ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള സഞ്ചാരത്തെ ഭാഷയില്ലാത്ത സംഗീതം എന്ന് കുറിക്കട്ടെ. നീറി പിടിക്കുമ്പോഴും മതി വരാതെ ഹൃദയം ഹൃദയത്തിന് ചാഞ്ഞു കൊടുക്കുന്നു. ഉടലെത്ര അകലെയെങ്കിലും എന്റെ ഹൃദയം നിനക്ക് വാരിയെടുക്കാം. ഞെരിയുന്ന വേദനയിലൂടെ നിന്നെ മൊത്തമായും അനുഭവിക്കാനാവുന്നു. ഒച്ചകള്‍ അകന്ന നിലാവെളിച്ചത്തില്‍ മഞ്ഞു കാറ്റ് പൊതിയുമ്പോള്‍ നിന്റെ അദൃശ്യ സാന്നിദ്ധ്യം.

മൂകം ചിറകടിക്കുന്ന ഒരു മഞ്ഞു കിളി. പുരാതനമായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കിളിയെന്താണ് തേടുന്നത്. പഴയ ജീവിതത്തിന്റെ വളപ്പൊട്ടുകള്‍ , ഓടക്കുഴല്‍ ബാക്കി വച്ചൊരു സംഗീതം, അല്ലെങ്കില്‍ പൂരിപ്പിക്കാതെ വിട്ട പ്രണയത്തിന്റെ ഭാഷ.

മങ്ങിയ ഇരുട്ടില്‍ മൌനമായൊരു പക്ഷി ഇലച്ചാര്‍ത്തില്‍ .. ഇടറുന്ന സ്വരം.. എങ്ങോ ഇരുന്നു നീ കുറുകുന്നതായി തോന്നി... പകലില്‍ നിന്നും രാത്രിയിലേക്ക്‌ ആലസ്യം പകരുന്ന നിന്റെ നടപ്പുകളും ഞാന്‍ ഉള്ളാലെ കാണുന്നുണ്ട്..

വീഥികളില്‍ നീ ഉപേക്ഷിച്ച നിന്റെ വേഷങ്ങള്‍ , സ്വപ്‌നങ്ങള്‍ ... കാറ്റില്‍ താണു പറന്നൊരു കടലാസ്സില്‍ നിന്റെ കൈപ്പട വികൃതമായി ചൊല്ലുന്നു, ഞാന്‍ എന്നെ തേടുന്നു.

മറ്റൊന്ന്;

നിന്റെ ഏകാന്തതയില്‍ എന്റെ വചനങ്ങള്‍ ആശ്വാസമാകുമെങ്കില്‍ ഞാന്‍ നിനക്ക് എഴുതും.. നീ നിന്റെ ഇരുട്ടില്‍ നിന്നും പുറത്തു കടക്കുന്ന നാള്‍ കാത്തു ഇവിടെ ഇരിക്കാം. നമുക്കിടയില്‍ പദങ്ങള്‍ പെരുകട്ടെ..

വെയിലില്‍ ചിലപ്പോള്‍ തിളക്കമില്ലാത്ത ഇലമഴ.

യാത്രകള്‍ ,

അവസാനമില്ലാത്ത കാലടയാളങ്ങള്‍ ...

ഋതുക്കള്‍ വന്നു മടങ്ങുന്നു.

പ്രണയം ആവര്‍ത്തിക്കുകയും....


ജനാധിപത്യം നടിക്കുന്ന സാമ്രാജ്യത്വ ശക്തി ഇഷ്ടപ്പെടുന്നത് ആരാഷ്ട്രീയക്കാരായ നേതാക്കളെ. ജനങ്ങളോട് അടുപ്പമില്ലാത്ത സാധാരണക്കാരന്റെ പ്രയാസങ്ങള്‍ അറിയാത്ത നേതാക്കള്‍ അധികാരം കയ്യാളുമ്പോള്‍ സാമ്രാജ്യത്വത്തിന് അവരുടെ അജണ്ടകള്‍ നടപ്പാക്കാം. മന്‍മോഹന്‍ സിംഗ് എന്ന പ്രധാനമന്ത്രി അതിനു തെളിവാണ്.. മുപ്പതു ലക്ഷം മനുഷ്യര്‍ കേരളത്തില്‍ മരണഭീതിഒയോടെ കഴിയുമ്പോള്‍ താനൊന്നും അറിഞ്ഞില്ല, തനിക്കിതോന്നും ബാധകമല്ലെന്ന മട്ടില്‍ ഭാരതത്തിലെ ചെറുകിട കച്ചവടശാലകള്‍ പോലും
വിദേശ കുത്തകള്‍ക്ക്‌ തീറെഴുതി കൊടുക്കാന്‍ ഒരുങ്ങി ഇരിക്കുന്നു.. ഇതൊരു ജനാധിപത്യ വ്യവസ്ഥിതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇന്ത്യയുടെ പോക്ക് സ്വാച്ചാധിപത്യത്തിലേക്കോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ സ്വാതന്ത്ര്യം കിട്ടിയത് ഭാരതിയര്‍ക്കോ ഭരണം കയ്യാളുന്നവര്‍ക്കോ എന്ന് സംശയിച്ചു പോകുന്നു.
കടുത്ത ഭാഷയില്‍ എതിര്‍ക്കേണ്ട എഴുത്തുകാര്‍ നിശബ്ദരും. എഴുത്തുകാരുടെ കണ്‍ഠനാളങ്ങള്‍ അടച്ചു പൂട്ടിയത് ആരാണ്? എഴുത്തുകാര്‍ കടുത്ത സ്വാര്‍ഥതയില്‍ മുങ്ങി ഭരണ കേന്ദ്രങ്ങള്‍ വഴി എന്തെങ്കിലും തരപ്പെടും എന്ന വിശ്വാസത്തില്‍ കഴിയുന്നു. സമീപ ഭാവിയില്‍ അവാര്‍ഡുകള്‍ വാങ്ങി കൂട്ടിയ എഴുത്തുകാരെ ഒന്ന് പരിശോധിക്കുക. അവര്‍ മുല്ലപ്പെരിയാര്‍ സമരത്തിന്റെ മുന്‍നിരയില്‍ എന്തെ വരുന്നില്ല? അവര്‍ ആരെയാണ് ഭയക്കുന്നത്?
ഭാരതത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ പോലും തകര്‍ക്കുന്ന തരത്തില്‍ തമിഴ്നാട് കോണ്ഗ്രസ് ഘടകം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ദേശീയ കക്ഷിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്നും അവിടെ തമിഴന്മാരാണ് കൂടുതലെന്നും ഹിതപരിശോധന നടത്തണമെന്നും തമിഴ്നാട് കോണ്ഗ്രസ് എം.പി.മാര്‍ പറയുന്നത് പാക്കിസ്ഥാന്റെയോ എല്‍ .ടി.ടി.യുടെയോ സ്വരത്തിലാണ്. അത്തരം ചിന്താ ഗതികളും സംസാരവും വച്ച് പൊറുപ്പിക്കാനാവില്ല. സ്വന്തം കാലിന്റടിയില്‍ നിന്നും മണ്ണൊലിച്ചു പോകുമ്പോള്‍ മനുഷ്യര്‍ എന്നും പ്രബുദ്ധരെന്നും അവകാശപ്പെടുന്ന കേരള ജനതയെ എന്തിനു കൊള്ളാം! കമ്പോള വല്ക്കരണത്തില്‍ മയങ്ങി ഞാനും എന്റെ പൊണ്ടാട്ടിയും തട്ടാനും ഒഴികെ ബാക്കിയെല്ലാം തുലയട്ടെ എന്ന മനോഭാവമല്ലേ മലയാളിയുടെത്.
പള്ളിയുടെയോ അമ്പലത്തിന്റെയോ മസ്ജിദിന്റെയോ തര്‍ക്കം ആണെങ്കില്‍ അതില്‍ പങ്കാളിയാകാനും സമരം നയിക്കാനും എന്തുല്‍സാഹമാണ്. എന്തുകൊണ്ട് ഡാം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ദുരന്തത്തെ കുറിച്ച് ചിന്തയില്ല?
നാളെ ലോകം വിധിയെഴുതാതിരിക്കട്ടെ, മലയാളി ഷണ്ഡന്‍ എന്നതിന്റെ പ്രതീകമെന്ന്....


മുല്ലപ്പെരിയാര്‍ സമരം അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതിനു തെളിവാണ് അഡ്വക്കേറ്റ് ജനറലിന്റെ പ്രസ്താവനയും തുടര്‍ന്ന് വന്ന ഭൌമ ശാസ്ത്രജ്ഞന്റെ റിപ്പോര്‍ട്ടും. ഭൂമി കുലുക്കം മൂലമല്ല മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് എന്ന അഭിപ്രായം ഉടനടി ഡാം തകരില്ലെന്ന ചിന്ത മനുഷ്യനില്‍ കുത്തിവയ്ക്കാനും തുടര്‍ന്ന് സമരത്തില്‍ നിന്നും ജനത്തെ പിന്മാറ്റാനുമുള്ള നീക്കമായി കരുതേണ്ടിയിരിക്കുന്നു. ഡാം അപകടാവസ്ഥയില്‍ അല്ലെന്നും വെറും പ്രചരണമാണെന്നുമുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രസ്താവനയും എ.ജി യുടെയും ശാസ്ത്രജ്ഞന്റെയും വാക്കുകളും തമ്മില്‍ കൂട്ടിവായിച്ചാല്‍ ചില ഉത്തരങ്ങള്‍ കിട്ടും.. മാത്രമല്ല ദേശിയ കക്ഷികളായ കൊണ്ഗ്രസ്സിന്റെയും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ഇരട്ടത്താപ്പും കേരളത്തിന്റെ വികാരത്തെ തകര്‍ക്കുന്ന തരത്തിലാണ്.. മുല്ലപ്പെരിയാര്‍ ഡാം ഉടനടി തകരാതിരിക്കട്ടെ. എന്നാല്‍ ഡാം കാലഹരണപ്പെട്ടു എന്ന് സമ്മതിക്കുന്ന സ്ഥിതിക്ക് മറ്റൊന്ന് പണിയാനുള്ള നീക്കം ഭരണ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്.. എന്നെങ്കിലും ഉണ്ടായേക്കാവുന്ന അപകടാവസ്ഥയെ ഉടനടി നീക്കെണ്ടിയിരിക്കുന്നു.. അപകടത്തില്‍ പെടും മുമ്പേ ജനത്തെ സുരക്ഷിതര്‍ ആക്കേണ്ട ബാധ്യത ഭരണ കേന്ദ്രങ്ങള്‍ക്കാണ്.
മുല്ലപ്പെരിയാര്‍ സമരം ചപ്പാത്തില്‍ ആരംഭിച്ചത് രണ്ടായിരത്തി ആറ് ഡിസംബര്‍ ഇരുപത്തഞ്ചാം തീയതിയാണ്.. അന്നത് ജനകീയ സമരമായി വളരുകയും റിലെ സത്യാഗ്രഹം പോലുള്ള സമാധാന പരമായ മാര്‍ഗത്തിലൂടെ മുന്നോട്ടു പോകുകയും ചെയ്തു. എന്നാല്‍ അതിനു ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല.. ഇന്നും സമര സമിതി രൂപീകരണ വേളയില്‍ അതിന്റെ തലപ്പത്ത് ഉണ്ടായിരുന്നവര്‍ മാറിയിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.. സമരത്തിനു രാഷ്ട്രീയ മുഖം കൈവരുന്നത് ബിജി മോള്‍ എം.എല്‍ .എ യുടെ നിരാഹാര സമരത്തോട് കൂടിയാണ്.
രാഷ്ട്രീയക്കാര്‍ സമരത്തെ ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുകയല്ല.. രാഷ്ട്രീയക്കാര്‍ തന്നെ സമരം ഏറ്റെടുക്കുകയും അത് ശക്തമായ നിലയില്‍ മുന്നോട്ടു കൊണ്ടുപോയി വിജയിപ്പിക്കുകയും വേണം. അതിനു ജനം രാഷ്ട്രീയക്കാര്‍ക്ക് പുറകില്‍ അണിനിരക്കുകയും അവര്‍ക്ക് ശക്തി പകരുകയും വേണം. ശക്തമായ നേതൃത്വം ഇല്ലാതെ ചിന്നി ചിതറി നില്‍ക്കുന്ന ജനത്തിനു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൃത്യമായ ഒരു പരിഹാരം കാണാനാവില്ല. ആള്‍ക്കൂട്ടങ്ങള്‍ അങ്ങിങ്ങായി നില്‍ക്കുകയും അതിലേക്കു രാജ്യത്തെ ക്ഷയിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ദുഷ്ട ശക്തികള്‍ നുഴഞ്ഞു കയറുകയും നിയമം കയ്യിലെടുക്കാനും കലാപത്തിലേക്ക് നീങ്ങാനും ഇടയുണ്ട്. അത് വന്‍ ദുരന്തത്തില്‍ കലാശിക്കുകയും രാജ്യത്തെ അശാന്തിയിലേക്ക് കൊണ്ട് പോകുകയും ചെയ്യും.
നിയമത്തിനും ഭരണ ഘടനക്കും കീഴ്പ്പെട്ടു സമരം ചെയ്യുമ്പോഴേ സത്യം പുലരൂ.. സമരത്തില്‍ മറ്റു മനുഷ്യര്‍ക്കോ മറ്റു ജീവികല്‍ക്കോ ദേശങ്ങള്‍ക്കോ അപകടം വരുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാവരുത്. ഈ സമരം ദേശങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിലെക്കോ യുദ്ധത്തിലേക്കോ വളരരുത്‌.. തമിഴ്നാട് ഏതെല്ലാം തരത്തില്‍ നമ്മെ പ്രകോപിതരാക്കട്ടെ, നാം സംയമനം പാലിക്കുക.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കും വരെ ജനം രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ചില മത കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രസ്താവന ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനെ ഉതകൂ.. രാഷ്ട്രീയം ഉപേക്ഷിക്കുന്ന ജനതയെ മൊത്തമായി ജാതി മതങ്ങള്‍ക്ക് വീതം വയ്ക്കാനും പുതിയൊരു വോട്ടു ബാങ്ക് പരുവപ്പെടുത്താനും കഴിയും. ജാതി മതങ്ങള്‍ കടന്നു കയറി നമ്മുടെ രാഷ്ട്രീയ കഷികളെ മലിനമാക്കിയത് നമുക്ക് മുന്നിലുണ്ട്. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ആരെയും അനുവദിക്കരുത്.. ജനം രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല വേണ്ടത്, ദേശീയ മതേതര കക്ഷികളിലെ മലിനത നീക്കുകയും അവയെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത് .. അരാഷ്ട്രീയത ഫാസിസത്തിലെക്കുള്ള വാതില്‍ തുറക്കുന്നു..


മുല്ലപ്പെരിയാര്‍ സമരം മുന്നോട്ടു വയ്ക്കുന്നത് സമരങ്ങളുടെ തിരുത്താണ്.. സമരം എന്ന് കേള്‍ക്കെ മനം മടുക്കുന്നവര്‍ക്ക് പുതു വെളിച്ചം നല്‍കികൊണ്ട് മുല്ലപ്പെരിയാര്‍ സമരം. ഏതൊരു കൊച്ചു കുട്ടിക്കും തന്നാലാവും വിധം പ്രവര്‍ത്തിക്കാവുന്ന സമരം. ഒരാള്‍ ഒരു നോട്ടീസ് വിതരണം ചെയ്താലും അയാള്‍ സമരത്തിലാണ്.. ഒരാള്‍ മറ്റൊരാളോട് മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയെ കുറിച്ച് പറയുന്നത് പോലും സമരമാണ്... മീഡിയകളുടെ ശ്രദ്ധ നേടലല്ല സമരമെന്ന് മുല്ലപ്പെരിയാര്‍ സമരം നമുക്ക് കാട്ടി തരുന്നു.
ഈ സമരത്തോടെ ഗാന്ധിജി നിര്‍ത്തിയ ഇടത്ത് നിന്നും നാം തുടങ്ങുന്നു..

ഈ സമരത്തില്‍ സംഘടനകളില്ല.. അതുകൊണ്ട് തന്നെ ഈ സമരത്തില്‍ അധികാര കേന്ദ്രങ്ങളില്ല.. ഈ സമരം ജനങ്ങളുടെ സമരമാണ്.. ജനമാണ് രാജാവ് എന്ന് വെളിപ്പെടുത്തുന്ന സമരം.
ഇക്കാലമത്രയും അധികാര കേന്ദ്രങ്ങള്‍ അവരുടെ ഇഷ്ടങ്ങള്‍ നമ്മില്‍ വച്ചുകെട്ടി. ഈ സമരത്തോടെ ആ അവസ്ഥക്ക് തിരശ്ചീല വീഴുകയാണ്.
മുല്ലപ്പെരിയാര്‍ സമരം ജനങ്ങളുടെ സമരം ആകുമ്പോള്‍ പോലും ഇതൊരു അരാഷ്ട്രീയ വാദം ഉയര്‍ത്തിക്കൂടാ. അരാഷ്ട്രീയത നമുക്ക് മേല്‍ ഫാസിസം കുടിയേറാന്‍ ഇടവരുത്തും. അതുകൊണ്ട് തന്നെ നാം രാഷ്ട്രീയത്തെ വിരോധിക്കരുത്. എന്നിരിക്കിലും നാം രാഷ്ട്രീയത്തില്‍ ചില തിരുത്തുകള്‍ ആവശ്യപ്പെടണം. നമ്മുടെ പരിശ്രമം മലിനതകളില്‍ കുളിച്ചു നില്‍ക്കുന്ന രാഷ്ട്രീയത്തെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ആവണം.. നാം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ദേശീയ രാഷ്ട്രീയമാവണം. പ്രാദേശിക വാദവുമായോ ഏതെങ്കിലും ജാതി മതവുമായോ കൂട്ടുകെട്ടില്‍ ഏര്‍പ്പെടുന്ന കക്ഷികളെ ഒറ്റപ്പെടുത്തുകയും വേണം. ജാതി മത രാഷ്ട്രീയം പോലെ തന്നെ പ്രാദേശികതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കക്ഷികളും രാജ്യത്തിന്‌ ആപത്തെന്ന് തിരിച്ചറിയുക. മുല്ലപ്പെരിയാറിന്റെ പരിസരം അത്തരം അപകടം നമുക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്‌. തൊട്ടയല്‍പ്പക്കത്ത് കിടക്കുന്ന കേരളത്തിലെ മുപ്പതു ലക്ഷം ജനതയുടെയും മറ്റു ജീവികളുടെയും ജീവന്‍ അപകടത്തില്‍ പെടുന്നത് പരിഹാസത്തോടെ തള്ളി ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും പ്രാദേശിക രാഷ്ട്രീയം കളിക്കുന്നത് ശ്രദ്ധിക്കുക.. അത്തരം കക്ഷികള്‍ ശക്തിയാര്‍ജിക്കുന്നത് ഭാരതത്തിന്‌ മൊത്തത്തില്‍ അപകടമെന്ന് തിരിച്ചറിയുക..

Followers

About The Blog


MK Khareem
Novelist