കലാ സാഹിത്യകാരന്മാര്‍ സമൂഹ പരിഷ്കര്‍ത്താക്കളാണ് . സമൂഹത്തെ പുതുക്കി പണിതു കൊണ്ടിരിക്കുന്നവര്‍. അവിടെ എഴുത്ത് നേരിന് നേരെ പിടിക്കുന്ന കണ്ണാടിയാണ്. സത്യം പുലരുക എന്ന ഉദ്ധേശത്തോടെ ഓരോരുത്തരും താന്താങ്കളുടെ പണിപ്പുരയില്‍. എന്നാല്‍ ക്ഷുദ്രശക്തികള്‍ എന്നും സത്യത്തിനു എതിരെ നില്‍ക്കും. . സത്യങ്ങള്‍ ചിലയിടങ്ങളില്‍ അവഹേളിക്കപ്പെട്ടു. അവര്‍ക്ക് അക്ഷരങ്ങളെ ഭയമാണ്. അക്ഷരങ്ങളാണ് സമൂഹത്തെ അന്തകാരത്തില്‍ നിന്നും ഉയര്‍ത്തിയിട്ടുള്ളത്. കലാ സാഹിത്യം തിന്മയോട്‌ എതിരിട്ടു കൊണ്ടേയിരിക്കണം. എന്റെ ഒരു ചങ്ങാതി ലേശം മുമ്പ് പറയുകയുണ്ടായി ആളുകള്‍ക്ക് താല്പര്യം പുസ്തകത്താളിലെ മയില്‍ പീലിയെ കുറിച്ച് എഴുതുന്നതും വായിക്കുന്നതുമാണെന്ന്. അത് ശരിയെന്നു തോന്നുന്നതാണ് ചില കവിതകള്‍ വായിക്കുമ്പോള്‍. സത്യത്തില്‍ കവിത എന്താണ് എന്ന് അറിയാന്‍ വയ്യാണ്ടായി. വാക്കുകള്‍ കൊണ്ട് ഒരുതരം കസര്‍ത്ത്. ഇരുട്ടിലേക്ക് വെട്ടം വീഴ്താനാകാത്ത ഒരു സൃഷ്ടിയും നിലനില്‍ക്കില്ല. കവിത അതിന്റെ കര്‍മം നിര്‍വഹിക്കുന്നത് തെറ്റില്‍ നിന്നും ശരിയിലേക്ക്‌ നയിച്ചുകൊണ്ടാണ്‌.

എഴുത്തിലൂടെ നന്മയുടെതായ ഒരു വാതില്‍ തുറക്കണം. അതില്ലാത്തിടത്തോളം, അത് തിന്മയിലേക്ക് നയിക്കല്‍ ആകുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല . എക്കാലത്തെക്കാളും ഇന്ന് ലോകം ഇരുട്ടില്‍ തപ്പി തടയുകയാണ്. കക്ഷി രാഷ്ട്രീയക്കാര്‍ അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. ആ യാത്രയില്‍ അവര്‍ ഇരുട്ടിന്റെ വിത്തുകള്‍ പാകുന്നുണ്ട്. ആ ഇരുട്ട് തിരിച്ചറിയാത്തിടത്തോളം നാം അശാന്തിയില്‍ നിന്നും അശാന്തിയിലേക്ക് ഒഴുകി കൊണ്ടിരിക്കും. വര്‍ഗീയത, ഭീകരത, മത മൌലീക വാദം, അരാഷ്ട്രീയം, ഫാസിസം അങ്ങനെ എന്തെല്ലാം നാം കേള്‍ക്കുന്നു. പക്ഷെ നാം അറിയാതെ പോകുന്ന ഒരു സത്യമുണ്ട്, എല്ലാത്തരം ദുഷ്ട ശക്തികള്‍ക്കും ധന സാഹായം ലഭിക്കുന്നത് ഒരിടത്ത് നിന്നുമാണെന്ന്. ആ ഇടം കണ്ടെത്തി ആ കൈകള്‍ തകര്ക്കുംബോഴേ ഇരുട്ട് നീങ്ങി കിട്ടൂ. വര്‍ഗീയതയോ ഭീകരതയോ മറ്റോ അത് ഏതു ഭാഗത്ത് നിന്നുമാകട്ടെ, അതിനെ ന്യൂന പക്ഷമെന്നോ ഭൂരി പക്ഷമെന്നോ തരം തിരിക്കാതെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ബാധ്യസ്ഥരാണ് എഴുത്തുകാര്‍. എന്നാല്‍ ഇവിടെ പക്ഷം പിടിച്ചു എതിര്‍ക്കുന്നതു ആശാസ്യമല്ല. തസ്ലീമ നസ്രീന്‍, റുഷ്ദി മുതല്‍ പേര്‍ മുസ്ലീം മത മൌലീക വാദികളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ തസ്ലീമക്കും റുഷ്ദിക്കും വേണ്ടി വാദിച്ചവര്‍ എം.എഫ് ഹുസൈന്റെ കാര്യം വരുമ്പോള്‍ ചുവടു മാറ്റുന്നു. തസ്ലീമയോ എം.എഫ് ഹുസൈനോ എന്തെങ്കിലും കാട്ടിയാല്‍ തകരുന്നതല്ല ഈശ്വരന്‍ എന്നിരിക്കെ നാം എന്തിനു വേണ്ടിയാണ് നേരം പാഴാക്കുന്നത്? അവിടെ ഒന്നുണ്ട് ചിന്തിക്കാന്‍, ഒന്നുകില്‍ നാം യഥാര്‍ത്ഥ ഈശ്വര വിശ്വാസികളല്ല, അല്ലെങ്കില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ നാം ചതിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ഏറ്റവും അരികെ കിടക്കുന്ന ശത്രുവായ പാകിസ്ഥാനിലേക്ക് നോക്കാം. അവിടെ ഇസ്ലാമിന്റെത് എന്ന് അവകാശപ്പെട്ടു കൊണ്ട് കൊടി നാട്ടി ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു ഭരണം നടത്തുന്നു. ഇസ്ലാം എന്നത് സമാധാനം ആയിരിക്കെ വാളും പരിചയും കൊണ്ടാണ് അവിടെ ഭരണം. വെള്ളിയാഴ്ചകളില്‍ പോലും മുസ്ലീങ്ങള്‍ പള്ളിയില്‍ നിസ്കാരത്തില്‍ മുഴുകുമ്പോള്‍ ആക്രമിക്കപ്പെടുന്നു. അതിനര്‍ത്ഥം അവിടെ ഇസ്ലാം എന്നൊന്ന് ഇല്ല എന്ന് തന്നെ. ഇസ്ലാം എന്നത് കേവലം കടലാസിലോ , നാവു കൊണ്ടുള്ളതോ ആയ പ്രഖ്യാപനം ആയതുകൊണ്ടായില്ല. ഒരു ഇസ്ലാമിക രാഷ്ട്രം ലഭിച്ചാല്‍ തങ്ങള്‍ക്കു സമാധാനം കിട്ടുമെന്ന് വാദിച്ചവരുടെ ഗതി എന്തായി.
അതില്‍ നിന്നും ഹിന്ദു രാജ്യത്തിനായി വാദിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. അത് പോലെ ഇസ്ലാമിക രാജ്യത്തിനായി വാദിക്കുന്നവര്‍ക്കും... മതം ഏതുമായി കൊള്ളട്ടെ മനുഷ്യന്റെ സ്വാര്‍ഥത, അധികാര ഭ്രാന്ത് മാറിയില്ലെങ്കില്‍ എന്ത് കാര്യം. വ്യവസ്ഥി മാറണമെങ്കില്‍ മനസ്ഥിതി മാറണം, എന്നെ പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നു ഓര്‍ക്കണം. എന്തിനു ഒരു മനുഷ്യന് ഏതു മാത്രം അവകാശം ഈ പ്രകൃതിയില്‍ ഉണ്ടോ അതെ അവകാശം സകല ജീവജാലങ്ങള്‍ക്കും ഉണ്ടെന്നു ഓര്‍ക്കണം. ചുമ്മാ ഓര്‍ത്താല്‍ മാത്രം പോരാ എന്റെ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ മറ്റുള്ളവരുടെ , മറ്റുള്ളവയുടെ നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉറപ്പാക്കണം. ബാബറി മസ്ജിദു തകര്‍ത്തത് കൊണ്ടോ അവിടെ അമ്പലം പണിതത് കൊണ്ടോ ഈ രാജ്യത്തെ തൊഴില്ലായ്മ മാറുമോ, ദാരിദ്ര്യം നീങ്ങുമോ? എല്ലാതരം ഭീകരതയും മത മൌലീക വാദവും എതിര്‍ക്കപ്പെടണം.
ഏതൊരു രാജ്യമായി കൊള്ളട്ടെ അത് ഏതൊരു മതത്തിന്റെ കീഴില്‍ ഭരിക്കപ്പെടട്ടെ മനുഷ്യന്‍ കൊള്ളരുതാത്തവര്‍ ആയാല്‍ ഒരു സമാധാനവും ഉണ്ടാവില്ല എന്ന് വര്‍ത്തമാന ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നിട്ടും നാം വിദ്യാഭാസം നേടി എന്ന് അവകാശപ്പെടുന്നവര്‍ എന്താണ് കാട്ടി കൂട്ടുന്നത്‌? ഈ വൃത്തികെട്ട വര്‍ഗീയത എന്നത്തേക്കാളും നമുക്ക് മുന്നില്‍ ഇങ്ങനെ താണ്ടവമാടുന്നതിനെ അനുവദിച്ചു കൊടുക്കണമോ? ലോകത്ത് എവിടെ ആയാലും ഒരു മതത്തിനും സമാധാനം നല്‍കാന്‍ ആവില്ലെന്ന്നിരിക്കെ നാം എന്തിനാണ് ഇങ്ങനെ തമ്മില്‍ തല്ലുന്നത്? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ട് എന്നിരിക്കെ എന്തിനാണ് നാം ഒരേ ഈശ്വരനെ ചൊല്ലി കലഹിക്കുന്നത്? ഓര്‍ക്കുക, നാം അറിഞ്ഞോ അറിയാതെയോ തെറ്റുകളിലേക്ക് നീങ്ങുകയാണ് . പരസ്പരം പോരടിക്കുന്നതിനേക്കാള്‍ എത്രയോ നന്മയാണ് ഒരിറ്റു വെട്ടം ഈ ലോകത്ത് വീഴ്ത്തുന്നത്.

എഴുതുക എന്നാല്‍ നേര് രേഖപ്പെടുത്തുക എന്നാണ്. എല്ലാവരെയും തൃപ്തരാക്കി എഴുതുക എന്നാല്‍ കാപട്യവും. ആധാരം എഴുത്തും ചരിത്രമെഴുത്തും പോലെയല്ല സര്‍ഗ സൃഷ്ടി. അത് ആത്മ പ്രകാശനം ആകുമ്പോള്‍ നേരിന്റെ പ്രകാശം പരക്കുന്നു. നവ ലോകം നമ്മോടു ആവശ്യപ്പെടുന്നത് നുണ എഴുതുക എന്നാണ്‌. അതിനെ എതിരിടുന്നവനാണ് ശരിയായ എഴുത്തുകാരന്‍.

തെരുവിലൊരു പെണ്ണിനെ കല്ലെറിഞ്ഞാല്‍ കണ്ടു രസിക്കാന്‍ ആളുണ്ടാകും. ഏറുകൊണ്ട് തുള വീണ ജാക്കറ്റിലൂടെ നോക്കാന്‍, വെളിവായ നഗനതയില്‍ നിറഞ്ഞു ആത്മ രതിയില്‍ മുഴുകാന്‍ എന്താവേശം. പക്ഷെ ആരെങ്കിലും ദൈവത്തെ ചീത്ത വിളിച്ചാല്‍, മതങ്ങളെ ചീത്ത വിളിച്ചാല്‍ എത്ര പേര്‍ക്ക് സഹിക്കും? നാട്ടില്‍ അരങ്ങേറിയ പെണ്‍ വാണിഭങ്ങള്‍... ആശുപത്രി കിടക്കയിലെ ശാരി... അധികാരത്തില്‍ എത്തിയാല്‍ പ്രതികളെ വിലങ്ങണിയിച്ചു തെരുവിലൂടെ നടത്തുമെന്ന് പറഞ്ഞ വിദ്വാന്‍... ഒന്നും സംഭവിച്ചില്ല. ശാരി മരിച്ചു, ആ കുടുംബത്തിന്റെ സമാധാനം തകര്‍ന്നു. പെണ്‍ വാണിഭങ്ങള്‍ ആവര്‍ത്തിക്കുന്നു. ബസ്സിലും തെരുവിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു...

ഞാന്‍ ഈശ്വരനെ 'ക' എന്ന് വിളിക്കട്ടെ. 'ക' എന്ന അക്ഷരത്തിനു ജാതി മതം ഇല്ലാത്തതുകൊണ്ട് ആര്‍ക്കും പ്രശ്നം ഉണ്ടാവില്ല എന്ന് കരുതുന്നു. 'ക' ഒരു അക്ഷരം ആയി നില്‍ക്കുമ്പോള്‍ 'ക' പലതുമാണ്. 'ക' നമുക്ക് ശ്വസിക്കാനുള്ള വായു തരുന്നു. ജലവും വെളിച്ചവും ഒക്കെ തരുന്നു. നാമൊക്കെ ജനിക്കും മുമ്പ്, ഈ ലോകമൊക്കെ ഉണ്ടാകും മുമ്പ്, 'ക' ഉണ്ട്. 'ക' അതിന്റെ ലോകത്ത് തനിയെയാണ്. ഓരോ സൃഷ്ടിക്കു ശേഷവും ഭ്രാന്തമായ ഏകാന്തതയും മടുപ്പും 'ക' യെ തുറിച്ചു നോക്കുന്നു. ഞാന്‍ ഓര്‍ക്കുകയാണ്, 'ക' എന്തെ തുണി ഉടുക്കാത്തത് എന്ന്. 'ക' എന്തെ ഒരു സ്പിന്നിംഗ് മില്‍ തുടങ്ങാത്തത് എന്ന്... ഇതാ മറ്റൊരു പ്രശ്നം, അത് 'ക' സൃഷ്‌ടിച്ച ആദി പുരുഷനിലേക്ക് വരുമ്പോള്‍. 'ക' ആദമിനെ സൃഷ്ടിക്കുന്നു. അവിടെ ഒരു പ്രശ്നമുണ്ട്. ആദം എന്ന പുരുഷന്‍ മുസ്ലീം ആയോ ക്രിസ്ത്യാനി ആയോ അടയാളപ്പെടുത്തുന്നു. ആദവും ഹവ്വയും സ്വര്‍ഗീയ ലോകത്ത് അങ്ങനെ വികാര വിചാരമില്ലാതെ . വിലക്കപ്പെട്ട ഖനി കഴിക്കുന്നതോടെയാണ് അവര്‍ സ്വന്തം നഗ്നതയെ കുറിച്ച് അറിയുന്നത്. കാമ വികാരം ഉണ്ടാകുന്നത്. അതോടെ അവര്‍ ഇലകള്‍ കൊണ്ട് നഗ്നത മറക്കുന്നു. വിലക്കപ്പെട്ട ഖനി കഴിക്കും മുമ്പ് ആദമും ഹവ്വയും നഗ്നര്‍ ആയിരുന്നു. അപ്പോള്‍ 'ക' യോ? 'ക' നഗ്നന്‍ തന്നെ. 'ക' എന്ന ഈശ്വരന് ആരും പേറ്റണ്ട് എടുക്കാത്തത് കൊണ്ട് കലഹിക്കി

ഈശ്വരന്‍ എന്നും അല്ലാഹു എന്നും വിളിക്കപ്പെടുന്ന ആ ശക്തിയെ ആരും കണ്ടിട്ടില്ല. അനുഭവിച്ചവരുണ്ട്, അനുഭവിക്കുന്നുമുണ്ട്. അനുഭവവും കാഴ്ചയും വ്യത്യസ്തം. അനുഭവിക്കുന്നവര്‍ കലഹിക്കുന്നില്ല. അല്പ്പന്മാര്‍ കലഹിക്കും. ഈശ്വരാ എന്നോ അല്ലാ എന്നോ വിളിക്കുന്നത്‌ ഉള്ളു കൊണ്ടാവണം. ഉള്ളു കൊണ്ട് വിളിക്കണമെങ്കില്‍ അനുഭവിക്കണം. നാവു കൊണ്ടുള്ള വിളിയിലും വിശ്വാസത്തിലുമാണ് കലഹം ഉണ്ടാവുക. ഞാന്‍ ഓര്‍ക്കുകയാണ്. ലോകത്തെ രണ്ടു മതത്തിലുള്ളവര്‍ പരിഹാസ്യരായ ഡിസംബര്‍ ആറ്. മതങ്ങള്‍ ധര്മത്തെ കുറിച്ച് വാചാലമാകുന്നു . പക്ഷെ മനുഷ്യര്‍. എന്തിനാണ് പള്ളിക്കും അമ്പലത്തിനും വേണ്ടി മുറവിളി കൂട്ടി സമയവും പണവും നശിപ്പിച്ചത്? പരാശക്തിയെ ഒരു കെട്ടിടത്തില്‍ ഒതുക്കാനോ? ആ കെട്ടിടവും സ്ഥലവും വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ശ്രമിച്ചിരുന്നെങ്കില്‍ ധര്‍മം പുലര്ന്നെനെ... ലോകത്തെ ഏറ്റവും മുന്തിയ വിളക്കില്‍ നിന്നും, ഏറ്റവും ചെറിയ പാട്ട വിളക്കില്‍ നിന്നും കിട്ടുന്നത് ഒരേ വെട്ടം. നാമത് വിളക്കിന്റെ വലുപ്പ ചെറുപ്പം അനുസരിച്ച് പലതായി വായിക്കുന്നു. വെട്ടത്തിന് തുല്യം വെട്ടം മാത്രം. ഈശ്വരനെ, അല്ലാഹുവെ വെട്ടമായി സങ്കല്‍പ്പിച്ചു നാം ഇരുട്ടില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിക്കുന്നു. പക്ഷെ കാലം മാറി, അതോ നമ്മളോ? കാലത്തിനു മാറ്റമില്ല. നേരായ അറിവ് നേടുന്നവര്‍ നെഞ്ചു വിരിച്ചു ആകാശത്തിനും അപ്പുറത്തേക്ക് വളരും. വികലമായ അറിവെങ്കിലോ മുരടിച്ചു പോകും. ഇത് മുരടിപ്പിന്റെ കാലം. നമുക്കെന്തും അസ്വസ്ഥതയാണ്.

Followers

About The Blog


MK Khareem
Novelist