നമുക്കെന്തേ വിഡ്ഢിത്തത്തെ വിഡ്ഢിത്തമായി കാണാനാവുന്നില്ല? പോയ വിഡ്ഢിത്തത്തിന്റെ പ്രേതങ്ങള്‍ അരങ്ങു വാഴുന്നത് ഒട്ടു അങ്കലാപ്പോടെ വീക്ഷിച്ചു ചിലരെങ്കിലുമുണ്ട്. എന്നാല്‍ ഭൂരിപക്ഷവും അതൊരു അലങ്കാരമായോ അഭിമാനമായോ കൊണ്ടുനടക്കുകയാണ്. പ്രേതങ്ങള്‍ക്കു പുതുമയൊന്നുമില്ല ലേബലില്‍ മാത്രമാണ് മാറ്റം. മുടിയെ കേശമാക്കി പവിത്രമാക്കാന്‍ ശ്രമിക്കുന്നു. ഒരു മുസല്‍മാന്‍ മരിച്ചാല്‍ അവന്റെ ഉടലിന്റെ ഭാഗമായതെല്ലാം മണ്ണിനടിയില്‍ പോകണം എന്നിരിക്കെ പ്രവാചകന്റെ മുടിക്ക് മാത്രം എന്തെങ്കിലും പ്രത്യേകത കല്‍പ്പിച്ചിട്ടുണ്ടോ? ഇസ്ലാമില്‍ അങ്ങനെ കുചേലനും കുബേരനും പ്രവാചകനും വ്യത്യസ്തമായ നിയമങ്ങളില്ല. ഇത് നമ്മുടെ പണപ്പെട്ടിയുടെ കനത്തിന്റെ പ്രശ്നമാണ് ഇത് വിട്ടു പിടി എന്നാവും എ.പി.അബുബക്കര്‍ മുതലാളിയുടെ ഭാഷ്യം. കുട്ടിക്കാലത്ത് എന്നോ കേട്ടൊരു കഥയുണ്ട്. അത് ശരിയോ തെറ്റോ എന്നറിയില്ല. മരണാനന്തരം നരകം ഉദ്ഘാടനം ചെയ്യുന്നത് പണ്ഡിതരെ കൊണ്ടാവും എന്ന്. ഇത്തരം ജന്മങ്ങള്‍ ഉണ്ടായാലല്ലേ നരകത്തിന്റെ വിശപ്പടങ്ങൂ.. ഇതെഴുതുന്നത് ആരെയും നരകത്തിലേക്കോ സ്വര്‍ഗത്തിലെക്കോ വിടാനല്ല.
പ്രവാചക സ്നേഹം നല്ലത് തന്നെ. പക്ഷെ പ്രവാചകനെ പരാശക്തിക്ക് മുകളില്‍ പ്രതിഷ്ടിക്കരുത്. അത് പ്രവാചകന്‍ പോലും വെറുക്കുന്നത്. ഇവിടെയാര്‍ക്കും പരാശക്തിയെ വേണ്ട, മതങ്ങളും ആരാധനലായങ്ങളും മതി. പരാശക്തി തെരുവ് തോറും അനാഥയായി അലയുന്നു.
മത മുതലാളിമാര്‍ കരുതുന്നത് അവരൊന്നും ഇല്ലെങ്കില്‍ പരാശക്തിക്ക് നിലനില്‍പ്പില്ലെന്ന്. അവരിങ്ങനെ സേവിച്ചു സേവിച്ചു നടക്കുന്നു. ഭൂതം നിധി കാത്തു കൊണ്ടിരിക്കുന്നത് പോലെയോ. ഭൂതത്തിനും ഉണ്ടാവും കനിവ്. പക്ഷെ മത മുതലാളിമാര്‍ക്ക്?
ഉടല്‍ തേച്ചു കഴുകാതെ നല്ല വസ്ത്രം അണിഞ്ഞിട്ടെന്ത്.
വെടിപ്പില്ലാത്ത ആത്മാവില്‍ ഉടലോ....
എളുപ്പം സമ്പന്നനാവണം. അധികാരം നിലനിര്‍ത്തുകയും വേണം. രാവിലെ വിതക്കുന്നതിനു വൈകുന്നേരം തന്നെ വിള കിട്ടണമെന്ന് വാശിപിടിക്കുകയാണ്. ഒന്നിനും കാത്തു നില്‍ക്കാനുള്ള ക്ഷമയില്ല. പ്രാര്‍ഥനയില്‍ പോലും അതാണ് സ്ഥിതി. വിളിപ്പുറത്ത് എത്താത്ത പരാശക്തിയെ വേണ്ട. എളുപ്പം കാര്യം നടത്തിക്കിട്ടാന്‍ പരക്കം പായുകയാണ്. കാണാത്ത പരാശക്തി പ്രസാദിച്ചില്ലെങ്കില്‍ കിട്ടിയ തിരുകേശത്തിലൂടെ കാര്യം സാധിക്കാം എന്നൊരു തലത്തിലേക്ക് മനുഷ്യന്‍ നയിക്കപ്പെടുന്നു. ഈ പഴുതിലൂടെ ദൈവത്തെ പിന്തള്ളി ആള്‍ദൈവങ്ങള്‍ ഉയര്‍ന്നു വരുന്നു.
About The Blog
MK Khareem
Novelist
0 comments