ചവര്‍ ഓശാന പാടി. ഇനി ഒന്നാം ലോകവും നാലാം ലോകവും തമ്മില്‍ അന്തരമില്ലെന്നു മനപ്പായസ്സമുണ്ണുകയും.
നവ കോളനി വല്ക്കരണത്തില്‍ വിദേശ നിര്‍മിത കോള കുടിച്ചു ആനന്ദിച്ചു കോളക്കമ്പനിയെ കെട്ടു കെട്ടിക്കാന്‍ സമര മുറകള്‍ ... മറയിലിരുന്നു മദ്യപിച്ചു കമ്മീഷന്‍ മടിയില്‍ തിരുകിയ ഒറ്റുകാര്‍ ...
നാലക്ക ശമ്പളക്കാരന്‍ അഞ്ചക്കത്തിലേക്ക് മനസ്സാ തുഴയെറിഞ്ഞത്.
നാലാം ലോക ജന്മങ്ങള്‍ പിന്നെയും മോഹന വാഗ്ദാനം തേടി കുന്തിചിരിക്കുന്നു.
തെരഞ്ഞെടുപ്പുകള്‍ വരും പോകും...
കപടത വിജയിക്കും...
തെറികള്‍ സംസ്കാരത്തിന്റെ കുപ്പായം അണിയും.

Followers

About The Blog


MK Khareem
Novelist