കിണറിന്റെ അടിത്തട്ടിലേക്കെന്ന പോലെ എന്റെ ഹൃദയത്തിലേക്ക് നീ കുഴിച്ചു കുഴിച്ചിറങ്ങി. വരണ്ട മണ്ണും , പാറകളും... ഓരോ കൊത്തും എന്നില്‍ വേദന. ചിലപ്പോള്‍ ഇടുക്കം കൂടിയ മരവിപ്പും...
തിരക്ക് പിടിച്ചാണ് പണി തുടര്‍ന്നത്,
എത്രയോ കാലത്തെ തേടലിനൊടുവില്‍ നിനക്കൊരു ഇടം കിട്ടിയപ്പോള്‍ എത്രയും വേഗം ജലം കണ്ടെത്താനുള്ള ആവേശം.
എനിക്കും അതേ ആവേശമായിരുന്നല്ലോ.
ഒരേ താളത്തില്‍ ,
ഒരേ വേഗത്തില്‍ തമ്മില്‍ തമ്മിലും കുഴിച്ചു കൊണ്ടിരുന്നു.
എന്റെ കനം കൂടിയ ഹൃദയം ചുരത്തുന്നത്...
പുറപ്പെട്ട ഇടം ഓര്‍മയില്ല.
സഞ്ചരിച്ച പാതകളും.
പ്രണയാഗ്നിയില്‍ ഉരുകിയ ഹൃദയം പഴയ അവസ്ഥ പ്രാപിക്കുമോ എന്തോ.
മുന്നോട്ടുള്ള സഞ്ചാരത്തില്‍ സഞ്ചാരി പിന്തിരിഞ്ഞു നോക്കുമോ എന്തോ.
ഇലകള്‍ക്കിടയില്‍ ഉടലാകെ മറച്ചു മീര ഇരിക്കുമ്പോള്‍ എന്റെ ഹൃദയം ആളാതിരിക്കുന്നത് എങ്ങനെ.
ചിലപ്പോള്‍ മെഴുകുതിരി നാളത്തില്‍ കാറ്റ് പിടിക്കും പോലെ..
ഉറവകള്‍ ,
ജലത്തിന്റെ കുതിപ്പ്.
മണ്ണിന്റെ ഞരമ്പിലൂടെ നാമിപ്പോള്‍ ഒഴുകി കൊണ്ടിരിക്കുന്നു.


മലകളില്‍ നിന്നും കുതിക്കുന്ന ജലത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ചിലപ്പോള്‍ ഒഴുകുമ്പോള്‍ കരയോട് ചൊല്ലാറുണ്ട്, നിന്നിലെത്താന്‍ നോട്ട നോമ്പിനെ കുറിച്ച്. അനുഭവിച്ച കരളുരുക്കത്തെ കുറിച്ചും...
ഹൃദയത്തില്‍ പെയ്യാന്‍ കൊടുമ്പിരി കൊണ്ട പ്രണയം നിന്നിലേക്കൊഴുകുമ്പോള്‍ ആ സ്വരമുണ്ടോ എന്ന് നിരീക്ഷിച്ചു.
കണ്ണിമാങ്ങ പെറുക്കി നിന്ന കുട്ടികളില്‍ പാഞ്ഞുവന്ന വേനല്‍ മഴയുടെ സംഗീതം.
ജലം ഏതൊക്കെ ഇടങ്ങള്‍ താണ്ടി ഒഴുകട്ടെ, കരകള്‍ തോറും നിശബ്ദവും അല്ലാതെയും.
അത് ജലമല്ലാതാവില്ല.
അവിടെയൊരു മീര ഉണ്ടെങ്കില്‍ ;
ആ മീര എന്നെ തിരിച്ചറിയാതിരിക്കില്ല.
ഞാന്‍ നിശബ്ദം വിളിക്കുമ്പോള്‍ മീര മുഖം തിരിക്കില്ല..

നിലം തൊടാതെ സഞ്ചരിക്കുന്നുണ്ട്, ഹൃദയം. വായുവില്‍ അശേഷം ഭാരം കൊടുക്കാതെ വീശുന്ന ചിറകുകളും.
കുറിക്കും മുമ്പ് വിരലുകള്‍ അറിയുന്നില്ല,
എന്താണ് പിറക്കാന്‍ പോകുന്നതെന്ന്.
പിറവി കാത്തു കിടക്കുന്ന പദത്തിന്
ആകാശം കാണാതിരിക്കാന്‍ ആവില്ലല്ലോ.
മഴയ്ക്ക് പെയ്യാതിരിക്കാന്‍ ആവാത്തത് പോലെ.
പ്രണയത്തിനും...
മഴ പെയ്തില്ലെങ്കില്‍
കാര്‍മേഘം പൊട്ടി പോകുമെന്ന് പുലര്‍ക്കാല ചിന്ത.
പ്രണയം പെയ്തില്ലെങ്കിലോ,
ഒരുവേള മരവിച്ചു പോകുമായിരിക്കാം.
പിന്നെ പ്രാവുകള്‍ക്ക് കൊത്തി പറിക്കാന്‍ ഇടം നഷ്ടപ്പെടുകയും...
ഇനിയെന്റെ കിനാവുകളില്‍ വരണ്ടുണങ്ങിയ വയലുകളില്ല. ഉണങ്ങിയ കുതിര ചാണകം ചിത്രം വരച്ച നിരത്തുകളില്ല.
വയലറ്റ് വേഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുന്ന നീ മാത്രം.

Followers

About The Blog


MK Khareem
Novelist