നിന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ആത്മാവിനു ഭ്രാന്തു പിടിക്കുന്നു. ചില്ല തെങ്ങില്‍ കാറ്റ് പിടിക്കും പോലെ ഞാന്‍. എന്റെ തല മന്ദിക്കുകയോ, ഹൃദയം പട പാടാ ഇടിക്കുകയോ. ഇതിനെ പ്രണയമെന്നു വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. കയ്യും കാലും ഇല്ലാത്ത, മുഖമില്ലാത്ത പ്രണയം. അതുകൊണ്ട് തന്നെ പ്രണയത്തിനു കാഴ്ചയില്ല. എങ്കിലും അതു ഇരുട്ടല്ല. വെളിച്ചത്തിന്റെ വെളിമ്പറമ്പില്‍ കണ്ണഞ്ചി ഞാന്‍ അങ്ങനെ.
മഞ്ഞു പെയ്യുന്നുണ്ട്, സന്ധ്യ പെയ്തിറങ്ങുകയും. നോക്കി നില്‍ക്കെ നീ മാത്രമില്ല. നീ എവിടെയാണ്? ഒരിടത്ത്, എന്തെല്ലാമോ ചിന്തകളില്‍ മുഴങ്ങി... തുടരെ ഉള്ളാലെ നിന്നെ വിളിക്കുമ്പോള്‍ മറ്റൊരറിവ്, നീ അകലെയല്ലല്ലോ, എത്രയോ അരികെയാണ്. എന്നാല്‍ അരികെ എന്ന് പോലും തീര്‍പ്പില്ല. കാരണം നീ എന്നില്‍ തന്നെയുണ്ട്. നീയും ഞാനും എന്ന് വേര്‍തിരിവില്ലാതെ, നൊമ്പരത്തിന്റെ ഒഴുക്കായി.
കാലത്തിന്റെ പെരുവഴിയില്‍ നില്‍ക്കുന്നത് ഞാനോ നീയോ? എന്റെ മുന്നില്‍ നീണ്ടു കിടക്കുന്ന ആ നിഴലിനെ ഞാനായി കണ്ടു ഒറ്റ ചവിട്ട്. എന്റെ ദൂരം പലപ്പോഴും ഓര്‍മപ്പെടുത്തുക നിഴലാണ്. ഞാന്‍ നിഴലിനെ വെറുക്കുന്നത് ദൂരം അറിയുമ്പോഴാണ്. ഘടികാരം അഴിചെറിഞ്ഞു യാത്ര തിരിക്കുമ്പോള്‍ കാലത്തില്‍ നിന്നും മോചനമെന്ന് ധരിച്ചത് തെറ്റിയോ?
പിന്നെയും നടപ്പ്. കാലം എന്നൊന്നില്ല എന്ന് വിശ്വസിക്കാന്‍ പാടുപെടുകയാണ്. സത്യമല്ലേ? കാലം ഉണ്ടാകുന്നിടത്തു ഞാന്‍ തടവില്‍ ചെന്നു ചാടുന്നു. അപ്പോള്‍ എന്നെ നിയന്ത്രിക്കുക രാപകലുകലാണ് . രാപകലുകളില്ലാത്ത ഒരു പാതയാണ് ഞാന്‍ സ്വപ്നം കണ്ടതും സഞ്ചരിക്കാന്‍ ആശിച്ചതും. ഞാന്‍ യാത്ര തുടങ്ങിയതും അങ്ങനെ ഒരു ബിന്ദുവില്‍ നിന്നും ആയിരുന്നല്ലോ. മോണ പൊട്ടാത്ത ഒരു അവസ്ഥയില്‍ നിന്നും. പേരോ നാളോ ജാതിയോ മതമോ എന്തിനു സ്ത്രീയോ പുരുഷനോ അല്ലാത്ത ആ അവസ്ഥ. ഏറ്റവും പരമമായ സമാധാനത്തിന്റെ താഴ്വര.
ഞാന്‍ ഉണ്ടാകുന്നത് നിന്നിലൂടെ. നീ ഇല്ലെങ്കില്‍ ഞാനെന്തിന്... നീ ഇല്ലാതെയാകുക എന്നാല്‍ എനിക്ക് ശൂന്യത, മരണവും...
എന്‍റെ അസ്ഥികളില്‍ പ്രണയത്തിന്‍ ഗുല്‍മോഹര്‍.... ആത്മാവില്‍ ഒഴുകിയ പ്രണയ സംഗീതം. എങ്ങോ ഇരിക്കുന്ന നീയും ഇങ്ങകലെ ഞാനും... നമുക്കിടയില്‍ കാലം വരച്ചു ചേര്‍ക്കുന്ന അതിരുകള്‍.... എങ്കിലും എന്‍റെ ഓരോ ശ്വാസവും നീയായി പരിണമിക്കുന്നു...
ആത്മാവ് ആത്മാവിലേക്ക് ഇറങ്ങുമ്പോള്‍ വേദന. അത് പകര്‍ത്താന്‍ ഒരു ഭാഷക്കും ആവില്ല. അത് സുഖമോ? അറിയില്ലെന്ന് നീ.... എനിക്കും അറിയില്ല. നിന്റെ ഹൃദയം എന്നില്‍ പിടി മുറുക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദനയിലൂടെയാണ് ഞാന്‍ നിന്നെ അറിഞ്ഞത്. നിന്റെ ആലസ്യവും ആ മഴക്കിനാവും എന്നിലേക്ക് എത്രവേഗം കലര്‍ന്ന്. തൊണ്ടയോളം നിറഞ്ഞ നിലവിളി, നിന്‍റെ ഒച്ചയില്ലാകരച്ചില്‍...
" ഞാന്‍ പറഞ്ഞല്ലോ, നിര്‍വചിച്ചു നിര്‍വചിച്ചു അതിന്റെ അര്‍ഥം നഷ്ട്ടമാക്കരുതെന്ന്, ഇത് അതാണ്... പ്രണയം ഉപയോഗിച്ച് അര്‍ഥം നഷ്ടമായ പദം.... " അവള്‍: " ഇത് അതിനേക്കാള്‍ മേലെ... ഒരുപാട് മേലെ..."
" ഹൃദയം ഹൃദയത്തെ അറിഞ്ഞത്, നാം പോലും അറിയാതെ... എനിക്ക് മനസിലാകുന്നില്ല. അതെപ്പോള്‍ സംഭവിച്ചു? " അവള്‍." നീ എന്നില്‍ നിറഞ്ഞു കത്തുകയാ.." അവന്‍.
" ഹൃദയം അതിന്‍റെ പാതിയെ കണ്ടെതിയതാകാം. മുന്‍ ജന്‍മം ആണോ? "
" യോഗിയുടെ ആ മുക്തിയെക്കാള്‍ ഉയരെ നാം..."
പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ എന്നില്‍ പകര്‍ന്ന വികാരം. അതിന്റെ പൊരുളറിയാതെ അറിയാത്ത നാടുകളിലേക്ക് കണ്ണും കാതും കൊടുത്ത് ഞാന്‍ അങ്ങനെ നിന്നു....
മടങ്ങുമ്പോള്‍ ഓര്‍ത്തു എവിടേക്കും പോകാനില്ലാതെ ഞ്ഞാന്‍. സ്കൂളില്‍ എന്റെ ചങ്ങാതിമാര്‍ വേനലവധിക്ക് നാട്ടില്‍ പോയി വന്നു എനിക്ക് മുന്നില്‍ വയ്ക്കുന്ന മധുരം പുരണ്ട ഓര്‍മ്മകള്‍. എനിക്കും പോകേണ്ടേ? പക്ഷെ എവിടേക്ക്? ഉമ്മിച്ചിയുടെത് വാപ്പിചിയുടെയും വീടുകള്‍ ഒരു പഞ്ചായത്തില്‍ തന്നെ ആയത് ആരുടെ ശാപം. അവര്‍ ബന്ധത്തില്‍ നിന്നും കല്യാണം കഴിച്ചത് കൊണ്ടല്ലേ എനിക്ക് യാത്ര പോകാന്‍ കഴിയാത്തത്.
തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു.
എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്.എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി.അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്.അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്.കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...
എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യധെഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. എങ്കിലും കുറി പൊളിഞ്ഞു പാട്ട കാഷ്ടം പുരണ്ട ബില്‍ ബുക്കുകളെ എനിക്കിഷ്ടമായിരുന്നു. അക്ഷരങ്ങള്‍ നേരെ ചൊവ്വേ എഴുതാന്‍ അറിയാത്ത ആ കാലത്ത് അതില്‍ എന്തൊക്കെയോ കോറിയിടുകയും പിന്നെ ആ ബുക്ക് മണത്തു നോക്കുകയും... ഈ നിമിഷം പദങ്ങള്‍ നിരത്തി വാചകമാക്കുമ്പോള്‍ ആ മണം എന്നിലുണ്ട്. ഒരുതരം ഭ്രാന്തോടെ ആ കാലം എന്നില്‍ താവളമടയുന്നു .
ഒരു നേരം കഷ്ട്ടിച്ചു ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ പുസ്തകം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം ഞ്ഞാന്‍ എവിടെയും അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...
About The Blog

MK Khareem
Novelist