ഒ. വി. വിജയനെ കാവിപുതപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണ്?ആരുടെ തോന്നലാണത്? ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഒള്ിച്ചിരിപ്പുണ്ട്. കറുത്തവനും മുസ്ലിം പാരമ്പര്യം ഉള്ളവനുമായ ബരാക്ക് ഹുസ്സൈന്‍ ഒബാമയെ അവരോധിച്ചിടത്തുംസമാനമനസ്കരായ സൂത്രധാരന്മാരുണ്ട്. സാമ്രാജ്യത്വം കറുത്തവര്‍ക്കും മുസ്ലേിംകള്‍ക്കും എതിരല്ല എന്നുവരുത്തിത്തീര്‍ക്കാനുള്ള ഒരേര്‍പ്പാടാണത്. ഇന്ത്യയില്‍ ഇന്ന്ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം ഏതാണ്? മീന്‍കാംഫാണത്. മീന്‍കാംഫ് ഹിറ്റ്‌ലരുടെ ആത്മകഥയാണ്. അതിന്റെ ഏറ്റവും മികച്ച വിപണി ഗുജറാത്താണെന്നുകൂടി വരുമ്പോള്‍ തിരക്കഥപൂര്‍ണമാവുന്നു. വിമോചനസമരത്തിന്റെ പ്രേതത്തെ വീണ്ടും എഴുന്നള്ളിക്കുന്നതും അതേ സൂത്രധാരന്മാര്‍തന്നെ. അവര്‍ക്ക് ഈമണ്ണില്‍വേരോടണം. അതിനു മണ്ണിനെ പാകപ്പെടുത്തണം. മതേതര കമ്പോളത്തില്‍ ഹിറ്റ്‌ലര്‍ എന്ന ബിംബത്തെ സ്ഥാപിക്കണമെങ്കില്‍ മറ്റു ചിലതു തകര്‍ക്കപ്പെടേണ്ടതുണ്ട്. ഒ.വി. വിജയനെ കാവിയില്‍മുക്കുന്നത് ഈ മുന്നൊരുക്കങ്ങളില്‍ ഒന്നുമാത്രം.
യുക്തിക്കും അയുക്തിക്കും ഇടയിലൂടെ സഞ്ചരിച്ചപഥികനാണ് ഒ. വി. വിജയന്‍. പുറപ്പെട്ടുപോകുന്നവനേ എന്തെങ്കിലും നേടുന്നുള്ളൂ എന്നുകരുതുന്നവന്‍. അവിടെ വിജയന്റെ മതം പുറപ്പെട്ടുപോകല്‍ ആണെന്നതു വ്യക്തം. തന്റെ രചനകളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നത് ഈ സത്യമത്രേ. ഖസാക്കിലെ രവിയും, ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയും ഹൈന്ദവര്‍ ആണ്: അപ്പോള്‍പോലും അവര്‍ഹിന്ദുത്വവാദികളല്ല. അതിഹൈന്ദവരല്ല. ചട്ടക്കൂടുകള്‍ക്കു വഴങ്ങുന്നവരല്ല. വേലികള്‍തകര്‍ത്തു പുറത്തേക്കുസഞ്ചരിക്കുന്നവരാണ്. ഓരോ സഞ്ചാരവും ഓരോ വേര്‍പാടാണ്. വേര്‍പാടുകള്‍വേദനയാണ്. പലപ്പോഴും ദുരന്തമാണ്. പക്ഷേ പുറപ്പെട്ടുപോവാതെ ഒന്നും നേടാനാവുകയില്ല. ഇത് വിജയന്‍തന്റെ രചനകളിലൂടെ ഖണ്ഡിതമായി പറയുന്നുണ്ട്. പുറന്തള്ളപ്പെടുന്നവന് ഒരു പാട് പറയാനുണ്ട്. അയാള്‍ക്കേ എന്തെങ്കിലും സൃഷ്ടിക്കാനാവൂ.
വിജയന്റെ സഞ്ചാരം ആത്മീയമാവട്ടേ, ഭൗതികമാവട്ടേ, അത് കണ്ടുമുട്ടാവുന്നത് ബുദ്ധനിലോ യോഗിയിലോ ആണ്. യോഗിയെ ഹൈന്ദവതയോട് ചേര്‍ത്തു വായിക്കാന്‍ എളുപ്പമാണ്. എന്നാല്‍ യോഗിയെ സൂഫിയോട് ചേര്‍ക്കുകയാണ് വേണ്ടത്. സൂഫിയും യോഗിയും രണ്ടു രൂപമുള്ളവരാണെങ്കിലും അവരുടെ അശാന്തിയും അന്വേഷണവുമെല്ലാം ഒന്നുതന്നെയാകുന്നു. ഒരാള്‍ അഹം ബ്രഹ്മാസ്മി എന്നു പറയുമ്പോള്‍ മറ്റെയാള്‍ അനല്‍ഹഖ് എന്നു പറയുന്നു. രണ്ടും ഒന്നുതന്നെ. ഭാഷയാണ് ഒന്നിനെ പലതാക്കുന്നത്.
എന്തിനാണ് ചിലര്‍സത്യങ്ങളെ ഉന്മൂലനം ചെയ്യുന്നത്? കൃത്യമായ ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. പ്രധാനമായ ലക്ഷ്യം അസത്യത്തെ സത്യപ്പെടുത്തുകതന്നെ. ലോകത്ത് എത്രയെത്ര നുണകളാണ് സംസാരിക്കപ്പെടുന്നത്? ഓരോ നുണയും എഴുത്തിനു എതിരാണ്. എഴുത്തിനു എതിരാവുമ്പോഴുംനുണ നുണയായി വര്‍ത്തിക്കുന്നു. എഴുത്തുകാര്‍തന്നെ സത്യത്തെ തകിടം മറിക്കുന്നുണ്ട്.കേരളത്തില്‍ സാംസ്കാരികാധിനിവേശത്തിന്റെ തലം ഒരുങ്ങിയത് "വിമോചനസമര"ത്തിലൂടെയായിരുന്നു. ലോകത്തില്‍
ആദ്യമായി കമ്യൂണിസ്റ്റുകാര്‍ ബാലറ്റിലൂടെ അധികാരത്തിലെത്തുകയും ലോകസാമ്രാജ്യത്വം കേരളത്തിലെ ജാതിമത ശക്തികളെ ഒരുമിപ്പിച്ച് വിമോചനലഹള നടത്തിക്കുകയും ചെയ്തത് ഫോര്‍മലായ ചരിത്രപുസ്തകങ്ങളില്‍ കാണമമെന്നില്ല.
വിജയന്‍നടരാജഗുരുവിലേക്ക് നടന്നെത്തിയത്, സഞ്ചരിച്ചത്, ഒരവിശുദ്ധസംഭവമായി ചിലബ്രാന്റ് അംബാസഡര്‍മാര്‍രേഖപ്പെടുത്തിയിട്ടുണ്ട്. അതി ഹൈന്ദവനല്ലാത്ത വിജയന്‍ വേറൊരു വാതില്‍തേടുകയായിരുന്നു. എന്തുകൊണ്ട് അതിനെ സന്ദേഹിയുടെ യാത്രയായി ആരും വായിക്കുന്നില്ല? സന്ദേഹിച്ചു തുടങ്ങിയപ്പോഴാണ് മാനവനാഗരികതയ്ക്ക് ബീജാവാപം നടന്നതെന്ന് ദാര്‍ശനികാചാര്യനായ റസ്സല്‍ പറയുന്നുമുണ്ട്. ഒരാള്‍ അയാളുടെ അന്വേഷണം പുഴയില്‍നിന്നും ആരംഭിച്ചാല്‍, അത് പുഴയുടെ മതമായി കരുതുന്നത് സംഗതമല്ല. പുഴ അയാള്‍ക്കൊരിടം മാത്രമാവുന്നു. പുഴയ്ക്ക് ജാതിമതങ്ങളില്ല. പുഴ ചിന്തിക്കുന്നുപോലുമില്ല. പ്രപഞ്ചത്തിന്റെസവിശേഷതകളില്‍ ഒന്നിതാണ്. ഭൗതികവസ്തുക്കള്‍ ഭ്രമാത്മകമാം വണ്ണം സചേതനമാണ്.
മലയാളിയുടെ സംവേദനശീലത്തെ, സൗന്ദര്യാഭിരുചികളെ, തകിടം മറിച്ച നോവലാണ് ഖസാക്കിന്റെ ഇതിഹാസം. വായനയുടെ മാത്രമല്ല, വിമര്‍ശത്തിന്റെയും നടുവൊടിച്ചുകൊണ്ട് ആ കൃതി നമ്മോടൊപ്പം എപ്പോഴുമുണ്ട്. വിജയന്റെ നേര്‍പ്പകര്‍പ്പത്രേ രവി.
" രവി ഉറങ്ങാന്‍ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു; തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത്. ഉരങ്ങിയാല്‍മതി. ജന്മത്തില്‍നിന്നും ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി നിഴലായി മണ്ണായി ആകാശമായി വിശ്രമം കൊള്ളുക. അറിവിന്റെകണ്ണുകള്‍ പതുക്കെ പൂട്ടി. മിന്നി തുടിക്കുന്ന ബഹിരാകാശം കൈതപ്പൊന്തകളിലിറങ്ങിവന്നു. ഖസാക്കിലെ മിന്നാം മിനുങ്ങുകളായി. ആ അനന്തരാശിയില്‍ നിന്ന്, ഏതോ സാന്ദ്രമായ കിനാവുകള്‍ അയാളുടെ നിദ്രയിലിറ്റു വീണു. അവ മനുഷ്യനെ സ്‌നാനപ്പെടുത്തി"( ഖസാക്കിന്റെ ഇതിഹാസം)
" സായാഹ്നങ്ങളുടെ അച്ഛാ, " രവി പറഞ്ഞു: " മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ടു ഞാന്‍വീണ്ടും യാത്രയാണ്"
അവിടെ പിതൃബന്ധം, വേര്‍പാട് മാത്രമോ രേഖപ്പെടുത്തേണ്ടത്? അല്ല. പ്രകൃതിബോധത്തിന്റെ പരമോന്നതിയാണത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ മഹിതമായ ആവിഷ്കാരം. അത് അത്രയൊന്നും ആത്മീയമൊന്നുമല്ല. ( ആത്മീയമായാല്‍കുഴപ്പമൊന്നുമില്ല). അരായല്‍മരം പരിണയിക്കുന്ന പെണ്‍കുട്ടിയുള്ളകഥാസന്ദര്‍ഭമുണ്ടല്ലോ വിജയനില്‍!അതും ഇതുതന്നെ. ഒരേ ജൈവവിന്യാസത്തിന്റെ വൈവിധ്യം!അരയാല്‍ ഒരു മഹാസംസ്കൃതിയുടെ ഉന്നതഭാവത്തിന്റെ ജൈവവും അതേസമയം ഭൗതികവുമായ പ്രതീകമാവുന്ന ഒരു കാഴ്ചയാണിത്. അത്ഭുതകരമായ ഈ സമ്യക്ദര്‍ശനം മുമ്പ് ബുദ്ധനിലോ മഹാവീരനിലോ മാത്രമാവുന്നു നാം ദര്‍ശിച്ചിട്ടുള്ളത്. ബുദ്ധനും മഹാവീരനും നിരീശ്വരരാണെന്ന് വാദിക്കുന്ന മിടുക്ക് ചിലപ്പോള്‍ പലര്‍ക്കും നഷ്ടമാവുന്നതെന്തുകൊണ്ടാണ്?
സൗന്ദര്യ ശാസ്ത്രത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ വിജയന് കഴിഞ്ഞിരുന്നു. മധുരം ഗായതി തുടങ്ങിയ തിളങ്ങുന്ന രചനകളിലൂടെ, ഗുരുസാഗരത്തിലൂടെ, ധര്‍മ്മപുരാണത്തിലൂടെ, വിജയന്‍ ഈ ധര്‍മ്മം നിര്‍വ്വഹിച്ചു. ധര്‍മ്മപുരാണം ഇന്ത്യിലുണ്ടായ ഏറ്റവും കാമ്പുറ്റ ആന്റി ഫാഷിസ്റ്റ് കൃതിയായി വിലയിരുത്തപ്പെടാതെ പോയത് ഇന്ത്യന്‍ നിരൂപണത്തിന്റെ അുപര്യാപ്തതതന്നെയാണ്;വിശേഷിച്ചും ജനാധിപത്യപക്ഷത്തുനില്ക്കുന്നവരുടേയും, ഇടതുപക്ഷത്തുനില്ക്കുന്നവരുടേയും ഇടതുപക്ഷം സ്വന്തം സാഹിത്യം ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആത്മീയതയ്ക്ക് സ്വന്തം നിലയില്‍ തകരാറൊന്നുമില്ല. തത്ത്വശാസ്ത്രതരുവിലെ വന്ധ്യമായ പുഷ്പങ്ങള്‍ എന്നാണ് ആത്മീയവാദത്തെ ലെനിന്‍വിലയിരുത്തുന്നത്. കായ്ക്കുകയില്ലായിരിക്കാം, പക്ഷേ, വസ്തുതകളിലേക്ക് കാഴ്ചയെ കൊണ്ടുപോവുന്നതിന് ആത്മീയവാദവും സഹായിക്കും.
വിജയന്റെ ഭൗതികശരീരം മരിച്ചു. വിജയനോ സൃഷ്ടികളോ മരിക്കുന്നില്ല. എല്ലാ മഹാപ്രതിഭകളേയും പോലെ, അദ്ദേഹവും കൃതികളും പേര്‍ത്തും പേര്‍ത്തും പഠിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു. അത് ചിലരുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്ലാറ്റ് ഫോമില്‍നിന്നുകൊണ്ടായിരുന്നു സക്കറിയ വിജയനെ ആക്രമിച്ചത്. ഫാസിസ്റ്റ് കക്ഷിയുടെ പിന്തുണയുള്ള സംഘടനയില്‍നിന്ന് സമ്മാനം സ്വീകരിച്ചവിജയനെ കടന്നാക്രമിച്ച സക്കറിയ അതേ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായ കുഞ്ഞബ്ദുള്ളയെ ന്യായീകരിക്കുന്നതിലെ യുക്തിയെന്താവാം? വിജയനാവട്ടെ, ജീവിതത്തിലൊരിക്കലും ഫാസിസ്റ്ര് കക്ഷിയെ തെരഞ്ഞെടുപ്പുകളില്‍ പിന്തുണച്ചിട്ടില്ല. കുഞ്ഞബ്ദുള്ള ഇപ്പോള്‍ ആ കക്ഷിയുമായി അടുപ്പത്തിലല്ല എന്നാണ് സക്കറിയയുടെ ന്യായം. ഒരുപക്ഷേ , കുഞ്ഞബ്ദുള്ള ആ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കില്‍, അബ്ബാസ് നദ്വിയെ പോലെ കുഞ്ഞബ്ദുല്ലയും ഫാസിസ്റ്ര് പാര്‍ട്ടിയുടെ വക്താവും പ്രയോക്താവുമാകുമായിരുന്നില്ലെന്ന് എങ്ങനെയറിയാം? സ്മാരകശിലകളിലെ കുത്തഴിഞ്ഞ ജീവിതമാണ് മുസ്ലിം സമുദായത്തിന്റെ സ്വാഭാവികശൈലിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഫാസിസ്റ്റ് ശൈലിയുടെ ഒരു ഭാഗമാണോ അത്? ആഗോളതലത്തില്‍ ഇന്ത്യന്‍മുസഌമിനെ അവഹേളിക്കാനുള്ള യത്‌നമല്ല, ഇതെന്ന് ആര്‍ക്കുപറയാനാവും?
വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം കെട്ടിയാടാന്‍ ചിലര്‍ ഒരുങ്ങിയിരിക്കുകയാണല്ലോ. സത്യമായും ഇത്തരുണത്തിലെ സക്കറിയായുടെ ശബ്ദം എന്തെല്ലാമോ ഉന്നം വയ്ക്കുന്നുണ്ട്. ഹിറ്റ്‌ലരുടെ പുസ്തകം വ്യാപകമായി പാരായണം ചെയ്യപ്പെടുന്നുവെന്ന വസ്തുതയുമായി ഇത് കൂട്ടി വായിക്കണം. ഗുജറാത്തിലെ മോഡിക്കരങ്ങള്‍ വൈകാതെ കേരളത്തിലേക്കു വന്നേക്കും എന്ന മുന്നറിയിപ്പും കൂടി ഇതിലെല്ലാമുണ്ട്. വിജയന്‍ എഴുതുന്നു:
" നമ്മുടെ ഹൈന്ദവത- നമ്മുടെ കര്‍മ്മസിദ്ധികളുടെ അടിത്തട്ടില്‍ കിടക്കുന്ന ഒരു സാംസ്കാരികസൂക്ഷ്മശരീരം എന്ന നിലയ്ക്കുമാത്രമേഅതിനു പ്രസക്തിയുള്ളൂ. അതിനു രാഷ്ട്രീയമായും വടിതല്ലുമായൊക്കെ രൂപം കൊടുത്താല്‍ ഇവിടെയുണ്ടാവുക ഹൈന്ദവ ഖൊമേനിമാരും സിയാമാരും മാത്രമായിരിക്കും"( നമ്മുടെ ഹൈന്ദവത)
ഒ. വി. വിജയന്‍ ഭാരതത്തിന്റെ ആത്മാവ് തേടിയ യോഗിയാണ്. സന്ദേഹിയായ ആ സഞ്ചാരിയെ കാവി ഉടുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മറ്റാര്‍ക്കോ വേണ്ടി തൂലിക ചലിപ്പിക്കുകയാണ്. സമൂഹത്തെ വിഷവാതകമുറിയിലേക്ക് നയിക്കുകയാണവര്‍ചെയ്യുന്നത്.

അച്ചടിച്ചതത്രയും
കവിതയെന്നു വാദമില്ല.
അഹിംസക്കായി വാദിക്കുന്നു,
യുദ്ധം കൊണ്ട് സമാധാനം പ്രസംഗിക്കുന്നവരെ
തെറി പറയുകയും...
അലക്കി തേച്ച കുപ്പായക്കാരനല്ല,
ചെരിപ്പിടാറില്ല.
പ്രസംഗിക്കാന്‍ കവര്‍ തിരുകി
ആരുമെന്നെ ക്ഷണിക്കാറില്ല.
എന്റെ വസ്ത്രത്തില്‍ കിളി തൂറിയ അടയാളങ്ങള്‍ ...
എന്റെ പാദങ്ങളില്‍ വിയര്‍പ്പും ചേറും ...
ഞാന്‍ നിന്റെ കാര്‍പെറ്റില്‍
കാല്‍ കുത്താത്തത്
നിന്റെ മുഖം ചുളിയാതിരിക്കാന്‍ .
എന്റെ ഒസ്സ്യത്ത് ,
ചാവുമ്പോള്‍ എന്റെ ശവം
പ്രദര്‍ശിപ്പിക്കരുത്,
റീത്ത് വച്ച് മലിനമാക്കരുത്.
നിന്റെ നാറുന്ന ചുണ്ടുകള്‍
എന്നോട് ചേര്‍ക്കരുത്...
ആചാര വെടിയില്‍
എന്നെ ഹിംസിക്കരുത്....

പള്ളിക്കാട്ടിലേക്ക്‌ മയ്യത്ത്
കടക്കുമ്പോഴും
മന്ത്രിയെന്ന അഹങ്കാരം ഞെളിഞ്ഞു.
ഖബറുകള്‍ തോറും
മെറ്റല്‍ ഡിക്ടക്ടര്‍ അലഞ്ഞു;
ബോമ്പ് എന്ന ഭീതി...
ഇടയ്ക്കു തിരിഞ്ഞു നിന്ന്
അലങ്കാരം കുറഞ്ഞോ എന്ന് ശങ്കിച്ചു.
ഖബര്‍ വെട്ടുകാരനെ ആട്ടി പായിച്ചു.
കൂട്ടത്തില്‍ കുറുകിയവരെ പിന്നിലാക്കി.
ആചാരവെടിയില്‍ മതി മറന്നു...
മീസാന്‍ കല്ലില്‍
അഹങ്കാരം കാവലിരുന്നു.
ഖബറില്‍
മണ്ണ് ഞെരിച്ചപ്പോള്‍
മയ്യത്ത് പിടഞ്ഞു,
' ഞാന്‍ മന്ത്രിയാണ്...'
മുഖത്തടിച്ചു ഖബര്‍ ,
പുറമേ നീ മന്ത്രിയോ രാജാവോ ആകട്ടെ
ഇവിടെ വെറും മണ്ണ്...

ക്ലോസറ്റില്‍ കുന്തിച്ചിരുന്നു തൂറാം
പിന്തിരിഞ്ഞ്
ദഹിക്കാതെപോയ വിമതരെ പിരാകാം...
ദഹനക്രിയക്ക്‌ മരുന്നു മോന്താം.
തീട്ടം എന്ന് പറയരുത്
കവിതയില്‍ പ്രയോഗിക്കരുത്...
തീട്ടമെന്നു കേള്‍ക്കുമ്പോള്‍
കാതു പൊത്തുകയോ
ഛെ... എന്നുച്ചരിക്കുകയോ...
തെരുവില്‍ തീട്ടം ചുമക്കുന്ന വണ്ടികള്‍ ,
വളിവിട്ടു,
മലിനീകരണം നടത്തികൊണ്ട്...
നടന്നു പോകുന്ന നീ മനുഷ്യനോ
തീട്ടമുല്പാദിപ്പിക്കുന്ന യന്ത്രമോ...

എന്റെ പിറവി, ഞാനും പരാശക്തിയും തമ്മിലുള്ള കരാര്‍ . എനിക്ക് ഭൂമിയില്‍ യഥേഷ്ടം സഞ്ചരിക്കാം, ശൈത്താനെ പിന്തുടരാം, വിയോജിക്കാം.
എങ്കില്‍ എന്നെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്, എന്റെ സ്വാതന്ത്ര്യത്തില്‍ കത്തി വയ്ക്കാന്‍ നിങ്ങളെ അധികാരപ്പെടുത്തിയത് ആരാണ്?
നടക്കുന്തോറും പെരുകുന്ന അതിര്‍ത്തികള്‍ , കുരുക്കുകളും... യുദ്ധങ്ങളും വെറികളും...
നിങ്ങള്‍ എവിടെക്കാണ്‌ എന്നെയിങ്ങനെ ആട്ടിയോടിക്കുന്നത്? ആകാശത്തിനുമപ്പുറത്തേക്കോ?
അല്ലയോ പരാശക്തീ, നരക വാതില്‍ എനിക്കായി തുറന്നു തരിക... ഭൂമിയെക്കാള്‍
അതിര്‍ത്തിയില്ലാത്ത നിന്റെ നരകത്തെ ഞാനിഷ്ടപ്പെടുന്നു...
ഞാന്‍ പര്‍ദ ധരിക്കട്ടെ, ധരിക്കാതിരിക്കട്ടെ, എന്നെ വിലക്കാന്‍ നിങ്ങള്‍ ആരാണ്?
ലോകമേ, വിശ്വാസത്തില്‍ നിര്‍ബന്തമില്ലെന്ന പ്രവാചക മൊഴി എന്തേ മറക്കുന്നു?
എന്റെ പ്രാര്‍ത്ഥന പ്രണയമാണ്... അത് ഉടലും ഉടലും തമ്മിലല്ല... അതുകൊണ്ട്
എനിക്ക് ഉടലിനെ അലങ്കരിക്കെണ്ടതില്ല.

നിയമങ്ങളേ,
മാറി പോകൂ,
ആരാധനാലയങ്ങളേ,
ഒഴിഞ്ഞു പോകൂ,
ഞാന്‍ പ്രാര്‍ഥനയിലാണ്...
എന്റെ ജപം നാവുകൊണ്ടുളളതല്ല,
ശ്വാസത്തിലൂടെയാണ് ഞാന്‍
പ്രാര്‍ത്ഥനയിലാകുന്നത്....

ഒബാമ.
പുതുകാലസിനിമയല്ല;
പഴയ ബ്ലാക് ആന്റ് വൈറ്റിന്‍റെ തനിയാവര്‍ത്തനം.
മാറ്റത്തിന്‍റെ മുദ്രാവാക്ക്യം ചമച്ചു കൂലിയെഴുത്തുകാര്‍ .
ബുജി താടികളുടെ നിസ്സംഗതയില്‍ പുനര്‍വായന.
വിസ്കി,
വൈന്‍ ,
താറാവ്
കോഴിയും;
ചര്‍ച്ചക്കുമേല്‍ ചര്‍ച്ച...
അലറിയൊടുവില്‍ പിറുപിറുപ്പിലേക്കാ
ബുജി ഭാഷണം.
തൂറാന്‍ മുട്ടിയിട്ടും അനങ്ങാ പാരകള്‍ ...
പുതു ലോക സൈദ്ധാന്തികര്‍ ‍...

ഒബാമ,
ബ്ലാക് ആന്റ് വൈറ്റില്‍ മറന്നിട്ടും ഓര്‍മ്മിച്ചു,
വെട്ടി നീക്കിയ റീലുകള്‍ ;
നാഗാസാക്കിയും ഹിരോഷിമയും...
വിയറ്റ്നാം ഈസ്റ്റുമാന്‍ കളറിലോ?
അറിയില്ല.

ഒബാമ,
നിന്നിലൂടെ മാറ്റത്തിന്‍റെ കാറ്റു ആസ്വദിക്കുന്ന
നാലാം ലോക മസ്തിഷ്ക്കങ്ങള്‍ ...

ഒബാമ,
എന്‍റെ കൊട്ടകയില്‍ നിന്‍റെ പോസ്റ്റര്‍
പതിയണമെങ്കില്‍ ‍,
പഴയ റീലുകള്‍ എടുത്തു വയ്ക്കുക.
ഫങ്കസ്സിനു തിന്നാന്‍ കൊടുത്ത
എഡിറ്ററുടെ വിരലുകള്‍ അറുത്തു മാറ്റുക.
ആയുധ ദല്ലാളിന്‍റെ കുപ്പായം ഊരിയെറിയുക...
അന്ന് ഞാന്‍ നിന്നെ പ്രദര്‍ശിപ്പിക്കാം...

കാത്തിരിക്കുന്നു മുഖാവരണ മില്ലാത്ത നിന്നെ.
അതുവരെ എന്‍റെ തൂലിക
നിന്നോട് എതിരിട്ടു കൊണ്ടിരിക്കും...

Followers

About The Blog


MK Khareem
Novelist