ഞാനൊരു ഗാനത്തിന്റെ മൌനമായി മാറിയിരിക്കുന്നു. തുലാമഴ വഴി മാറുകയും. ഗാനത്തിന്റെ മൌനം വിരോധാഭാസം എന്നു നീ.
എന്റെ പ്രണയം ഹൃദയത്തിന്റെ അടിത്തട്ടില്‍ ഒതുങ്ങിപ്പോയൊരു ഗാനം. മഴമേഘത്തിനുള്ളില്‍ പെയ്യാന്‍ കൊതിക്കുന്ന തുള്ളിയുടെ മിണ്ടാ പ്രാര്‍ത്ഥന.
മൌനം കനക്കുമ്പോളൊരു പൊട്ടിത്തെറിയെന്ന് ആരറിയുന്നു.
മഴയൊഴിഞ്ഞ ചരല്‍പ്പാതയില്‍ കനക്കുന്ന വെയിലിന്റെ മണം എന്നെ ബാല്യത്തിലേക്ക് എറിയുന്നു. ചരലിന്റെ മണം, കല്‍പ്പൊടി മണം, പ്രണയത്തിന്റെയും... കോളാമ്പിപൂവിന്റെ മഞ്ഞപ്പ് തുറിച്ചു നോക്കുകയും. അക്കാലത്ത് നിനക്ക് മഞ്ഞ നിറം. ഇന്നോ നിറങ്ങള്‍ക്കിടയില്‍ മുങ്ങി നില്‍ക്കുന്ന നിനക്കൊരു നിറം കണ്ടെത്താന്‍ ക്ലേശിക്കുകയും.
ഹൃദയ തടാകത്തില്‍ പ്രണയ പക്ഷികള്‍ കൊക്കുകള്‍ ആഴ്ത്തി ദാഹമടക്കുന്നു. ചിറകു കുടഞ്ഞു നീരാട്ടു നടത്തുകയും.
മീരാ ഞാനെന്റെ കവാടം നിനക്കായി തുറന്നിട്ടിരിക്കുന്നു. അഹന്തയുടെ പാറാവുകാരെ ഒഴിപ്പിക്കുകയും. എപ്പോള്‍ വേണമെങ്കിലും വന്നു മടങ്ങാനുള്ള സ്വാതന്ത്ര്യത്തോടെ...
അധികാരമില്ലാത്ത ലോകത്ത് യഥേഷ്ടം സഞ്ചരിക്കുക.. അധികാരം മുള്‍ക്കിരീടമെന്നും സ്വാര്‍ഥതയുടെ വിളനിലമെന്നും അറിഞ്ഞത് പ്രണയത്തില്‍ ആയതില്‍പ്പിന്നെ.. ഞാനൊരു കൂട്ടത്തെ ഭരിക്കാന്‍ തുടങ്ങുന്നതോടെ ഞാന്‍ ഭരിക്കപ്പെടുന്നു എന്നും.
പ്രണയത്തിനു ആരെയും ഭരിക്കാനാവില്ല. പ്രണയത്തില്‍ യജമാനനോ വിധേയനോ ഇല്ല.
മഴ ഇനിയും പെയ്തേക്കാം.
ആ തുള്ളിയങ്ങനെ പെയ്യാതെ വിങ്ങുകയും...
അയാളൊരു കമ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ നേരിന്റെ ചൂണ്ടുവിരല്‍ തെളിഞ്ഞിരുന്നു. ഒരാള്‍ കമ്യൂണിസ്റ്റ് ആകുന്നതോടെ അയാള്‍ സത്യം മുറുകെ പിടിക്കുകയും തെറ്റിനോട് എതിരിടുകയും ചെയ്യുന്ന രൂപം എന്നില്‍ കിട്ടിയിരുന്നു. കാക്കനാടന്‍ ഒരു കമ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോഴൊക്കെ ആ ചിത്രമാണ് മനസ്സില്‍ തെളിഞ്ഞതും. കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും അധികാരത്തോട് രസപ്പെടില്ല. അയാള്‍ എന്നും പ്രതിപക്ഷത്തും.. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്തു നിലയുറപ്പിക്കുന്നതോടെ നേരിന്റെ പാതയില്‍ എന്നുറപ്പിക്കാം. ഒരാള്‍ നേരിന്റെ പാതയില്‍ ആകുമ്പോഴേ നേരിന്റെ നിര്‍മിതികള്‍ ഉള്ളൂ. അല്ലാത്തതൊക്കെ കപടം. ഇന്ന് സാഹിത്യമായാലും രാഷ്ട്രീയമായാലും മതങ്ങള്‍ ആയാലും കപടതയോട് ഇഷ്ടം കൂടി കാലം കഴിക്കുന്നു. അധികാരവും ധനവുമാണ് ഏതൊരു സമൂഹത്തെയും ദുഷിപ്പിക്കുന്നത് എന്ന സത്യം മുന്നിലിരിക്കെ അത്തരം സത്യങ്ങള്‍ വിസ്മരിക്കപ്പെടുകയോ ചവറ്റു കുട്ടയില്‍ എറിയപ്പെടുകയോ ആണ്...
ഹൃദയത്തിന്റെ ചോര മഷിയാക്കുമ്പോഴെ മറ്റൊരു ഹൃദയത്തില്‍ പതിയുകയുള്ളൂ.. ഹൃദയം ഹൃദയത്തില്‍ വരയുന്നത് സാഹിത്യം. അത്തരം രചനകള്‍ ചെരുപ്പിന് ഒപ്പിച്ചു കാല്‍ മുറിക്കുന്നില്ല. കാല്‍കവികളെ അരയിലെക്കും അരയെ മുക്കാലിലേക്കും പിന്നെ മഹാ കവിയിലേക്കും വാഴിക്കാന്‍ തിടുക്കം കൂട്ടുന്ന സാഹിത്യ പരിസരത്തു നിന്നും നോക്കുമ്പോള്‍ കാക്കനാടന്റെ ദേഹവിയോഗം കൈരളിക്ക് എന്നല്ല ഭാരതത്തിന്റെ നഷ്ടമാണ്. കാക്കനാടന്‍ മലയാളത്തില്‍ എഴുതിയ ഇന്ത്യന്‍ സാഹിത്യകാരനാണ്.
'പതിനേഴ് ' എന്ന കഥയിലേക്ക് കടക്കുമ്പോള്‍ ലോകം നരക തുല്യമായ ഒരാശുപത്രിയായി മാറുന്നു. ജീവിതമോ അസ്വതന്ത്രതയില്‍ പിടയുന്ന രോഗാവസ്ഥയും. അങ്ങനെ ചില ചിന്തങ്കളിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാന്‍ എന്ന കഥാപാത്രം.
'ഇവിടെയാരുമില്ല, കണ്ണുകളുണ്ട്, കാലുകലുണ്ട്, കൈകലുണ്ട്, പൂര്‍ണ മനുഷ്യരില്ല. ഇവിടെ ചുമയ്ക്കാതിരിക്കുന്നത് നാണക്കേടാണ്. നേരെ നടക്കുന്നത് മോശമാണ്. പഞ്ചേന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത് കുറ്റമാണ്. ചുമയ്ക്കാതിരുന്നാല്‍ പറഞ്ഞുവിടും. ആര്‍ക്കും പോകാനിഷ്ടമില്ല. ഇവിടെ വന്നുപെട്ടാല്‍ പോകാന്‍ തോന്നുന്നില്ല. വലിയൊരു ബന്ധം ഉണ്ടായിപ്പോകുന്നു. മഗല്യസൂത്രത്തിന്റെ ബന്ധം പോലെ. നരകമാണെന്നു അറിഞ്ഞുകൊണ്ടുതന്നെ നരകത്തെ സ്നേഹിക്കുക. സ്നേഹമല്ല. ഒരുജാതി കടപ്പാടാണ്. ചുമതലയാണ്. തടവാണ്.' (പതിനേഴ്- കഥ)
രണ്ടായിരത്തി പതിനൊന്നില്‍ നിന്ന് കൊണ്ട് 'പതിനെഴിനെ' വായിക്കുമ്പോള്‍ ചില നടുക്കങ്ങള്‍ പിന്തുടരുന്നു. ആശുപത്രിയുടെ സ്ഥാനത്തു സാമ്രാജ്യത്വ ശക്തിയെ വച്ച് വായിക്കുക. എത്രമേല്‍ വിഷമാണ് അതെന്നു അറിഞ്ഞു കൊണ്ടുതന്നെ നാം ആ ശക്തിയെ ഇഷ്ടപ്പെടുന്നു. അതിനെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. ആയുധവ്യാപാരത്തില്‍ , കരാറുകള്‍ വഴിയും അവന്‍ വച്ച് നീട്ടുന്ന കമ്മീഷനിലൂടെ ഭരണ വര്‍ഗം ഓശാന പാടുന്നു. അവന്‍ തീരുമാനിക്കുന്നു, നാം വിനീത വിധേയ വേഷം കെട്ടുകയും. ഇനിയൊരിക്കലും ഊരി പോകാത്ത വിധം അവന്‍ നമ്മില്‍ കുരുക്ക് മുറുക്കുന്നു.
ലേശം ജലദോഷമോ പനിയുമായോ ആശുപത്രിയില്‍ എത്തുന്ന ഒരാള്‍ ഏതാനും പാരസിറ്റാമോള്‍ കൊണ്ട് ശമനം നെടുമെന്നിരിക്കെ അനാവശ്യമായ ടെസ്ടുകള്‍ക്ക് വിധേയമാകുന്നു. ഒരുതരം ഭീതിയും നിരാശയും കുത്തിവയ്ക്കപ്പെടുന്നു. ചിലപ്പോള്‍ മാരകമായ രോഗത്തിന് അടിപ്പെടുന്ന കാഴ്ച. പുതു ലോകം ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. ഡോക്ടര്‍ക്ക് രോഗി പണം നേടാനുള്ള വസ്തുവാണ്. ഡോക്ടര്‍ അത് നേടാന്‍ ബാധ്യസ്തനാവുന്നു. നമ്മുടെ വിദ്യാ കച്ചവടം ഡോക്ടറെ ആ രീതിയില്‍ ചിന്തിക്കാന്‍ പ്രാപ്തനാക്കുന്നു.
'പതിനേഴ്' എഴുതിയത് ഏതു കാലത്തെന്ന് നിശ്ചയമില്ല. എങ്കിലും എഴുതുമ്പോള്‍ എഴുത്തുകാരന്‍ രണ്ടായിരത്തി പതിനൊന്നിനെ നേരില്‍ കണ്ടിട്ടുണ്ട്. ഇവിടെ ദാര്‍ശനികനായ ഒരെഴുത്തുകാരനെ കാണാനാവുന്നു. അകക്കണ്ണ് തുറന്നു വച്ച് ഹൃദയത്തിന്റെ ഭാഷയോടെ എഴുതാന്‍ കഴിയുമ്പോഴാണ് എഴുത്തുകാരന്‍ കാലങ്ങള്‍ മറികടക്കുക. സൃഷ്ടി പുനര്‍വായന അര്‍ഹിക്കുന്നതും.
വര്‍ത്തമാന മലയാള സാഹിത്യം പുറം ചൊറിയലായി അധപതിച്ചിരിക്കുന്നു. എഴുത്തുകാരില്‍ പലരും സിമന്റു ഹൃദയങ്ങള്‍ ആയി മാറുകയും. സിമന്റു ഹൃദയങ്ങള്‍ക്ക് ആരൊക്കെയോ വലിച്ചെറിഞ്ഞ വിഴുപ്പുകള്‍ എടുത്തണിയാനെ കഴിയൂ. അവിടെ പുതുതായി ഒന്നും സൃഷിക്കപ്പെടുന്നില്ല.
കാക്കനാടന്റെ പതിനേഴിനെ വര്‍ത്തമാന രാഷ്ട്രീയത്തോടും മത കേന്ദ്രങ്ങളോടും ചേര്‍ത്തു വായിക്കുക.
കാക്കനാടന്റെ ഉടല്‍ മാത്രമാണ് കടന്നു പോയത്.. ആ ഹൃദയം നമ്മോടു നിശബ്ദം സംസാരിച്ചു കൊണ്ടിരിക്കുകയും.
മേല്‍ക്കൂരയില്ലാത്ത ഹൃദയത്തില്‍ നീറുന്ന നിന്റെ പേര് പ്രണയം. എരിയുന്ന തീയിലേക്ക് ഇറ്റുവീഴ്ത്തുന്ന ഹവിസ്സ് കണക്കെ.
നീ ഇല്ലാതിരുന്നെങ്കില്‍ എന്റെ ജീവിതം ഇരുണ്ടു പോയേനെ. വടിവില്ലാത്ത പദങ്ങളും താളംതെറ്റിയ വാചകങ്ങളും കൊണ്ട് ഞാന്‍ ആടിയുലഞ്ഞെനെ.
എന്റെ പ്രണയമേ, നിന്റെ നോട്ടം എന്റെ ചങ്കില്‍ കുത്തിയിറക്കിയ ആരാധനയുടെ മുനകള്‍ ... ആണ്ടിരങ്ങുമ്പോഴും ചാഞ്ഞു ചഞ്ഞു തരുന്നു. നിന്റെ ഭാരം മൊത്തമായി അമര്‍ന്നു കിട്ടാന്‍ ..
ഇന്നെന്നില്‍ വരഞ്ഞു കയറുന്നത് രാത്രി മഴയോ നീയോ? ഉരുകുന്ന ആത്മാവിലേക്ക് തിരയടിക്കുന്ന നിന്നെ എനിക്ക് കാണാം, നനഞ്ഞ കണ്ണാടി ചില്ലിലൂടെയെന്ന പോലെ. എങ്കിലും മഴയുടെ അദൃശ്യ സാന്നിധ്യം പോലെ നീ.
ചിലപ്പോള്‍ മഴയില്‍ ആളുന്ന അഗ്നിയുടെ ഇരുണ്ട നിറം.... നാമതില്‍ നിറഞ്ഞു ഉരുകി പോകുകയും. പിന്നെ അഗ്നിയായി മാറുകയും.
ഉരുകി തീരണോ, ഉരുകി ഒലിക്കണോ?
ഉരുകി വളരുക.
പുറപ്പെട്ടിടത്തെക്കല്ല യാത്ര. കാണാത്ത ആകാശങ്ങളിലേക്ക്.
പറന്നു പോകുമ്പോഴും കാറ്റില്‍ ചിറകുകള്‍ ആഞ്ഞു തല്ലുമ്പോഴും വെറുതെ ഒരു ചോദ്യം,
എന്നാണു ഈ നിശബ്ദത മുറിയുക.
മഴ തലോടുമ്പോള്‍ മണ്ണ് തുടുക്കുന്നത് പോലെ പ്രണയമിറങ്ങുമ്പോള്‍ ഹൃദയം.... അടഞ്ഞ മുറിയിലെ ഏകാന്തമായ ഇരുട്ടില്‍ വന്നു വീണേക്കാവുന്ന കണ്ണാടി ചില്ല് പോലെ വെളിച്ചം. അഗ്രം കൂര്‍ത്ത വെളിച്ചം എന്നിലേക്ക് ആണ്ടിറങ്ങുമ്പോള്‍ എന്നിലുണ്ടാവുന്ന നൊമ്പരത്തെ പ്രണയമെന്നു വായിക്കട്ടെ.
ഓരോ വിത്തും മുളപൊട്ടുന്നത് മണ്ണ് നേരത്തെ അതിനായി ഒരുങ്ങിയത് കൊണ്ടുകൂടിയാണ്.
അതുപോലെ ഞാന്‍ നിനക്കായി എന്നേ ഒരുങ്ങിയിരുന്നു...
അതിനെ പ്രണയമെന്ന പദം കൊണ്ട് മലിനമാക്കരുതെന്നു നീ ...
ഇത് അതാണ്, ആണോ പെണ്ണോ അല്ലാത്ത അത്. ഓരോ നിമിഷവും പ്രണയത്തിന്റെ കരയിലെത്തി ആത്മാവ് താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്നു. ഓരോ മരണവും പുനര്‍ജനിയാണ്.
നദി ഒഴുകുന്നത് ഏറ്റവും താണ ഇടത്ത് കൂടെയാണ്. അതിനു ആചാരമോ അനുഷ്ടാനമോ ഇല്ല. അവിടെ സ്വരനിര്‍മിതിയില്ല. ഞാനെന്റെ മുഖം കണ്ടു നില്‍ക്കുമ്പോള്‍ എന്നിലൊരു കവിതയുണ്ട്. ഒരിക്കലും എഴുതാനാവാതെ, എങ്കിലും ഏറ്റവും ഉന്നതമായത്.
ആത്മാവ് ആത്മാവിലേക്ക് വരഞ്ഞു കയറുമ്പോള്‍ സ്വയം മലിനത നീക്കുന്നുണ്ട്. സ്വയം തിളങ്ങിയും നിന്റെ തിളക്കത്തില്‍ നിറഞ്ഞും.
ആത്മാവിന്റെ തിളക്കം കെടുത്തുന്നത് അഹങ്കാരമെന്നു കാറ്റ്. നദിയില്‍ പ്രണയം ദര്‍ശിക്കാന്‍ ഏറ്റവും താഴ്ചയിലേക്ക് നോക്കണമെന്നും ..
താണ ഇടങ്ങളിലാണ് ഒഴുക്കെന്നും. അഹങ്കാരം അലങ്കാരമാക്കിയവര്‍ക്ക് പ്രണയമില്ല.
എന്തിനെന്നറിയാതെ, എങ്ങനെയെന്നറിയാതെ തുടക്കം. എത്രമേല്‍ ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
ഗ്രന്ഥങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പാലത്തിലേക്ക്..
അത് അങ്ങനെ തന്നെയോ, ഇങ്ങനെയോ, അതുമല്ലെങ്കില്‍ അതിനപ്പുറം ...
എന്റെ ചിന്തകള്‍ക്ക് അപ്രാപ്യമായ ഒരവസ്ഥ.
ചിന്തയുടെ പാതയില്‍ തടസ്സങ്ങളുണ്ടാവുന്നുണ്ട്.
എന്താണ് എന്നെ വിലക്കുന്നത്?
ഞാനോ നീയോ?
അല്ലെങ്കില്‍ എന്റെ അപ്രരന്‍ ?!
ഒഴുകുമ്പോള്‍ കരയിലെ ഇല്ലി മരങ്ങളോടൊരു ചോദ്യം; എന്തിന്?
ആവോ...
ഇല്ലിക്കാടിന് അതിന്റെ നിലനില്‍പ്പിനെ കുറിച്ച് ബോധമില്ലാത്തിടത്ത് എങ്ങനെ എന്നെ കുറിച്ച് ചൊല്ലാന്‍ ..
എങ്കിലും ഞാന്‍ ഒഴുകുന്നു...
എന്റെ ചോദ്യങ്ങളാണ് എന്റെ അശാന്തി. ഉത്തരമില്ലായ്മയിലൂടെ ഞാന്‍ തുടരുകയും...
എങ്ങോ ഇരിക്കുന്ന ആളോട് എനിക്കെന്തോ പറയാനുണ്ടാവുക. എങ്ങോ അങ്ങനെ ഒരാള്‍ ഉണ്ടെന്ന ധാരണയോടെ... എന്നില്‍ നിറയുന്ന അനുഭൂതിയും. ആ അനുഭൂതി ആ ആളില്‍ നിന്നും എന്നിലേക്ക് ഒഴുകിയെത്തുന്ന പ്രണയമല്ലേ...
നദി വന്നു നദിയില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ചലനം... അങ്ങനെ നിത്യവും ചലനത്തിലാണ് ഞാന്‍ .
ചലനം പല തരത്തിലും... എന്നാല്‍ പ്രണയത്തിന്റെത് മറ്റൊന്ന്...
പ്രണയം സ്വാതന്ത്ര്യമാണ്.
എന്നില്‍ വന്നു ചേരുന്ന ആ ഒഴുക്കിന് എന്നോട് ചേര്‍ന്ന് ഒഴുകാനുള്ള സ്വാതന്ത്ര്യം. ഒരുമിച്ചു ഒഴുകി പോകുമ്പോഴും കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. നദിയില്‍ നിന്നും നദികള്‍ ഉണ്ടാവുന്നു. ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്ന് ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണതയാണ് എന്നെ അന്വേഷിയാക്കുന്നത്. യാതൊന്നിന്റെ കുറവാണോ എന്നില്‍ ആ ഒന്നിന് വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. ആ ഒന്നിനെ പ്രാപിക്കാന്‍ , അതിലാവാന്‍ , അതാവാന്‍ ...
പിന്നെ ഞാനോ നീയോ ഇല്ല.
ഏകം.
പരമാനന്ദം!
എങ്കിലും അതിനും അപ്പുറം പാതകളുണ്ടോ?
എന്താണ്, എന്തുകൊണ്ട്?!
സഞ്ചാരം തുടരുന്നു...
എന്റേത് ധര്‍മപുരിയാണ്.
ഭാരതം എന്ന് ചിന്തിക്കുന്നിടത്തൊക്കെ ധര്‍മപുരി നിറയുന്നു. ശാന്തിയുടെതായ ഒരു തണുത്ത കാറ്റ് അനുഭവപ്പെടുകയും. നദികളും മരങ്ങളും മലകളും പ്രണയമായി നിറയുന്നു...
പക്ഷെ ധര്‍മമെവിടെ?
എന്റെ മണ്ണിന്റെ ആത്മാവ് ധര്‍മം തന്നെ. മാതാ പിതാ ഗുരു ദൈവമെന്ന മന്ത്രം. അത് അങ്ങനെ തന്നെ. മാതാവ് പിതാവിനെ ചൂണ്ടി കാട്ടുന്നു. പിതാവ് ഗുരുവെയും. ഗുരു ദൈവത്തെയും.
പുതുകാലം മറ്റൊരു തരത്തില്‍ പഠിപ്പിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്നതിന് ഇടയില്‍ മതം എന്നൊരു കീറാമുട്ടി കടന്നു വരുന്നു. നാമോ പിതാവില്‍ നിന്നും ശരിയായ ഗുരുവില്‍ എത്താതെ മതത്തില്‍ എത്തി മതവെറി പഠിക്കുന്നു.
ദൈവമെവിടെ?
നമ്മുടെ ധര്‍മ പുരി സങ്കടത്തിലാണ്.. ധര്‍മപുരിയുടെ സങ്കടം കാണാതെ വികലമായ വിദ്യയിലൂടെ സംഘട്ടനങ്ങളിലേക്ക് പോകുകയും..
എന്തിന് എന്തിന് എന്ന് ചോദിക്കാന്‍ ശിക്ഷ്യരോ പറഞ്ഞു കൊടുക്കാന്‍ ഗുരുവോ ഇല്ലാത്ത കാലം ഇരുട്ടിലെക്കാന് കൊണ്ട് പോകുക...
നാം ഇരുട്ടിന് അടിപ്പെടണോ?
അങ്ങനെ ഒരു ഒക്ടോബര്‍ രണ്ടു കൂടി... സര്‍ക്കാരുധ്യോഗസ്ഥര്‍ക്ക് ഒരവധി നഷ്ടപ്പെട്ടതിലുള്ള സങ്കടം. നമുക്ക് ഫെയ്സ്ബുക്കിലെ സ്റ്റാറ്റസില്‍ ഇടാന്‍ ഒരു വിഷയം. ഇങ്ങനെ ഒരു ദിവസത്തിലേക്ക് അങ്ങനെ ഗാന്ധിജി ചുരുങ്ങി പോകുന്നു.. നമ്മള്‍ ചുരുക്കുന്നു... ഇന്ന് കുട്ടികള്‍ക്ക് ഗാന്ധിജി എന്നാല്‍ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ആണ്.
ഗാന്ധിജി നിന്ന ഇടത്ത് നിന്നും വളരെ മാറി പോയ ഒരു പ്രസ്ഥാനവും. അധികാരത്തിന്റെ വൈറസ് എവിടെയും കയറി നിരങ്ങുന്നു. ഗാന്ധിജി എന്ന് ഉച്ചരിക്കാന്‍ പോലും ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് യോഗ്യതയുണ്ടോ..
അധ്യാപകന്‍ ഭരിക്കുന്നവരാല്‍ ക്രൂരമായി മര്‍ദിക്കപ്പെടുന്നു. ഒരേ നിയമം പല മുഖത്തോടെ നടപ്പിലാകുന്നു.. ഇന്ത്യയുടെ വികസനം ഗ്രാമങ്ങളില്‍ നിന്നും തുടങ്ങണമെന്ന ഗാന്ധി വചനത്തെ തകര്‍ത്ത് നാം ഗ്രാമത്തെ നഗരം കൊണ്ട് വിഴുങ്ങുന്നു. ദരിദ്രന്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും ഉള്ളവന്‍ കൂടുതല്‍ ധനികനായും മാറുന്നു.
ഗാന്ധിജിയടക്കമുള്ള കാരണവന്മാര്‍ നേടി തന്ന സ്വാതന്ത്ര്യത്തെ സാമ്രാജ്യത്വത്തിന് തീറെഴുതി കൊടുത്ത് നവ ഗാന്ധിയന്മാര്‍ അരങ്ങു വാഴുന്നു.
എന്ന് നാം അഹിംസയിലേക്ക് മടങ്ങുന്നുവോ അന്നേ ഗാന്ധിജി എന്ന നാമം ഉച്ചരിക്കാന്‍ പോലും അര്‍ഹാരാവൂ... ലോകത്ത് ഒരു ഹിംസയും സമാധാനം കൊണ്ടുവരില്ലെന്നിരിക്കെ ഈ ഗാന്ധിജയന്തി ദിനം അഹിംസയിലേക്കുള്ള തിരിച്ചു പോക്കായെങ്കില്‍ എന്ന് ആശിച്ചു പോകുന്നു..
About The Blog
MK Khareem
Novelist