‘ മണിമുഴക്കത്തില്‍
കവിതയില്ലായിരുന്നുവെങ്കില്‍
അതു കേട്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ വരില്ലായിരുന്നു…’
വീരാന്‍ കുട്ടിയുടെ ‘ചിലതരം കവിതകള്‍ ‘ എന്ന ശീര്‍ഷകത്തില്‍ എഴുതിയ (മാധ്യമം ആഴ്ചപ്പതിപ്പ്, 2010, ഏപ്രില്‍ 26) കവിത തുടങ്ങുന്നത് അങ്ങനെ. കവിതയ്ക്ക് തുടക്കവും ഒടുക്കവും വേണം. അതു പാലിച്ചിട്ടുണ്ട്. അതിനപ്പുറം ഈ കവിക്ക് വായനക്കാരോട് എന്തെങ്കിലും പറയാനുണ്ടോ? ഒന്നുകില്‍ കവി പറയാന്‍ ശ്രമിക്കുന്നു. അതു അക്ഷരങ്ങളിലൂടെ ഹൃദയത്തിലേക്ക് എത്തുന്നില്ല. ഒരു വാദത്തിനു അത് കവിയുടെ തെറ്റല്ല എന്ന് പറഞ്ഞു രക്ഷപ്പെടാം. എങ്കിലും കവിത എന്നാല്‍ ചിലരുടെ ധാരണ ഏതാനും വാക്കുകളുടെ അങ്ങാടി എന്നാണ് . അതിനു അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ മാധ്യമ ലോകത്തിനു അത്തരം സൃഷ്ടികള്‍ മതി എന്ന് വാശി പിടിക്കുമ്പോള്‍ വായനക്കാര്‍ തോല്‍ക്കുകയല്ലാതെ നിവൃത്തിയില്ല. ഗദ്യം , വാചകം മുറിച്ചു താഴേക്കു നിരത്തിയാല്‍ കവിതയാകുമോ? എന്തോ, സാംസ്കാരിക അധിനിവേശകാലകവിതകള്‍ അങ്ങനെ ഒക്കെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ.
സാഹിത്യ നിരൂപണത്തില്‍ ലേഖനം ഉള്‍പ്പെടുത്താമോ? എന്തുകൊണ്ട് ഉള്‍പ്പെടുത്തിക്കൂടാ ? എങ്കിലും മാധ്യമം ആഴ്ചപ്പതിപ്പില്‍ നാല് പേജിലായി നീണ്ടു കിടക്കുന്ന വേണു നാഗവള്ളി എഴുതിയ മറുവാദം എന്ന “പ്രിയപ്പെട്ട അഴീക്കോട് , ലാല്‍ നിങ്ങളുടെ ഇരയല്ല’ എന്നത് ( 2010 ഏപ്രില്‍ 26 ) ലേഖനം എന്ന് എഴുത്തുകാരനോ വാരികയോ അവകാശപ്പെടുന്നില്ല എന്നത് തന്നെ ആശ്വാസം. എങ്കിലും ലേഖനം ആയാലും കവിതയോ കഥയോ ആയാലും അതു വ്യക്തിപൂജക്കോ ചിലരെ സംരക്ഷിക്കുന്നതിനോ വേണ്ടിയാകുമ്പോള്‍ എഴുത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. അക്ഷരം സത്യമായിരിക്കെ, അതേ അക്ഷരത്തെ ചില നുണകള്‍ രേഖപ്പെടുത്താനോ , അനര്‍ഹമായതിനെ മഹത്വവല്‍ക്കരിക്കാനോ ശ്രമിക്കുന്നിടത്ത് കപടത കലരുന്നു. അതുകൊണ്ട് തന്നെ വേണു നാഗവള്ളിയുടെ കുറിപ്പിന്റെ സ്ഥാനം എവിടെയെന്നു എളുപ്പം മനസ്സിലാക്കാനാകുന്നു . സിനിമ എന്നത് മൂപ്പനുസരിച്ചു സാഹിത്യത്തിനു താഴെ ആകുമ്പോള്‍, എന്തിനു നാടകത്തിനു താഴെ പോലും ആകുമ്പോള്‍, ഒരു സിനിമാ നടന്‍ സിനിമയുടെ പക്ഷത്തു നിന്ന് സാഹിത്യ കാരനെ ആക്രമിക്കാന്‍ പാടില്ല എന്ന് നിയമമൊന്നുമില്ല. കേവലം കച്ചവട സിനിമയുടെ ഭാഗമായ ഒരു നടന്‍ ഈയിടെ ആദരണിയനായ സുകുമാര്‍ അഴീക്കോടിനെ ആക്രമിക്കുന്ന രംഗം ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം ചെയ്തു..ഒരു ട്വന്റി ട്വന്റി ക്രിക്കറ്റ് മാച്ചിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമങ്ങള്‍ ആ രംഗം കൊഴുപ്പിച്ചത്. കേരളീയ ജനത ആവോളം അതു ആസ്വദിക്കുകയും ചെയ്തു. സമൂഹത്തില്‍ നിന്നും കേവല ആള്‍കൂട്ടത്തിലേക്കും വ്യക്തികളിലേക്കും ചുരുങ്ങിയ കേരളീയ ജനതയ്ക്ക് അതൊക്കെ ഹരം പകരുന്ന കാഴ്ചയായി. എങ്കിലും ചിലരെങ്കിലും അതിലൊരു അപകട സൂചന ദര്‍ശിച്ചിരിക്കും .
സിനിമ എന്നത് സാമ്രാജ്യത്വ സൃഷ്ടി ആയിരിക്കെ അതേ മാധ്യമം കൊണ്ട് സാമ്രാജ്യത്വത്തെ ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്ത എത്രയോ മഹാരഥന്മാര്‍ ചരിത്രത്തിലുണ്ട്. ഇന്നും സിനിമയെ പലരും സാമൂഹ്യ പരിവര്‍ത്തനത്തിനായി ഉപയോഗിച്ച് പോരുന്നു. എന്നാല്‍ സിംഹഭാഗവും സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായി മാറുന്ന ദീനമായ കാഴ്ചയാണ് ഇന്ന്. വേണു നാഗവള്ളിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക:
‘ ചാനല്‍ വാതിലിലും അഭിമുഖക്കാരന്റെ മുന്നിലും പ്രത്യക്ഷപ്പെട്ടു അഴീക്കോട് മാഷ് ആവര്‍ത്തിക്കുന്ന വാക്കുകള്‍, കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന മൈലേജിനായുള്ള ശ്രമങ്ങള്‍ മാത്രമായി കേരളിയ സമൂഹത്തിനു തോന്നുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്…’
വേണുനാഗവള്ളിയുടെ കണ്ടുപിടുത്തം അത്യുഗ്രന്‍ !
‘ മലയിറങ്ങിയ മഞ്ഞുകരടികള്‍
മണല്‍ കോറിയ കവിള്‍ച്ചുഴിയിലെ
വ്രണം തടവുമൊരമ്മയാമിവള്‍
മലയമൈഥിലിയോ! ‘
കവിത ഇറങ്ങുന്നത് വേപഥു കൊണ്ട ഹൃദയത്തില്‍ നിന്നാകുമ്പോള്‍ അതേ വികാരം വായനക്കാരിലും കൊടുങ്കാറ്റായി മാറുന്നു. മലയാളം വാരികയില്‍ എഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത ( ഒടുവില്‍ ഒരു മൈല്‍പ്പീലി തുമ്പിനാല്‍ ) 2010, ഏപ്രില്‍ 16, നമ്മില്‍ ഹിമ മഴ പെയ്യിക്കുന്നു. പുതിയ കാലത്ത് വാക്കുകള്‍ ഏച്ച് കെട്ടി കവിതാ പ്രപഞ്ചം തീര്‍ക്കുന്ന യുവകവികള്‍ ആ കവിത വായിക്കട്ടെ.
മാതുഭൂമി വാരികയില്‍, (2010, ഏപ്രില്‍ 25,) ചുള്ളിക്കാടിന്റെ ‘ ക്രിയാംശം’ വിജയലക്ഷ്മിയുടെ ‘ നിന്റെ പേര്’ എന്നീ കവിതകള്‍ അടുത്തടുത്ത പുറങ്ങളിലായി കിടക്കുന്നു. അവയ്ക്കും പുതുതായി ഒന്നും പറയാനില്ല.
എഴുത്തുകാര്‍ പതിവ് പോലെ വിമുഖത കാട്ടി ആനുകാലികങ്ങള്‍ കയറി ഇറങ്ങുന്നു. തലമുറകള്‍ മറികടക്കുന്നത് പോകട്ടെ, അടുത്ത ലക്കത്തോളം എത്രയെണ്ണം ജീവിക്കും. മലയാളിക്കിന്നു കമ്പം വിവാദങ്ങളോടാണ് . വിവാദം ഒരു രോഗമാണ്. വിവാദത്തില്‍ നിന്നും ലഭിക്കുന്ന സുഖം ഞരമ്പ്‌രോഗം പോലെ ഒന്ന്. അല്ലെങ്കില്‍ മറ്റൊരാള്‍ വേദനിച്ചു കാണുമ്പോള്‍ ഉണ്ടാകുന്ന സുഖം. . സാഹിത്യം എന്നത് കേവലം സുഖിപ്പിക്കല്‍ എന്ന തലത്തിലേക്ക് ഇറങ്ങുമ്പോള്‍ വേറിട്ട സ്വരത്തിനായി വായനക്കാരില്‍ ചിലരെങ്കിലും കാത്തിരിക്കുന്നു.
About The Blog

MK Khareem
Novelist
0 comments