മീരാ, ഉറങ്ങുന്ന ഹൃദയത്തിന് ഉണര്‍വായി നീ പെയ്യുന്നു... പരിസരത്തു നീ വീശി തുടങ്ങിയാല്‍ പിന്നെ എനിക്ക് വെളിച്ചമായി. ധ്യാനം കലര്‍ന്ന നയനങ്ങള്‍ എനിക്ക് പാതയൊരുക്കുകയും.
കാലത്തിനു പിന്നാമ്പുറത്തേക്കും നീ നയിക്കുന്നു.
നിന്റെ പഴയ കത്തുകള്‍ ഒന്നോടിച്ചു നോക്കുമ്പോള്‍ നക്ഷത്രം നൃത്തം ചെയ്യുന്ന പ്രതീതി... ഹൃദയത്തില്‍ നിന്നും ഒഴുകിയ തെളിനീരിനെ കാലത്തിനു തടയാനോ, നിറം കെടുത്താനോ ആവില്ലല്ലോ. കടലാസ്സുകള്‍ പലതും മങ്ങിയും പൊടിഞ്ഞും. പക്ഷെ അക്ഷരങ്ങള്‍ക്കെന്തു തിളക്കം.
ഇരട്ടകള്‍ ഇല്ലാത്ത മഴയില്‍ ആരവത്തോടെ ഹൃദയം. മഴയുടെ പുകമറയിലൂടെ നിന്നിലേക്ക്‌ ഞാന്‍ എത്തുന്നത് അറിയുന്നില്ലേ...
നമ്മുടെ ഇല്ലിക്കാടിന്റെ സംഗീതം. നീയിപ്പോഴും അവിടെ ചെന്നിരിക്കാറുണ്ടോ? പുഴയുടെ ചിറ്റോളങ്ങള്‍ നിന്റെ ഹൃദയമിടിപ്പ്‌ ഏറ്റുവാങ്ങുന്നോ.. ജലമായി നിന്നെ അലിയിച്ചു കൊണ്ട് ഞാന്‍ ...
ഈ മണല്‍ക്കാട്ടില്‍ നിന്നും ക്ഷണ നേരം കൊണ്ട് അവിടെയെത്തി എനിക്കത് അനുഭവിക്കാന്‍ ആവുന്നു. അപ്പോള്‍ എന്റെ ഇദ്രിയങ്ങള്‍ ചിറകു വിരിക്കുന്നു. പരിസരങ്ങളിലേക്ക് പറക്കാന്‍ ..
ആരെങ്കിലും ഓടക്കുഴല്‍ വായിച്ചു പോകുന്നുണ്ടോ? സഞ്ചാരികള്‍ പലരും ഓടക്കുഴല്‍ വായിക്കുന്നതെന്തേ? മുളങ്കാട്ടിലേക്ക് മടങ്ങിപോകാനുള്ള മുളന്തണ്ടിന്റെ പിടച്ചിലിലൂടെ സ്വന്തം ആത്മാവിന്റെ സാന്നിധ്യം അറിയുകയോ...
സംഗീതം ഏതു ഉപകരണത്തിലൂടെ ഒഴുകട്ടെ, അതെനിക്ക് നീയാണ്.
ഏതു കടലില്‍ പെയ്യുന്ന മഴയിലും എനിക്ക് നിന്നെ ദര്‍ശിക്കാന്‍ ആവുന്നത് പോലെ...
മഴയോ മഞ്ഞോ, കാറ്റോ വെയിലോ... ഏതുമാകട്ടെ, നീയെനിക്ക് പെയ്ത്താണ്...
ഇല്ലിക്കാടാണ് സംഗീതത്തിനെ ഉറവിടമെന്ന്. അത് തിരിച്ചറിഞ്ഞിട്ടാണ് മുളന്തണ്ടില്‍ ദ്വാരമിട്ട് മനുഷ്യര്‍ ഊതാന്‍ തുടങ്ങിയതെന്ന്. വിസമ്മത കുറിപ്പോടെ കാറ്റ്.. കാറ്റുണ്ടായത് കൊണ്ടാണ് ഇല്ലിക്കാടിനു മൂളാന്‍ ആവുന്നതെന്ന്.
തെരുവിലോ, ഗോപുരങ്ങളിലോ പാടുന്ന ഓരോ ഓടക്കുഴലിലും വായു സഞ്ചാരം.
എങ്കില്‍ കാറ്റില്ലാതെ എങ്ങനെ മുളന്തണ്ടിനു പാടാനാവും...
പ്രണയമേ, നീയില്ലാതെ എങ്ങനെ ഞാനുണ്ടാവും.


മീരാ, കലണ്ടറില്‍ കാണുന്ന മാസങ്ങളെ വര്‍ഗീയ വല്‍ക്കരിക്കുന്നത് ആരാണ്? എന്തേ കര്‍ക്കിടകം ഹിന്ദുവിന് പതിച്ചു നല്‍കി? ഒരു മലയാളി എന്ന നിലക്കെങ്കിലും അത് ഏവര്‍ക്കും സ്വന്തമാക്കാം ആയിരുന്നു... എന്തേ, ഹൈന്ദവ പുരകളില്‍ രാമായണം വായിക്കുമ്പോള്‍ മറ്റു മതങ്ങള്‍ താന്താങ്കളുടെ ഗ്രന്ഥ പാരായണത്തിലൂടെ എങ്കിലും അതുമായി പൊരുത്തപ്പെടാതെ പോകുന്നു?
കര്‍ക്കിടകത്തെ അകറ്റുകയോ സ്വീകരിക്കുകയോ ചെയ്യട്ടെ.. ഇരുണ്ട മഴയ്ക്ക് ജാതി മത ലിംഗം ഇല്ല.
യാധാര്‍ത്യത്തിന്റെ മുഖം എത്ര വികൃതമാണ്.
ഓണക്കാലം. എവിടെക്കെന്നില്ലാതെ പായുന്ന ആള്‍കൂട്ടം. ഓണം വര്‍ഗീയ വല്‍ക്കരണത്തിനു വിധേയമാകുന്നു. ഓണം ഹിന്ദുവിന് പതിച്ചു നല്‍കുന്നവര്‍ . അത് കേരളത്തിന്റെ കാര്‍ഷികോല്‍സവം എന്ന് മറന്നു പോയിരിക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് അത് മറവിയില്‍ ആഴ്ത്തുന്നു. ആ പഴയ ഇന്നലെകളിലേക്ക് ഉള്‍കണ്ണെറിഞ്ഞു...
ഓണം എനിക്ക് പാടത്തെ ചേറിന്റെ മണമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് ഇടതടവില്ലാതെ കരയുന്ന താറാവുകളും... നിറഞ്ഞൊഴുകുന്ന തോട്ടില്‍ പരല്‍ മീന്‍ തിളക്കം... പാട വരമ്പില്‍ നില്‍ക്കുമ്പോള്‍ അവ്യക്തമായി കേള്‍ക്കാവുന്ന ചങ്ങാലി പ്രാവിന്റെ കുറുകല്‍ . ആ കുറുകല്‍ ഹൃദയത്തില്‍ പ്രണയത്തിന്റെ പയര്‍മണി നിക്ഷേപ്പിക്കുമായിരുന്നു. എങ്ങോ ഇരിക്കുന്ന കാമിനിയെ ആ കുറുകലിലൂടെ ഓര്‍ത്തെടുത്തു ഉള്ളാലെ വരഞ്ഞ കവിതകള്‍ . ഇന്ന് മലകളും പാടങ്ങളും നഷ്ടമായി. പയര്‍ മണികളില്ല . ചങ്ങാലി പ്രാവുമില്ല . എങ്കിലും ഈ ഓണക്കാലത്തും എല്ലാം ഓര്‍ത്തെടുത്തു ഇങ്ങനെ ...
' എങ്കിലും ഞാനുണ്ടല്ലോ...' മീര പറഞ്ഞു.
'മ്...'
ഇല്ലാത്ത വരമ്പിലൂടെ നടത്ത. തികച്ചും നിര്‍വികാരതയോടെ മഴ. പാടവും മലയും ഇല്ലാത്തിടത്ത് യാന്ത്രികമായി മഴ പെയ്യുകയാണ്. എങ്ങെല്ലാമോ ശാപ വചനങ്ങളും . മഴയെ വെറുക്കുന്നവര്‍ . മഴ വന്നാല്‍ തെരുവോര കച്ചവടം നഷ്ടമാകുന്നു എന്ന് ഭയക്കുന്നവര്‍ . മഴയത്ത് സ്വസ്ഥമായി സാധനങ്ങള്‍ വാങ്ങാന്‍ ആവില്ലെന്ന് ചിലര്‍ .
' മഴ പരാശക്തിയുടെ അനുഗ്രഹം എന്നറിയുക. മുല കുടിക്കുന്ന കുട്ടികളും കന്നുകാലികളും ഇല്ലായിരുന്നെങ്കില്‍ മഴ പെയ്യില്ലായിരുന്നു. മഴ അവയ്ക്ക് വേണ്ടിയാണ്. അതില്‍ നിന്നും മനുഷ്യന്‍ അനുഭവിക്കുന്നു എന്ന് മാത്രം...' സഞ്ചാരി പറഞ്ഞു.
സഞ്ചാരി കഥനത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. സൂഫികളുടെ ലോകം മുന്നില്‍ വെട്ടിത്തിളങ്ങി. ഈശ്വരനെ അനുഭവിച്ചവരുടെ വീഥികള്‍ . ആ വീഥികളിലേക്ക് നോക്കി. അപ്പോള്‍ ഉള്ളിലൊരു പൊള്ളി പിടുത്തം. അത് പരാശക്തി എന്നില്‍ നോക്കുന്നതെന്ന് സഞ്ചാരി ഓര്‍മപ്പെടുത്തി. പരാശക്തി നോക്കുന്നിടത്തു ഹൃദയം തുള്ളി തുളുമ്പുന്നു. ഭാഷയ്ക്ക്‌ വഴങ്ങാത്ത ഒരിത്....
ലോകം പരാശക്തിയില്‍ നിന്നുമകന്ന ഇരുണ്ട കാലഘട്ടത്തിലാണ് സൂഫിസം പുഷ്പ്പിക്കുന്നത്. യാതൊരു സുഖഭോഗങ്ങള്‍ക്കും അതീതമായ സുഖം പരാശക്തിയുടെ സാമീപ്യമെന്നു സൂഫികള്‍ പ്രഖ്യാപിച്ചു. പതിമൂന്നാം നൂറ്റാണ്ടു ക്രൂരതയുടെത് ആയിരുന്നു. മംഗോള്‍ ആക്രമണത്തില്‍ ആ പ്രദേശം പാടെ തകര്‍ന്നു. ധര്‍മവും സത്യവും നഷ്ടപ്പെട്ടു ഭീകരമായൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു അക്കാലത്തെ ഇസ്ലാം. ആ ഇരുട്ടില്‍ റൂമിയും റൂമിയുടെ രചനകളും പ്രകാശമായി മാറുകയായിരുന്നു.
അതേ വരള്‍ച്ച, അക്രമം, ക്രൂരത ഏറെക്കുറെ ഇക്കാലത്തും പ്രകടമാണ്. അതിനു കാരണം ഹല്ലാജും റൂമിയും യോഗികളും നമുക്ക് അപരിചിതര്‍ ആയി. ഇന്ന് ഇസ്ലാമില്‍ മാത്രമല്ല അപചയം മറ്റു മതങ്ങളിലും വ്യാപിച്ചിരിക്കുന്നു . മത ഇസ്ലാം, രാഷ്ട്രീയ ഇസ്ലാം എന്ന തലത്തിലേക്ക് ഇസ്ലാമിനെ കൊണ്ട് പോയിരിക്കുന്നു. അതുതന്നെയാണ് ഇതര മതങ്ങളിലും കാണുന്നത്. മനുഷ്യന്‍ ഭൌതീകതയുടെ ക്രൂരമായ തലത്തില്‍ ധര്‍മവും നീതിയും നഷ്ടപ്പെട്ടു ഉഴറി നടക്കുന്നു. ഭൌതീകത മാത്രം സത്യമെന്നും അതില്‍ രമിച്ചും ആന്തരീകമായ തലത്തില്‍ നിന്നും ബഹിഷ്ക്രുതര്‍ ആകുകയും ചെയ്തിരിക്കുന്നു.
പുതു സാമ്പത്തീക ആധിപത്യമെന്നാല്‍ നവ കൊളോണലിസം തന്നെ. സാമ്രാജ്യത്വം നേരിട്ട് ഭരിക്കാതെ അവരുടെ ദല്ലാള്‍ വഴി നാലാം ലോകത്തെ കാല്കീഴെ നിര്‍ത്തുന്നു. ഏറ്റവും അപകടകരമായി നമ്മെ സാമ്പത്തീക കെണിയില്‍ പെടുത്തിയിരിക്കുന്നു.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ അധിനിവേശത്തിനു ചുവടുറപ്പിക്കണം എങ്കില്‍ ഇവിടത്തെ ധര്‍മം നീതി ഒക്കെ നശിക്കെണ്ടതുണ്ട്. അതായത് ഇന്ത്യ ഒരിക്കലും ഒരു വന്‍ ശക്തിയായി വളരാതിരിക്കാന്‍, നമ്മുടെ നാനാത്വത്തില്‍ ഏകത്വം എന്ന ജീവന്‍ തകര്‍ക്കുന്നു. അതിനു കണ്ടെത്തിയ മാര്‍ഗമാണ് ജാതി മത വിദ്വേഷം, മത വര്‍ഗീയത, ഭീകരത.... ഒരു ജനത പരസ്പരം പൊരുതുകയും, സംശയത്തിലെക്കും ഭീതിയിലെക്കും കൂപ്പു കുത്തുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. അതിനുള്ള മാര്‍ഗം എന്ന നിലക്കാണ് ആദ്യം അക്ഷരങ്ങളെ നമ്മില്‍ നിന്നും അടര്‍ത്തി മാറ്റി ടെലിവിഷന്‍ പോലുള്ള കാഴ്ച്ചയുടെ ലോകത്ത് എത്തിച്ചു മസ്തിഷ്കം തകര്‍ക്കുന്നത്. ഏറെക്കുറെ അവര്‍ അതില്‍ വിജയിച്ചിരിക്കുന്നു.
ഇവിടെയാണ്‌ പ്രണയത്തിന്റെ പ്രസക്തി. പക്ഷെ ഭൌതീക ലോകം പ്രണയം അംഗീകരിക്കുന്നില്ല. ഒരാള്‍ പ്രണയത്തിന്റെ പാതയിലേക്ക് നീങ്ങുന്നിടത്തു നിരാസമുണ്ട്. ആദ്യം പുസ്തകങ്ങളെ നിരസിക്കുക, അത് പൌരോഹിത്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.
മീരാ, പരാശക്തിക്കും നമുക്കും ഇടയിലൊരു മധ്യവര്‍ത്തി എന്തിന്!


മേഘത്തില്‍ നോക്കി ധാരാളം ചിത്രങ്ങള്‍ മെനയാം. അതുകൊണ്ട് ചിത്രം പണിയാനാവില്ലല്ലോ! ഒരു കൈക്കുമ്പിള്‍ മേഘം വാരി എങ്ങനെ കാട്ടാന്‍ , അത് പോലെ പ്രണയവും...
കാണാവുന്ന അഗ്നി ഉടലിനെ എരിക്കുമ്പോള്‍ കാണാത്ത അഗ്നി ആത്മാവിനെയും... ആത്മാവില്‍ പിടി മുറുക്കി കത്തിയാളുമ്പോള്‍ ആത്മാവ് ഇല്ലാതെയാവുകയല്ല. ഉരുകി, മലിനതകള്‍ നീങ്ങി പ്രണയമായി തിളങ്ങുകയാണ്...
അതിനെ എങ്ങനെയാണ് ചൂണ്ടി കാട്ടുക... പ്രണയത്തിലായാല്‍ പിന്നെ സര്‍വതിലും അത് ദര്‍ശിക്കാം...
മേഘത്തിനു സ്ഥിരതയുടെണ്ടെന്നു മനസ്സ് നുണ പറയുന്നു. ഇപ്പോള്‍ കാണുന്നതാവില്ല അടുത്ത നിമിഷം. എന്നിട്ടും അതവിടെ തന്നെ ഉണ്ടെന്നു വിശ്വസിക്കുകയും...
മഴയിലെക്കാണ് കണ്ണ് തുറന്നത്. നേരം എത്രയെന്നു തിട്ടപ്പെടുത്താന്‍ ആവാതെ.. നിഴലുകള്‍ ഉണ്ടാവുമ്പോഴാണല്ലോ നേരത്തിനു പ്രസക്തിയുണ്ടാവുകയെന്നു ആടുകളുടെ കണ്ണില്‍ നിന്നും വായിച്ചിട്ടുണ്ട്... കൈതണ്ടയില്‍ നിന്നും ഘടികാരം ഉപേക്ഷിച്ചാണ് ഓരോ സഞ്ചാരിയും പുറപ്പെടുന്നതും... സ്വന്തം പേര് പോലെ ഘടികാരവും അവര്‍ക്ക് ഭാരം...
നോക്കൂ മീരാ, മരുഭൂമിയിലെ മഴ കടലിലേതു പോലെ. കാഴ്ച എന്നെ വഞ്ചിക്കുകയോ! അതെന്തുമാകട്ടെ, ഞാന്‍ ഈ നിമിഷം അനുഭവിക്കുന്നത് എന്തോ അത് ഈ നിമിഷത്തെ എന്റെ സത്യമല്ലേ... എങ്കില്‍ ഞാന്‍ നില്‍ക്കുന്നത് കടല്‍ത്തീരത്ത് തന്നെ.
ഇവിടെ കടലോ ആകാശമോ ഇല്ല. മഴ മാത്രമേ ഉള്ളൂ...
മഴയുടെ ആരവത്തെ അഹിംസയെന്നു വായിക്കുന്നു. പ്രണയത്തിനു വിരോധമില്ലെന്ന് അറിഞ്ഞുകൊണ്ട്...
മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയുടെ അഹിംസാ കുറിപ്പുകള്‍ വായിച്ചിട്ടുണ്ട്. അന്നൊക്കെ ഇഷ്ടം സുഭാഷ് ചന്ദ്ര ബോസിനെ. ശത്രുവെ പല്ലും നഖവും കൊണ്ട് ആക്രമിക്കുക എന്നൊരു ചിന്ത വളരുകയും. അതിനെ പ്രണയം വിരോധിച്ചിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല. യുദ്ധങ്ങള്‍ പ്രമേയമായ സിനിമകള്‍ കാണുമ്പോഴൊക്കെ എന്നില്‍ നിന്നും പ്രണയം പറന്നത് അറിഞ്ഞില്ല.
ഇന്ന് എന്തിനാണ് ഞാന്‍ അഹിംസയെ കുറിച്ച് വാചാലനാവുന്നു എന്ന് നീ ചോദിച്ചേക്കാം. എനിക്കതിന് ഉത്തരമില്ല.
പ്രണയം യുദ്ധങ്ങള്‍ക്ക് എതിരെന്നിരിക്കെ എന്തിനാണ് കുറിപ്പില്‍ ആ വിഷയം കടന്നു വന്നതെന്ന് മഴക്കാറ്റും ഞെട്ടലോടെ ചോദിക്കുന്നു.
പ്രണയമേ, ഞാന്‍ തുടരട്ടെ...
ലോകത്തൊരു യുദ്ധവും സമാധാനം കൊണ്ടുവരില്ലെന്ന് യുദ്ധങ്ങളില്‍ നിന്നും പഠിക്കാനാവുന്നു. നാം പഠിക്കാതെ, അനുഭവത്തില്‍ പകര്‍ത്താതെയും... അത്തരം പഠനങ്ങളെ വിരോധിച്ചുകൊണ്ടാണ് കാഴ്ചകളുടെ ലോകം നമ്മുടെ ബുദ്ധിയെ കീഴ്പ്പെടുത്തുന്നത്... അക്കങ്ങളും അക്ഷരങ്ങളും തമ്മിലൊരു യുദ്ധം ഉള്ളത് പോലെ കാഴ്ച അക്ഷരങ്ങളെ തുരത്താന്‍ പണിയെടുക്കുന്നുണ്ട്.. സങ്കടമെന്നു പറയട്ടെ അക്ഷരങ്ങള്‍ തോറ്റു കൊണ്ടിരിക്കുന്നു... എങ്കിലും വെളിച്ചത്തെ വഹിക്കാന്‍ ശക്തിയുള്ള അക്ഷരം ഒരിക്കല്‍ വിജയത്തോടെ മടങ്ങി വരികതന്നെ ചെയ്യും...
ഇറാക്കില്‍ സമാധാനം സ്ഥാപിക്കാന്‍ യുധത്തിനിരങ്ങിയവര്‍ സമാധാനം സ്ഥാപിച്ചുവോ? അഫ്ഘാനിസ്ഥാനില്‍ നിന്നും സോവിയറ്റ് യൂണിയനെ പുറത്താക്കാന്‍ ബിന്‍ ലാദനെ വളര്‍ത്തിയവര്‍ സമാധാനം സ്ഥാപിച്ചുവോ? എന്നിട്ടും ലോകത്ത് എവിടെയും സമാധാനം സ്ഥാപിക്കാന്‍ തങ്ങള്‍ യുധത്തിനിറങ്ങും എന്ന് ചൊല്ലുന്നവരുടെ മുഖം ആരുടെതാണ്? അത് ഹിംസയുടെ മുഖമല്ലേ?
മീരാ നമുക്ക് ഹിംസയോടു ഇണങ്ങാന്‍ ആവില്ല. നമുക്ക് സമാധാനത്തിന്റെ മഴക്കീഴെ നില്‍ക്കാം. നോക്കൂ, കടലിന്റെ ആകാശവും മരുഭൂമിയുടെ ആകാശവും ഒന്നുതന്നെ! ആകാശം സൂക്ഷിച്ച പ്രണയമത്രയും മഴയായി പെയ്യുകയാണ്.
അത് ഹൃദയത്തിന്റെ ചാറ്...
ഇനി ഞാന്‍ കണ്ണടക്കട്ടെ, കാതടക്കട്ടെ.. ഉള്ളില്‍ ആര്‍ദ്രതയുടെ സംഗീതം. ഉള്ളില്‍ മറ്റൊരു മഴ.. നീ തോരാതെ പെയ്യുന്നു..
ഒരിക്കലും മതിവരാതെ, തോര്‍ച്ചയില്ലാതെ പ്രണയം പെയ്തുനില്‍ക്കുന്നു...


എന്റെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളിയെടുത്തു പേനയില്‍ മുക്കി നിന്നെ കാലത്തിലേക്ക് വിടുന്നു. നീ എന്റെ പ്രണയമല്ലാതെ മറ്റൊന്നുമല്ല. യാത്രയില്‍ നിന്നില്‍ മലിനത അടിഞ്ഞു കൂടുന്നു എങ്കില്‍ എന്റെ തെറ്റല്ല.
നീ ശരിയായ പാതയില്‍ ആവുക, പ്രണയമായി തിളങ്ങുക. നിന്റെ നന്മകളിലോ എനിക്കൊരു അവകാശവും ഇല്ല.
നിന്റെ നന്മകള്‍ , തിന്മകളും .. അതിലെനിക്കൊരു പങ്കുമില്ല.
നീ പുറപ്പെട്ടു പോകുക. നിന്റെ ആകാശങ്ങളിലേക്ക്, ധ്യാനത്തിന്റെ തുറസ്സിലേക്ക് ...
മീരാ അത്രയും എഴുതി ആ അദ്ധ്യായം നിര്‍ത്തി. ആ കഥാപാത്രം അതിന്റെ ലോകം പണിയട്ടെ. അവിടെ ഒരു ചൂരലുമായി നില്‍ക്കാന്‍ ഞാന്‍ ആളല്ല. എന്നില്‍ നിന്നും അവനെ സൃഷ്ടിക്കുക എന്നത് മാത്രമാണ് എന്റെ കര്‍മം. അതിനപ്പുറം അവന്റെ കര്‍മം പുതിയ ഭാഷയോടെ തുടരട്ടെ.
ഞാവന് പരിപൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
എന്റെ പുതിയ എഴുത്തിനെ കുറിച്ചുള്ള നിന്റെ വിശകലനം എന്നെ അസ്വസ്ഥനാക്കി. മീരാ ഞാന്‍ വരട്ടു നിയമങ്ങളുടെ തടവ്‌ ഭേദിക്കാന്‍ തുനിയുന്നത് തെറ്റോ? കഥയോ കവിതയോ ലേഖനമോ എന്ന് നിര്‍വചിക്കാന്‍ ആവാത്ത അവസ്ഥയിലാണ് ഞാന്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുക. അവിടെ ഒരു വാക്കോ വാചകമോ കൂടുതല്‍ വച്ചാല്‍ വരയുടെ പുറത്തു കടക്കും, അത് മുഴച്ചു നില്‍ക്കും എന്നൊരു ഭീതി എന്നെ അലട്ടുന്നില്ല. എനിക്ക് പറയാനുള്ളത് എന്റെ ഭാഷയിലൂടെ പറയുകയും ആവാം.
കാറ്റാടി മരങ്ങളില്‍ സായാഹ്നം മയങ്ങി. എങ്ങു നിന്നെല്ലാമോ എത്തിച്ചേര്‍ന്ന പക്ഷികളുടെ കൂട്ട കരച്ചില്‍ .. ചിലപ്പോള്‍ അവ അവയുടെ സഞ്ചാരപാതയിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതായി. അല്ലെങ്കില്‍ വേര്‍പാടിന്റെ നിമിഷങ്ങളെ ഒച്ചകളിലൂടെ അകറ്റുകയോ..
ആ ഒച്ചകള്‍ക്കിടയിലാണ് സഞ്ചാരി അവതരിച്ചത്. അദ്ദേഹം ഏതുവഴിയാണ് എത്തിയത് എന്നറിയില്ല. എന്നിലുള്ള പ്രണയത്തെ പക്ഷികളില്‍ എറിഞ്ഞു അവയിലൂടെ പ്രണയം ഇരട്ടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ. പ്രണയം വന്നാല്‍ പിന്നെ സ്ഥലകാലം അകന്നില്ലേ. അതുകൊണ്ടാവാം വിജനമായ പാതയിലൂടെ എത്തിയ അദ്ദേഹത്തെ ഞാന്‍ കാണാതെ പോയത്.
അദ്ദേഹം എന്റെ തോളില്‍ കൈ വച്ച് മധുരമായി പുഞ്ചിരിച്ചു. ആ നിമിഷം എന്നില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. എനിക്ക് അപ്രാപ്യം എന്ന് തോന്നിയിരുന്നതോ, ഞാന്‍ തിരിച്ചറിയാതെ കിടന്നതോ ആയ ചില ചരടുകള്‍ പൊട്ടുകയും. ആ സ്വരം എന്നില്‍ ആര്‍ദ്രമായി.
ഞാന്‍ എന്റെ എഴുത്ത് എഴുതണമെന്നു പല പുസ്തകങ്ങളില്‍ വായിച്ചിടുത്തിട്ടുണ്ടെങ്കിലും കുടത്തിനു മീതെ ജലം ഒഴിച്ച പോലെ.. ഇടയ്ക്കു ഓര്‍ക്കാതെയല്ല, ഹൃദയത്തില്‍ നിന്നും വരുന്ന ഭാഷക്കല്ലേ മറ്റൊരു ഹൃദയത്തില്‍ ഇടമുള്ളൂ....
ചട്ടക്കൂടുകളെ ഭേദിക്കുന്നവര്‍ക്കേ എന്തെങ്കിലും പുതുതായി നിര്‍മിക്കാന്‍ ആവൂ. അല്ലാത്ത പക്ഷം പഴയ പാതയില്‍ കിടന്നു കാലം പോക്കാം. അവിടെ കെട്ടി കിടക്കുന്ന ജലമായി മലിനമാകുന്നു.
മീരാ, എന്നെ ന്യായീകരിക്കാന്‍ പറയുകയല്ല. ചട്ടക്കൂടിന് പുറത്തു നമുക്ക് പരമമായ സ്വാതന്ത്ര്യം നുകരാം. നീളവും വീതിയും ഒപ്പിച്ചു നില്‍ക്കുമ്പോള്‍ നാമതില്‍ കുരുങ്ങി പോകുന്നു. അവിടെ ഹൃദയത്തിന് പ്രത്യേകിച്ച് ക്രിയകള്‍ ഒന്നും ഇല്ലാതെ ആവുകയും. പറയാന്‍ വച്ചത് പറയാന്‍ ആവാതെയും. അത് തന്നെയല്ലേ പ്രണയത്തിലും.
മുഖം മൂടികള്‍ വലിച്ചെറിയുമ്പോഴെ പ്രണയം തിളങ്ങൂ. അല്ലെങ്കില്‍ പ്രണയിക്കാന്‍ വേണ്ടി പ്രണയിക്കുകയും..
ഞാന്‍ വീണ്ടും സഞ്ചാരിയില്‍ എത്തട്ടെ.
എന്തിനാണ് ആ സായാഹ്നം ഒരു കൂടിക്കാഴ്ചക്ക് തിരഞ്ഞെടുത്തത്.. കാലത്തിന്റെ ഏകാന്തതയിലേക്ക് തെറിച്ച പക്ഷി കൂട്ടത്തിന്റെ കരച്ചിലില്‍ പ്രണയത്തിന്റെ തരംഗം ഉണ്ടായിരുന്നുവോ? സഞ്ചാരി ബോധത്തോടെയല്ല എന്നില്‍ അടഞ്ഞു കിടന്ന വാതില്‍ ചവിട്ടി പൊളിച്ചത്... ആ നിമിഷം സഞ്ചാരി പരാശക്തിയായി മാറുകയായിരുന്നു. എന്നിലേക്ക്‌ വെളിച്ചത്തിന്റെ ഒഴുക്ക് തുറന്നു വിട്ടുകൊണ്ട് പുഞ്ചിരിച്ചത് ഇപ്പോഴും മങ്ങാതെ...


പ്രണയത്തിന്റെ ആകാശങ്ങള്‍ വയലറ്റ് നിറം ചൂടി നില്‍ക്കുന്നു.. അകം നിറയെ അവിടേക്ക് ചാടാനുള്ള തിളച്ചുമറിയലില്‍ ഞാന്‍ ...
മീരാ, ആ നിറം നീയല്ലേ?
നീര്‍ പക്ഷികള്‍ വരുമ്പോഴാണ് തടാകത്തില്‍ ചലനം ഉണ്ടാവുക... ഓളങ്ങള്‍ സാന്നിധ്യം ശരിവയ്ക്കുകയും... ഏറ്റവും സ്വകാര്യമായി എന്റെ ഹൃദയത്തില്‍ നീ മന്ത്രിക്കുമ്പോള്‍ എനിക്ക് ചിറകു മുളക്കുക... അത് ചുവപ്പോ നീലയോ ആവട്ടെ പറന്നുയരുന്നതോടെ നിറങ്ങള്‍ നഷ്ടപ്പെടുന്നു...
പാതിരാത്രിയില്‍ മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഞാനോ മരമോ ഇല്ലായിരുന്നു. എന്നിലേക്ക്‌ ഒഴുകിയ നിറമില്ലാത്ത അനുഭൂതിയാണ് എന്നെ നിന്നില്‍ എത്തിച്ചത്... പാടവും മലകളും താണ്ടുമ്പോള്‍ നിന്റെ അദൃശ്യ കരങ്ങള്‍ എന്നിലാകെ ചുറ്റിയിരുന്നു...
ആത്മാവിലെ ഓളം വെട്ട്‌ പ്രണയമായി അറിഞ്ഞു.. ഇടയ്ക്കു വന്നു ഹൃദയത്തില്‍ നുള്ളി പോയ കാറ്റിനെ നീയായി കണ്ടു... പക്ഷെ നീ, മൌനത്തിന്റെ കരിമ്പടം പുതച്ചു...
എങ്കിലും കാറ്റ് പെന്‍സില്‍ മുനയായി എന്നില്‍ എന്തെല്ലാമോ വരയുന്നുണ്ടായിരുന്നു. അതുകൊണ്ടല്ലേ നീ അകന്നിട്ടും നൊമ്പരം കെട്ടിനിന്നത്... അതുവഴി നീയാവാന്‍ .. ശാപമോ അനുഗ്രഹമോ മീരാ?

നിന്റെ മൌനം അസ്വസ്ഥതയുടെ മുള്‍പ്പരപ്പില്‍ എറിയുന്നു.

ഇനി മൌനത്തെ പ്രണയമേ എന്ന് വിളിക്കട്ടെ..
മൌനം ഭക്ഷിക്കുന്ന പ്രണയത്തെ കുറിച്ച് നീയൊരു പുസ്തകം എഴുതുന്നു. അതിനു ദൂരം താണ്ടിയത് എന്തിനെന്നു അറിയില്ല. ഏറ്റവും ദൂരത്താവുമ്പോള്‍ ലയത്തിലാവാം എന്ന് നീ.
നീ കുറിക്കുന ഓരോ അക്ഷരവും കൊള്ളുന്നത്‌ ഹൃദയത്തില്‍ .. മുറിവുകള്‍ പാത ജനിപ്പിക്കുകയും. ഞാനിനി മുറിവിന്റെ ആഴത്തിലേക്ക് കുതിക്കട്ടെ. ഏറ്റവും സ്വകാര്യതയില്‍ നീ തുടിക്കുന്നല്ലോ!

പറഞ്ഞു വിടുക; തിളച്ചു മറിയുന്ന വികാരങ്ങളെ മഴയിലൂടെയോ മേഘത്തിലൂടെയോ എന്നിലേക്ക്‌ വിടുക.. ഏതുവഴി വരുന്നു എന്നതിലല്ല. നിന്നില്‍ നിന്നും എത്തിയോ; അത് മാത്രമാണ് നോക്കുക.
വന്നത് നീ തന്നെയാണോ എന്നും. നിനക്കപ്പുറം മറ്റൊന്ന് കൊണ്ടും ശാന്തിയില്ല..
ഞാന്‍ നിന്നെ ഏറ്റുവാങ്ങുക തന്നെ ചെയ്യും.. എനിക്ക് മാത്രമേ നിന്നെ അറിയൂ. കാരണം ഒരിക്കല്‍ നീ എന്റേതായിരുന്നു... കാലങ്ങള്‍ക്ക് അപ്പുറവും നീയും എന്നിലേക്ക്‌ മഴക്കാറിനോടും കാറ്റിനോടും എന്തൊക്കെയോ പറഞ്ഞു ഇരുന്നിട്ടുണ്ട്...
അറിയാതെ എങ്ങനെ? പറയാതെ എങ്ങനെ. നമ്മള്‍ തേടുകയല്ലേ.. ചിലപ്പോള്‍ ഈ ജന്മത്തില്‍ കൂട്ടി മുട്ടില്ലെന്നു അറിഞ്ഞിട്ടും. പ്രണയത്തിന്റെ തോരാ പെയ്ത്തില്‍ നിറയാന്‍ കൊതിച്ചും..
ഒരിക്കല്‍ ഞാന്‍ ഇഷ്ടപ്പെട്ട ചങ്ങാലി പ്രാവിന്റെ കുറുകല്‍ നിനക്ക് ഇഷ്ടമായിരിക്കും. ചങ്ങാലി പ്രാവ് കുറുകുമ്പോള്‍ എന്നിലൊരു തേങ്ങല്‍ ഉണ്ടായിരുന്നു. നീ അരികെ വരുമ്പോഴൊക്കെ അതെ തേങ്ങലില്‍ ഞാന്‍ നഷ്ടപ്പെടുകയും...
കണ്ണടച്ച്, കാതടച്ച്‌, നാവടച്ചു പ്രണയത്തിന്റെ വയലറ്റ് പുഞ്ചിരിയില്‍ അലിയട്ടെ... വസന്തങ്ങള്‍ക്കു കാത്തു നില്‍ക്കാതെ കാലത്തിന്റെ പെരുവഴികള്‍ തോറും വയലറ്റ് പൂക്കളായി പാറാം..


സി.പി.എം. ന്റെ തെരഞ്ഞെടുപ്പു കാല വിലയിരുത്തല്‍ ഒട്ട് അസുഖത്തോടെയാണ് ശ്രദ്ധിച്ചത്. മലബാറില്‍ മുസ്ലീങ്ങള്‍ പാര്‍ട്ടിയെ തുണച്ചില്ല. അവര്‍ യു.ഡി.എഫ് നു പിന്നില്‍ കൂട്ടമായി അണി ചേര്‍ന്നു. നായന്മാര്‍ വോട്ടു ചെയ്തില്ല. ക്രുസ്ത്യാനിക്ക് പഴയ എതിര്‍പ്പില്ല. ഈഴവര്‍ ... അങ്ങനെ പോകുന്നു വിചാരങ്ങള്‍ .. അത്തരം ചിന്തകള്‍ നമ്മെ എവിടെക്കാണ്‌ കൊണ്ട് പോകുന്നത്? അതെല്ലാം ജന മനസ്സില്‍ ജാതി മത ചിന്ത കോരിയിടാനെ ഉപകരിക്കൂ...
തെരഞ്ഞെടുപ്പിന് നില്‍ക്കുന്നത് ജാതി മതങ്ങളുടെ വോട്ടു നേടാനോ ജനങ്ങളുടെ വോട്ടു നേടാനോ? വിജയിക്കേണ്ടത് മതെതരത്വമോ വര്‍ഗീയതയോ? കൊണ്ഗ്രസ്സോ മറ്റു ഏതെങ്കിലും സംഘടനകളോ ആണ് അങ്ങനെ പറയുന്നത് എങ്കില്‍ ഇത്രയ്ക്കു അസ്വസ്ഥത ഉണ്ടാവില്ല. കാരണം അവരുടെ പ്രവര്‍ത്തനം ആ വഴിക്കാണ്. എന്ന് കരുതി അവര്‍ ആ വഴി തുടരട്ടെ എന്നുമല്ല. എന്നാല്‍ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരം വാക്കുകള്‍ പുറത്തു വരാന്‍ പാടില്ല.
അത്തരം ചിന്താഗതികളാണ് ജാതി മതങ്ങളുടെ തിണ്ണകളിലേക്ക് രാഷ്ട്രീയക്കാരെ നയിക്കുന്നതും, മത നേതൃത്വങ്ങളെ അധികാരം പങ്കിടുന്നതിലേക്ക് എത്തിക്കുന്നതും. ഒരു മതം മേല്‍ക്കൈ നേടുന്നിടത്ത് മറ്റൊരു മതം അസ്വസ്ഥമാകുന്നുണ്ട്. ആ അസ്വസ്ഥത ജാതി മത വെറികളിലേക്ക് നയിച്ചേക്കാം. ജനത ഒരു നോക്കുകുത്തിയായി മാറുകയും... അതൊന്നും ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഭൂഷണമല്ല.


രാത്രിയില്‍ കാറ്റിന്റെ ഹുങ്കാരം പെട്ടെന്ന് കടന്നു വന്നപ്പോള്‍ ഞാനൊന്ന് പതറാതെയല്ല. നാലുവരി പാതയില്‍ നിന്നും കാറ്റെന്ന കോരിയെടുത്തു മരുഭൂമിയില്‍ എറിഞ്ഞെങ്കിലോ! മീര, നിന്നിലേക്കുള്ള അകലം കൂടുമോ എന്ന വ്യസനമാണ് അപ്പോള്‍ എന്നെ ഭരിച്ചത്.
നീ ഇവിടെ എവിടെയോ ഉണ്ട് എന്നുറപ്പ്. സന്ധ്യയില്‍ പര്‍ദ്ദയണിഞ്ഞു അരികെ വന്നു നിന്നത് നീ തന്നെ എന്ന് എനിക്കറിയാം. നിന്റെ കണ്ണിന്റെ തിളക്കം വിളക്കു കാലിന്റെ ചുവട്ടില്‍ കൃത്യമായി കണ്ടതാണ്. തിരിച്ചറിയാനാവാത്തൊരു സുഗന്ധമായിരുന്നു അപ്പോള്‍ നിന്നില്‍ നിന്നും...
ഞാനിന്നു നോവലിന്റെ പണിയിലേക്ക്‌... എഴുത്ത് കഴിഞ്ഞു പേന എടുക്കുമ്പോഴെ പെരുണ്ടാവൂ എന്ന അറിവ് തകര്‍ത്ത് കൊണ്ട് - ഗുല്‍മോഹര്‍ .. അങ്ങനെ ഒരു പേര് ചേര്‍ക്കുമ്പോള്‍ എന്നില്‍ നീ മാത്രം. അല്ല മീരാ എന്നാണു നീ എന്നില്‍ ഇല്ലാതിരുന്നിട്ടുള്ളത്...
ഈ മരുഭൂമിയില്‍ ഞാനും കാറ്റും മാത്രം. എണ്ണ തീര്‍ന്ന വിളക്കില്‍ നിന്നും ഇത്തിരി പുക പിന്നെയും തങ്ങി നില്‍ക്കുന്നു. ഓരോ കാറ്റും എന്റെ തമ്പ് കോരിയെടുക്കാന്‍ ശ്രമിക്കുന്നു. ഒരുവേള എന്റെ ഉടലില്‍ നിന്നും ആത്മാവിനെ ഊരിയെടുക്കാന്‍ വാശി പിടിക്കുന്ന അനുരാഗിയാകുമോ കാറ്റ്! ഉടലും തമ്പും ഒന്നാകുന്നത് ഈ രാ കാഴ്ച. അതേ ഇത് അത് തന്നെ. പാതിരാവിലും പ്രണയം വാശിയോടെ കരയുന്നു. തന്റെ പാതിയില്‍ അലിഞ്ഞേ അടങ്ങൂ എന്നും.... തന്റെ പാതിയെ കിട്ടിയേ അടങ്ങൂ എന്നും... കാറ്റും അങ്ങനെ അനുരാഗത്തിന്റെ ഏതോ വാശിയിലല്ലേ. കാറ്റിനുള്ളില്‍ മറ്റൊരു കാറ്റുണ്ടാകുക. ആ കാറ്റ് അതിന്റെ ഇണക്കായി നിലവിളിക്കുക.
പതുക്കെ തമ്പില്‍ നിന്നും പുറത്തിറങ്ങി. മരുഭൂമിയില്‍ കാറ്റ് കെട്ടി മറിയുകയാണ്. മണലിന്റെ അലകള്‍ എന്നെ കൊരിയെടുത്തെക്കുമോ? കടല്‍ അതിന്റെ അടിത്തട്ടിലേക്ക് വലിച്ചു കൊണ്ട് പോകും പോലെ മരുഭൂമി എവിടെക്കാവും കൊണ്ട് പോകുക? എങ്കില്‍ മരുഭൂമിക്കകത്തും മറ്റൊരു മരുഭൂമി ഉണ്ടാകും. എന്റെ അനുരാഗി എവിടെയാണോ ഒളിച്ചിരിക്കുക, അത് പോലെ കാറ്റിനുള്ളിലെ കാറ്റും മരുഭൂമിക്കുള്ളിലെ മരുഭൂമിയും. എന്നിലെ എന്നെ കണ്ടെത്തിയാല്‍ സര്‍വവും അറിയാനായേക്കും...
തിരഞ്ഞു നോക്കുമ്പോള്‍ മങ്ങി കത്തുന്ന വിളക്കാണ് അവിടെയൊരു തമ്പുണ്ട് എന്ന് അറിയിക്കുന്നത്. ഈ ഇരുട്ടില്‍ ഞാന്‍ എന്ന തമ്പിനെ അടയാളപ്പെടുത്തുന്നത് എന്താവാം.. അത് മീരയല്ലേ!
കാറ്റടങ്ങിയപ്പോള്‍ എങ്ങു നിന്നോ ബനാറസിലെ ബിസ്മില്ലാ ഖാന്റെ ഷഹനായി...
കണ്ണുകള്‍ താനേ അടയുന്നു, എനിക്ക് ശ്വാസം മുട്ടുന്നു, മധുരമായൊരു വേദന പകര്‍ന്നു മീര എന്നില്‍ ഇറങ്ങുന്നു..


വര്‍ഗീയതക്ക് വളരാന്‍ ഏറ്റവും നല്ല മണ്ണ് കോരി കളയണ്ട എന്ന് നേരത്തെ മനസ്സിലാക്കിയിട്ടാണ് അവിടെ വികസനത്തിന് കമ്പി ഇറക്കണ്ട എന്ന് തീരുമാനമായത് ... തീരദേശങ്ങളിലെ പച്ചമനസ്സുകള്‍ എളുപ്പം ആളികത്തുമെന്ന്..
കൊച്ചിയിലെ ദന്ത ഗോപുരത്തില്‍ ഇരുന്നൊരാള്‍ മാറാടിലും പൂന്തുറയിലും കണ്ണെറിഞ്ഞു കലാപങ്ങള്‍ ആസ്വദിക്കുന്നു. അയാള്‍ക്ക്‌ അവര്‍ ഹിന്ദുക്കളോ മുസ്ലീംഗളോ കൃസ്ത്യാനികളോ ആണ്.. കടലിനു മതമില്ലാത്തത് പോലെ, കടല്‍ വികാരം കൊള്ളുന്നത്‌ പോലെ അവര്‍ പച്ചയായ മനുഷ്യര്‍ ആണെന്ന ബോധം നഗരത്തിനു നഷ്ടമാകുന്നു...
അങ്ങനെയാണ് വലയില്‍ കുടുങ്ങിയ മീന്‍ അയലയോ മത്തിയോ എന്ന തര്‍ക്കം നഗരത്തിനു വര്‍ഗീയ കലാപമായി വാര്‍ത്തയാകുന്നത്... വൈകീട്ട് തര്‍ക്കം കഴിഞ്ഞു രണ്ടു കുപ്പി കള്ളടിച്ചു കൂരകളിലേക്ക്‌ മടങ്ങാന്‍ വെമ്പുന്ന ആ സാധുക്കളെ ചിഹ്നങ്ങളാക്കി വിപണികള്‍ ആഘോഷിക്കുന്നു..
അവന്റെ അമ്മ ,ഈശ്വരന്‍ , എല്ലാം കടല്‍ തന്നെ..
നമുക്ക് അങ്ങനെയല്ല..
ഒരു കൈയ്യില്‍ ഗുണ്ട്, മറുകൈയ്യില്‍ പന്തം, മദ്യത്തില്‍ ആടിയുലഞ്ഞു, ഇടതു വലത് ഇടതു വലത്‌... പാമ്പും കോണിയിലും അടിവച്ചടിവച്ചു... എവിടെക്കെറിയും; ആശുപത്രി, സ്കൂള്‍, ആരാധനാലയം, പാര്‍ട്ടിയോഫീസ്?
റേഷന്‍ വാങ്ങാന്‍ പോയവനെ കാണാതെ ക്ഷമകെട്ട് തീ പിരിച്ച അമ്മ. പേപിടിച്ച കാറ്റില്‍ `മുടി കരിഞ്ഞ മണം...


എവിടെയാണ് നീ എന്ന് പോലുമറിയാതെ നിന്നെയോര്‍ത്തു ധ്യാനിച്ച്‌, ഈ മരുക്കാട്ടില്‍ ഞാന്‍ ... കടന്നു പോകുന്ന ഓരോ സഞ്ചാരിയും എന്നിലേക്ക്‌ മിഴിയെറിയുന്നു. അവര്‍ക്കെല്ലാം എങ്ങെല്ലാമോ എത്തി ചേരാനുണ്ട്. എങ്ങും പോകാനില്ലാതെ ഞാന്‍ മാത്രം.
മീരാ, ഒരു വേള ഗ്രാമ പാതയില്‍ വാകമരത്തില്‍ പൂക്കള്‍ കൊഴിയുന്നതും നോക്കി നീ ഇരുപ്പുണ്ടാവാം. അല്ലെങ്കില്‍ എന്നെ പോലെ ഈ മണലാരണ്യത്തില്‍ നീയും. കടന്നു പോകുന്ന ഒട്ടക സഞ്ചാരികളില്‍ മിഴിയെരിഞ്ഞു ഞാന്‍ ... മാനം ചുവക്കുമ്പോള്‍ ഉള്ളു പിടയുന്നുണ്ട്‌. നിന്നെ കുറിച്ച് അറിയാത്ത ഒരു ദിനം കൂടി കത്തിയെരിയുന്നു. സ്വര്‍ണ ഞൊറിവുകളായി തീര്‍ന്ന മണല്‍ കൂനയില്‍ എല്ലാ ഭാരവും ഇറക്കി വച്ചു ഇരിക്കുമ്പോള്‍ എന്നില്‍ നിന്നും ഭാരമൊന്നും ഒഴിയുന്നില്ല. ഉടലിന്റെ ഭാരത്തെ താങ്ങാന്‍ മണല്‍ക്കൂനക്കുള്ള കരുത്തു അപാരം തന്നെ. എന്നാല്‍ എന്റെ ഹൃദയഭാരം ഏറ്റെടുക്കാന്‍ നീയല്ലാതെ മറ്റാരുണ്ട്‌...
രാത്രിയിലേക്ക്‌ കാറ്റിനോടൊപ്പം നീങ്ങുമ്പോള്‍ ഞാനറിയുന്നു, നിന്നെ വിളിക്കാന്‍ എനിക്കൊരു പേര് കിട്ടിയതിനെ കുറിച്ച് ഒട്ടക സഞ്ചാരിയുമായി പങ്കിട്ടത്. അയാള്‍ ആദ്യമത് ചിരിച്ചു തള്ളി. അയാള്‍ പേരുപേക്ഷിച്ചവന്‍ , നാടും വീടും ഉപേക്ഷിച്ചവന്‍ .. ഒരിക്കല്‍ ആ ഉടല്‍ പോലും ഉപേക്ഷിച്ചു സ്വതന്ത്രന്‍ ആവേണ്ടവന്‍ .. അപ്പോള്‍ പിന്നെ പേരിന്റെ ഭാരത്തിലേക്ക് എന്തിനു പോകണം?
പേരില്ലായ്മയുടെ ഭാരമില്ലായ്മ. അതാണ്‌ പ്രണയമെന്ന്. കടലാസ്സില്‍ അക്ഷരങ്ങളായി തെളിയാത്തത്. എന്നാല്‍ അതൊരു ഗ്രന്ഥമത്രേ. ആയുസ്സുകള്‍ പലതു ചിലവിട്ടാല്‍ പോലും പഠിക്കാന്‍ ആവാത്തത്.. എന്നാല്‍ അത് പഠിക്കാന്‍ ഗ്രന്ഥവും വേണ്ട..
അയാള്‍ കേവലമൊരു സന്ചാരിയോ അവധൂതനോ. എന്റെ ഇന്ദ്രിയങ്ങളില്‍ വെളിച്ചം വീശാന്‍ എത്തിയ ഗ്രന്ഥമോ? അല്ലെങ്കില്‍ മീരാ, നീ തന്നെയോ അയാള്‍ ...
ജീവിതം ഉപേക്ഷിക്കളിന്റെയും സ്വയം വിട്ടു പോകുന്നതിന്റെയും ആകത്തുകയെന്നു അയാള്‍ .. ബാല്യം ഉപേക്ഷിച്ചു കൌമാരത്തിലേക്ക്, അങ്ങനെയങ്ങനെ...
നിനക്കൊരു മുഖം ഇല്ലാത്തത് പോകട്ടെ. നീ എന്റെ ഹൃദയത്തില്‍ പടര്‍ന്നു കിടക്കുന്നുണ്ടല്ലോ. എങ്കിലും നിന്നെ വിളിക്കാന്‍ എനിക്കൊരു പേര്‍. ഞാന്‍ തുടര്‍ന്ന്...
എന്റെ നാവടക്കാന്‍ എന്നോണം ഇരമ്പി വന്ന കാറ്റും, പൊടിപടലങ്ങളും ..
അതെന്റെ ഭ്രാന്താവാം. എനിക്ക് തുടരാതിരിക്കാന്‍ ആവില്ല. കാരണം നീ എന്നില്‍ എത്ര ഉറച്ചതാണെങ്കിലും നിന്നെ ഉറപ്പിക്കേണ്ടത് ഉണ്ടായിരുന്നു. ചിലപ്പോള്‍ ഓരോ കുഴിയും പാതാളത്തിനും അപ്പുറത്തേക്ക് പോകുന്നതായി..
മുഖം പോലുമില്ലാത്ത നിനക്കൊരു പേര് നല്‍കാനുള്ള കൊതി. ചിലപ്പോള്‍ ആ പേര് അങ്ങനെ ഉരുവിട്ട് പാതിരാവിനപ്പുറത്തെക്കും ധ്യാനിച്ച്‌ ഇരുന്നാല്‍ നീ എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന ചിന്തയാകാം . എന്തോ എനിക്കറിയില്ല. എന്റെ ഹൃദയത്തിന് നിനക്കായി ഇങ്ങനെ പാടി കൊണ്ടിരിക്കാനെ ആവൂ. എന്നാലും നീ ഒരു സത്യമാണെങ്കില്‍ , നീ എത്ര അകലെയാണെങ്കിലും, ഇനി മരിച്ചു മണ്ണടിഞ്ഞു പോയിട്ടുണ്ടെങ്കിലും ഈ ഹൃദയത്തിന്റെ വിളി കേള്‍ക്കാതിരിക്കാന്‍ ആവില്ല. എന്നിലേക്ക്‌ ചേരാതിരിക്കാന്‍ ആവില്ല.
കാരണം ഞാന്‍ നിനക്കായി ധ്യാനിച്ചിരിക്കുന്നു.


ബസ്സ്റ്റാന്റില്‍ വെളുപ്പാന്‍ കാലത്തു വിയര്‍ത്തു നാറുന്ന ഉടല്‍ ഭാഷയില്ലാതെയാണെങ്കിലും ചിലത് പറയുന്നുണ്ട്. പെറ്റ വയറിനോടോ, ആസക്തി തീര്‍ത്ത തന്തയോടോ.. തന്ത രുചിച്ച മകളുടെ ഉടല്‍ വളഞ്ഞും പുളഞ്ഞും എതിരിടാതെ കിടന്നു കൊടുത്തിട്ടുണ്ട്...
തന്ത അങ്ങനെ എങ്കില്‍ സ്ത്രീയെ നിനക്കെവിടെ സുരക്ഷിതത്വം...
രാഷ്ട്രീയക്കാര്‍ക്ക് വാണിഭത്തില്‍ നിന്നും ജന ശ്രദ്ധ തിരിക്കാന്‍ അണികളെ ഇറക്കി തല്ലു കൊള്ളിക്കാം.
ഒരമ്മക്കോ?
ബസ് കാത്തു നില്ക്കുന്നത് എത്രയെത്ര വേഷങ്ങള്‍ .. ചെന്ന് ചേരുന്ന ഇടങ്ങളോ? ഇടങ്ങള്‍ ഇല്ലാത്തവരോ. ഇടുങ്ങിയ ചിന്താ വാഹകരോ...
കിഴകെ റയിലില്‍ മൂത്രമൊഴിച്ചു മണത്തു നായ നില്‍ക്കുന്നു. എവിടെയോ ഒരാത്മഹത്യാ കുറിപ്പ് എഴുതപ്പെടുന്നു.
ചുവരില്‍ തകരത്തില്‍ നിരോധിന്റെ പരസ്യം.
മുഷിഞ്ഞ ജാക്കറ്റില്‍ ആരാന്റെ ഉറുപ്പിക ഞെരുങ്ങി.
പാട്ട്, കൂത്ത്, ഇരമ്പിയാ വണ്ടി...
രാത്രിയിലേക്ക്‌ മെതിക്കപ്പെടാന്‍ ആ ഉടല്‍ ഉറക്കം തൂങ്ങി.
ലോട്ടറി വില്പനക്കാരന്റെ മൈക്കില്‍ നിന്നും കിനാക്കളുടെ വിളി,
നാളെ,
നാളെയാണ്...
വളവില്‍ ബ്രേക്കിട്ട വണ്ടിയും ഉടഞ്ഞ തലയും....
തലച്ചോറിന്റെ മഞ്ഞപ്പില്‍ ചത്ത കിനാക്കളും...


എം.എഫ് ഹുസൈന്‍ കടന്നു പോയി... എവിടേക്ക്? നമുക്കതിനു കൃത്യമായി ഉത്തരമില്ല. പോയവര്‍ മടങ്ങി വന്നിട്ടില്ല. ഉടലാണ് മടങ്ങുക എന്ന് ചൊല്ലി കലാകാരന് മടക്കമില്ല എന്ന് പറയട്ടെ. കലാകാരന്‍ ഇട്ടേച്ചു പോയ കലക്ക് മരണം ഇല്ലാത്തിടത്തോളം കലാകാരന്‍ മരിക്കുന്നില്ല. കല അങ്ങനെയാണ് മരണത്തെ മറികടക്കുന്നത്...
എങ്കിലും എം.എഫ് ഹുസൈന്‍ എന്ന വ്യക്തിയെയോ കലാകാരനെയോ നാം കൊല്ലാന്‍ ശ്രമിചിട്ടില്ലേ... മരണം ഒരു പറിച്ചു നടല്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ സ്വന്തം രാജ്യം വിടേണ്ടി വന്നത് മരണം തന്നെയാണ്. പക്ഷെ കലാകാരന്‍ എന്ന നിലയിലെ ഏതെല്ലാം തുരുത്തുകളിലേക്ക് പോകട്ടെ അവനു മരിക്കാനാവില്ല. അവിടെ മരണം ഉറപ്പിക്കെണ്ടതുണ്ട്, അതുകൊണ്ട് അവിടെ മരിക്കുന്നത് ആട്ടിയോടിച്ചവര്‍ തന്നെ.
വേട്ടക്കാരന്‍ മരിക്കുകയും ഇര രക്ഷപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണ് കലാകാരന്‍ എന്ന നിലയില്‍ എം.എഫ് ഹുസ്സയിന്‍ നമ്മെ പഠിപ്പിക്കുന്നത്‌.
വര്‍ഗീയതയും ഭീകരതയും ഭാരതീയമല്ല. അത് ഇറക്കുമതിയാണ്. ഇന്ത്യയെ രണ്ടായി വെട്ടി മുറിച്ച ഇടങ്ങളില്‍ ഒഴുകിയ ചോര അത് ശരിവയ്ക്കുന്നുണ്ട്. സാമ്രാജ്യത്വ ക്രൂരതയെ കുറിച്ച് പാടി അലയുന്ന കബന്ധങ്ങളും. പക്ഷെ നാം അത് കേള്‍ക്കുന്നില്ല. സാമ്രാജ്യത്വ ഉച്ചിഷ്ടം ഭക്ഷിച്ചു ഹൃദയം അടഞ്ഞു പോയ നമുക്ക് നേരിന്റെ പാത തെളിഞ്ഞു കിട്ടുന്നില്ല. നാം ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് നടന്നു പോകുന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ് എം.എഫ് ഹുസ്സയിന്റെ ചില ചിത്രങ്ങള്‍ ഹിന്ദു ദേവതകളെ നഗനരായി ചിത്രീകരിച്ചെന്ന വിവാദങ്ങള്‍ ഉണ്ടാകുന്നത്. ആ ചിത്രങ്ങള്‍ രചിക്കപ്പെട്ടത്‌ ആയിരത്തി തൊള്ളായിരത്തി എഴുപതിലും. ഇരുപതു വര്‍ഷത്തിലേറെ ആരുടേയും ഹൃദയത്തെ മുറിപ്പെടുത്താതെ ആ ചിത്രങ്ങള്‍ നമ്മുടെ കൂടെ കഴിഞ്ഞു പോന്നു. ബാബറി മസ്ജിദ് അയോധ്യയുടെ പരിസരത്തു നിന്നും ആ ചിത്രങ്ങളിലേക്ക്‌ നോക്കുമ്പോള്‍ ചിലത് പിടി കിട്ടുന്നുണ്ട്‌. തൊണ്ണൂറ്റി രണ്ടിലെ കലാപം സാമ്രാജ്യത്വ കെണിയായി കരുതുന്ന എത്രപേരുണ്ട്? ഹിന്ദുക്കള്‍ക്കോ മുസ്ലീങ്ങള്‍ക്കോ ആവശ്യമാല്ലാതിരുന്ന സ്ഥലം ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇവിടത്തെ ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ലെന്നോര്‍ക്കുക. കേവലം അദ്ധ്വാനിമാരോ നരേന്ദ്ര മോഡിമാരോ മദനിമാരോ മറ്റു ഏതൊരു അതി ഹൈന്ദവരോ ഇസ്ലാമിക തീവ്ര വാദികളോ അല്ല ഹിന്ദുവിനെയോ ഇസ്ലാമിനെയോ പ്രതിനിധീകരിക്കുന്നത് എന്ന് എന്തേ നാം ഓര്‍ക്കാതെ പോയി..
ഇരുപതിലേറെ വര്‍ഷം നഗ്നമോ ദേവതകളെ മോശമായി ചിത്രീകരിക്കലോ അല്ലാതിരുന്ന ചിത്രങ്ങള്‍ പെട്ടെന്ന് മോശമായി അടയാളപ്പെടുത്തുന്നതിലേക്ക് നയിച്ച ഘടകങ്ങള്‍ നവ കോളനി വല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ അശാന്തി വിതക്കാന്‍ സാമ്രാജ്യത്വം ഒരുക്കിയ കെണിയാണ്‌. നാം അതില്‍ എളുപ്പം വീണു.
എം എഫ് ഹുസയിനെ പേര് കൊണ്ട് മുസ്ലീം എന്ന് അടയാളപ്പെടുത്തുന്നു. എന്നാല്‍ ആ മഹാ കലാകാരന് മതമോ ജാതിയോ ഉണ്ടോ? ഒരു കലാകാരന് അങ്ങനെ ഉണ്ടാവണമെന്നുണ്ടോ? ജാതി മതങ്ങള്‍ ഈശ്വര വിശ്വാസം എന്നത് പുതിയ കാലത്ത് മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ ജാലകം തുറന്നിടുന്നില്ല. അത് ഒരുതരം അടിമത്വത്തില്‍ തളച്ചിടുന്നു. ഒരു കലാകാരന് അടിമയായി ഇരിക്കാന്‍ ആവില്ല. അവന്‍ ചട്ടകൂടുകള്‍ തകര്‍ക്കുന്ന പക്ഷിയാണ്. പക്ഷി അതിന്റെ സഞ്ചാര പാതയില്‍ ചിറകു കൊണ്ട് വരക്കുന ഭാഷയാണ്‌ ചിത്രകാരന്‍ ബ്രഷ് നിറത്തില്‍ മുക്കി ക്യാന്‍വാസില്‍ വയ്ക്കുന്നത്. പരമമായ സ്വാതന്ത്ര്യത്തില്‍ ആകുന്ന ഒരാള്‍ക്കേ സ്വാന്ത്ര്യം നല്‍കാന്‍ ആവൂ.
എം.എഫ് ഹുസ്സയിന്‍ തന്റെ ഊര്‍ജമാണ് ക്യാന്‍വാസ്സില്‍ പകര്‍ത്തിയത്. അവിടെ സരസ്വതിയെ ധ്യാനിക്കുകയാണ്. ആ ധ്യാനത്തിലൂടെ വെളിപ്പെട്ട സരസ്വതിയെ അതില്‍ പകര്‍ത്തി എന്ന് മാത്രം. അവിടെ ബ്രഷ് പുതിയൊരു ഭാഷാ നിര്‍മിതിയിലാണ്. പ്രണയത്തിന്റെ .. മഹത്തായ പ്രണയം നഗ്നമാണ്‌. അവിടെ നഗ്നത കാമമല്ല.
സരസ്വതി ദേവി ഹിന്ദുവിന്റെ കുത്തകയല്ല. സരസ്വതി ദേവി കലാ സാഹിത്യകാരുടെ ദേവിയാണ്. പ്രണയിനിയാണ്. ആ നിലയില്‍ ലോകത്തുള്ള ഓരോ കലാ സാഹിത്യകാരുടെയുമാണ് സരസ്വതി ദേവി...
ഹുസൈന്‍ പോയിട്ടില്ല. എന്നാല്‍ ഹുസയിനെ എതിര്‍ത്തവരുടെ ഉള്ളില്‍ സരസ്വതി ദേവിയില്ല... ദേവി ഇരിക്കുക ഏറ്റവും സ്വതന്ത്രമായ ഇടങ്ങളിലാണ്. അത് കലാ സാഹിത്യകാര്‍ക്ക് അവകാശപ്പെട്ടതും...


വളരെ പതുക്കെ ഇരുട്ടുള്ള മൂലകള്‍ തേടാം. ആരും കണ്ടെത്താത്ത ഇടം. വിദ്യയുടെ കച്ചവട മേശയില്‍ വീഴുന്ന കണ്ണീരിനു അര്‍ഥം കുറയുന്നു.. നിറംകെട്ട പെണ്‍ ജീവിതങ്ങളോട് ഉടല്‍ വിറ്റ് മക്കള്‍ക്ക്‌ ഫീസടക്കാന്‍ ... പിടിക്കപ്പെടുമ്പോള്‍ മാനത്തിനു പണമായി... പടിഞ്ഞാറിന്റെ ചുവപ്പന്‍ കണ്ണില്‍ അസ്ഥിയിലേക്ക് നീളുന്ന തീയുണ...്ട്‌..... എന്റെ പാതകളുടെ നടുവൊടിച്ചു അവന്‍ ചമയുന്ന വേഷങ്ങള്‍ ...
വരിയൊടിഞ്ഞ ജീവിതം മിനുക്കാന്‍ ഏതു കരങ്ങള്‍ ... നാലാം ലോക സൈദ്ധാന്തിക വരികള്‍ ചമച്ചു ഉറക്കം നടിക്കുന്ന ബുദ്ധി ജീവികള്‍ .. പോകുന്ന വഴിയിലെ നാറുന്നു ജീവിതം. നഗരത്തിന്റെ മലം കെട്ടി കിടക്കുന്ന ഗ്രാമ പാതകള്‍ .. ഇടതും വലതും തെളിച്ചു ജാതി മതങ്ങളുടെ തൊഴുത്തില്‍ കെട്ടിയ വിദ്യ...
ഒരിക്കല്‍ എഴുതിയത് മറിച്ചെഴുതുന്നു, പാര്‍ശ്വവല്കൃതന്റെ ഇന്ദ്രിയങ്ങള്‍ തകര്‍ക്കുക. കാതില്‍ ഈയം ഉരുക്കി ഒഴിക്കുക. അവനെ ആയോഗ്യനായി പ്രഖ്യാപിക്കുക.
തിരണ്ടു കല്യാണത്തിന്റെ അന്ന് പെണ്‍ കുട്ടിയുടെ സ്വപ്നം എന്താവും... ധാനമായി കിട്ടുന്ന വറ്റിലൂടെ അടിവച്ചു തേഞ്ഞു പോകാനോ?
ദന്ത ഗോപുര ലോകമേ, നിന്റേത് പന്നി കൂടുകള്‍ എന്ന് ഞാന്‍ അടിവരയിടുന്നു..
ആരുമറിയരുത് അടര്‍ന്നു വീഴുന്ന എന്റെ കണ്ണീര്‍ ... ആരും തേടി വരരുത് മുറിഞ്ഞ ഹൃദയത്തിലെ ചോര പാടുകള്‍ ... നടവഴിയുടെ അറ്റത്ത്‌ ഉണക്ക പൂവ് പോലെ എന്റെ ഹൃദയം കിടപ്പുണ്ടാവും.
പുരസ്കാരങ്ങള്‍ ... നീയതെടുക്കുക എന്റെ മീസാന്‍ കല്ലില്‍ കുത്തി വയ്ക്കുക.
താഴെ,
ചത്തവനെ യാതൊന്നും അനുഗമിക്കില്ലെന്നു കുറിക്കുക.
എങ്കിലും മണ്ണിനടിയിലും ഞാന്‍ സമരത്തിലെന്നു വെറുതെയെങ്കിലും ഓര്‍ത്തെക്കുക...

Followers

About The Blog


MK Khareem
Novelist