എത്രയോ പലായനങ്ങൾ...
എത്രയോ ഓർമ്മകൾ, മറവികൾ...
എല്ലാമെല്ലാം ഒരു ബിന്ദുവിലേക്ക്...
ഒരു ബിന്ദുവിലേക്കെത്തുകയെന്നാൽ,
ചുരുക്കപ്പെടുകയല്ല,
അവിടെ നിന്നങ്ങോട്ട് മറ്റൊരാകാശം..

ഈ പലായനത്തില്‍ നിന്റെ മൌനം
എന്നില്‍ പ്രണയത്തിന്റെ പുടവകള്‍ കൊണ്ട് മൂടുന്നു.

ഒരു കവിതയിൽ
കുത്തും കോമയുമിടേണ്ടതെവിടെയെന്നറിയാതെ;
ഒരു ചിത്രത്തിൽ വെയിലിനെ വരക്കുന്നത്
എങ്ങനെയെന്നറിയാതെ...
അതെ ഞാനലഞ്ഞിട്ടുണ്ട്.

ഒരു കവിതയെഴുതുകയെന്നാൽ,
ഒരു ചിത്രം വരക്കുകയെന്നാൽ ,
ഒന്ന് പ്രണയിക്കുകയെന്നാൽ...
എങ്ങനെയാവണമെന്ന്
എന്റെതന്നെ തീർപ്പ്,
അതെങ്ങനെയെന്നോ;
എഴുതിയെഴുതി ഈ പ്രാണൻ എനിക്ക് തന്നെ കീറണം.
അതെനിക്ക് വലിച്ചെറിയണം...

ഈ മരച്ചാർത്തിൽ
എവിടെയോ പതുങ്ങിയിരിക്കുന്ന പക്ഷിക്ക് അന്നമാവാൻ
പുതിയൊരു പലായനത്തിന് ഊർജ്ജമാവാൻ
എന്നെ ഞാൻ..

ഒരു പൂവും ശലഭത്ത തടഞ്ഞുനിർത്തുന്നില്ല.
ഒരു ശലഭവും പൂവിനെ തടവിലാക്കുന്നില്ല..
ശലഭങ്ങൾക്ക് മറവിയോ ഓർമ്മയോ ഉണ്ടോ എന്ന്
ഒരു ഗായകൻ പാടുന്നുണ്ട്.
രക്തത്തിനും മാംസത്തിനും വേണ്ടി
ഒരു ദൈവവും കച്ചകെട്ടില്ലെന്ന്
അയാൾ ആവർത്തിക്കുന്നുണ്ട്.

എന്റെ തെരുവ് ഗായകനാൽ മൂകമായിരിക്കുന്നു.
ഞങ്ങളിന്ന് അയാൾക്കുമാത്രമായി
ഉറക്കമിളച്ചിരിക്കുന്നു.

നടന്നു പോന്ന വഴി മറക്കുന്നവർ
എത്രവേണമെങ്കിലുമുണ്ട്...
നടന്ന വഴി മറക്കാതിരിക്കാൻ പട്ടികൾ
മൈൽകുറ്റിയിൽ മൂത്രമൊഴിക്കുന്നു.
പക്ഷെ മനുഷ്യർ?!
പുതിയ കാലം
മറവി രുചിക്കാൻ പഠിപ്പിക്കുന്നു..
മറന്നേ പോകുന്നവർ നേടുന്നു.

ഞങ്ങളുടെ തെരുവിൽ
ഞങ്ങൾ ഓമനിച്ചിരുന്ന
ഞങ്ങളൂടെ കുഞ്ഞുങ്ങൾ
അധികാരത്തിന്റെ വിഷവായു ശ്വസിച്ചു
നിലം പൊത്തികിടക്കുമ്പോൾ
സമാധാനത്തിന്റെ അപ്പസ്തലാ
നീ ഒരുങ്ങുന്നതും അതേ മാർഗത്തിൽ.
നിനക്കാവുമെങ്കിൽ കിരാതന്റെ കഴുത്തുഞെരിച്ച് കൊല്ലുക;
അല്ലാതെ
ഞങ്ങളുടെ കൂരകൾക്ക് തീവയ്ക്കുകയല്ല.

മനുഷ്യൻ
ത്ഫൂ...
നീ മനുഷ്യനെങ്കിൽ
ഞങ്ങൾ മനുഷ്യരല്ലെന്ന് ഉറക്കെയുറക്കെ...


Followers

About The Blog


MK Khareem
Novelist