അയാളൊരു കമ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ നേരിന്റെ ചൂണ്ടുവിരല്‍ തെളിഞ്ഞിരുന്നു. ഒരാള്‍ കമ്യൂണിസ്റ്റ് ആകുന്നതോടെ അയാള്‍ സത്യം മുറുകെ പിടിക്കുകയും തെറ്റിനോട് എതിരിടുകയും ചെയ്യുന്ന രൂപം എന്നില്‍ കിട്ടിയിരുന്നു. കാക്കനാടന്‍ ഒരു കമ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോഴൊക്കെ ആ ചിത്രമാണ് മനസ്സില്‍ തെളിഞ്ഞതും. കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും അധികാരത്തോട് രസപ്പെടില്ല. അയാള്‍ എന്നും പ്രതിപക്ഷത്തും.. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്തു നിലയുറപ്പിക്കുന്നതോടെ നേരിന്റെ പാതയില്‍ എന്നുറപ്പിക്കാം. ഒരാള്‍ നേരിന്റെ പാതയില്‍ ആകുമ്പോഴേ നേരിന്റെ നിര്‍മിതികള്‍ ഉള്ളൂ. അല്ലാത്തതൊക്കെ കപടം. ഇന്ന് സാഹിത്യമായാലും രാഷ്ട്രീയമായാലും മതങ്ങള്‍ ആയാലും കപടതയോട് ഇഷ്ടം കൂടി കാലം കഴിക്കുന്നു. അധികാരവും ധനവുമാണ് ഏതൊരു സമൂഹത്തെയും ദുഷിപ്പിക്കുന്നത് എന്ന സത്യം മുന്നിലിരിക്കെ അത്തരം സത്യങ്ങള്‍ വിസ്മരിക്കപ്പെടുകയോ ചവറ്റു കുട്ടയില്‍ എറിയപ്പെടുകയോ ആണ്...

ഹൃദയത്തിന്റെ ചോര മഷിയാക്കുമ്പോഴെ മറ്റൊരു ഹൃദയത്തില്‍ പതിയുകയുള്ളൂ.. ഹൃദയം ഹൃദയത്തില്‍ വരയുന്നത് സാഹിത്യം. അത്തരം രചനകള്‍ ചെരുപ്പിന് ഒപ്പിച്ചു കാല്‍ മുറിക്കുന്നില്ല. കാല്‍കവികളെ അരയിലെക്കും അരയെ മുക്കാലിലേക്കും പിന്നെ മഹാ കവിയിലേക്കും വാഴിക്കാന്‍ തിടുക്കം കൂട്ടുന്ന സാഹിത്യ പരിസരത്തു നിന്നും നോക്കുമ്പോള്‍ കാക്കനാടന്റെ ദേഹവിയോഗം കൈരളിക്ക് എന്നല്ല ഭാരതത്തിന്റെ നഷ്ടമാണ്. കാക്കനാടന്‍ മലയാളത്തില്‍ എഴുതിയ ഇന്ത്യന്‍ സാഹിത്യകാരനാണ്.

'പതിനേഴ്‌ ' എന്ന കഥയിലേക്ക് കടക്കുമ്പോള്‍ ലോകം നരക തുല്യമായ ഒരാശുപത്രിയായി മാറുന്നു. ജീവിതമോ അസ്വതന്ത്രതയില്‍ പിടയുന്ന രോഗാവസ്ഥയും. അങ്ങനെ ചില ചിന്തങ്കളിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാന്‍ എന്ന കഥാപാത്രം.

'ഇവിടെയാരുമില്ല, കണ്ണുകളുണ്ട്, കാലുകലുണ്ട്, കൈകലുണ്ട്, പൂര്‍ണ മനുഷ്യരില്ല. ഇവിടെ ചുമയ്ക്കാതിരിക്കുന്നത് നാണക്കേടാണ്. നേരെ നടക്കുന്നത് മോശമാണ്. പഞ്ചേന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത് കുറ്റമാണ്. ചുമയ്ക്കാതിരുന്നാല്‍ പറഞ്ഞുവിടും. ആര്‍ക്കും പോകാനിഷ്ടമില്ല. ഇവിടെ വന്നുപെട്ടാല്‍ പോകാന്‍ തോന്നുന്നില്ല. വലിയൊരു ബന്ധം ഉണ്ടായിപ്പോകുന്നു. മഗല്യസൂത്രത്തിന്റെ ബന്ധം പോലെ. നരകമാണെന്നു അറിഞ്ഞുകൊണ്ടുതന്നെ നരകത്തെ സ്നേഹിക്കുക. സ്നേഹമല്ല. ഒരുജാതി കടപ്പാടാണ്. ചുമതലയാണ്. തടവാണ്.' (പതിനേഴ്‌- കഥ)
രണ്ടായിരത്തി പതിനൊന്നില്‍ നിന്ന് കൊണ്ട് 'പതിനെഴിനെ' വായിക്കുമ്പോള്‍ ചില നടുക്കങ്ങള്‍ പിന്തുടരുന്നു. ആശുപത്രിയുടെ സ്ഥാനത്തു സാമ്രാജ്യത്വ ശക്തിയെ വച്ച് വായിക്കുക. എത്രമേല്‍ വിഷമാണ് അതെന്നു അറിഞ്ഞു കൊണ്ടുതന്നെ നാം ആ ശക്തിയെ ഇഷ്ടപ്പെടുന്നു. അതിനെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. ആയുധവ്യാപാരത്തില്‍ , കരാറുകള്‍ വഴിയും അവന്‍ വച്ച് നീട്ടുന്ന കമ്മീഷനിലൂടെ ഭരണ വര്‍ഗം ഓശാന പാടുന്നു. അവന്‍ തീരുമാനിക്കുന്നു, നാം വിനീത വിധേയ വേഷം കെട്ടുകയും. ഇനിയൊരിക്കലും ഊരി പോകാത്ത വിധം അവന്‍ നമ്മില്‍ കുരുക്ക് മുറുക്കുന്നു.
ലേശം ജലദോഷമോ പനിയുമായോ ആശുപത്രിയില്‍ എത്തുന്ന ഒരാള്‍ ഏതാനും പാരസിറ്റാമോള്‍ കൊണ്ട് ശമനം നെടുമെന്നിരിക്കെ അനാവശ്യമായ ടെസ്ടുകള്‍ക്ക് വിധേയമാകുന്നു. ഒരുതരം ഭീതിയും നിരാശയും കുത്തിവയ്ക്കപ്പെടുന്നു. ചിലപ്പോള്‍ മാരകമായ രോഗത്തിന് അടിപ്പെടുന്ന കാഴ്ച. പുതു ലോകം ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. ഡോക്ടര്‍ക്ക് രോഗി പണം നേടാനുള്ള വസ്തുവാണ്. ഡോക്ടര്‍ അത് നേടാന്‍ ബാധ്യസ്തനാവുന്നു. നമ്മുടെ വിദ്യാ കച്ചവടം ഡോക്ടറെ ആ രീതിയില്‍ ചിന്തിക്കാന്‍ പ്രാപ്തനാക്കുന്നു.
'പതിനേഴ്‌' എഴുതിയത് ഏതു കാലത്തെന്ന് നിശ്ചയമില്ല. എങ്കിലും എഴുതുമ്പോള്‍ എഴുത്തുകാരന്‍ രണ്ടായിരത്തി പതിനൊന്നിനെ നേരില്‍ കണ്ടിട്ടുണ്ട്. ഇവിടെ ദാര്‍ശനികനായ ഒരെഴുത്തുകാരനെ കാണാനാവുന്നു. അകക്കണ്ണ് തുറന്നു വച്ച് ഹൃദയത്തിന്റെ ഭാഷയോടെ എഴുതാന്‍ കഴിയുമ്പോഴാണ് എഴുത്തുകാരന്‍ കാലങ്ങള്‍ മറികടക്കുക. സൃഷ്ടി പുനര്‍വായന അര്‍ഹിക്കുന്നതും.
വര്‍ത്തമാന മലയാള സാഹിത്യം പുറം ചൊറിയലായി അധപതിച്ചിരിക്കുന്നു. എഴുത്തുകാരില്‍ പലരും സിമന്റു ഹൃദയങ്ങള്‍ ആയി മാറുകയും. സിമന്റു ഹൃദയങ്ങള്‍ക്ക്‌ ആരൊക്കെയോ വലിച്ചെറിഞ്ഞ വിഴുപ്പുകള്‍ എടുത്തണിയാനെ കഴിയൂ. അവിടെ പുതുതായി ഒന്നും സൃഷിക്കപ്പെടുന്നില്ല.
കാക്കനാടന്റെ പതിനേഴിനെ വര്‍ത്തമാന രാഷ്ട്രീയത്തോടും മത കേന്ദ്രങ്ങളോടും ചേര്‍ത്തു വായിക്കുക.
കാക്കനാടന്റെ ഉടല്‍ മാത്രമാണ് കടന്നു പോയത്.. ആ ഹൃദയം നമ്മോടു നിശബ്ദം സംസാരിച്ചു കൊണ്ടിരിക്കുകയും.

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist