മനുഷ്യനെന്ന പദത്തിന്
പൊലയാടി മോനെന്ന്
അര്‍ഥം നല്‍കുന്നു...
ഭൂമിയെ പലതായി തിരിച്ചു
ഭൂമി എന്ന പദം പോലും കെടുത്തിയവനെ
അങ്ങനെയല്ലാതെ മറ്റെന്തു വിളിക്കാന്‍ ...
ജാതി മതങ്ങളായി തിരിഞ്ഞു
ചേറിലാണ്ടവനെ
അങ്ങനെ വിളിച്ചോട്ടെ...
നാറുന്നു മതങ്ങള്‍ കൊണ്ട്,
നാറുന്ന ചിന്തകള്‍ ചമച്ച ഭൂപട രേഖകളും...
ദില്ലിയുടെ പ്രാന്തങ്ങളില്‍
കബന്ധങ്ങളുടെ നിലയറ്റ നിലവിളി..
അധികാര മോഹികള്‍ ,
പുരോഹിതര്‍
ഒരേ തൂവല്‍ പക്ഷികള്‍ ...
വര്‍ഗീയതയുടെ,
ഭീകരതയുടെ ശുക്ലം ഉണങ്ങിയ കോണകങ്ങള്‍ ...
തല്ലികൊല്ലുക
വര്‍ഗീയ വാദികളെ,
നിശബ്ദരായ ബുദ്ധിജീവികളെയും...

നിന്റെ ചിരിയെ
പല കോണിലൂടെ വീക്ഷിച്ചു.
ഇടതും വലതും നിന്ന്
പലതായി കണ്ടു.
മൊത്തമായിട്ടല്ലെങ്കിലും
നിന്നെ കണ്ടു.
ദിശ മറന്നിട്ടും
ലേശം കോടിയ ചുണ്ട്
പടിഞ്ഞാട്ടെന്നു സങ്കല്‍പ്പിച്ചു.
പ്രകാശം പരത്തുന്ന
ചുണ്ടുകള്‍ക്ക് പിന്നില്‍ വിഷമുണ്ടെന്ന്
തര്‍ക്കമില്ലാതെ ഉറപ്പിച്ചു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍
നിന്റെ ചുണ്ടുകളിലായിരുന്നു നോട്ടം..
എന്റെ ചിരിക്കു പിന്നില്‍ പതയുന്ന
വിഷം കാണാതെ...

ഗാട്ടിനു പച്ചക്കൊടി കാട്ടിയപ്പോള്‍ ഓര്‍ത്തില്ല.
തെരുവില്‍ കൂട്ടം കൂടുന്നത് വിലക്കി
തീട്ടൂരമുണ്ടാകുമെന്ന്.
പ്രതിഷേധം,
സമരം,
ഒക്കെയും തെറ്റെങ്കില്‍
ഗാന്ധിജയന്തി ആഘോഷത്തിന്
വിലക്കുണ്ടാവും.
മിണ്ടരുത്,
സംഘം ചേരരുത്,
സമരം ചെയ്യരുത്.
അയല്പക്കത്തെക്കൊരു
ജനാലയും ഉണ്ടാകരുത്...
ഞാന്‍ ഇട്ടു തരുന്ന
ഇക്കിളി സീരിയലുകള്‍ കണ്ടു
പണ്ടാരമടങ്ങുക.
ഭയക്കണ്ട,
ജനിത വിത്തിലൂടെ
നിന്റെ ആയുസ്സ് കുറച്ചേക്കാം.
വിദര്‍ഭയില്‍ ചത്തൊടുങ്ങിയ കന്നുകാലികളെ പോലെ
നീയും...

പഴമയെ കാല്‍മടക്കിയടിച്ചു
ഓര്‍കുട്ടിലും ഫെയ്സ് ബുക്കിലും...
ആഗോളീകരണത്തിന് ക്ലാപ്പടിച്ചു.
ഇന്ന് വന്ന സ്ക്രാപ്പില്‍
ഫെയ്ക്കുകളെ നീക്കുന്നെന്ന് ...
ഓര്‍കുട്ടിനു സൌഹൃദ വേദിയെന്നു
അലങ്കാരം ചമച്ച മഹാനെ മറക്കുന്നു.
എത്രമേല്‍ വെറുത്തിട്ടും
അടങ്ങാ ദാഹത്തോടെ
ചില മുഖങ്ങള്‍ ...
ഉള്ളില്‍ വെറുപ്പിന്റെ കല;
പുറമേ സമാധാനത്തിന്റെ,
സ്നേഹത്തിന്റെ അതിവാചാലത...
ചങ്ങാതിയുടെ പിറന്നാളിന് ആശംസാ കാര്‍ഡയച്ച്,
തട്ടിപ്പോകാന്‍ ഉള്ളാലെ പ്രാര്‍ത്തിച്ചു
സ്വയംഭോഗ സുഖം നുകര്‍ന്ന്...
ഓര്‍കുട്ടിലെ പൊയിമുഖങ്ങളിലൂടെ
സഞ്ചരിച്ചു കടവ് പറ്റാതെ നില്‍ക്കുമ്പോള്‍
എന്നിലേക്ക്‌ നോക്കി ;
ഞാനും ഒരു ഫെയ്ക്ക് ആണോ?

Followers

About The Blog


MK Khareem
Novelist