അമ്പലത്തിന്റേയോ പള്ളിയുടേയോ ആവട്ടെ,
പാർട്ടിയാപ്പീസിന്റെ തിണ്ണയിലാവട്ടെ,
മനസ്സിലൊരു കഠാര തിരുകുന്നെങ്കിൽ
നിന്നെ മനുഷ്യനെന്ന് വിളിക്കാമോ?
നിന്നെ മുസൽമാനെന്നും ഹിന്ദുവെന്നും കമ്യൂണിസ്റ്റെന്നും
തെരുവിൽ നിന്നും തെരുവിലേക്ക് ആണയിടും;
എന്നാലോ നീ അതാണോ?
മനുഷ്യന്റെ മരണമാണ്
ചെകുത്താന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്.
നീ ഭക്ഷിച്ചത്,
നീ ആഘോഷിച്ചതും പിൻതുടരുന്നതും
ദൈവത്തെയല്ല.
പിന്നേയോ
കൂട്ടിക്കൊടുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ...
നീയൊരു മനുഷ്യപാതയിലെങ്കിൽ
എങ്ങനെ ഒരാളെ വെട്ടിനുറുക്കാനാവും.
ദൈവത്തെ,
ദൈവ ഗ്രന്ഥത്തെ
നീ കക്ഷത്തിലോ തലച്ചുമടായോ നടക്കട്ടെ,
നീ ദൈവ പ്രഭാഷണത്തിലോ
രാഷ്ട്രീയ പ്രചരണത്തിലോ ആവട്ടെ,
സുഹൃത്തേ ഇപ്പോഴെങ്കിലും ഓർത്താലെന്ത്,
നീ ചുമക്കുന്നതൊരു അശ്ലീലമെന്ന്..
നീ നഗ്നനായിരിക്കുന്നു.
നിന്റെ നഗ്നത
ഈ തെരുവിൽ വിളപ്പിൽ ശാലകൾ പണിയുന്നു...
നീ അടുത്തുവരുമ്പോഴൊക്കെ
ചുവന്ന തെരുവിലെ ചീഞ്ഞളിഞ്ഞ
ഗുഹ്യഭാഗം തുറന്നുകിട്ടുന്നതു പോലെ
അല്ലെങ്കിൽ ചെളിയിൽ പാമ്പിന്റെ
അളിഞ്ഞ മണം.
എനിക്കൊന്ന് മുഖം പൊത്താൻ
ഈ കണ്ണുകൾ അടക്കാൻ
എന്റെ കാതുകൾ എന്നന്നെക്കുമായി
അടച്ചു വയ്ക്കാൻ പരക്കം പായുകയാണ്.
ഞാൻ നിന്നെ എന്നേ വെറുത്തുകഴിഞ്ഞു,
ഇനിയെങ്കിലും എന്റെ കൺവെട്ടത്ത് നീ വരാതിരിക്കുക
അല്ലെങ്കിൽ എന്നന്നേക്കുമായി
എന്നെയിവിടെ നിന്നും നാടുകടത്തുക.
പാർട്ടിയാപ്പീസിന്റെ തിണ്ണയിലാവട്ടെ,
മനസ്സിലൊരു കഠാര തിരുകുന്നെങ്കിൽ
നിന്നെ മനുഷ്യനെന്ന് വിളിക്കാമോ?
നിന്നെ മുസൽമാനെന്നും ഹിന്ദുവെന്നും കമ്യൂണിസ്റ്റെന്നും
തെരുവിൽ നിന്നും തെരുവിലേക്ക് ആണയിടും;
എന്നാലോ നീ അതാണോ?
മനുഷ്യന്റെ മരണമാണ്
ചെകുത്താന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്.
നീ ഭക്ഷിച്ചത്,
നീ ആഘോഷിച്ചതും പിൻതുടരുന്നതും
ദൈവത്തെയല്ല.
പിന്നേയോ
കൂട്ടിക്കൊടുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ...
നീയൊരു മനുഷ്യപാതയിലെങ്കിൽ
എങ്ങനെ ഒരാളെ വെട്ടിനുറുക്കാനാവും.
ദൈവത്തെ,
ദൈവ ഗ്രന്ഥത്തെ
നീ കക്ഷത്തിലോ തലച്ചുമടായോ നടക്കട്ടെ,
നീ ദൈവ പ്രഭാഷണത്തിലോ
രാഷ്ട്രീയ പ്രചരണത്തിലോ ആവട്ടെ,
സുഹൃത്തേ ഇപ്പോഴെങ്കിലും ഓർത്താലെന്ത്,
നീ ചുമക്കുന്നതൊരു അശ്ലീലമെന്ന്..
നീ നഗ്നനായിരിക്കുന്നു.
നിന്റെ നഗ്നത
ഈ തെരുവിൽ വിളപ്പിൽ ശാലകൾ പണിയുന്നു...
നീ അടുത്തുവരുമ്പോഴൊക്കെ
ചുവന്ന തെരുവിലെ ചീഞ്ഞളിഞ്ഞ
ഗുഹ്യഭാഗം തുറന്നുകിട്ടുന്നതു പോലെ
അല്ലെങ്കിൽ ചെളിയിൽ പാമ്പിന്റെ
അളിഞ്ഞ മണം.
എനിക്കൊന്ന് മുഖം പൊത്താൻ
ഈ കണ്ണുകൾ അടക്കാൻ
എന്റെ കാതുകൾ എന്നന്നെക്കുമായി
അടച്ചു വയ്ക്കാൻ പരക്കം പായുകയാണ്.
ഞാൻ നിന്നെ എന്നേ വെറുത്തുകഴിഞ്ഞു,
ഇനിയെങ്കിലും എന്റെ കൺവെട്ടത്ത് നീ വരാതിരിക്കുക
അല്ലെങ്കിൽ എന്നന്നേക്കുമായി
എന്നെയിവിടെ നിന്നും നാടുകടത്തുക.
വര്‍ഷം രണ്ടായിരത്തിയാറ്. അന്ന് മാധവിക്കുട്ടി എറണാകുളത്തു കടവന്ത്രയിലെ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. അതിനു മുമ്പ് തിരുവനന്തപുരത്ത് ആയിരുന്നപ്പോള്‍ എത്രയോ കാണാന്‍ കൊതിച്ചു. കഴിഞ്ഞില്ല, എല്ലാം പിന്നത്തേക്ക് മാറ്റി വയ്ക്കുന്ന എന്റെ ശീലം അതും വൈകിച്ചു. പിന്നീട് മതം മാറി എന്ന വാര്‍ത്ത കൊടും കാറ്റായി മാറിയപ്പോള്‍ നങ്കൂരമിടാന്‍ പാട് പെടുന്ന ഒരു കപ്പലിന്റെ ചിത്രമല്ല എനിക്ക് കിട്ടിയത്. അമേരിക്കയെ പോലും വെല്ലു വിളിച്ചു നില്‍ക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ചിത്രമാണ്. ഉള്ളില്‍ പറഞ്ഞു ‘സ്ത്രീ ആയാല്‍ അങ്ങനെ വേണം ഉരുക്ക് പോലെ നില്‍ക്കുക, എന്തിനോടും എതിരിട്ടു അങ്ങനെ’. എഴുത്ത് കൊണ്ട് എതിരിടുമ്പോഴും പലരും ജീവിതത്തില്‍ നിസ്സഹായതയോടെ കീഴടങ്ങുന്നത് എത്രയോ കണ്ടിരിക്കുന്നു. മാധവിക്കുട്ടി അങ്ങനെയല്ല. സ്വന്തമായി തെളിച്ച വഴിയിലൂടെ അങ്ങനെ സഞ്ചരിക്കുക.
മാധവിക്കുട്ടി മതം മാറി എന്ന് പറയുന്നിടത്ത് നാം വായിക്കാതെ പോകുന്ന മറ്റൊരു സത്യമുണ്ട്. അവര്‍ മതം മാറുകയല്ല ചെയ്തത് മതങ്ങളെ തകര്‍ക്കുകയാണ് ചെയ്തത്. കുട്ടിക്കാലം മുതല്‍ക്കേ അറിഞ്ഞും അനുഭവിച്ചും പോന്ന ഒരു മതത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തനിക്കു എല്ലാം വഴങ്ങും എന്ന ഒരു സത്യം മാധവിക്കുട്ടി വെളിപ്പെടുത്തുകയായിരുന്നുവോ? അല്ലെങ്കില്‍ ആദ്യം സൂചിപ്പിച്ച പോലെ വേലിക്കെട്ടു പൊളിക്കുക. അതായത് മതങ്ങള്‍ എന്ന നിലയില്‍ കെട്ടി ഉയര്‍ത്തപെട്ടിരിക്കുന്ന സകല മതിലുകളും തകര്‍ക്കുക എന്ന് തന്നെ. ഇവിടെ ആലോചിക്കേണ്ട , അടിവരയിടേണ്ട ഒന്നുണ്ട് . അത്, ഒരു എഴുത്തുകാരി എന്ന നിലയില്‍ നിന്നും അവധൂതന്റെ തലത്തിലേക്കോ സൂഫിയുടെ തലത്തിലെക്കോ ഉയരുക എന്നത്.. സൂഫികള്‍ മാത്രമാണ് ചട്ടക്കൂട് തകര്‍ത്ത് സത്യത്തിന്റെ തെളിനീര്‍ തേടുക. സൂഫി എന്ന് പറയുമ്പോള്‍ അതില്‍ ഇസ്ലാമിക ചുവ തേടുന്നവര്‍ ഉണ്ടാകാം. എന്നാല്‍ സൂഫി എന്നാല്‍ പരാശക്തിയെ തേടുന്ന യോഗിയാണ്. ഭൌതീകമായ എല്ലാ സുഖവും ഇട്ടെറിഞ്ഞു അശാന്തിയോടെ പുറപ്പെട്ടു പോകുന്നവരാണ്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന്റെ പരിസരത്തു നിന്നും ബാബറി പള്ളിയുടെ തകര്‍ച്ചയിലേക്ക് നോക്കുമ്പോള്‍ ഹിന്ദു എന്നും മുസ്ലീം എന്നും അവകാശപ്പെട്ടു നടക്കുന്ന സാധുക്കളോട് സഹതാപം തോന്നുന്നു. പാവങ്ങള്‍ ഈശ്വരന് വേണ്ടി പണവും സമയവും നഷ്ടപ്പെടുത്തി അശാന്തി അനുഭവിച്ചു. കഷ്ടം !
എഴുത്തിലൂടെ എത്ര ഉന്നതമായ ആശയവും വിളമ്പാം, എന്നാല്‍ ജീവിതത്തില്‍ എത്രപേര്‍ക്ക് അത് പകര്‍ത്താന്‍ ആകും! എന്നാല്‍ മാധവിക്കുട്ടി എന്ന വനിതക്ക് അത് കഴിഞ്ഞു. മതങ്ങള്‍ മാറുക എന്നത് കേവലം ചായ കുടിക്കുന്ന ലാഘവത്തോടെ ആകാം എന്ന് നമ്മെ കാട്ടി തന്നു. നമുക്കൊക്കെ ആദര്‍ശം എഴുതാനും സംസാരിക്കാനും ഉള്ളതാണ്. എന്നാല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്കോ മാധവിക്കുട്ടിക്കോ അങ്ങനെയല്ല എന്നതാണ് പുതിയ കാലത്തും നമുക്ക് കിട്ടുന്ന അറിവ്. എങ്കിലും ഞാന്‍ അവരെ വിരോധിക്കുന്നത്, മാധവിക്കുട്ടി എന്ന പേരിലോ, കമലാ ദാസ് എന്ന പേരിലോ, അതുമല്ലെങ്കില്‍ ആമി എന്ന പേരിലോ അവര്‍ക്ക് നില്‍ക്കാമായിരുന്നു. സൂരയ്യ എന്ന പേര് വാന്നാല്‍ മാത്രമേ മുസ്ലീം ആകൂ എന്ന ചിന്തയെ ഞാന്‍ അന്നും ഇന്നും വിരോധിക്കുന്നു. അതില്‍ ഞാന്‍ ഭാഷയുടെ ഭിന്ന മുഖങ്ങള്‍ കാണുന്നു. അതായത് ഭാഷയിലൂടെ പല തട്ടുകളിലേക്ക് തിരിയുന ആ പരാശക്തിയെ. ഒരാള്‍ മുസ്ലീം ആകണമെങ്കില്‍ അറബി ഭാഷയിലെ പേര് സ്വീകരിക്കണം എന്നത് ഞാന്‍ എതിര്‍ക്കുന്നു. ഒരാള്‍ മുസ്ലീം നാമകാരി ആയാല്‍ അയാള്‍ മുസ്ലീം ആകുകയില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. വേഷമോ, ഭാഷയോ അല്ല ഒരാളെ മുസ്ലീം ആക്കുക.
ഫോണിലൂടെ പലവട്ടം ബന്ധപ്പെട്ടിരുന്നു , അപ്പോഴൊക്കെ എന്നില്‍ ഉണര്‍ന്ന വികാരം എന്താകാം, ഒരമ്മയുടെ സാന്നിധ്യമായിരുന്നോ, അല്ലെങ്കില്‍ അനുരാഗത്തിന്റെ കയ്യൊപ്പ് പോലെ എന്തോ, അതിനുമപ്പുറം പിന്നെയും എന്തെല്ലാമോ. എങ്കിലും…. പുറപ്പെടുമ്പോള്‍ എന്‍റെ ‘ഗുല്‍മോഹര്‍’ എന്ന നോവലിന്റെ ഒരു കോപ്പി കയ്യില്‍ കരുതിയിരുന്നു. ആ കയ്യില്‍ വച്ച് കൊടുത്ത് പറയുക, ഇതാ പുരുഷന്‍ എഴുതിയ ഒരു പെണ്ണെഴുത്ത്. ഗുല്‍മോഹര്‍ എന്ന നോവലിന്റെ പരിസരങ്ങളില്‍ ഇടക്കെപ്പോഴോ കയറി കൂടിയ മാധവിക്കുട്ടി, കമല, അല്ലെങ്കില്‍ ആമി. മീര എന്ന കഥാപാത്രത്തിലേക്ക് ആ നിഴല്‍ എത്ര വേണമെങ്കിലും വന്നു പോയിട്ടുണ്ട്. എല്ലാം സ്വയമറിയാതെ. രചനയുടെ ഏതെല്ലാമോ ഇടവേളകളില്‍ ആ മുഖം എന്നെ അലട്ടിയിരുന്നുവോ? എന്തോ എനിക്കറിയില്ല.
ഫ്ലാറ്റിനു മുന്നില്‍ എത്തുമ്പോള്‍ മഴചാറി. പ്രണയം പോലെ അത്. നനയുമ്പോള്‍ ഒരു പ്രത്യേകാനുഭൂതി. ഉള്ളില്‍ കൊണ്ട് നടന്ന ആഗ്രഹത്തിന്റെ വിങ്ങല്‍ കൂടിയായപ്പോള്‍ വല്ലാത്തൊരു വിവശത. കാണാന്‍ പോകുന്നത് നിസ്സാരക്കാരിയെ അല്ലല്ലോ! ഫ്ലാറ്റിലെ കാവല്‍ക്കാരന്‍ എന്നെ വിലക്കി, അകത്തേക്ക് വിടില്ല. അയാള്‍ക്ക് ഞാന്‍ ആരാണ് എന്താണ് എന്നൊക്കെ അറിയണം. ചോദ്യങ്ങള്‍ എല്ലാം കരുതലോടെ ശേഖരിച്ചു വച്ചത് പോലുണ്ട്. അല്ലെങ്കില്‍ ശത്രു വരുമ്പോള്‍ ചാടിവീഴാന്‍ പാകത്തില്‍ ആ നില്‍പ്പ്. അയാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, മാധവിക്കുട്ടിക്ക് ധാരാളം വധഭീഷണികള്‍ പലയിടത്ത് നിന്നും ഉണ്ടല്ലോ…. കൂടാതെ രോഗ പീഡയും. എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ മാധവിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചു, അകത്തേക്ക് പോകാന്‍ അനുമതിയായി… കൂടിയാല്‍ അഞ്ചു മിനിട്ട്, അതിനുള്ളില്‍ മടങ്ങണം. അയാള്‍ ഓര്‍മ്മപ്പെടുത്തി. അപ്പോള്‍ അയാള്‍ക്ക് ഒരു ഭീകര ഭാവം ഉണ്ടായിരുന്നോ? അയാളെ വെറുത്തു, ഉടന്‍ തിരുത്തി, വെറുക്കരുത്, മാധവിക്കുട്ടിയെ കാക്കുന്ന ആളല്ലേ!
അകത്തു കാലെടുത്തു വയ്ക്കുമ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. എവിടെ തുടങ്ങണം എങ്ങനെ എന്നൊക്കെ യുള്ള ചിന്ത ഉള്ളില്‍ കുത്തി മറിയുകയായിരുന്നു. നിലാവ് പോലെ ആ മുഖം. ഏതോ തീര്‍ഥാടനകേന്ദ്രത്തില്‍ എത്തിയ പ്രതീതി. എന്തൊക്കെയോ ഭാരം അവിടെ ഇറക്കിവയ്ക്കാനുണ്ട് എന്നൊരു തോന്നലും. മേശമേല്‍ ഇരുന്ന ആ കയ്യില്‍ മുറുകെ പിടിച്ചു. പഞ്ഞി പോലെ അത്.
നിശബ്ദതക്ക് എന്താഴം ! രണ്ടാളുടെ നിശബ്ദത തമ്മില്‍ കലരുമ്പോള്‍ വല്ലാത്തൊരു സംഗീതാനുഭൂതി. ആ വാചാലതയില്‍ അങ്ങനെ നില്‍ക്കെ അവര്‍ പറഞ്ഞു: “ഇരിക്കൂ കുട്ടീ…”
എവിടെ നിന്നുമാണ് സംസാരം തുടങ്ങിയത്? മതമാറ്റം, പേര് മാറ്റം. എഴുത്തിന്‍റെ വഴികള്‍, മലയാളിയുടെ കപട സദാചാരം… അങ്ങനെ പലതും… അതിനിടെ പലവട്ടം കാവല്‍ക്കാരന്‍ വന്നു മടങ്ങി. അയാള്‍ ഓരോ വട്ടവും വന്നു മടങ്ങുമ്പോള്‍ കൂടുതല്‍ അസ്വസ്ഥനായി കാണപ്പെട്ടു. എന്നെ എങ്ങനെയെങ്കിലും പറഞ്ഞു വിട്ടാല്‍ ആശ്വാസമെന്ന മട്ട്. നിമിഷങ്ങള്‍ മണിക്കൂറിലേക്ക് പെരുകിയത് എത്ര വേഗം…
” മാധവിക്കുട്ടി ആയാലും, കമല സൂരയ്യ ആയാലും എനിക്ക് ആമിയാണ്….”
അത് കേള്‍ക്കെ ആ കണ്ണുകള്‍ പ്രകാശിച്ചു. ആ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഓര്മ വന്നത് വടക്കേ ഇന്ത്യയിലും മറ്റും കണ്ടുമുട്ടിയ ആ സൂഫികളെയാണ്.അവര്‍ പരാശക്തിയോട് ഏറ്റവും അടുത്തവര്‍. എല്ലാ ചട്ടക്കൂടുകളോടും സകല വേദ ഗ്രന്ധങ്ങളോടും രാജിയായി താന്താങ്ങളുടെ പാതയില്‍ സഞ്ചരിച്ചു പരാശക്തിയെ അനുഭവിക്കുന്നവര്‍. ഒരാള്‍ സംഗീതം എങ്ങനെയാണോ അനുഭവിക്കുക അത് പോലെയാണ് പരാശക്തിയെ അനുഭവിക്കുക എന്ന് സൂഫികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എഴുത്ത് മാധവിക്കുട്ടിക്ക് സഞ്ചാരം ആയിരുന്നില്ലേ. സ്വത്വം തേടിയുള്ള അശാന്തമായ സഞ്ചാരം. പരാശക്തിയെ അനുഭവിച്ചു തുടങ്ങുന്നതോടെ പരാശക്തി അയാളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. പിന്നെ ആമിയില്ല, മാധവിക്കുട്ടിയോ കമല സൂരയ്യയോ ഇല്ല. ആ പ്രകാശം മാത്രം. ഹിന്ദുവോ മുസല്‍മാനോ എന്ന് അടയാളപ്പെടുത്താന്‍ ആവാത്ത തലത്തില്‍ അവര്‍ .
എഴുത്ത് അവര്‍ക്ക് പദങ്ങള്‍ പെറുക്കി വയ്ക്കലല്ല. കല്ലും മുള്ളും, കാറ്റും കോളും നിറഞ്ഞ ഇടങ്ങളിലൂടെ ആ പരാശക്തിയിലേക്ക്…
രണ്ടു പുസ്തകം, പേന, ഗ്ലാസ് കൊണ്ടുള്ള പള്ളിയുടെ ചിത്രമുള്ള അല്ലാഹു എന്നെഴുതിയ പേപ്പര്‍ വെയിറ്റും എനിക്ക് സമ്മാനമായി നല്‍കി തലയില്‍ കൈ വച്ചു പറഞ്ഞു:
” നന്നായി വരൂ…”
എഴുതുന്ന കടലാസ്സിന്റെ തലക്കല്‍ ആ പേപ്പര്‍ വെയിറ്റ് വയ്ക്കുക, എഴുത്ത് വന്നു കൊള്ളുമെന്നും…
മരണം ആരുടേയും കുത്തകയല്ല, ജനിച്ചാല്‍ മരിക്കണം. മാധവിക്കുട്ടിയുടെ മരണം എന്നില്‍ എന്ത് വികാരമാണ് പകര്‍ന്നത്? എന്തുകൊണ്ടോ എനിക്ക് വേദനിക്കാനായില്ല. അതൊരു രക്ഷപ്പെടല്‍ ആയി തോന്നി. രോഗ പീഡയിലൂടെ അങ്ങനെ പരാശ്രയത്തോടെ കഴിയുന്നത് അത്ര സുഖമുള്ള കാര്യമല്ല എന്ന അറിവ്.
തുടര്‍ന്ന് വന്ന വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മാധവിക്കുട്ടിക്ക് വേണ്ടി പള്ളിയിൽ മയ്യത്ത് നിസ്കാരം ഉണ്ടായിരുന്നു. … മറ്റിടങ്ങളില്‍ മരിക്കുന്നവര്‍ക്കായി, അവര്‍ സമ്പത്തുകൊണ്ട് വലിയവര്‍ ആണെങ്കില്‍ ഞങ്ങളുടെ പള്ളിയില്‍ മയ്യത്ത് നമസ്കാരം ഉണ്ടാകാറുണ്ട്. മറ്റിടങ്ങളിലെ സ്ഥിതി എന്തെന്ന് അറിയില്ല. മരണത്തിലും സാമ്പത്തീകനില കാണുന്ന നാറിയ ഏര്‍പ്പാടിനോട് ഏതിരിട്ടുകൊണ്ട് അങ്ങനെയുള്ള പ്രാര്‍ഥനകളില്‍ ഞാന്‍ പങ്കെടുക്കാറില്ല. ഒരാളുടെ വലുപ്പത്തിന്റെ മാനദണ്ഡം പണം ആയിപ്പോയ ഒരു ലോകത്തെ സഞ്ചാരികള്‍ ആണ് നാം. വിശ്വസിച്ചാലും ഇല്ലെങ്കിലും…
മയ്യത്ത് നിസ്കാരം… മരിച്ചുപോയ ഒരാള്‍ക്ക് ജീവിച്ചിരിക്കുന്നവര്‍ചെയ്യുന്ന ഏറ്റവും വലിയ കര്‍മം…
അന്ന് ജുമുഅ നിസ്കാരം കഴിഞ്ഞു മാധവിക്കുട്ടിക്കായി പ്രാര്‍ഥനയോടെ നിന്നു. എന്റെ മനസിലേക്ക് പുഞ്ചിരി തൂകി ആ മുഖം… ആ മുഖം നിശബ്ദം എന്നോട് ചൊല്ലുന്നതുപോലെ. ജീവിച്ചിരിക്കെ എന്തെങ്കിലും സഹായം എത്തിക്കുക.. മരിച്ച ശേഷം എന്ത് കിട്ടിയിട്ടെന്ത്.. ഉടലിൽ നിന്നും രക്ഷപ്പെടുന്ന ആത്മാവിനു എന്തിനു ജീവിച്ചിരിക്കുന്നവരുടെ ബഹളങ്ങൾ..
മാധവിക്കുട്ടി നമ്മെ വിട്ടുപോയി. ദേഹമാണ് വിട പറയുക. സൂഫികളുടെ ദേഹത്തെ മണ്ണ് തിന്നാത്തത് പോലെ ആ ശരീരവും മണ്ണില്‍ അലിയാതെ ഉണ്ടാകും… ജീവിതം രേഖപ്പെടുത്തിയ കഥ, കവിത നോവലുകളും നമ്മോടൊപ്പമുണ്ട്. മരണം ഒരു പറിച്ചുനടല്‍ ആണ്, മറ്റൊരു തലത്തിലേക്ക്. ഒരുവേള മാധവിക്കുട്ടിയില്‍ നിന്നും കമല സൂരയ്യയിലേക്കെന്ന പോലെ മറ്റൊന്നിലേക്ക്. നീര്‍മാതളത്തെ സ്നേഹിച്ച , കണ്ണനെ ഉള്ളില്‍ പേറിയ എഴുത്തുകാരി. കാല്‍പാടുകളെ മഴ വന്നു കൊണ്ട് പോകും, നീര്‍മാതളത്തെ ഋതുക്കളും… പക്ഷെ കണ്ണനെ നെഞ്ചേറ്റിയ ആമിക്ക് മരണമില്ല. എഴുത്തുകാര്‍ക്ക് അവരുടെ എഴുത്ത് ജീവിതം രേഖപ്പെടുത്തലാണ്. ആമിയുടെ ഖബറിടത്തിലേക്കുള്ള ഓരോ സഞ്ചാരവും സൂഫിയുടെ വിശ്രമ കേന്ദ്രത്തിലേക്കെന്ന പോലെ.. കാലം അവരെ സൂഫിയായി അടയാളപ്പെടുത്തുകതന്നെ ചെയ്യും …
അധികാരമോഹം മനുഷ്യനെ ചെളിക്കുണ്ടിലെറിയുന്നു. അത് ലഭിക്കുന്നത് വരെ ഏതൊരു പ്രസ്ഥാനത്തിനും കറയില്ലാതെ നിലകൊള്ളാം. അതില്‍ നിന്നുള്ള സുഖവും സൌന്ദര്യവും ആത്മീയ ചൈതന്യം കെടുത്തുന്നു. അതുകൊണ്ടാവണം ചില മഹത്തുക്കള്‍ പറഞ്ഞു വച്ചത്, അധികാരം മുള്‍ക്കിരീടമെന്ന്. നിലവിലുള്ള രാഷ്ട്രീയ കക്ഷികളെയോ മതങ്ങളേയോ പരിശോധിച്ചാല്‍ അത് വ്യക്തം. സാമ്പത്തിക ശേഷിയില്ലാത്ത ആരാധനാലയങ്ങള്‍ ഭരിക്കാന്‍ ആളുകള്‍ തള്ളികയറാത്തതും ശ്രദ്ധിക്കുക.
പള്ളിക്ക് മാത്രം വലുപ്പം പോരാ മിനാരങ്ങളും വലുപ്പത്തില്‍ നിര്‍മിക്കാന്‍ ചില വേഷങ്ങൾ ഉത്സാഹിക്കുന്നത് കണ്ടിട്ടുണ്ട്.. അവരെ അതിനു പ്രേരിപ്പികുന്നത് ആത്മീയതയുടെ അതിപ്രസരം കൊണ്ടൊന്നുമല്ല, അഹങ്കാരത്തിന്റെ വിളയാട്ടം. ദൈവത്തിന് അത്തരം ചമയങ്ങളിൽ വിശ്വാസമില്ല. ദൈവത്തിനു ഇരിക്കാൻ ഒരു ഇരിപ്പിടം വേണം, അത് മനുഷ്യ ഹൃദയമാണ്.. അതു വൃത്തിയാക്കാത്തിടത്തോളം ദൈവ സാന്നിദ്ധ്യമുണ്ടാവില്ല..
സമ്പത്തിൽ വിളയാടുന്ന ആരാധനാലയങ്ങൾ ഭരിക്കാൻ വലിയ തിരക്കാണ്. അവിടെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ പുരോഹിതര്‍ പോലും മത്സരിക്കുന്നു.. എന്തിനു മരിച്ചവന്റെ ധനത്തിന്റെ വലുപ്പത്തിനോത്തു ശവ കുടീരം അലങ്കരിക്കപ്പെടുന്നു.. ശവ യാത്രകള്‍ പോലും അലങ്കരിക്കപ്പെടുന്നു.. രാജാവ് തീപ്പെട്ടു എന്ന് പറയുന്ന നാവു കൊണ്ട് പട്ടയമില്ലാത്ത ഭൂമിയിലെ ദരിദ്രന്‍ ചത്തു എന്ന് പറയുന്നു. മനുഷ്യൻ ഒരു തരം കോമാളിവേഷം ആടുകയാണ്..
കൊടികളുടെ നിറത്തിലെ വ്യത്യാസമുള്ളൂ... തിരിച്ചറിയാന്‍ കുറെ പേരുകള്‍ .. പ്രവർത്തിയെല്ലാം ഒന്നുതന്നെ... ദരിദ്രർക്ക് മുന്നിൽ കൊട്ടിയടക്കപ്പെടുന്ന വാതിലുകൾ..
യാതൊന്നു ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നില്ലയോ അതിനു ഏറെക്കാലം നിലനില്‍പ്പില്ല.
സിദ്ധാന്തങ്ങള്‍ , മത ഭാഷണങ്ങള്‍ അരച്ച് കലക്കി കുടിച്ചത് കൊണ്ടായില്ല. അനുഭവ ജ്ഞാനത്തോടെ പുതുക്കി പണിതു കൊണ്ടിരിക്കണം. മതത്തില്‍ ആയാലും രാഷ്ട്രീയത്തിലായാലും കാലത്തിനൊത്തു പരിഷ്കരണം വേണം. അല്ലാത്തിടത്തോളം അവയൊക്കെ ചക്ക് കാളകളായി ഓടി കൊണ്ടിരിക്കും.
എത്രയോ ആയി ഹൃദയത്തിലൊരു മഴ പെയ്യാനൊരിടം തേടുന്നു... അമർത്തപ്പെട്ട വികാരങ്ങളല്ലോ ശാപം... എന്റെ തൊണ്ടക്കുഴിയിൽ ചുഴിയായി ഒരു നിലവിളി..
നനഞ്ഞു പിണങ്ങിയ സന്ധ്യയെ കണ്ട് നിന്നത്.. അലിഞ്ഞു പോകുന്നത് നാമായി വായിച്ചത്.. ഒരേ വേദന ഒരേ സന്ധ്യയുടെ, പകലിന്റെയും ലയം...
പിന്നീടറിഞ്ഞു ചിണുങ്ങി പെയ്തത് നീ തന്നെ..
പിണങ്ങിയത് മഴയല്ല ഹൃദയമെന്ന് യാത്രയിൽ... തുടർ യാത്രകൾ ഹൃദയം തേടിയായിരുന്നു.. ഒരിരട്ടവാലൻ പക്ഷി വഴി തെറ്റായി പറഞ്ഞത്... ഞാനോ നിനക്കെതിരെ സഞ്ചരിച്ചത്...
വഴിയെത്ര തെറ്റട്ടെ, ഹൃദയമിരിക്കുന്ന ഇടം ഹൃദയത്തിനറിയാമല്ലോ.. ഏതെല്ലാം കരകൾ താണ്ടട്ടെ, നിന്നിലെത്താതിരിക്കുന്നത് എങ്ങനെ..
ഈ കടവിൽ നീയോ ഞാനോ ആദ്യമായി മൌനം മുറിക്കുക..
നിനക്ക് എത്ര കാലമിങ്ങനെ
മറഞ്ഞിരിക്കാനാവും...
എത്ര മഴക്കാലങ്ങൾ, വേനലുകൾ..
ഒരു തോരാവേദനയുടെ നദി
നിന്നിലെത്തുന്നുവോ?
അതു ഞാനാണ്..
ഞാൻ കാത്തുനിന്നതും
പിന്നെ യാത്ര തുടർന്നതും മറവിയിലേക്ക്..
എത്രയോ മുഖങ്ങൾ,
എത്രയോ സ്വരങ്ങൾ,
ഏതെല്ലാം രാഗങ്ങൾ..
അതൊന്നും നീയായിരുന്നില്ല..
എന്റെ ബാല്യത്തിന്റെ തുറസ്സിൽ
അലക്കാനിട്ട എന്നെ,
ഞാൻ ചവിട്ടി ഞെരിച്ച പാതകളെ,
ഞാൻ വലിച്ചെറിഞ്ഞ എന്റെ പ്രാണനെ
ഞാൻ മടക്കിവിളിക്കുന്നു..
അതിലൊന്നിൽ നീയുണ്ട്..
എന്റെ സ്വപ്നത്തിലൊരു വളയൻ കോണി,
നക്ഷത്രം,
മേഘം...
ആകാശപാതയിലൊരു മഞ്ഞു മഴ.
ഞാനിന്നെവിടെ,
നിന്നിലോ
എന്നിലോ...
ചിത്രത്തിലെങ്ങും ഞാനില്ല...
മരണത്തിനും ജീവിതത്തിനുമിടയിലെ
പാളത്തിൽ ഞാനില്ല..
പിരാന്തൻ കാറ്റിൽ
എന്റെ കീറിയ കുപ്പായം,
എന്റെ മെതിയടി,
എന്റെ ഇരിപ്പിടം...
ഞാനോ;
എവിടെയാണു ഞാൻ...
എനിക്കിനിയെത്ര കാലം
എന്നിൽ നിന്നും മറഞ്ഞിരിക്കാനാവും...
ഞാനെന്നിലേക്കൊരു
വളയമില്ലാത്ത ചാട്ടത്തിൽ..
എന്‍ഡോസള്‍ഫാന്‍
=========
ജീവിതത്തിന്റെ നരകവാതിലും കടന്ന്
എടുക്കാത്തുട്ടു പോലെ കിടക്കുന്നൊരു
പാഴ് ജനം..
അകത്തേക്ക് കുനിഞ്ഞു തന്നെ.
കൂനനുറുമ്പൊന്നു വാതില്‍പ്പടിയില്‍
ചത്തോ ജീവിക്കുന്നോ എന്നറിയാന്‍
സംഘ ചേര്‍ന്ന് തിന്നാന്‍ ..
ഒറ്റമുറിയില്‍
കീറിയ പായയില്‍
കീറിപ്പോയൊരു ജന്മത്തിന്റെ
ദീനമായ കിടപ്പ്.
കടലാസ്സില്‍ വയസ്സ് മുപ്പത്തിയാറെങ്കിലും
അഞ്ചു വയസ്സിന്റെ വലുപ്പത്തില്‍
എന്നാല്‍ ചീര്‍ത്ത തലയോടെ,
കാലമില്ലായ്മയുടെ ലോകത്ത് ഒടുങ്ങിയ അവന്‍ ..
മുഷിപ്പ് കൂറകുത്തിയ തറയിൽ
വെയിലിന്റെ നാണയ വട്ടങ്ങള്‍
ഒഴുകി കിടക്കുന്നുണ്ട് ..
തകരജീവിതമെന്നു
ചിലപ്പോഴൊരു തെമ്മാടിക്കാറ്റും..
കണ്ണുനീരിന്റെ ഉപ്പു ശകലങ്ങൾ തേടുകയോ,
മരണഗന്ധത്തിൽ നിറയാൻ കൊതിക്കുകയോ
ഈച്ചകൾ..
കണ്ണില്‍ മരവിപ്പോ!
മനുഷ്യന്‍ മരണ വ്യാപാരിയായതിന്റെ
ശിക്ഷയും പേറി
മറ്റൊരു മനുഷ്യന്‍ .
=========
ജീവിതത്തിന്റെ നരകവാതിലും കടന്ന്
എടുക്കാത്തുട്ടു പോലെ കിടക്കുന്നൊരു
പാഴ് ജനം..
അകത്തേക്ക് കുനിഞ്ഞു തന്നെ.
കൂനനുറുമ്പൊന്നു വാതില്‍പ്പടിയില്‍
ചത്തോ ജീവിക്കുന്നോ എന്നറിയാന്‍
സംഘ ചേര്‍ന്ന് തിന്നാന്‍ ..
ഒറ്റമുറിയില്‍
കീറിയ പായയില്‍
കീറിപ്പോയൊരു ജന്മത്തിന്റെ
ദീനമായ കിടപ്പ്.
കടലാസ്സില്‍ വയസ്സ് മുപ്പത്തിയാറെങ്കിലും
അഞ്ചു വയസ്സിന്റെ വലുപ്പത്തില്‍
എന്നാല്‍ ചീര്‍ത്ത തലയോടെ,
കാലമില്ലായ്മയുടെ ലോകത്ത് ഒടുങ്ങിയ അവന്‍ ..
മുഷിപ്പ് കൂറകുത്തിയ തറയിൽ
വെയിലിന്റെ നാണയ വട്ടങ്ങള്‍
ഒഴുകി കിടക്കുന്നുണ്ട് ..
തകരജീവിതമെന്നു
ചിലപ്പോഴൊരു തെമ്മാടിക്കാറ്റും..
കണ്ണുനീരിന്റെ ഉപ്പു ശകലങ്ങൾ തേടുകയോ,
മരണഗന്ധത്തിൽ നിറയാൻ കൊതിക്കുകയോ
ഈച്ചകൾ..
കണ്ണില്‍ മരവിപ്പോ!
മനുഷ്യന്‍ മരണ വ്യാപാരിയായതിന്റെ
ശിക്ഷയും പേറി
മറ്റൊരു മനുഷ്യന്‍ .
About The Blog

MK Khareem
Novelist




