മേഘത്തില്‍ നോക്കി ധാരാളം ചിത്രങ്ങള്‍ മെനയാം. അതുകൊണ്ട് ചിത്രം പണിയാനാവില്ലല്ലോ! ഒരു കൈക്കുമ്പിള്‍ മേഘം വാരി എങ്ങനെ കാട്ടാന്‍ , അത് പോലെ പ്രണയവും...
കാണാവുന്ന അഗ്നി ഉടലിനെ എരിക്കുമ്പോള്‍ കാണാത്ത അഗ്നി ആത്മാവിനെയും... ആത്മാവില്‍ പിടി മുറുക്കി കത്തിയാളുമ്പോള്‍ ആത്മാവ് ഇല്ലാതെയാവുകയല്ല. ഉരുകി, മലിനതകള്‍ നീങ്ങി പ്രണയമായി തിളങ്ങുകയാണ്...
അതിനെ എങ്ങനെയാണ് ചൂണ്ടി കാട്ടുക... പ്രണയത്തിലായാല്‍ പിന്നെ സര്‍വതിലും അത് ദര്‍ശിക്കാം...
മേഘത്തിനു സ്ഥിരതയുടെണ്ടെന്നു മനസ്സ് നുണ പറയുന്നു. ഇപ്പോള്‍ കാണുന്നതാവില്ല അടുത്ത നിമിഷം. എന്നിട്ടും അതവിടെ തന്നെ ഉണ്ടെന്നു വിശ്വസിക്കുകയും...
മഴയിലെക്കാണ് കണ്ണ് തുറന്നത്. നേരം എത്രയെന്നു തിട്ടപ്പെടുത്താന്‍ ആവാതെ.. നിഴലുകള്‍ ഉണ്ടാവുമ്പോഴാണല്ലോ നേരത്തിനു പ്രസക്തിയുണ്ടാവുകയെന്നു ആടുകളുടെ കണ്ണില്‍ നിന്നും വായിച്ചിട്ടുണ്ട്... കൈതണ്ടയില്‍ നിന്നും ഘടികാരം ഉപേക്ഷിച്ചാണ് ഓരോ സഞ്ചാരിയും പുറപ്പെടുന്നതും... സ്വന്തം പേര് പോലെ ഘടികാരവും അവര്‍ക്ക് ഭാരം...
നോക്കൂ മീരാ, മരുഭൂമിയിലെ മഴ കടലിലേതു പോലെ. കാഴ്ച എന്നെ വഞ്ചിക്കുകയോ! അതെന്തുമാകട്ടെ, ഞാന്‍ ഈ നിമിഷം അനുഭവിക്കുന്നത് എന്തോ അത് ഈ നിമിഷത്തെ എന്റെ സത്യമല്ലേ... എങ്കില്‍ ഞാന്‍ നില്‍ക്കുന്നത് കടല്‍ത്തീരത്ത് തന്നെ.
ഇവിടെ കടലോ ആകാശമോ ഇല്ല. മഴ മാത്രമേ ഉള്ളൂ...
മഴയുടെ ആരവത്തെ അഹിംസയെന്നു വായിക്കുന്നു. പ്രണയത്തിനു വിരോധമില്ലെന്ന് അറിഞ്ഞുകൊണ്ട്...
മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയുടെ അഹിംസാ കുറിപ്പുകള്‍ വായിച്ചിട്ടുണ്ട്. അന്നൊക്കെ ഇഷ്ടം സുഭാഷ് ചന്ദ്ര ബോസിനെ. ശത്രുവെ പല്ലും നഖവും കൊണ്ട് ആക്രമിക്കുക എന്നൊരു ചിന്ത വളരുകയും. അതിനെ പ്രണയം വിരോധിച്ചിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല. യുദ്ധങ്ങള്‍ പ്രമേയമായ സിനിമകള്‍ കാണുമ്പോഴൊക്കെ എന്നില്‍ നിന്നും പ്രണയം പറന്നത് അറിഞ്ഞില്ല.
ഇന്ന് എന്തിനാണ് ഞാന്‍ അഹിംസയെ കുറിച്ച് വാചാലനാവുന്നു എന്ന് നീ ചോദിച്ചേക്കാം. എനിക്കതിന് ഉത്തരമില്ല.
പ്രണയം യുദ്ധങ്ങള്‍ക്ക് എതിരെന്നിരിക്കെ എന്തിനാണ് കുറിപ്പില്‍ ആ വിഷയം കടന്നു വന്നതെന്ന് മഴക്കാറ്റും ഞെട്ടലോടെ ചോദിക്കുന്നു.
പ്രണയമേ, ഞാന്‍ തുടരട്ടെ...
ലോകത്തൊരു യുദ്ധവും സമാധാനം കൊണ്ടുവരില്ലെന്ന് യുദ്ധങ്ങളില്‍ നിന്നും പഠിക്കാനാവുന്നു. നാം പഠിക്കാതെ, അനുഭവത്തില്‍ പകര്‍ത്താതെയും... അത്തരം പഠനങ്ങളെ വിരോധിച്ചുകൊണ്ടാണ് കാഴ്ചകളുടെ ലോകം നമ്മുടെ ബുദ്ധിയെ കീഴ്പ്പെടുത്തുന്നത്... അക്കങ്ങളും അക്ഷരങ്ങളും തമ്മിലൊരു യുദ്ധം ഉള്ളത് പോലെ കാഴ്ച അക്ഷരങ്ങളെ തുരത്താന്‍ പണിയെടുക്കുന്നുണ്ട്.. സങ്കടമെന്നു പറയട്ടെ അക്ഷരങ്ങള്‍ തോറ്റു കൊണ്ടിരിക്കുന്നു... എങ്കിലും വെളിച്ചത്തെ വഹിക്കാന്‍ ശക്തിയുള്ള അക്ഷരം ഒരിക്കല്‍ വിജയത്തോടെ മടങ്ങി വരികതന്നെ ചെയ്യും...
ഇറാക്കില്‍ സമാധാനം സ്ഥാപിക്കാന്‍ യുധത്തിനിരങ്ങിയവര്‍ സമാധാനം സ്ഥാപിച്ചുവോ? അഫ്ഘാനിസ്ഥാനില്‍ നിന്നും സോവിയറ്റ് യൂണിയനെ പുറത്താക്കാന്‍ ബിന്‍ ലാദനെ വളര്‍ത്തിയവര്‍ സമാധാനം സ്ഥാപിച്ചുവോ? എന്നിട്ടും ലോകത്ത് എവിടെയും സമാധാനം സ്ഥാപിക്കാന്‍ തങ്ങള്‍ യുധത്തിനിറങ്ങും എന്ന് ചൊല്ലുന്നവരുടെ മുഖം ആരുടെതാണ്? അത് ഹിംസയുടെ മുഖമല്ലേ?
മീരാ നമുക്ക് ഹിംസയോടു ഇണങ്ങാന്‍ ആവില്ല. നമുക്ക് സമാധാനത്തിന്റെ മഴക്കീഴെ നില്‍ക്കാം. നോക്കൂ, കടലിന്റെ ആകാശവും മരുഭൂമിയുടെ ആകാശവും ഒന്നുതന്നെ! ആകാശം സൂക്ഷിച്ച പ്രണയമത്രയും മഴയായി പെയ്യുകയാണ്.
അത് ഹൃദയത്തിന്റെ ചാറ്...
ഇനി ഞാന്‍ കണ്ണടക്കട്ടെ, കാതടക്കട്ടെ.. ഉള്ളില്‍ ആര്‍ദ്രതയുടെ സംഗീതം. ഉള്ളില്‍ മറ്റൊരു മഴ.. നീ തോരാതെ പെയ്യുന്നു..
ഒരിക്കലും മതിവരാതെ, തോര്‍ച്ചയില്ലാതെ പ്രണയം പെയ്തുനില്‍ക്കുന്നു...

1 Responses to ധ്യാനം പെയ്യുന്നു....

  1. kannan is Says:
  2. wooowwwww...... nice sir...

     

Post a Comment

Followers

About The Blog


MK Khareem
Novelist