പ്രണയത്തിനു കിളിയൊഴിഞ്ഞ കൂടിന്റെ മണം...'
അങ്ങനെ ഒരു സ്ത്രീ ശബ്ദം കാറ്റില്‍ അരിച്ചു കയറിയപ്പോള്‍ ചുറ്റും നോക്കി. പരിസരത്തു ആരുമില്ല. നാലുവരി പാതയില്‍ വാഹനങ്ങളുടെ കുതിപ്പ്, ഈന്തപ്പനകളുടെ നീണ്ട നിര. സ്ഥലം അത് തന്നെ. പക്ഷെ ആ ശബ്ദം. ഇടയ്ക്കു ആലോചിക്കാതെയല്ല, കേട്ടത് മലയാളത്തില്‍ തന്നെയാണോ? ഈ അറേബ്യന്‍ കരയില്‍ അങ്ങനെ ഒരു ശബ്ദം വരാന്‍ ന്യായമില്ല. ആ ശബ്ദം അറബിയോ, ഹിന്ദിയോ ഇംഗ്ലീഷോ ആകട്ടെ, പ്രണയത്തിന്റെ ഭാഷ ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് കാണാമറയത്തെ അവള്‍ക്കു ഏതു ഭാഷയും വഴങ്ങുമല്ലോ.
പരാശക്തി കാണാമറയത്താണ് . അതുകൊണ്ട് ഏതു ഭാഷയിലൂടെയും നമുക്ക് വിളിക്കാം. ഏതു ഭാവത്തിലും നമുക്കതിനെ കാണാം. അതുപോലെ നമുക്ക് തമ്മിലും...
പ്രണയം കാണാമറയത്ത് ആകുമ്പോഴാണ് ഏറ്റവും മിഴിവുണ്ടാകുക എന്ന് ഏതോ സഞ്ചാരത്തില്‍ അവള്‍ തന്നെയല്ലേ പറഞ്ഞത്. പകല്‍കിനാവിന്റെ തോരണങ്ങള്‍ വകഞ്ഞു ഞാന്‍ ആ പഴയ ഇന്നലെയിലെക്കും ഇന്നില്‍ എത്തി നാളെയിലേക്കും സഞ്ചരിക്കുന്നത് അവള്‍ എന്ന മധുര സാന്നിധ്യത്താലാണ്.
ഓര്‍ക്കുന്നു, ഇടയ്ക്കു പൊന്മാന്‍ വെള്ളത്തില്‍ നിന്നും പരല്‍മീന്‍നെ കൊത്തിയെടുത്തു ഉയരും പോലെ നീ ഞാന്‍ എഴുതിയതില്‍ നിന്നും ചില കുറിപ്പുകള്‍ എടുത്തു ഉയര്‍ന്നു പരക്കുകയും പിന്നീട് എനിക്ക് മുന്നില്‍ അത് വെട്ടമായി ചൊരിഞ്ഞത്. ആ നേരം ഞാന്‍ അറിഞ്ഞത് ഇതാണ്, എന്റെ പദങ്ങള്‍ ഏറ്റവും ഉന്നതം ആകുന്നത് നീ വായിക്കാന്‍ ഉള്ളപ്പോഴാണ്. നിന്റെ ഹൃദയത്തിലൂടെ കയറിയിറങ്ങുമ്പോഴാണ് എന്റെ ആശയങ്ങള്‍ക്ക് തിളക്കമേറുക .
നീ വായിക്കുമെന്നറിയാം. കാരണം എന്റെ കണ്‍ വെട്ടിച്ചു നീയൊരു പൊന്മാനായി ഇതില്‍ കൊത്തി മടങ്ങുന്നുണ്ടല്ലോ. നീ വരുമ്പോള്‍ നിനക്ക് ഈ തടാകം ഒഴിഞ്ഞു കാണാതിരിക്കാന്‍ മാത്രമാണ് ഇങ്ങനെ കുറിച്ച് പോകുന്നത്. പക്ഷെ നീ വന്നു എന്നറിയുമ്പോഴാണ് എഴുത്തിനു കൂടുതല്‍ ജ്വലനം ഉണ്ടാകുന്നത് എന്നോര്‍ക്കുക. അതുകൊണ്ട് എവിടെയാണെങ്കിലും എന്നെ അറിയിക്കുക. നീ ജീവിച്ചിരിക്കുന്നു എന്ന്... നീ ഉണ്ട് എന്നറിഞ്ഞാല്‍ മാത്രം മതി. നീ ഉണ്ടാകുമ്പോള്‍ മാത്രമാണല്ലോ എന്റെ പൂര്‍ണത രേഖപ്പെടുത്താന്‍ ആവുക.
നിന്റെ കണ്ണോ കാതോ എനിക്ക് കാണണ്ട. നിന്റെ ശ്വാസം തട്ടി എന്റെ ആത്മാവ് പുളകം കൊള്ളണ്ട. നിന്റെ മണത്തില്‍ എനിക്ക് അലിയണ്ട. പക്ഷെ നീ ഉണ്ട് എന്ന് എനിക്കറിയണം. എനിക്കെന്റെ നിലനില്‍പ്പ് ഉറപ്പിക്കാന്‍..
തീവ്രവാദികള്‍ വേഷത്തില്‍ പലതായി തോന്നുമെങ്കിലും അവര്‍ ഒന്നാണ്. അവര്‍ കാണാ മറയത്തെ യജമാനന് വേണ്ടി പണിയെടുക്കുകയാണ്. തീവ്രവാദം ഏതുമാകട്ടെ. അവര്‍ ഇസ്ലാമിസ്ടുകളോ ഹിന്ദുയിസ്ടുകളോ ക്രിസ്ത്യാനിസ്തുകളോ യഹൂദിസ്ടുകളോ ആകട്ടെ; സാമ്രാജ്യത്വമെന്ന കൂരയുടെ തൂണുകളാണ് . ഇന്ന് ലോകത്തുള്ള സകല മതങ്ങളും കോമാളി വേഷം ചമഞ്ഞു നില്‍ക്കുന്നു. എന്തിനു ജനത്തെ നേര്‍വഴിക്കു നടത്താന്‍ ബാധ്യസ്ഥരായ രാഷ്ട്രീയക്കാര്‍ പോലും മതങ്ങളുടെ തിണ്ണ നിരങ്ങി വോട്ടിനായി യാചിക്കുന്നു. ഇസ്ലാമിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്ത മൌദൂദിസ്റ്റുകള്‍ ചിരിക്കുന്നു. അവര്‍ സിമിയായും എന്‍.ഡി.എഫ് ആയും, പോപ്പുലര്‍ ഫ്രന്റ് ആയും സോളിഡാരിറ്റി ആയും വേഷം മാറിയെത്തുന്നു. അവരെ തുറന്നു കാട്ടാത്തിടത്തോളം മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല. എല്ലാ തരം വര്‍ഗീയതയെയും ഭീകരതയെയും പരാജയപ്പെടുത്തുക.
ഇന്ത്യയില്‍ ഇന്ന് നേരെ കാണാന്‍ കഴിയുന്ന രണ്ടു പ്രബല ഭീകര പ്രസ്ഥാനങ്ങളാണ് ഇസ്ലാമിസ്ടുകളും ഹിന്ദുയിസ്ടുകളും . അണിയറയില്‍ മറ്റു ആരൊക്കെ പണിയെടുക്കുന്നു എന്ന് നമുക്കറിയില്ല. അവരുടെ അജണ്ട ഒന്ന് തന്നെ മതപരമായും സാമൂഹ്യപരമായും ഭിന്നിപ്പുണ്ടാക്കി അധികാരം പിടിച്ചെടുക്കുക. അങ്ങനെ ഒരു ലക്ഷ്യത്തിലേക്ക് പോകുന്ന അവരെ നിയന്ത്രിക്കുന്നത്, സഹായം എത്തിക്കുന്നത് വിദേശ കരങ്ങളാണ്. പുതിയ ലോകത്ത് ഇന്ത്യ വളരുന്നത് തടയുകയാണ് ആ ശക്തിയുടെ ലക്‌ഷ്യം. നാം കരുതിയിരിക്കുക. നമ്മെ വഴി തെറ്റിക്കാന്‍ ഇ _മെയിലുകളിലൂടെയും മറ്റും അവര്‍ അവതരിക്കും. നുണകളുടെ ആ അച്ചുദണ്ട് നമ്മെ വഴി തെറ്റിക്കും. വ്യാജ വാര്‍ത്തകളാണ് ഗുജറാത്തിലെ ജനങ്ങളെ കലാപത്തിലേക്ക് എറിഞ്ഞത് എന്നോര്‍ക്കുക. അത്തരം ഒരു വ്യാജന്‍ ഇപ്പോള്‍ ഇ മെയില്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. മുസ്ലീങ്ങളുടെ വ്യാപാര കേന്ദ്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നും നീക്കം ഉണ്ടെന്ന്. ഒരുവേള ആ പ്രത്യേക വിഭാഗത്തിന്റെ പേരുപയോഗിച്ചു ഭീകരവാദികള്‍ മുസ്ലീം സമുദായത്തില്‍ വര്‍ഗീയത വിതക്കാനുള്ള തന്ത്രമാകാം ആ ഇ മെയിലിനു പുറകില്‍. അങ്ങനെ ഭീകരതയുമായി അടുക്കാത്ത ഭൂരിപക്ഷം മുസ്ലീം ജനതയെ തങ്ങളോടു ചെര്‍ക്കാനാവാം ഭീകര പ്രസ്ഥാനത്തിന്റെ ശ്രമം. ഈയിടെ പലയിടങ്ങളിലും ഭീകരതയ്ക്ക് എതിരെ പ്രത്യേകിച്ച് ഇസ്ലാമിക ഭീകരതയെ കുറിച്ച് എഴുതിയപ്പോള്‍ ചിലര്‍ പറഞ്ഞ കാര്യം രാഷ്ട്രീയക്കാരെ പോലെ എന്‍.ഡി.എഫ്, സിമി, സോളിഡാരിറ്റി, പോപ്പുലര്‍ ഫ്രന്റ് ... മുതലായ സംഘടനകള്‍ ആളെ കൊന്നിട്ടില്ല എന്ന്. ഇപ്പോള്‍ നാം പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം അധ്യാപകന്റെ കൈ വെട്ടിയതിലൂടെ കണ്ടു കഴിഞ്ഞു. മറ്റു സംഘടനകളില്‍ ചിലര്‍ തങ്ങള്‍ അധ്യാപകന് രക്തം ദാനം കൊടുത്തു എന്ന മട്ടില്‍ പ്രചരണം നടത്തുന്നു. എന്നാല്‍ സമയം വരുമ്പോള്‍ അവര്‍ തങ്ങളുടെ തനി നിറം കാട്ടുക തന്നെ ചെയ്യും.
നാം വ്യാജമായ വാര്‍ത്തകളിലോ ഊഹാപോഹങ്ങളിലോ കുടുങ്ങാതിരിക്കുക ...
ആദിയില്‍ വചനമുണ്ടായി. അതിനു അര്‍ത്ഥങ്ങളും ദ്വയാര്‍ത്ഥങ്ങളും ... കാണാമറയത്തെ മലമുകളില്‍ പരാശക്തി നിന്നു. പരാശക്തി പറഞ്ഞു:
' ഞാന്‍ തന്നെ കാലം...'
അത് മഹാ കാലമെന്നറിയുക . ആദിയോ അന്തമോ ഇല്ലാതെ അങ്ങനെ നിലനില്‍ക്കുന്നു. അതെ കാലത്തിന്റെ അടരില്‍ പുതിയൊരു സൃഷ്ടിക്കു വേണ്ടിയുള്ള നിലവിളി. മണ്ണും ജലവും കുഴച്ചു ആദി പുരുഷനായി പണി തുടങ്ങുമ്പോള്‍ മാലാഖമാര്‍ ചോദിച്ചു:
' അല്ലയോ പരാശക്തി, അങ്ങ് എന്തിനാണ് തമ്മില്‍ പൊരുതുകയും രക്തം ചീന്തുകയും ചെയുന്ന മനുഷ്യ വര്‍ഗത്തെ സൃഷ്ടിക്കുന്നത്?'
' എനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടി...'
'അങ്ങേക്ക് ഇബാദത്ത് ചെയ്യാന്‍ ഞങ്ങളുണ്ടല്ലോ. അങ്ങ് ഞങ്ങളില്‍ തൃപ്തനല്ലെന്നുണ്ടോ?'
'പോരാ...'
പരാശക്തി ഒട്ടു ദാഹത്തോടെ പണിപ്പുരയിലേക്ക് നീങ്ങി. തന്റെ അശാന്തി പ്രണയം പോരാ എന്ന് തന്നെയാണ്. അതിനു മറ്റൊരു സൃഷ്ടിയിലേക്കു തന്റെ ആത്മാവിനെ കടത്തി വിട്ടു പ്രണയം പെരുക്കുക. അങ്ങനെ പ്രപഞ്ചമാകെ താന്‍ നിറയുക. ആ നിറവിന്റെ സാന്ദ്രതയില്‍ സ്വയം ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുക.
മലച്ചു കിടന്ന ആ മനുഷ്യ രൂപത്തിലേക്ക് പരാശക്തി തന്റെ ആത്മാവിന്റെ ഒരംശം ഊതിയിറക്കി. സങ്കട കടലില്‍ നിന്നെന്ന പോലെ ആദി മനുഷ്യന്‍ എണീറ്റു. പരാശക്തി നോക്കി, തങ്ങള്‍ രണ്ടല്ല ഒന്ന് തന്നെ. എങ്കിലും പരാശക്തി ചോദിച്ചു:
' നീ നിന്റെ സഞ്ചാര പാതയില്‍ എന്നെ അറിയാതെ പോകുമോ?'
' എങ്ങനെ ഞാന്‍ അങ്ങയെ അറിയാതിരിക്കും. നാം ഒന്ന് തന്നെയല്ലേ...'
' ഞാന്‍ നിന്നെ ഭൂമിയിലേക്ക് ഒരിക്കല്‍ തുറന്നു വിടും. അവിടെ നീ എന്നെ മറ്റൊന്നായി കാണും. വേദ പുസ്തകങ്ങള്‍ തെറ്റായി വായിക്കപ്പെടും. '
ആ പഴയ കാലത്തിലേക്ക് സഞ്ചാരി ഉള്‍കണ്ണെറിഞ്ഞു . ഓരോ മനുഷ്യനും അവന്റെ സൃഷ്ടാവുമായുള്ള കരാര്‍ ലംഘിക്കുന്നു . സഞ്ചാരി തുടര്‍ന്നു:
'ഇബാദത്തിന് ഒരു വിഭാഗം ആരാധന എന്ന് പറയുന്നു. മറ്റൊരു വിഭാഗം അനുസരണ എന്നും. അതിനെ പ്രണയമായി അറിയുക.നീ പരാശക്തിയിലേക്ക് പ്രണയ വിവശനായി അടുക്കുക. അങ്ങനെ നിന്നിലുള്ള പരാശക്തിയുടെ അംശം ജ്വലിക്കട്ടെ....'
പ്രവാചക നിന്ദ എന്നാല്‍ പ്രവാചകന്‍ നിര്‍ദേശിച്ച രീതിയില്‍ നിന്നും മാറി നടക്കുക എന്നാണ്. സ്വന്തം തള്ളയെ തെറി പറയുകയും അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ നിറച്ചു ഉണ്ണുകയും ചെയ്യുന്നവര്‍ പ്രവാചക നിന്ദ നടത്തുകയാണ്. എന്തിനു ജനങ്ങളെ തെറ്റി ധരിപ്പിച്ചു രാജ്യത്തിന് എതിരെ ഗൂഡാലോചന നടത്തുന്നതും പ്രവാചക നിന്ദയാണ്. ഒരു സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ആ സമൂഹത്തെ ഒറ്റി കൊടുക്കുന്നത് പ്രവാചക നിന്ദയാണ്. അങ്ങനെ നോക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി, സിമി, സോളിഡാരിറ്റി , പോപ്പുലര്‍ ഫ്രന്റ് എന്നീ സംഘടനകളുടെ പ്രവര്‍ത്തനം പ്രവാചക നിന്ദയാണ്.
ഹേ, വര്‍ഗീയതാ എങ്ങിനെയാണ് നിന്നെ ഓര്ക്കുക...
കിടിലം കൊള്ളിച്ചു നിന്റെ കുതിപ്പ്
സംഹാര ശേഷിയോടെ ഒററക്കണ്‍ണനായി...
അസ്ഥിയില്‍ നക്കി തീകാറ്റ്
കുതിര ചാണകം ഭൂപടം വരച്ച ഉടലുകള്‍...
ജീവന് യാചിച്ചു...
ഹേ വര്‍ഗീയതാ,
നീ ഉടലില്‍ ഉടല്‍ വച്ചു പെരുക്കുന്നതോ?
നിനക്ക് അതാഴമൂട്ടുകാര്‍
വോട്ടില്‍ വോട്ടു പെറുക്കി
ദുര്‍മേധസ്സായി ...
കരിമ്പന്‍ കയറിയ ഉടുപും
കുഴിഞ്ഞ കണ്ണുകളും എനിക്ക് സമ്മാനിച്ചു
നീ അദികാര സോപാനത്തില്‍...
നിന്നെ എങ്ങിനെയാണ് വായിക്കേണ്ടത്?
പാളങ്ങളുടെ പാതിരാത്രികളില്‍
തീട്ടം തിന്നാനെത്തുന്ന പന്നികളെ ഓര്‍ത്തുകൊണ്ട്
നിന്നെ തുപ്പുന്നു...
തുലയട്ടെ നീ!
എന്നില്‍ ആദ്യമായി എങ്ങനെയാണ് നീ കടന്നു വന്നത്? അറിയില്ല. എന്റെ കിനാവിലേക്ക് ഏതു രൂപത്തില്‍, ഭാവത്തിലാവാം നിന്റെ പ്രവേശം? അറിയില്ല. ഞാന്‍ എന്താണ് ആരാണ് എന്ന് അറിയില്ലെങ്കിലും എനിക്ക് നിന്നെ അറിയാമായിരുന്നു... അങ്ങനെ ഏതോ ഒരു തലത്തില്‍ നിനക്ക് മൊത്തമായിട്ടല്ലെന്കിലും ചില രൂപങ്ങള്‍ ഉണ്ടായി, എന്റെ വളര്‍ച്ചയ്ക്കൊപ്പം നീയും...
പുസ്തക താളില്‍ മയങ്ങി കിടന്ന ആ മണം പോലും നീയായിരുന്നെന്ന തിരിച്ചറിവോടെ കുറിപ്പ് തുടങ്ങുമ്പോള്‍ ഞാനും നീയും ഒരേ കാലത്തില്‍ ഒരേ വയലിലൂടെ നടക്കുന്നു... ഒരേ പറങ്കിമാവിലെ ഇല അലസമായി കടിച്ചു ആ മണം നുകര്‍ന്ന് ആ മല മുകളിലേക്ക് കയറി അങ്ങനെ ...
" സമുദ്ര നിരപ്പിലെവിടെയോകപ്പിത്താനില്ലാതെ കപ്പല്‍ പോകുന്നു.
അത് ഞാന്‍...
ജീവിതത്തിന്‍റെ ഇരുണ്ട ഇടനാഴിയില്‍യാത്രക്കിടയില്‍മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടത്തില്‍നിന്നെ കണ്ടുഅവ്യക്തമായി...
അപ്പോള്‍,
മരുഭൂമിയിലെവിടെയോ ദാഹം പൂണ്ടുമഴമേഘത്തെ കാത്തിരിക്കുന്ന വേഴാമ്പലിനുകനിഞ്ഞു കിട്ടിയ ഇത്തിരി ജലം പോലെയായി അത്...
എങ്കിലും,
നിന്‍ മുഖം വിഷാദത്തിന്‍ കരിമ്പടം പേറിയിരിക്കുമ്പോള്‍ഞാന്‍ കരയുകയായിരുന്നു,
നിന്‍റെ ദുര്‍വിധിയോര്‍ത്ത്...
ഇപ്പോള്‍ദൂരക്കാഴ്ച്ചയില്‍ആ മുഖം വീണ്ടും കാണുമ്പോള്‍ പ്രിയേആ ഗര്‍ഭപാത്രത്തില്‍ ചോരകുഞ്ഞായി മയങ്ങിക്കിടക്കുവാന്‍ മോഹം..."
(ഒരു പഴയ കുറിപ്പ്... എന്‍റെ നോട്ടു പുസ്തകതാളില്‍ വിശ്രമിക്കുന്നത്... ഇത് കഥയോ കവിതയോ ഒന്നും അല്ല. ജീവിതത്തിന്‍റെ ഏടുകളില്‍ നിന്നും ഇത്തിരി... 1992 )
About The Blog

MK Khareem
Novelist