പ്രണയം മഴക്കിനാവിലേക്കുള്ള പൂമ്പാറ്റയുടെ സഞ്ചാരമെന്നു നീ ... മഴയുടെ ചില്ലുജാലകങ്ങള്‍ തോറും മങ്ങുന്ന മുഖം, ആത്മാവിന്റെ നേര്‍പകര്‍പ്പ്.. കാടച്ചു പെയ്യുന്ന മഴയുടെ തുടുപ്പ് പ്രണയിയുടെ കവിളില്‍ ...
നോക്കുമ്പോള്‍ നോട്ടം പോരാതെയാവുന്നു. കാഴ്ച ഒന്ന് പെരുത്തെങ്കില്‍ എന്നാശ. അല്ലെങ്കില്‍ കണ്ണിനു കാഴ്ച കുറഞ്ഞോ എന്ന് ശങ്ക.
സഞ്ചാരത്തിന്റെ ഏത് ഇടവഴിയിലാണ് കാഴ്ചപ്പാട് മാറിയത്? അറിയില്ല.
പ്രണയം അനുഭവിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ ക്ഷൌരം ചെയ്യാതെയായി. ആരാധനാലയത്തിലേക്കുള്ള പാത മറന്നു... ചങ്ങാതിമാരെ വെടിഞ്ഞു. എന്തിന് പ്രണയത്തെ വര്‍ണിക്കാന്‍ പോലും പദങ്ങള്‍ കിട്ടാതായി...
പാതിരാത്രിയില്‍ ഖബറുകള്‍ക്കിടയില്‍ ഉറങ്ങാതിരുന്നു... ഖബര്‍ , മരിച്ചു മണ്ണടിഞ്ഞവരുടെ സുഖവാസ കേന്ദ്രമെന്ന സങ്കല്‍പ്പത്തെ തകര്‍ത്തുകൊണ്ട് അരങ്ങേറുന്ന രംഗങ്ങള്‍ . പ്രണയിക്കാതെ ജീവിതം തുലച്ചവരെ മാലാഖമാര്‍ ഇരുമ്പ് ദണ്ടുകൊണ്ട് പ്രഹരിക്കുന്നത്... ഭയന്ന് തലങ്ങും വിലങ്ങും പാഞ്ഞ റൂഹാനിക്കിളികളുടെ ചിറകടിയും... രംഗം വല്ലാതെ ഭീകരമായി. ഞാന്‍ ഭയന്നില്ല. എനിക്ക് കൂട്ടിനു പ്രണയം ഉണ്ടല്ലോ.
പകലുകളില്‍ കണ്ടവരെയൊക്കെ ഉപദേശിച്ചു; പ്രണയിക്കാതിരിക്കരുതെന്നു യാചിച്ചു... ഓത്തുപള്ളിയിലെ ഉസ്താദ് പ്രണയം ഹറാം എന്ന് വിധിച്ചു. അദേഹത്തിന് പ്രണയം സ്ത്രീപുരുഷ ബന്ധമാണ്. ഞാന്‍ എതിര്‍ത്തു. പ്രണയത്തിലാകുമ്പോള്‍ ആണോ പെണ്ണോ അല്ലാതാകുന്നു എന്ന് ഞാന്‍ .
അന്യസ്ത്രീകളെ നോക്കുന്നത് ഹറാം എന്ന് വീണ്ടും അദ്ദേഹം. അന്യസ്ത്രീകളെ മന്ത്രിച്ചു ഊതുന്നത് ഹറാം അല്ലെ എന്ന് ഞാന്‍ .
വീണു തെമ്മാടിയെന്ന ചെല്ല പേര്. അവരെന്നെ ഭ്രാന്തനെന്നു മുദ്രകുത്തി, പള്ളിപ്പറമ്പില്‍ കാല്‍ കുത്തരുതെന്നു പുരോഹിതര്‍ ...
പള്ളിക്ക് മുന്നില്‍ തണല്‍ വിരിച്ചു നിന്ന മരങ്ങള്‍ വെട്ടാന്‍ തുടങ്ങിയവരെ തടഞ്ഞു. ആള്‍ക്കൂട്ടത്തില്‍ എന്റെ സ്വരം ഒറ്റയായി. മരംകൊണ്ട് യാതൊരു ഗുണവും ഇല്ലെന്നു സെക്രട്ടറി. ഇലകള്‍ പരാശക്തിയെ സ്മരിക്കുന്നുവെന്ന് ഞാന്‍. ഓരോ ഇലയും പ്രണയത്തിലെന്ന എന്റെ വാദം മറ്റ് ഒച്ചകള്‍ക്കിടയില്‍ മുങ്ങിപ്പോയി. നടക്കുമ്പോള്‍ ഓര്‍ത്തു, അയാള്‍ ആരുടെ സെക്രട്ടറിയാണ്, പള്ളിയുടെയോ പരാശക്തിയുടെയോ?
ഞാന്‍ ഒറ്റക്കായി... എങ്കിലും മീസാന്‍ കല്ലുകള്‍ കൂട്ടുണ്ടായിരുന്നു. ഞാന്‍ മീസാന്‍ കല്ലുകളോട് വരും വരായ്കകളെ കുറിച്ച് സംസാരിച്ചു. ഒരിക്കല്‍ നെഞ്ചുവിരിച്ചു നടന്നവര്‍ ഖബറില്‍ കിടക്കുന്നത് കല്ലുകള്‍ തുറന്നു കാട്ടി. എത്ര അഹങ്കരിച്ചിട്ടെന്തു മണ്ണിനു ഇരയാവാതെ ഒരുത്തനും ഖിയാമം നാള്‍ മറികടക്കാന്‍ ആവില്ലെന്ന് കല്ലുകള്‍ ...
ഒറ്റയായവനെയും തെറ്റാതെ നിഴല്‍ അനുഗമിക്കുന്നെന്നറിഞ്ഞു... ഞാന്‍ വഴിവിളക്കുകളോടും കാറ്റിനോടും സംസാരിച്ചു... ഭൂമിയെ സൃഷ്ടിച്ചു പുറം തിരഞ്ഞിരിക്കുന്ന പരാശക്തിയെ കണ്ടു. ഭൂമിക്കു ഞൊണ്ടി കൊതുകിനോളം വിലയില്ലെന്ന് ഇടയ്ക്കിടെ പരാശക്തി മന്ത്രിക്കുകയും...
നോക്കൂ,
ഞാനിന്നു ഖബറിലാണ്.
ചുറ്റും മണ്ണ് പൊത്തി ഉയര്‍ത്തിയിരിക്കുന്നു.
എന്റെ വീടിന്നു തീര്‍ഥാടക കേന്ദ്രം.
എന്നെ തേടി വരുന്ന കാലൊച്ചകള്‍
ശ്വാസം മുട്ടിക്കുന്നു.
പാതിരാവിനപ്പുറം കത്തുന്ന ചന്ദനത്തിരികള്‍
എന്റെ ഉറക്കം കെടുത്തുന്നു...
കാണിക്കയായി വന്നു വീഴുന്ന നാണയത്തുട്ടുകള്‍
എനിക്ക് ഭാരമാകുന്നു.
ജീവിച്ചിരുന്ന ഞാന്‍ അവര്‍ക്കൊരു ഭീതിയായിരുന്നു. മണ്ണടിഞ്ഞ ഞാന്‍ ആരാധ്യനും. ഇനി എന്റെ ഒച്ചകളെ ഭയക്കണ്ട. ഞാന്‍ ചൊല്ലിയത് വളച്ചൊടിച്ചു പുസ്തകമാക്കി വില്‍ക്കാം. എന്റെ ഖബറിടം സന്ദര്‍ശകരെ നിറച്ചു പണം വാരാം. ഞാനവര്‍ക്കൊരു കച്ചവട വസ്തു.
എങ്കിലും ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ കാത്തിരിക്കുന്നു, എന്റെ തുറന്ന കണ്ഡനാളം ഏറ്റെടുക്കാന്‍ മറ്റൊരു സഞ്ചാരിയെത്തും. അതുവഴി ഞാന്‍ സംസാരം തുടരുകയും. കാരണം ഞാന്‍ പ്രണയത്തിലാണ്.
About The Blog
MK Khareem
Novelist
0 comments