‘ മണിമുഴക്കത്തില്‍
കവിതയില്ലായിരുന്നുവെങ്കില്‍
അതു കേട്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ വരില്ലായിരുന്നു…’

വീരാന്‍ കുട്ടിയുടെ ‘ചിലതരം കവിതകള്‍ ‘ എന്ന ശീര്‍ഷകത്തില്‍ എഴുതിയ (മാധ്യമം ആഴ്ചപ്പതിപ്പ്, 2010, ഏപ്രില്‍ 26) കവിത തുടങ്ങുന്നത് അങ്ങനെ. കവിതയ്ക്ക് തുടക്കവും ഒടുക്കവും വേണം. അതു പാലിച്ചിട്ടുണ്ട്. അതിനപ്പുറം ഈ കവിക്ക്‌ വായനക്കാരോട് എന്തെങ്കിലും പറയാനുണ്ടോ? ഒന്നുകില്‍ കവി പറയാന്‍ ശ്രമിക്കുന്നു. അതു അക്ഷരങ്ങളിലൂടെ ഹൃദയത്തിലേക്ക് എത്തുന്നില്ല. ഒരു വാദത്തിനു അത് കവിയുടെ തെറ്റല്ല എന്ന് പറഞ്ഞു രക്ഷപ്പെടാം. എങ്കിലും കവിത എന്നാല്‍ ചിലരുടെ ധാരണ ഏതാനും വാക്കുകളുടെ അങ്ങാടി എന്നാണ് . അതിനു അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ മാധ്യമ ലോകത്തിനു അത്തരം സൃഷ്ടികള്‍ മതി എന്ന് വാശി പിടിക്കുമ്പോള്‍ വായനക്കാര്‍ തോല്‍ക്കുകയല്ലാതെ നിവൃത്തിയില്ല. ഗദ്യം , വാചകം മുറിച്ചു താഴേക്കു നിരത്തിയാല്‍ കവിതയാകുമോ? എന്തോ, സാംസ്കാരിക അധിനിവേശകാലകവിതകള്‍ അങ്ങനെ ഒക്കെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ.

സാഹിത്യ നിരൂപണത്തില്‍ ലേഖനം ഉള്‍പ്പെടുത്താമോ? എന്തുകൊണ്ട് ഉള്‍പ്പെടുത്തിക്കൂടാ ? എങ്കിലും മാധ്യമം ആഴ്ചപ്പതിപ്പില്‍ നാല് പേജിലായി നീണ്ടു കിടക്കുന്ന വേണു നാഗവള്ളി എഴുതിയ മറുവാദം എന്ന “പ്രിയപ്പെട്ട അഴീക്കോട് , ലാല്‍ നിങ്ങളുടെ ഇരയല്ല’ എന്നത് ( 2010 ഏപ്രില്‍ 26 ) ലേഖനം എന്ന് എഴുത്തുകാരനോ വാരികയോ അവകാശപ്പെടുന്നില്ല എന്നത് തന്നെ ആശ്വാസം. എങ്കിലും ലേഖനം ആയാലും കവിതയോ കഥയോ ആയാലും അതു വ്യക്തിപൂജക്കോ ചിലരെ സംരക്ഷിക്കുന്നതിനോ വേണ്ടിയാകുമ്പോള്‍ എഴുത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. അക്ഷരം സത്യമായിരിക്കെ, അതേ അക്ഷരത്തെ ചില നുണകള്‍ രേഖപ്പെടുത്താനോ , അനര്‍ഹമായതിനെ മഹത്വവല്‍ക്കരിക്കാനോ ശ്രമിക്കുന്നിടത്ത് കപടത കലരുന്നു. അതുകൊണ്ട് തന്നെ വേണു നാഗവള്ളിയുടെ കുറിപ്പിന്റെ സ്ഥാനം എവിടെയെന്നു എളുപ്പം മനസ്സിലാക്കാനാകുന്നു . സിനിമ എന്നത് മൂപ്പനുസരിച്ചു സാഹിത്യത്തിനു താഴെ ആകുമ്പോള്‍, എന്തിനു നാടകത്തിനു താഴെ പോലും ആകുമ്പോള്‍, ഒരു സിനിമാ നടന്‍ സിനിമയുടെ പക്ഷത്തു നിന്ന് സാഹിത്യ കാരനെ ആക്രമിക്കാന്‍ പാടില്ല എന്ന് നിയമമൊന്നുമില്ല. കേവലം കച്ചവട സിനിമയുടെ ഭാഗമായ ഒരു നടന്‍ ഈയിടെ ആദരണിയനായ സുകുമാര്‍ അഴീക്കോടിനെ ആക്രമിക്കുന്ന രംഗം ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം ചെയ്തു..ഒരു ട്വന്റി ട്വന്റി ക്രിക്കറ്റ് മാച്ചിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമങ്ങള്‍ ആ രംഗം കൊഴുപ്പിച്ചത്. കേരളീയ ജനത ആവോളം അതു ആസ്വദിക്കുകയും ചെയ്തു. സമൂഹത്തില്‍ നിന്നും കേവല ആള്‍കൂട്ടത്തിലേക്കും വ്യക്തികളിലേക്കും ചുരുങ്ങിയ കേരളീയ ജനതയ്ക്ക് അതൊക്കെ ഹരം പകരുന്ന കാഴ്ചയായി. എങ്കിലും ചിലരെങ്കിലും അതിലൊരു അപകട സൂചന ദര്‍ശിച്ചിരിക്കും .

സിനിമ എന്നത് സാമ്രാജ്യത്വ സൃഷ്ടി ആയിരിക്കെ അതേ മാധ്യമം കൊണ്ട് സാമ്രാജ്യത്വത്തെ ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്ത എത്രയോ മഹാരഥന്മാര്‍ ചരിത്രത്തിലുണ്ട്. ഇന്നും സിനിമയെ പലരും സാമൂഹ്യ പരിവര്‍ത്തനത്തിനായി ഉപയോഗിച്ച് പോരുന്നു. എന്നാല്‍ സിംഹഭാഗവും സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായി മാറുന്ന ദീനമായ കാഴ്ചയാണ് ഇന്ന്. വേണു നാഗവള്ളിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക:
‘ ചാനല്‍ വാതിലിലും അഭിമുഖക്കാരന്റെ മുന്നിലും പ്രത്യക്ഷപ്പെട്ടു അഴീക്കോട് മാഷ്‌ ആവര്‍ത്തിക്കുന്ന വാക്കുകള്‍, കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന മൈലേജിനായുള്ള ശ്രമങ്ങള്‍ മാത്രമായി കേരളിയ സമൂഹത്തിനു തോന്നുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്…’
വേണുനാഗവള്ളിയുടെ കണ്ടുപിടുത്തം അത്യുഗ്രന്‍ !

‘ മലയിറങ്ങിയ മഞ്ഞുകരടികള്‍
മണല്‍ കോറിയ കവിള്‍ച്ചുഴിയിലെ
വ്രണം തടവുമൊരമ്മയാമിവള്‍
മലയമൈഥിലിയോ! ‘
കവിത ഇറങ്ങുന്നത് വേപഥു കൊണ്ട ഹൃദയത്തില്‍ നിന്നാകുമ്പോള്‍ അതേ വികാരം വായനക്കാരിലും കൊടുങ്കാറ്റായി മാറുന്നു. മലയാളം വാരികയില്‍ എഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത ( ഒടുവില്‍ ഒരു മൈല്‍പ്പീലി തുമ്പിനാല്‍ ) 2010, ഏപ്രില്‍ 16, നമ്മില്‍ ഹിമ മഴ പെയ്യിക്കുന്നു. പുതിയ കാലത്ത് വാക്കുകള്‍ ഏച്ച് കെട്ടി കവിതാ പ്രപഞ്ചം തീര്‍ക്കുന്ന യുവകവികള്‍ ആ കവിത വായിക്കട്ടെ.

മാതുഭൂമി വാരികയില്‍, (2010, ഏപ്രില്‍ 25,) ചുള്ളിക്കാടിന്റെ ‘ ക്രിയാംശം’ വിജയലക്ഷ്മിയുടെ ‘ നിന്റെ പേര്’ എന്നീ കവിതകള്‍ അടുത്തടുത്ത പുറങ്ങളിലായി കിടക്കുന്നു. അവയ്ക്കും പുതുതായി ഒന്നും പറയാനില്ല.
എഴുത്തുകാര്‍ പതിവ് പോലെ വിമുഖത കാട്ടി ആനുകാലികങ്ങള്‍ കയറി ഇറങ്ങുന്നു. തലമുറകള്‍ മറികടക്കുന്നത് പോകട്ടെ, അടുത്ത ലക്കത്തോളം എത്രയെണ്ണം ജീവിക്കും. മലയാളിക്കിന്നു കമ്പം വിവാദങ്ങളോടാണ് . വിവാദം ഒരു രോഗമാണ്. വിവാദത്തില്‍ നിന്നും ലഭിക്കുന്ന സുഖം ഞരമ്പ്‌രോഗം പോലെ ഒന്ന്. അല്ലെങ്കില്‍ മറ്റൊരാള്‍ വേദനിച്ചു കാണുമ്പോള്‍ ഉണ്ടാകുന്ന സുഖം. . സാഹിത്യം എന്നത് കേവലം സുഖിപ്പിക്കല്‍ എന്ന തലത്തിലേക്ക് ഇറങ്ങുമ്പോള്‍ വേറിട്ട സ്വരത്തിനായി വായനക്കാരില്‍ ചിലരെങ്കിലും കാത്തിരിക്കുന്നു.

എഴുത്ത് എന്നത് പ്രിന്റ്‌ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നീ നിലകളിൽ തിരിഞ്ഞ കാലത്ത് കൂടുതൽ വായനാ സൗകര്യം ലഭിക്കുമെന്നിരിക്കെ എന്തേ ഈ ലോകം ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നു? ഒന്നുകിൽ ശരിയായ വായന നടക്കുന്നില്ല, അല്ലെങ്കിൽ തെറ്റ് വായിക്കാന്‍ പ്രേരിപ്പിക്കുന്നു. മധുരം മലയാളം അക്ഷരങ്ങളുടെ സമരമുഖം തുറക്കുമ്പോൾ ചോദ്യമുണ്ടാകാം, എത്രയോ മാഗസിനുകൾ പ്രിന്റ്‌ മീഡിയയിലും ഇലക്ട്രോണിക് മീഡിയയിലും , അതിനിടയിൽ പച്ച പിടിക്കുമോ എന്ന്. എല്ലാം അക്ഷരങ്ങൾ‍, അവ വാക്കുകളായി പരിണമിക്കുന്നു. ഏതാനും അക്ഷരങ്ങൾ കൊണ്ടുള്ള പലഹാരം ഉണ്ടാക്കൽ‍. അതുതന്നെയാണ് രചനയും. എന്നാൽ പാകപ്പെടുത്തലിൽ മായമുണ്ടോ എന്ന് എത്ര പേര്‍ ചികഞ്ഞു നോക്കുന്നുണ്ട്. അക്ഷരം സത്യമാണെന്നിരിക്കെ അതെ അക്ഷരങ്ങൾ കൊണ്ട് നുണ വച്ച് വിളമ്പുന്ന ലോകം. അത് ആഗോളീകരണം, അല്ലെങ്കിൽ നവകോളനിവൽകരണ കാലത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നു. നുണകളുടെ അങ്ങാടിയിലൂടെ മനുഷ്യരെ ചലിപ്പിച്ചു ഇടുങ്ങിയ ചിന്താഗതിയിലേക്കും, അവിശ്വാസത്തിലേക്കും നയിക്കുന്നു. അവിശ്വാസം എന്ന് പറയുന്നത് അത് ദൈവ നിരാസമോ, മത നിരാസമോ അല്ല. അയൽക്കാരനെ, സ്വന്തം സഹോദരനെ പോലും അവിശ്വസിക്കാന്‍ പ്രാപ്തരാക്കുകയാണ് നവകോളനി സൈദ്ധാന്തികർ‍. അങ്ങനെ ഒരു അവിശ്വാസത്തിലൂടെ കൊണ്ടുപോയി ഭയം എന്ന വ്യാധിയിലേക്ക് എറിയുന്നു.ഇവിടെയാണ് കലഹവും കലാപവും ഉണ്ടാക്കപ്പെടുന്നത് . അത് തന്നെയാണ് സാമ്രാജ്യത്വ ശക്തികൾ ലക്ഷ്യമിടുന്നത്. ഏതൊരു അശാന്തിക്കും യുദ്ധത്തിനും കാരണം നുണയുടെ പ്രചാരണമാണ്. എതൊരു യുദ്ധത്തിലേക്കും നയിക്കുന്നതും അതേ നുണകൾ‍. ഇവിടെയാണ്‌ മധുരം മലയാളം മാഗസിന്റെ പ്രസക്തി. നമുക്ക് നഷ്ടമായ നന്മയെ വീണ്ടെടുക്കുക. ഇരുട്ട് നീക്കി വെളിച്ചത്തെ പുണരുക. എല്ലാ തരം വർഗീയതക്കും ഭീകരതക്കും വിഭാഗീയതക്കും ഫാസിസത്തിനും മത മൌലീക വാദത്തിനും സാമ്രാജ്യത്വത്തിനും എതിരെ പുതിയൊരു സമര മുഖം തുറന്നുകൊണ്ട് …

ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളാണ്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം സമാധാനം എന്നായിരിക്കെ അതെ സമാധാനം ഉണ്ടാക്കാന്‍ യുദ്ധം ചെയ്യണമെന്നു പറയുന്നതിന്റെ പൊരുളെന്ത്‌ ? എക്കാലത്തും ഏറ്റവും വികലമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള പദമാണ് ജിഹാദ് എന്നത്. ജിഹാദ് എന്നതിന് യുദ്ധം, വിശുദ്ധ യുദ്ധം എന്നെല്ലാം അര്‍ഥം ഉണ്ടായിരിക്കെ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ പലരും വിഴുങ്ങുകയോ മറച്ചു വയ്ക്കുകയോ ആണ്. ബദര്‍ യുദ്ധമാണ് ഇസ്ലാമിലെ ഏറ്റവും വലിയ യുദ്ധമായി പ്രവാചക കാലത്ത് രേഖപ്പെടുത്തുന്നത്. അത് തന്നെ രാജ്യം പിടിച്ചെടുക്കുന്നതിനോ സമ്പൂര്‍ണ ഇസ്ലാം സംസ്ഥാപനത്തിനോ അല്ല. ഇസ്ലാമിന്റെ പ്രഥമ മുദ്രാവാക്യമായ ' ളാ ഇലാഹ ഇല്ലല്ല ' എന്നുച്ചരിക്കാന്‍ , നമസ്കരിക്കാന്‍ അനുവദിക്കാതിരുന്നവര്‍ക്ക് എതിരെ ആയിരുന്നു. അങ്ങനെ ഒരു സ്ഥിതി ഇന്ന് ലോകത്ത് എവിടെയുമില്ല എന്നോര്‍ക്കേണ്ടതുണ്ട്. ആ യുദ്ധം കഴിഞ്ഞു ആഹ്ലാദ ചിത്തരായ അനുയായികളോട് പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . ' ഏറ്റവും വലിയ യുദ്ധം വരാനിരിക്കുന്നതെയുള്ളൂ ...' അത് കേള്‍ക്കെ അനുയായികള്‍ അമ്പരന്നു, ഇനിയും യുദ്ധമോ? പ്രവാചകന്‍ തുടര്‍ന്നു :' അവനവനോടുള്ള യുദ്ധം. സ്വന്തം ഉടലിന്റെ ആഗ്രഹാത്തോടുള്ള യുദ്ധം...' എന്നാല്‍ അങ്ങനെയൊരു യുദ്ധം ഉള്ളതായി പോലും നടിക്കാതെ ലോകം മുഴുവന്‍ ഇസ്ലാമീകരിക്കാന്‍ ഇറങ്ങി തിരിക്കുന്നവരെ നാം എന്താണ് വിളിക്കേണ്ടത്? അത്തരക്കാരുടെ കൈകളിലാണ് ഇസ്ലാം അപകടപ്പെടുന്നത്. അവരില്‍ നിന്നുമാണ് ഇസ്ലാമിനെ രക്ഷിക്കേണ്ടത്.

പുതിയ കാലത്ത് ആരാധനാലയങ്ങളെ ഗൂഡാലോചന കേന്ദ്രങ്ങള്‍ എന്ന് വിളിക്കാം. പരാശക്തിയെ വീതം വച്ചു ഒരു തുണ്ടുമായി മേശക്കു ചുറ്റും ഇരിക്കുന്നു. അവര്‍ പ്രാര്‍ഥിക്കുകയല്ല തന്റെ ഈശ്വരനും മതവും മാത്രം വിജയിക്കണമെന്നും ഇതര മതങ്ങളും അവയിലുള്ള ഈശ്വരനും പരാജയപ്പെടനമെന്നും വാശി പിടിക്കുന്നു. രാഷ്ട്രീയത്തിന് ക്യാന്‍സര്‍ ബാധിച്ചത് പോലെ മതങ്ങള്‍ക്കും ക്യാന്‍സര്‍ . എഴുത്തുകാരില്‍ പലരും ചേരി തിരഞ്ഞു പോരടിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച മതങ്ങളിലെ ഈശ്വരനും അതേ രോഗത്താല്‍ പുഴുത്തു നാറുന്നു.
ഈ ലോകത്ത് പരാജയപ്പെട്ടവര്‍ സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരും ഈശ്വരനും മാത്രം. മതങ്ങളും രാഷ്ട്രീയങ്ങളും അവയുടെ കൈക്കാരും വിജയിച്ചിരിക്കുന്നു. ആരാധനാലയങ്ങളിലാവട്ടെ, രാഷ്ട്രീയ കക്ഷികളുടെ പ്ലാറ്റ് ഫോമുകളില്‍ ആകട്ടെ മൈക്കുകള്‍ തുപ്പുന്നത് വിഷമാണ്.
ഞാന്‍ കാണുന്നു, തടവില്‍ തീട്ടത്തിലും മൂത്രത്തിലും കിടന്നു നിലവിളിക്കുന്ന ഈശ്വരനെ. അതിനെ ഈശ്വരനെന്നും ദൈവമെന്നും പരാശക്തി എന്നും അല്ലാഹു എന്നുമൊക്കെ വിളിക്കുന്നവരേ, ഹൃദയം ശുദ്ധീകരിക്കുക, ഈശ്വരനെ കഴുകുക, ആ തടവില്‍ നിന്നും മോചിപ്പിക്കുക. ഭൂമിയില്‍ വെട്ടം പരക്കട്ടെ....എന്റെ വായന തുടങ്ങുന്നത് എവിടെയാണ്? അച്ചടിയുടെ മണം എന്നില്‍ പെരുത്തത് മാതൃഭൂമി പത്രത്തിന്റെ താളുകളിലാണ്, അഞ്ചാം വയസ്സില്‍. അതിനു മുമ്പും അക്ഷരങ്ങളില്ലാത്ത താളുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. സിനിമയുടെ ഫ്രെയ്മുകള്‍ എന്ന പോലെ നിരന്ന ആള്‍ക്കൂട്ടം. വായില്‍ വെള്ളി കരണ്ടിയുമായി പിറന്നു വീണ പയ്യന്‍ പിന്നീട് ദാരിദ്ര്യത്തിന്റെ ക്രൂര ഹസ്തങ്ങളില്‍ വീണിടത്തു മറ്റൊരു വായന തുടങ്ങുകയായിരുന്നു. കണ്ടതും കേട്ടതും മനസ്സില്‍ അടക്കി വച്ച് പുനര്‍ വായനയില്‍... ദാരിദ്ര്യത്തിന്റെ പുറമ്പോക്കില്‍ വീണ ഞാന്‍ അവഗണയുടെ തുരുത്ത്. അതിനു മുമ്പ് അങ്ങനെ അല്ലായിരുന്നല്ലോ. എന്നോടുള്ള ആളുകളുടെ മനോഭാവം മാറിയിരിക്കുന്നു. എന്റെ ചിന്തകള്‍ പള്ളിപ്പറമ്പിലെ ഖബറുകളില്‍ ചുറ്റി തിരിഞ്ഞത്. അതിനകത്തെ മയ്യത്തുകളെ ഓര്‍ത്തത് . പള്ളിയില്‍ നിന്നും ബാങ്ക് മുഴങ്ങുമ്പോള്‍ ഞാനോര്‍ത്തത് മനുഷ്യന്‍ ഒന്നായിട്ടും പലതായി മാറുന്നതെന്തേ? ഒരേ നിസ്കാരപായയില്‍ ഒരേ ദിശയിലേക്കു തിരിഞ്ഞു നിസ്കരിക്കുന്ന ദരിദ്രനും കുബെരനും. ഒരേ അല്ലാഹുവിനെ വിളിക്കുമ്പോഴും നിസ്കാര പായക്ക്‌ പുറത്തു തങ്ങള്‍ പലത്. എവിടെയും ദര്‍ശിച്ച അസമത്വങ്ങള്‍. നൊച്ചി പടര്‍പ്പില്‍ കലമ്പിയ റൂഹാനി കിളികളോട് ചോദിച്ചു, ഞാന്‍ ആരാണ്? റൂഹാനി കിളികള്‍ക്ക് ജാതി മതമില്ല, സാമ്പത്തിക അസമത്വങ്ങള്‍ ഇല്ല. പക്ഷെ മനുഷ്യര്‍ക്ക്‌?! ഓത്തുപള്ളിയില്‍, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങി മൊല്ലാക്കയുടെ മുഖത്തു പുസ്തകം വലിച്ചെറിഞ്ഞ പയ്യന്‍ ‍. കുറ്റം ചെയ്തവര്‍ കുബേര കുടുംബങ്ങളിലെ കുട്ടികള്‍, അതറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച് എന്നെ എതിരിട്ട മൊല്ലാക്ക. ഉള്ളാലെ കയര്‍ത്തു, ലോകത്തെ ശപിച്ചു പടിയിറങ്ങുമ്പോള്‍ ലോകത്തോട്‌ ശരികള്‍ വിളിച്ചു പറയാനുള്ള ആവേശം. കാണുന്നതെല്ലാം നുണ, വായിക്കുന്നതെല്ലാം നുണ. ലോകം നുണകളുടെ ഒരു തുരുത്തായി മാറുകയായിരുന്നു. ബഷീറിന്റെ 'അനല്‍ ഹഖ്' വായിക്കേ സൂഫികളെ അറിയണം എന്നായി. അയല്‍ നാടുകളിലേക്ക് താളം കൊട്ടിയ തീവണ്ടിയില്‍ സഞ്ചാരത്തിന്റെ സ്വപ്ന വേഗം വലിച്ചു കൊണ്ടുപോയി.
എന്റെ ചിന്തയുടെ ഏതു കാഴ്ച്ചകളിലാണ് കെ.ദാമോദരന്റെ ഭാരതിയ ചിന്ത അടയാളപ്പെടുത്തിയത്. ബഷീറിയന്‍ കഥാ പാത്രങ്ങളിലൊന്ന് സൂഫിസത്തെ കുറിച്ചുള്ള ബോധം വാരിയിട്ടപ്പോള്‍ സൂഫിസം എന്തെന്ന് അറിയാനുള്ള പരക്കം പാച്ചിലില്‍ ആയിരുന്നു ഞാന്‍ . ആത്മീയ പുസ്തകങ്ങളില്‍ സൂഫിയെ കണ്ടില്ല. യാത്രക്കിടയില്‍ ഞാനറിഞ്ഞു ബഷീറിന്റെ അനല്‍ഹക്ക് സൂഫിസമല്ല. അത് സൂഫിസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആയി തോന്നിച്ചു. മുഷിഞ്ഞു നാറുന്ന വൃദ്ധ വേഷങ്ങളില്‍ സൂഫികള്‍ ഉണ്ടെന്നു കരുതിയത്‌, അവരെ പിന്തുടര്‍ന്നത്‌... ഞാന്‍ തൊട്ട കൃതികള്‍. ചിന്തക്ക് തീ പിടിക്കുക എന്നാണു സൂഫിസം എന്ന്, കല്പ്പൊടി പുരണ്ട വസ്ത്രമണിഞ്ഞു ഭ്രാന്തനെ പോലെ എറണാകുളം എം.ജി.റോഡിന്റെ അരികില്‍ ഇരുന്ന കിഴവന്‍ . അയാള്‍ നഗരത്തിലെ സ്ഥിരം വേഷമാണ്. എവിടേക്കും പോകാനില്ലാതെ ശിഷ്ടം വന്ന ആയുസ് അവിടെ ജീവിച്ചു തീര്‍ക്കാന്‍ ‍. അയാളെ കാണുന്നത് തന്നെ ആശ്വാസം. ഒരിക്കല്‍ സൂഫികളെ കുറിച്ച് വാചാലമായപ്പോള്‍ അയാള്‍ പറഞ്ഞു : ' അവരെ എവിടെയും അന്വേഷിക്കണ്ട, നിന്റെ ഉള്ളില്‍ തന്നെ തിരയൂ...' തുടര്‍ന്ന് ആ മുഷിഞ്ഞ സഞ്ചിയില്‍ നിന്നും ചുവന്ന ചട്ടയുള്ള പുസ്തകം എടുത്തു നീട്ടി: 'വായിക്കൂ..' നിധി കിട്ടിയ പോലെ ഞാനത് എറ്റു വാങ്ങി. അന്ന് അത്തരം ഒരു പുസ്തകം വാങ്ങാനുള്ള ശേഷി എനിക്കില്ലായിരുന്നു. കേരള ഭാഷ ഇന്‍സ്റ്റിട്ട്യൂട്ട് ഇറക്കിയ കാണാന്‍ ചന്തമില്ലാത്ത പുസ്തകം. മറിച്ചുനോക്കുമ്പോള്‍ തോന്നി ‌എന്നില്‍ എന്തെല്ലാമോ നിറയുന്നതായി. ഭാഷ നമ്മില്‍ കലരുന്നത് അത് ഹൃദയത്തില്‍ നിന്നും ആകുമ്പോഴാണ്. ഇവിടെ കെ.ദാമോദരന്‍ എഴുതിയിരിക്കുന്നത് ഹൃദയം കൊണ്ടാണ്. അതുകൊണ്ട് തന്നെ നമ്മില്‍ അത് ആഴത്തില്‍ വേരോടുന്നു.
താളുകള്‍ മറിയുമ്പോള്‍ ഒരു സൂഫി ഗാനത്തിന്റെ വിടരല്‍ വെളിവായി. ആഗോളീകരണം, വര്‍ഗീയത, മത മൌലീകത, മത ഭ്രാന്തെന്നോ ഇനിയും പെരിടാനാവാത്ത മറ്റെന്തൊക്കെയോ ഭ്രാന്തുമായി നടക്കുന്ന വര്‍ക്ക് വെളിച്ചമാണ് ഭാരതിയ ചിന്ത, ഇന്ന് നിലവിലുള്ള പത്തു ക്ലാസിക്കുകളില്‍ ഒന്നായി അടയാളപ്പെടുത്താവുന്ന പുസ്തകം ആയിട്ടുകൂടി ഭാരതീയ ചിന്ത എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല, അല്ലെങ്കില്‍ എന്തുകൊണ്ട് വാഴ്ത്തപ്പെട്ടില്ല എന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. എനിക്ക് തോന്നുന്നു അത് എഴുതിയത് കെ.ദാമോദരന്‍ ആയതുകൊണ്ടാണ്‌ എന്ന്. കൂടെ നിന്നവരോ, പിന്മുറക്കാരോ കെ.ദാമോദരനെ ഉയര്‍ത്തി കാട്ടാന്‍ മിനക്കെട്ടില്ല. അതിലൊരു ചതി ദര്‍ശിക്കാവുന്നത് ഒന്ന് കെ.ദാമോദരന്‍ എന്ന ആള്‍ ഒരു സവര്‍ണ കുടുംബത്തില്‍ അല്ല ജനിച്ചത്‌ എന്ന് തന്നെയാണ്. ഇവിടെ ഇ.എം.എസിനോടൊപ്പമോ അതിലും ഉയരെയോ ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യക്തിയായിട്ടു കൂടി, അതേ രാഷ്ട്രീയത്തില്‍ പെട്ടവര്‍ പോലും കെ.ദാമോദരനെ പിറകോട്ടു തള്ളാന്‍ ശ്രമിച്ചതിന്റെ ദീനമായ കാഴ്ച .താളുകള്‍ മറിക്കുമ്പോള്‍ ആ ബോധം, മതങ്ങളില്‍ മാത്രമല്ല ജാതികളും സാമ്പത്തിക അസമത്വങ്ങളും രാഷ്ട്രീയത്തിലുമുണ്ട് . അല്ലെങ്കില്‍ അസമത്വം ഒരു രാഷ്ട്രീയമാണ്. മതേതര പാര്‍ട്ടിയിലും വിപ്ലവ പാര്‍ട്ടിയിലും വര്‍ഗീയ ഫാസിസ്റ്റ് പാര്‍ടിയിലും ജാതികളുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ ഇകഴ്ത്തലുണ്ട്. എന്തിനു സെമിടിക് മതങ്ങളായ ഇസ്ലാമിലും ക്രിസ്ത്യനിലും ജാതികളുണ്ട്‌.
കേവലമായ ദാര്‍ശനിക തലം വിട്ടു ദാര്‍ശനിക ചിന്തയുടെ വളര്‍ച്ചയെ സാമൂഹ്യ സാമ്പത്തിക പരിസരത്തു നിന്നുകൊണ്ട് കെ.ദാമോദരന്‍ വിശകലനം ചെയ്യുന്നു. മാര്‍ക്സിസ്റ്റ്‌ സമീപനം ആകുമ്പോള്‍ പോലും യാന്ത്രികതയുടെ തലത്തില്‍ നിന്നകന്നു കൊണ്ടുള്ള സഞ്ചാരം , അതായത് ഭൌതികതയുടെ തലത്തില്‍ മാത്രം ഒതുങ്ങാതെ ആത്മീയത ഉള്‍കൊണ്ടുകൊണ്ട് രചന നിര്‍വഹിച്ചിരിക്കുന്നു. ഇവിടെ കെ.ദാമോദരനിലെ സൂഫി വെളിവാകുന്നുണ്ട്‌. സൂഫി എന്ന് പറയുമ്പോള്‍ അത് ഏതെങ്കിലും ഒരു മതത്തിന്റെ വക്താവ് അല്ലെന്നോര്‍ക്കണം. എന്റെ സൂഫി ചിന്തക്ക് പരിവര്‍ത്തനം നല്‍കിയത് ഈ കൃതിയാണ്. ഏറ്റവും വലിയ നാസ്തികനും സൂഫി ആകാം എന്ന് എന്നെ പഠിപ്പിച്ചതും. സൂഫിസം എന്നത് ഒരു ചിന്താ ധാരയാണ്. ഒരാള്‍ ഈശ്വരനെ അന്വേഷിക്കുമ്പോള്‍ മറ്റൊരാള്‍ ഭൌതികതയെ പരിവര്‍ത്തനത്തിന് വിധേയം ആക്കാനുള്ള ബിന്ദുവെ തേടുന്നു. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ കാള്‍ മാര്‍ക്സ് പോലും സൂഫിയാണ്.
സൂഫി എന്ന് പറയുമ്പോള്‍ അതില്‍ ഇസ്ലാമിന്റെ നിഴല്‍ കണ്ടെത്തുന്നവര്‍ അറിയാതെ പോകുന്നത് യോഗി തന്നെയാണ് സൂഫി എന്നത്. അവിടെ ഭാഷകളാണ് ഒന്നിനെ രണ്ടാക്കുന്നത്. ഇവിടെ ഭാരതിയ ചിന്തയുടെ വികാസത്തില്‍ ഹിന്ദു മതം മാത്രമല്ല ഇസ്ലാമും ക്രിസ്തു മതവും വഹിച്ചിട്ടുള്ള പങ്കിനെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നു. ഇവിടെയാണ്‌ സവര്‍ണ മേധാവിത്തത്തിനു കല്ലുകടി ഉണ്ടാകുന്നതെന്ന് വ്യക്തം. ഇസ്ലാമിനെയും ക്രിസ്തു മതത്തെയും കടന്നു കയറ്റ മതമായി ചിത്രീകരിച്ചു പഴയ ഇരുണ്ട യുഗത്തിലേക്ക് കൊണ്ട് പോകാനുള്ള ഫാസിസ്റ്റ് തന്ത്രത്തിന്റെ കടക്കല്‍ കോടാലി വയ്ക്കുന്നതാണ് ഈ പുസ്തകം. അതുപോലെ സര്‍വവും തങ്ങളുടെ കീഴില്‍ ഒതുക്കാന്‍ വെമ്പുന്ന സവര്‍ണ ചിന്താ ധാരയെ മറികടക്കുകയാണ് കെ.ദാമോദരന്‍ . അവിടെയാണ് കെ.ദാമോദരന്‍ സവര്‍ണര്‍ക്കു അനഭിമതന്‍ ആകുന്നതും. നവ മാര്‍ക്സിസ്റ്റു വരേണ്യ വര്‍ഗത്തിന് രുചിക്കാത്തതും...
നാല്പത്തിനാല് അധ്യായങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥം ഭാരതത്തിന്റെ ആത്മാവ് എന്തെന്ന് പഠിപ്പിക്കുന്നുണ്ട്. തൊള്ളായിരത്തി രണ്ടില്‍ ബാബറി പള്ളിയുടെ താഴികകുടം പൊളിഞ്ഞു വീഴുമ്പോള്‍ ഞാന്‍ സൗദി അറേബ്യയില്‍ ആയിരുന്നു. അവിടെ വച്ച് മറിച്ചു നോക്കിയത് ഭാരതിയ ചിന്തയും. ആ ഇരുണ്ട, ഇപ്പോള്‍ തുടരുന്നതുമായ അന്തരീക്ഷത്തില്‍ ഭാരതിയ ചിന്തയുടെ പ്രസക്തി വളരെ വലുതാണ്‌. ഈ പുസ്തകത്തിന്റെ വെളിച്ചത്തില്‍ ഒന്നുറപ്പ്, അത് അധികാരം മാത്രം ലക്‌ഷ്യം വച്ചുള്ള കളിയാണ്. അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ സര്‍വരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം അനുഭവിച്ചു. തീ കെടുത്താന്‍ നോക്കേണ്ടതിനു പകരം, തീ കെടുത്താന്‍ ശ്രമിക്കുന്നു എന്ന വ്യാജേനെ കഴുക്കോല്‍ ഊരി എന്ന് തന്നെ. അപ്പോള്‍ എന്റെയുള്ളില്‍ തുടരെ കലമ്പിയ ചോദ്യങ്ങള്‍,എന്തിന്, എന്തിന്? ഒരു പള്ളി പൊളിക്കുക, അമ്പലം പണിയുക. അല്ലെങ്കില്‍ പള്ളി അമ്പലത്തിനായി വിട്ടു കൊടുക്കാതിരിക്കുക. ഒരു രാജ്യത്തെ ജനത അങ്ങനെ രണ്ടായി തിരിഞ്ഞു പൊരുതുമ്പോള്‍, രണ്ടു മതങ്ങളുടെയും ഉല്‍ബോധനം ധര്‍മം ആയിരുന്നിട്ടും അത് പുലരെണ്ടിടത്തു കാടത്തം വാഴുന്നു. ഞാനപ്പോള്‍ ആകുലപ്പെട്ടിരുന്നു എന്തുകൊണ്ട് ഭാരതിയ ചിന്ത എന്ന പുസ്തകം ജനങ്ങളുടെ കയ്യില്‍ എത്തുന്നില്ല എന്ന്. അതുവഴി വെട്ടം ലഭിക്കുമായിരുന്നിട്ടുകൂടി.
രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗ്രന്ഥത്തിന്റെ ഇരുപത്തെട്ടാം അദ്ധ്യായം മുതല്‍ ആധുനികതയെ പറ്റിയുള്ള പഠനം കൊണ്ട് തിളങ്ങുന്നു.
ഇക്കാലത്ത് ഏറ്റവും വെളിച്ചം പകരുന്ന ചിന്തയാണ് സ്വാമി വിവേകാനന്ദനെ അവതരിപ്പിച്ചുകൊണ്ട് കെ. ദാമോദരന്‍ പങ്കു വയ്ക്കുന്നത് :'ബ്രഹ്മം എകമാണ്. പക്ഷെ ആപേക്ഷിക തലത്തില്‍ അത് നമുക്ക് അനേകമായി അനുഭവപ്പെടുന്നു. നാമ രൂപങ്ങളാണ് ഈ ആപേക്ഷികതയുടെ അടിയിലുള്ളത്. ഉദാഹരണത്തിന്, മണ്‍ കുടത്തിന്റെ നാമവും രൂപവും നീക്കം ചെയ്താല്‍, പിന്നെ നിങ്ങള്‍ കാണുന്നത് എന്താണ്? വെറും മണ്ണ്. അതാണ്‌ കുടത്തിന്റെ സത്ത്. ഇതുപോലെ തന്നെയാണ് നിങ്ങള്‍ ഭ്രമം കാരണം കുടം, വസ്ത്രം, സന്യാസി മഠം മുതലായവ കാണുകയും അവയെ പറ്റി ചിന്തിക്കുകയും ചെയ്യുന്നത്. ജ്ഞാനത്തെ തടഞ്ഞു നിര്‍ത്തുന്ന അവിദ്യയെ ആശ്രയിച്ചാണ് വ്യാവഹാരിക ലോകം നിലനില്‍ക്കുന്നത്. അതിനു യഥാര്‍ത്ഥമായ നിലനില്‍പ്പില്ല. അവിദ്യ നാമ രൂപങ്ങളിലൂടെ സൃഷ്‌ടിച്ച ലോകത്തില്‍ മാത്രമേ ഭാര്യ, കുട്ടികള്‍, ശരീരം, മനസ്സ് തുടങ്ങിയ വൈവിധ്യങ്ങള്‍ കാണപ്പെടുകയുള്ളൂ. ഈ അവിദ്യയെ നീക്കം ചെയ്താല്‍ അനാദിയായ ബ്രഹ്മത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഫലം.' ( വേദാന്തത്തിന്റെ അര്‍ഥം, പേജ് 508)
ഒരാള്‍ ബ്രഹ്മത്തെ അറിഞ്ഞാല്‍ പിന്നെ സര്‍വവും ഒന്ന്. ബ്രഹ്മത്തെ അറിയണമെങ്കില്‍ ആദ്യം സ്വയം അറിയുക. ഞാന്‍ ഏറ്റവും അശാന്തമായ നേരത്ത് മരുഭൂമിയിലൂടെ നടന്നു. പലപ്പോഴായി കണ്ടു മുട്ടിയ ആ ഒട്ടക സഞ്ചാരിയെ തേടുകയായിരുന്നു. അയാള്‍ എവിടെ നിന്നും വരുന്നു എവിടേക്ക് പോകുന്നു എന്ന് എനിക്ക് നിശ്ചയമില്ല. ഒരിക്കല്‍ അതെ കുറിച്ച് ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ' ഞാന്‍ പോയി കൊണ്ടിരിക്കുന്നു. എന്റെ സഞ്ചാരം എന്നെ അഴുക്കില്‍ നിന്നും മുക്തമാക്കുന്നു. ' അദ്ദേഹത്തിന്റെ പേര് എന്തെന്ന് എനിക്കറിയില്ല. ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി : ' ഞാന്‍ എന്നെ അറിയുന്നിടത്തു അല്ലാഹുവിനെ അറിയുന്നു. പിന്നെ ഞാന്‍ അല്ലാഹുവാണ്..." അത് തന്നെയല്ലേ അദ്വയിതവും . പക്ഷെ നമുക്കത് വഴങ്ങുന്നില്ല. നാം അജ്ഞതയില്‍ ആണ്ടു പോയിരിക്കുന്നു.
നാം അക്ഷരങ്ങളെ വിരോധിക്കുന്നു. ആ സഞ്ചാരത്തിലേക്ക് എളുപ്പം ഊളിയിട്ടിറങ്ങാന്‍ സഹായമായത് ഭാരതിയ ചിന്തയാണ്. കാരണം കെ.ദാമോദരന്‍ ആ രചനയില്‍ ഏര്‍പ്പെട്ടത് നുണയുടെ പരിസരത്ത്‌ ഇരുന്നല്ല എന്നതുകൊണ്ട്‌ തന്നെ. ചരിത്ര രചയിതാക്കളില്‍ ഏറിയ കൂറും ഒരുതരം പാദസേവകരായി മാറുന്നിടത്തു കെ.ദാമോദരനെ മാറ്റി നിര്‍ത്തുന്നത് ജാതി മതങ്ങള്‍ക്കോ കക്ഷി രാഷ്ട്രീയങ്ങള്‍ക്കോ അതീതമായി രചനയില്‍ ഏര്‍പ്പെട്ടു എന്നതാണ്. അങ്ങനെയുള്ള രചനകളില്‍ നിന്നേ വെട്ടത്തിന്റെ പാത വെളിവാകൂ. അതേ പാതയിലാണ് മനസ്ഥിതി മാറുന്നതും വ്യവസ്ഥിതി തകിടം മറിയുന്നതും.
മുസ്ലീം മത പണ്ഡിതന്മാര്‍ 'ശരി അത്ത്' നിയമത്തിനു നല്കുന്ന വ്യാഖ്യാനങ്ങള്‍ ഇസ്ലാമിന്റെ അന്ത സത്തക്കു എതിരെന്ന് സൂഫികള്‍ വാദിച്ചു. ഇസ്ലാമിന്റെ യാഥാസ്ഥിതിക പുരോഹിതന്മാര്‍ ഇസ്ലാമിന്റെ അന്തസത്തക്ക് എതിരെന്നും സൂഫികള്‍ പ്രഖ്യാപിച്ചു. ഇസ്ലാമിന്റെ യാഥാസ്ഥിതിക പുരോഹിതന്മാര്‍ ഖുര്‍ ആന്റെയും ഹദീസിന്റെയും ഓപചാരികതയിലുള്ള പഠനത്തിനും തീര്‍ഥ യാത്രകള്‍, വ്രതങ്ങള്‍ മുതലായവക്കുമാണ് പ്രാധാന്യം കല്‍പ്പിച്ചത്. സൂഫികളാകട്ടെ, ആന്തരികമായ അച്ചടക്കത്തിന്റെയും ഹൃദയ വിശുദ്ധിയുടെയും ധാര്‍മികമായ ജീവിത രീതിയുടെയും ആവശ്യകതയിലാണ് ഊന്നിയത്. ദൈവവുമായി സാത്മ്യം പ്രാപിക്കുന്നതിന് പുരോഹിതന്മാരുടെ വിലക്കുകളും നിരോധനങ്ങളും ആവശ്യമില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. സൂഫികളുടെ അഭിപ്രായത്തില്‍ നിസ്വാര്‍ത്ഥരും ആത്മീയമായി പരിപൂര്‍ണരുമായ ആളുകള്‍ക്ക് മാത്രമേ ' ദൈവികമായ അന്തസത്ത ' പ്രതിഫലിപ്പിക്കാന്‍ കഴിയൂ. ഇത് സ്നേഹത്തിലൂടെ മാത്രമേ സാധ്യമാവൂ. സ്നേഹവും സാഹോദര്യവുമാണ് ദൈവത്തിലേക്കുള്ള വഴി. ഇങ്ങനെ ആത്മീയമായ ഔന്നത്യത്തില്‍ അനുഭവപ്പെടുന്ന ഉല്‍ക്കടമായ ദൈവിക ബോധമാണ് സൂഫി വാദത്തിന്റെ അന്തസത്ത.തങ്ങളുടെ യുക്തിക്ക് അനുസൃതമല്ലാത്ത ഗൂഡാര്‍ഥ വാദത്തിനു തത്വ ചിന്താപരമായ വിശദീകരണം കണ്ടെത്തുന്നതിനുള്ള ശ്രമത്തില്‍ സൂഫികള്‍ പലപ്പോഴും ഉപനിഷത്തുക്കളിലെയും വേദാന്തത്തിലെയും ഉല്‍ബോധനങ്ങളെ ഉപയോഗപ്പെടുത്തി. തങ്ങളുടെ ആശയങ്ങള്‍ വേദാന്തത്തിന്റെ ആശയങ്ങളുമായി സാമ്യമുള്ളതാണെന്നു അവരില്‍ പലരും പരസ്യമായി തന്നെ സമ്മതിക്കുകയുണ്ടായി . ഉദാഹരണത്തിന്, അക്ബറിന്റെ പൌത്രനായ ദാരാഷിക്കോ രാജകുമാരന്‍ ' മജമഊല്‍ - ബഹറയി ' നിന്റെ മുഖവുരയില്‍ സൂഫികളുടെ അദ്വൈതവാദവും വേദാന്തികളുടെ അദ്വൈത വാദവും തമ്മിലുള്ള വ്യത്യാസം വെറും വാക്കുകളിലുള്ള വ്യത്യാസം മാത്രമാണെന്ന് ചൂണ്ടി കാണിച്ചു.
അമ്പത്തിരണ്ടു ഉപനിഷത്തുക്കളുടെ പേര്‍ഷ്യന്‍ വിവര്‍ത്തനങ്ങള്‍ അടങ്ങിയ സര്‍-ഇ-അക്ബറില്‍ അദ്ദേഹം ഖുര്‍ ആന്‍ ഉപനിഷത്തുക്കളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു പോലും പ്രഖ്യാപിക്കുകയുണ്ടായി. ഇസ്ലാമിന്റെ അന്തസത്തയും ഉപനിഷത്തുക്കളുടെ അന്തസത്തയും ഒന്നുതന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ' എവിടെയും ദൈവമല്ലാതെ മറ്റൊന്നുമില്ല', അദ്ദേഹം പ്രഖ്യാപിച്ചു: അല്ലയോ ദൈവാന്വേഷികളെ, നിങ്ങള്‍ എല്ലായിടത്തും ദൈവത്തെ അന്വേഷിച്ചു നടക്കുന്നു. പക്ഷെ യഥാര്‍ഥത്തില്‍ നിങ്ങള്‍ തന്നെയാണ് ദൈവം. നിങ്ങളില്‍ നിന്നും വേറിട്ടൊരു ദൈവമില്ല.' (page 420, 421)
വിഭാഗീയതയുടെ വക്താക്കള്‍ എന്ന തലക്കെട്ടില്‍ ( പേജ് 658) എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. " പിന്തിരിപ്പന്‍ സ്ഥാപിത താല്പര്യക്കാര്‍ക്ക് ജനങ്ങളുടെ മനസിനെ സ്വാധീനിക്കാനുള്ള കഴിവ് ഇപ്പോഴും നശിച്ചിട്ടില്ല. ജനങ്ങളുടെ അസംതൃപ്തിയും നിസ്സഹായതാ ബോധത്തെയും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി കൊണ്ട് അവര്‍ ശിഥിലീകരണ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭാഗീയതകള്‍ക്കും മത്സരങ്ങള്‍ക്കും പ്രചോദനം നല്‍കുകയും ചെയ്യുന്നു. സാമുദായിക സംഘടനകളും മത സ്ഥാപനങ്ങളും സന്യാസി മഠങ്ങളും മത നിരപെക്ഷത്വത്തിന്റെ അടിസ്ഥാനത്തിലുള്ള യഥാര്‍ത്ഥ ജനാധിപത്യത്തെയും ദേശീയായിക്യത്തെയും തുരങ്കം വയ്ക്കുകയും പുതിയൊരു സാമൂഹ്യ സാമ്പത്തിക വ്യവസ്ഥക്ക് വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. ആയിരക്കണക്കിലുള്ള പുരോഹിതരും വിവിധ ചിന്താഗതിക്കാരായ സന്യാസിമാരും ഭൂതകാലത്തിലേക്ക് മടങ്ങി പോകാന്‍ ജനതയെ ഉല്‍ബോധിപ്പിക്കുന്നു. അവര്‍ ഇന്ത്യയുടെ മതപരവും ദാര്‍ശനികവും സാംസ്കാരികവുമായ പാരമ്പര്യങ്ങളിലെ പിന്തിരിപ്പന്‍ വശങ്ങളെ പിന്താങ്ങുകയും പുരോഗമന പ്രവണതകളെ നിഷേധിക്കുകയും ചെയ്യുന്നു. ആധുനിക ചിന്താഗതിയുമായി പൊരുത്തപ്പെടാത്ത മായ , പുനര്‍ജ്ജന്മം, കര്‍മം, വര്‍ണാശ്രമ ധര്‍മം, മുതലായവയെ കുറിച്ചുള്ള പ്രാചീന സിദ്ധാന്തങ്ങളെ ഉയര്‍ത്തി പിടിച്ചു കൊണ്ട് ജനങ്ങളിലുള്ള ക്രിയാത്മക ശക്തികളുടെ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നു. മതപരമായ വിഭാഗീയതകള്‍ക്കും സങ്കുചിതത്വങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും യജ്ഞം തുടങ്ങിയ മത ചടങ്ങുകളെ പുനരുദ്ധരിക്കുകയും ചെയ്യുന്നു. മത പുനരുദ്ധാരണത്തിന്റെ പ്രചാരകന്മാര്‍ ഇസ്ലാമിക രാഷ്ട്രത്തെ പറ്റിയും ഹിന്ദു രാഷ്ട്രത്തെ പറ്റിയുമുള്ള സങ്കല്പങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നു. ..'
സമുദായത്തിന്റെ ഭൌതികാടിത്തറ മാറുന്നതുകൊണ്ട് മാത്രം മനുഷ്യന്‍ നന്നായി കൊള്ളണമെന്നോ സാംസ്കാരികവും ആത്മീയവുമായ മൂല്യങ്ങള്‍ പുഷ്ടിപ്പെട്ട് കൊള്ളണമെന്നോ ഇല്ല . ബാഹ്യ പ്രകൃതിയെ മാറ്റാന്‍ വേണ്ടിയുള്ള സമരങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ മനുഷ്യന്‍ ആന്തരിക പ്രകൃതിയിലും മാറ്റമുണ്ടാക്കാന്‍ ബോധപൂര്‍വം പരിശ്രമിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ ചൂഷണാധിഷ്ടിതമായ ഒരു സമൂഹഘടനയെ മാറ്റി മറിക്കാനും വര്‍ഗ രഹിതമായ ഒരു പുതു സമുദായം കെട്ടിപ്പടുക്കാനും വേണ്ടിയുള്ള സമരത്തിന്റെ അവിഭാജ്യഘടകങ്ങളെന്ന നിലക്ക് സത്യം, സ്നേഹം, സൌന്ദര്യം, നിസ്വാര്‍ത്ഥത തുടങ്ങിയ മൂല്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍ കൊള്ളുകയും അങ്ങനെ മനുഷ്യ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുകയുമാണാവശ്യം . ഉള്ളില്‍ മൃഗീയതകള്‍ വച്ച് പുലര്‍ത്തുന്ന ഒരു വ്യക്തി പുറത്തു മനുഷ്യത്വം കെട്ടിപ്പടുക്കാനൊരുങ്ങുന്നത് ആത്മ വഞ്ചനയായിരിക്കും. കെ.ദാമോദരന്‍ അങ്ങനെ അടിവരയിടുന്നു. അതൊരു സൂഫി ദര്‍ശനമായി അനുഭവപ്പെടുന്നു. ഇന്നും പുസ്തകം മറിക്കുമ്പോള്‍ ധ്യാനം കലര്‍ന്ന സ്വരമാണ് എന്നെ ഉണര്‍ത്തുക. താളുകളിലൂടെയുള്ള സഞ്ചാരം ഒരു സൂഫിയുടെ കാല്പാടുകള്‍ പിന്തുടരുന്ന അനുഭവം. ഈ പുസ്തകം വായിക്കുകയല്ല, അനുഭവിക്കുകയാണ്. ഓരോ വായനയും ഓരോ തീര്‍ഥ യാത്രയും...

(കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട് , പെജെസ് 699)

മാതൃഭൂമി ആഴ്ചപതിപ്പില്‍ (2010 മേയ് 16 ,പുസ്തകം 88 , ലക്കം 10 )

സഞ്ചാരം ഗുരു മാത്രമല്ല കാമിനി കൂടി... എന്നാണതു എന്നില്‍ താവളം കൊണ്ടത്? ഓര്‍മയില്ലാത്ത കാലത്തു ചെയ്ത തീവണ്ടിയാത്രയിലോ.... എവിടെയോ, ഏതോ ഒരു ദശാസന്ധിയില്‍... ഒര്മയുള്ളപ്പോള്‍, ആറോ ഏഴോ വയസ്സ് കാണും പാടത്തിനരികെ ചാഞ്ഞുനീങ്ങിയ ആ തീ വണ്ടി. ആ താളം കൊട്ട്. പിന്നീടുള്ള യാത്രയിലേക്കുള്ള സിഗ്നല്‍ ആയിരുന്നോ? എന്തോ... എങ്കിലും ആ കിടിലംകൊള്ളിച്ച വണ്ടിയില്‍, വാതില്‍ക്കല്‍ നിന്ന സഞ്ചാരികള്‍ ഇന്നും എന്നെ ഉറ്റു നോക്കുന്നുണ്ട്... എവിടേക്കോ കൊണ്ടു പോകാനുള്ള അത്യാര്‍ത്തിയോടെ... അതിലേറെ, അതില്‍ കയറി കൂടി അറിയാത്ത നാടുകളിലേക്ക് പോകാനുള്ള എന്‍റെ കൊതിയും....പിന്നീട് "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍" എന്ന നോവല്‍ എഴുതാന്‍ കാരണം ചിലപ്പോള്‍ ആ വണ്ടി ആകാം. കുട്ടിയായ ദുരൈലാലില് ഞാനുണ്ട്. വള്ളി നിക്കറും ഇട്ടു കളിക്കൂട്ടുകാരിയോടൊപ്പം... ഗോതമ്പ് വയലിന്‍റെ അരികു പറ്റി നടക്കുമ്പോള്‍ കുതിക്കുന്ന വണ്ടി. പാളത്തിലെ താളം കൊട്ടിലെക്കും വണ്ടി ഒഴിഞ്ഞ ശൂന്യതയിലെക്കും. ആ ശൂന്യതയില്‍ എറിച്ചു നില്ക്കുന്ന തീട്ടത്തിന്റെ, തുരുംബിന്റെ മണവും... അതില്‍ ദുരൈലാല്‍ നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്നു....ആ നടത്തയില്‍ ചിലപ്പോള്‍ അറിയാത്ത ഇടങ്ങളിലേക്ക് കുതിക്കാനുള്ള ആവേശവും... കുഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുകയല്ല, ജീവന്‍റെ അറിയാത്ത പൊരുളുകളിലേക്ക് കൂടി... അതെ , ദുരൈലാല്‍ എവിടെയൊക്കെയോ ഞാനുമായി ചേരുന്നു. ഒരു സഞ്ചാരമാണ് ദുരൈലാലിനെ എനിക്ക് നല്കിയത്. എന്‍പത്തിയോമ്ബതില്‍ എന്ന് തോന്നുന്നു, ആ തീവണ്ടി യാത്ര. ഗുജറാത്തിലേക്ക്. അങ്ങിനെ പോകാന്‍ കാരണം ആ വര്ഷത്തെ ലോകസഭാ തിരഞ്ഞെടുപ്പും. അന്ന് ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. കൊണ്ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഇടതു പക്ഷം വര്‍ഗീയ കക്ഷിയുമായി ചങ്ങാത്തം കൂടിയതില്‍ പ്രദിക്ഷേതിച്ചു വോട്ടു ചെയ്യാതെ ഞാന്‍ മുങ്ങുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വര്‍ഗീയതയുമായി പൊരുത്തപ്പെടാന്‍ ആവില്ല.അന്ന് എവിടേക്ക് പോകണം എന്ന് നിശ്ചയമില്ല. പുറപ്പെടുക. അത്ര മാത്രമെ മുന്നിലുള്ളൂ. അപ്പോഴാണ്‌ എന്‍റെ ഒരമ്മാവന്റെ മകന്‍ അവിടേക്ക് ക്ഷണിച്ചത്....

ഇന്നു ബലി പെരുന്നാള്‍. എന്നത്തേയും പോലെ ഒരു ദിനം. ഇന്നലെ കൂട്ടുകാരി ചോദിച്ചു, ആഗോഷത്തെ കുറിച്ചു. അപ്പോഴാണ്‌ എന്നെ ഭരിക്കുന്ന അസ്വസ്ഥതയെ കുറി ചോര്‍ത്തത് . എനിക്കെന്തു പെരുന്നാള്‍. ആഗ്രഹിച്ച കാലത്തു ഒന്നും കിട്ടിയില്ല , കിട്ടിയ കാലത്തു ഒന്നും വേണ്ടാതായി. ഇന്നു ഒന്നിനോടും ഇഷ്ട്ടമില്ല. അവളോട് പറഞ്ഞു: " നിസ്കരിക്കാറുണ്ട്. എന്നില്‍ ഈശ്വരന്‍ ഇല്ല എങ്കിലും... ഞാന്‍ അന്വേഷിക്കുന്നു, കണ്ടിട്ടില്ല. കാണുമോ എന്തോ..."പള്ളിയില്‍ ഇരിക്കുമ്പോള്‍ അത് തന്നെയായി ചിന്ത ആള്‍കൂട്ടത്തില്‍ ഒറ്റപ്പെട്ടു, വേറിട്ട്‌ ഞാന്‍. എങ്കിലും ഞാന്‍ ആരാണ്? അറിയില്ല. ഞാന്‍ അവിടെ വേഷങ്ങള്‍ കണ്ടു. ചിലര്‍ക്ക് പണത്തിന്റെ അഹന്ത. ആ നേരം എഴുതി കൊണ്ടിരിക്കുന്ന നോവലിലെ ( പുരുഷദേശങ്ങളുടെ ഉടല്‍ ) കഥാ പാത്രം എന്നോട് പറഞ്ഞു: " ഞാനും നീയും നിസ്കരിക്കുന്നു. ഒരേ ദിശയിലേക്ക്. ഒരേ നാഥനിലേക്ക് തിരിഞ്ഞു... ഒരേ കുര്‍ആന്‍ പാരായണം ചെയ്തു... എന്നാല്‍ നിസ്കാരപായിനു പുറത്തു നമ്മള്‍ പലതാണ്..."പണവും സ്വാധീനവും അളവുകോല്‍ ആയ ലോകത്ത് എവിടെ ഈശ്വരന്‍...എന്‍റെ അസംതൃപ്തി...പള്ളിയില്‍ നിന്നും ഇറങ്ങി ഖബര്‍കള്‍ക്കിടയിലൂടെ. ഇന്നലെ വരെ നഞ്ഞു വിരിച്ചു നടന്നവരുടെ സന്കേതം. ഒരിക്കല്‍ തങ്ങള്‍ ആറടി മണ്ണിന്റെ ഇരയാവും എന്നറിയാതെ. അന്ന് എന്തൊക്കെ പുകില്‍ ആയിരുന്നു... പതിവു പോലെ അങ്ങിനെ പലതും ഓര്‍ത്തു നടക്കുമ്പോള്‍ വൃശ്ചികപുല്ലിന്‍റെ മണം നാസാദ്വാരങ്ങളില്‍ ... അത് വഴി ആ പഴയ ഇന്നലെയിലേക്ക്... മഞ്ഞില്‍നനഞ്ഞ ആ പുല്ലില്‍ എനിക്ക് എന്തെല്ലാമോ സുഖം ഉറങ്ങി കിടക്കുന്ന പ്രതീതി.എന്നെ കണ്ടവര്‍ കാണാത്തവര്‍ ആ മണ്ണില്‍... ഒരിക്കല്‍ ഞാനും അവിടേക്ക്... എല്ലാ സഞ്ചാരവും അവിടെ അവസാനിക്കുന്നു. ഭയന്കരമായ ആ ശൂന്യത എന്നില്‍... എന്‍റെ ജീവന്റെ ഉറവകളെ, ഞാന്‍ നിന്നിലേക്കും, നിന്നില്‍ നിന്നും അകന്നും. ഇണങ്ങിയും പിണങ്ങിയും...
( 12/8/08 )

പ്രണയത്തിനു കിളിയൊഴിഞ്ഞ കൂടിന്റെ മണം...'
അങ്ങനെ ഒരു സ്ത്രീ ശബ്ദം കാറ്റില്‍ അരിച്ചു കയറിയപ്പോള്‍ ചുറ്റും നോക്കി. പരിസരത്തു ആരുമില്ല. നാലുവരി പാതയില്‍ വാഹനങ്ങളുടെ കുതിപ്പ്, ഈന്തപ്പനകളുടെ നീണ്ട നിര. സ്ഥലം അത് തന്നെ. പക്ഷെ ആ ശബ്ദം. ഇടയ്ക്കു ആലോചിക്കാതെയല്ല, കേട്ടത് മലയാളത്തില്‍ തന്നെയാണോ? ഈ അറേബ്യന്‍ കരയില്‍ അങ്ങനെ ഒരു ശബ്ദം വരാന്‍ ന്യായമില്ല. ആ ശബ്ദം അറബിയോ, ഹിന്ദിയോ ഇംഗ്ലീഷോ ആകട്ടെ, പ്രണയത്തിന്റെ ഭാഷ ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് കാണാമറയത്തെ അവള്‍ക്കു ഏതു ഭാഷയും വഴങ്ങുമല്ലോ.
പരാശക്തി കാണാമറയത്താണ് . അതുകൊണ്ട് ഏതു ഭാഷയിലൂടെയും നമുക്ക് വിളിക്കാം. ഏതു ഭാവത്തിലും നമുക്കതിനെ കാണാം. അതുപോലെ നമുക്ക് തമ്മിലും...
പ്രണയം കാണാമറയത്ത് ആകുമ്പോഴാണ് ഏറ്റവും മിഴിവുണ്ടാകുക എന്ന് ഏതോ സഞ്ചാരത്തില്‍ അവള്‍ തന്നെയല്ലേ പറഞ്ഞത്. പകല്‍കിനാവിന്റെ തോരണങ്ങള്‍ വകഞ്ഞു ഞാന്‍ ആ പഴയ ഇന്നലെയിലെക്കും ഇന്നില്‍ എത്തി നാളെയിലേക്കും സഞ്ചരിക്കുന്നത് അവള്‍ എന്ന മധുര സാന്നിധ്യത്താലാണ്.
ഓര്‍ക്കുന്നു, ഇടയ്ക്കു പൊന്മാന്‍ വെള്ളത്തില്‍ നിന്നും പരല്‍മീന്‍നെ കൊത്തിയെടുത്തു ഉയരും പോലെ നീ ഞാന്‍ എഴുതിയതില്‍ നിന്നും ചില കുറിപ്പുകള്‍ എടുത്തു ഉയര്‍ന്നു പരക്കുകയും പിന്നീട് എനിക്ക് മുന്നില്‍ അത് വെട്ടമായി ചൊരിഞ്ഞത്. ആ നേരം ഞാന്‍ അറിഞ്ഞത് ഇതാണ്, എന്റെ പദങ്ങള്‍ ഏറ്റവും ഉന്നതം ആകുന്നത് നീ വായിക്കാന്‍ ഉള്ളപ്പോഴാണ്. നിന്റെ ഹൃദയത്തിലൂടെ കയറിയിറങ്ങുമ്പോഴാണ് എന്റെ ആശയങ്ങള്‍ക്ക് തിളക്കമേറുക .
നീ വായിക്കുമെന്നറിയാം. കാരണം എന്റെ കണ്‍ വെട്ടിച്ചു നീയൊരു പൊന്മാനായി ഇതില്‍ കൊത്തി മടങ്ങുന്നുണ്ടല്ലോ. നീ വരുമ്പോള്‍ നിനക്ക് ഈ തടാകം ഒഴിഞ്ഞു കാണാതിരിക്കാന്‍ മാത്രമാണ് ഇങ്ങനെ കുറിച്ച് പോകുന്നത്. പക്ഷെ നീ വന്നു എന്നറിയുമ്പോഴാണ് എഴുത്തിനു കൂടുതല്‍ ജ്വലനം ഉണ്ടാകുന്നത് എന്നോര്‍ക്കുക. അതുകൊണ്ട് എവിടെയാണെങ്കിലും എന്നെ അറിയിക്കുക. നീ ജീവിച്ചിരിക്കുന്നു എന്ന്... നീ ഉണ്ട് എന്നറിഞ്ഞാല്‍ മാത്രം മതി. നീ ഉണ്ടാകുമ്പോള്‍ മാത്രമാണല്ലോ എന്റെ പൂര്‍ണത രേഖപ്പെടുത്താന്‍ ആവുക.
നിന്റെ കണ്ണോ കാതോ എനിക്ക് കാണണ്ട. നിന്റെ ശ്വാസം തട്ടി എന്റെ ആത്മാവ് പുളകം കൊള്ളണ്ട. നിന്റെ മണത്തില്‍ എനിക്ക് അലിയണ്ട. പക്ഷെ നീ ഉണ്ട് എന്ന് എനിക്കറിയണം. എനിക്കെന്റെ നിലനില്‍പ്പ്‌ ഉറപ്പിക്കാന്‍..

തീവ്രവാദികള്‍ വേഷത്തില്‍ പലതായി തോന്നുമെങ്കിലും അവര്‍ ഒന്നാണ്. അവര്‍ കാണാ മറയത്തെ യജമാനന് വേണ്ടി പണിയെടുക്കുകയാണ്. തീവ്രവാദം ഏതുമാകട്ടെ. അവര്‍ ഇസ്ലാമിസ്ടുകളോ ഹിന്ദുയിസ്ടുകളോ ക്രിസ്ത്യാനിസ്തുകളോ യഹൂദിസ്ടുകളോ ആകട്ടെ; സാമ്രാജ്യത്വമെന്ന കൂരയുടെ തൂണുകളാണ് . ഇന്ന് ലോകത്തുള്ള സകല മതങ്ങളും കോമാളി വേഷം ചമഞ്ഞു നില്‍ക്കുന്നു. എന്തിനു ജനത്തെ നേര്‍വഴിക്കു നടത്താന്‍ ബാധ്യസ്ഥരായ രാഷ്ട്രീയക്കാര്‍ പോലും മതങ്ങളുടെ തിണ്ണ നിരങ്ങി വോട്ടിനായി യാചിക്കുന്നു. ഇസ്ലാമിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്ത മൌദൂദിസ്റ്റുകള്‍ ചിരിക്കുന്നു. അവര്‍ സിമിയായും എന്‍.ഡി.എഫ് ആയും, പോപ്പുലര്‍ ഫ്രന്റ് ആയും സോളിഡാരിറ്റി ആയും വേഷം മാറിയെത്തുന്നു. അവരെ തുറന്നു കാട്ടാത്തിടത്തോളം മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല. എല്ലാ തരം വര്‍ഗീയതയെയും ഭീകരതയെയും പരാജയപ്പെടുത്തുക.
ഇന്ത്യയില്‍ ഇന്ന് നേരെ കാണാന്‍ കഴിയുന്ന രണ്ടു പ്രബല ഭീകര പ്രസ്ഥാനങ്ങളാണ് ഇസ്ലാമിസ്ടുകളും ഹിന്ദുയിസ്ടുകളും . അണിയറയില്‍ മറ്റു ആരൊക്കെ പണിയെടുക്കുന്നു എന്ന് നമുക്കറിയില്ല. അവരുടെ അജണ്ട ഒന്ന് തന്നെ മതപരമായും സാമൂഹ്യപരമായും ഭിന്നിപ്പുണ്ടാക്കി അധികാരം പിടിച്ചെടുക്കുക. അങ്ങനെ ഒരു ലക്ഷ്യത്തിലേക്ക് പോകുന്ന അവരെ നിയന്ത്രിക്കുന്നത്‌, സഹായം എത്തിക്കുന്നത് വിദേശ കരങ്ങളാണ്. പുതിയ ലോകത്ത് ഇന്ത്യ വളരുന്നത്‌ തടയുകയാണ് ആ ശക്തിയുടെ ലക്‌ഷ്യം. നാം കരുതിയിരിക്കുക. നമ്മെ വഴി തെറ്റിക്കാന്‍ ഇ _മെയിലുകളിലൂടെയും മറ്റും അവര്‍ അവതരിക്കും. നുണകളുടെ ആ അച്ചുദണ്ട് നമ്മെ വഴി തെറ്റിക്കും. വ്യാജ വാര്‍ത്തകളാണ് ഗുജറാത്തിലെ ജനങ്ങളെ കലാപത്തിലേക്ക് എറിഞ്ഞത് എന്നോര്‍ക്കുക. അത്തരം ഒരു വ്യാജന്‍ ഇപ്പോള്‍ ഇ മെയില്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. മുസ്ലീങ്ങളുടെ വ്യാപാര കേന്ദ്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നും നീക്കം ഉണ്ടെന്ന്. ഒരുവേള ആ പ്രത്യേക വിഭാഗത്തിന്റെ പേരുപയോഗിച്ചു ഭീകരവാദികള്‍ മുസ്ലീം സമുദായത്തില്‍ വര്‍ഗീയത വിതക്കാനുള്ള തന്ത്രമാകാം ആ ഇ മെയിലിനു പുറകില്‍. അങ്ങനെ ഭീകരതയുമായി അടുക്കാത്ത ഭൂരിപക്ഷം മുസ്ലീം ജനതയെ തങ്ങളോടു ചെര്‍ക്കാനാവാം ഭീകര പ്രസ്ഥാനത്തിന്റെ ശ്രമം. ഈയിടെ പലയിടങ്ങളിലും ഭീകരതയ്ക്ക് എതിരെ പ്രത്യേകിച്ച് ഇസ്ലാമിക ഭീകരതയെ കുറിച്ച് എഴുതിയപ്പോള്‍ ചിലര്‍ പറഞ്ഞ കാര്യം രാഷ്ട്രീയക്കാരെ പോലെ എന്‍.ഡി.എഫ്, സിമി, സോളിഡാരിറ്റി, പോപ്പുലര്‍ ഫ്രന്റ് ... മുതലായ സംഘടനകള്‍ ആളെ കൊന്നിട്ടില്ല എന്ന്. ഇപ്പോള്‍ നാം പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം അധ്യാപകന്റെ കൈ വെട്ടിയതിലൂടെ കണ്ടു കഴിഞ്ഞു. മറ്റു സംഘടനകളില്‍ ചിലര്‍ തങ്ങള്‍ അധ്യാപകന് രക്തം ദാനം കൊടുത്തു എന്ന മട്ടില്‍ പ്രചരണം നടത്തുന്നു. എന്നാല്‍ സമയം വരുമ്പോള്‍ അവര്‍ തങ്ങളുടെ തനി നിറം കാട്ടുക തന്നെ ചെയ്യും.
നാം വ്യാജമായ വാര്‍ത്തകളിലോ ഊഹാപോഹങ്ങളിലോ കുടുങ്ങാതിരിക്കുക ...

ആദിയില്‍ വചനമുണ്ടായി. അതിനു അര്‍ത്ഥങ്ങളും ദ്വയാര്‍ത്ഥങ്ങളും ... കാണാമറയത്തെ മലമുകളില്‍ പരാശക്തി നിന്നു. പരാശക്തി പറഞ്ഞു:
' ഞാന്‍ തന്നെ കാലം...'
അത് മഹാ കാലമെന്നറിയുക . ആദിയോ അന്തമോ ഇല്ലാതെ അങ്ങനെ നിലനില്‍ക്കുന്നു. അതെ കാലത്തിന്റെ അടരില്‍ പുതിയൊരു സൃഷ്ടിക്കു വേണ്ടിയുള്ള നിലവിളി. മണ്ണും ജലവും കുഴച്ചു ആദി പുരുഷനായി പണി തുടങ്ങുമ്പോള്‍ മാലാഖമാര്‍ ചോദിച്ചു:
' അല്ലയോ പരാശക്തി, അങ്ങ് എന്തിനാണ് തമ്മില്‍ പൊരുതുകയും രക്തം ചീന്തുകയും ചെയുന്ന മനുഷ്യ വര്‍ഗത്തെ സൃഷ്ടിക്കുന്നത്?'
' എനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടി...'
'അങ്ങേക്ക് ഇബാദത്ത് ചെയ്യാന്‍ ഞങ്ങളുണ്ടല്ലോ. അങ്ങ് ഞങ്ങളില്‍ തൃപ്തനല്ലെന്നുണ്ടോ?'
'പോരാ...'
പരാശക്തി ഒട്ടു ദാഹത്തോടെ പണിപ്പുരയിലേക്ക് നീങ്ങി. തന്റെ അശാന്തി പ്രണയം പോരാ എന്ന് തന്നെയാണ്. അതിനു മറ്റൊരു സൃഷ്ടിയിലേക്കു തന്റെ ആത്മാവിനെ കടത്തി വിട്ടു പ്രണയം പെരുക്കുക. അങ്ങനെ പ്രപഞ്ചമാകെ താന്‍ നിറയുക. ആ നിറവിന്റെ സാന്ദ്രതയില്‍ സ്വയം ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുക.
മലച്ചു കിടന്ന ആ മനുഷ്യ രൂപത്തിലേക്ക് പരാശക്തി തന്റെ ആത്മാവിന്റെ ഒരംശം ഊതിയിറക്കി. സങ്കട കടലില്‍ നിന്നെന്ന പോലെ ആദി മനുഷ്യന്‍ എണീറ്റു. പരാശക്തി നോക്കി, തങ്ങള്‍ രണ്ടല്ല ഒന്ന് തന്നെ. എങ്കിലും പരാശക്തി ചോദിച്ചു:
' നീ നിന്റെ സഞ്ചാര പാതയില്‍ എന്നെ അറിയാതെ പോകുമോ?'
' എങ്ങനെ ഞാന്‍ അങ്ങയെ അറിയാതിരിക്കും. നാം ഒന്ന് തന്നെയല്ലേ...'
' ഞാന്‍ നിന്നെ ഭൂമിയിലേക്ക്‌ ഒരിക്കല്‍ തുറന്നു വിടും. അവിടെ നീ എന്നെ മറ്റൊന്നായി കാണും. വേദ പുസ്തകങ്ങള്‍ തെറ്റായി വായിക്കപ്പെടും. '
ആ പഴയ കാലത്തിലേക്ക് സഞ്ചാരി ഉള്‍കണ്ണെറിഞ്ഞു . ഓരോ മനുഷ്യനും അവന്റെ സൃഷ്ടാവുമായുള്ള കരാര്‍ ലംഘിക്കുന്നു . സഞ്ചാരി തുടര്‍ന്നു:
'ഇബാദത്തിന് ഒരു വിഭാഗം ആരാധന എന്ന് പറയുന്നു. മറ്റൊരു വിഭാഗം അനുസരണ എന്നും. അതിനെ പ്രണയമായി അറിയുക.നീ പരാശക്തിയിലേക്ക് പ്രണയ വിവശനായി അടുക്കുക. അങ്ങനെ നിന്നിലുള്ള പരാശക്തിയുടെ അംശം ജ്വലിക്കട്ടെ....'

പ്രവാചക നിന്ദ എന്നാല്‍ പ്രവാചകന്‍ നിര്‍ദേശിച്ച രീതിയില്‍ നിന്നും മാറി നടക്കുക എന്നാണ്‌. സ്വന്തം തള്ളയെ തെറി പറയുകയും അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ കുംഭ നിറച്ചു ഉണ്ണുകയും ചെയ്യുന്നവര്‍ പ്രവാചക നിന്ദ നടത്തുകയാണ്. എന്തിനു ജനങ്ങളെ തെറ്റി ധരിപ്പിച്ചു രാജ്യത്തിന്‌ എതിരെ ഗൂഡാലോചന നടത്തുന്നതും പ്രവാചക നിന്ദയാണ്. ഒരു സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ആ സമൂഹത്തെ ഒറ്റി കൊടുക്കുന്നത് പ്രവാചക നിന്ദയാണ്. അങ്ങനെ നോക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി, സിമി, സോളിഡാരിറ്റി , പോപ്പുലര്‍ ഫ്രന്റ് എന്നീ സംഘടനകളുടെ പ്രവര്‍ത്തനം പ്രവാചക നിന്ദയാണ്.

ഹേ, വര്‍ഗീയതാ എങ്ങിനെയാണ് നിന്നെ ഓര്ക്കുക...
കിടിലം കൊള്ളിച്ചു നിന്റെ കുതിപ്പ്
സംഹാര ശേഷിയോടെ ഒററക്കണ്‍ണനായി...
അസ്ഥിയില്‍ നക്കി തീകാറ്റ്
കുതിര ചാണകം ഭൂപടം വരച്ച ഉടലുകള്‍...
ജീവന് യാചിച്ചു...
ഹേ വര്‍ഗീയതാ,
നീ ഉടലില്‍ ഉടല്‍ വച്ചു പെരുക്കുന്നതോ?
നിനക്ക് അതാഴമൂട്ടുകാര്‍
വോട്ടില്‍ വോട്ടു പെറുക്കി
ദുര്‍മേധസ്സായി ...
കരിമ്പന്‍ കയറിയ ഉടുപും
കുഴിഞ്ഞ കണ്ണുകളും എനിക്ക് സമ്മാനിച്ചു
നീ അദികാര സോപാനത്തില്‍...
നിന്നെ എങ്ങിനെയാണ് വായിക്കേണ്ടത്?
പാളങ്ങളുടെ പാതിരാത്രികളില്‍
തീട്ടം തിന്നാനെത്തുന്ന പന്നികളെ ഓര്‍ത്തുകൊണ്ട്‌
നിന്നെ തുപ്പുന്നു...
തുലയട്ടെ നീ!

എന്നില്‍ ആദ്യമായി എങ്ങനെയാണ് നീ കടന്നു വന്നത്? അറിയില്ല. എന്റെ കിനാവിലേക്ക് ഏതു രൂപത്തില്‍, ഭാവത്തിലാവാം നിന്റെ പ്രവേശം? അറിയില്ല. ഞാന്‍ എന്താണ് ആരാണ് എന്ന് അറിയില്ലെങ്കിലും എനിക്ക് നിന്നെ അറിയാമായിരുന്നു... അങ്ങനെ ഏതോ ഒരു തലത്തില്‍ നിനക്ക് മൊത്തമായിട്ടല്ലെന്കിലും ചില രൂപങ്ങള്‍ ഉണ്ടായി, എന്റെ വളര്‍ച്ചയ്ക്കൊപ്പം നീയും...
പുസ്തക താളില്‍ മയങ്ങി കിടന്ന ആ മണം പോലും നീയായിരുന്നെന്ന തിരിച്ചറിവോടെ കുറിപ്പ് തുടങ്ങുമ്പോള്‍ ഞാനും നീയും ഒരേ കാലത്തില്‍ ഒരേ വയലിലൂടെ നടക്കുന്നു... ഒരേ പറങ്കിമാവിലെ ഇല അലസമായി കടിച്ചു ആ മണം നുകര്‍ന്ന് ആ മല മുകളിലേക്ക് കയറി അങ്ങനെ ...

" സമുദ്ര നിരപ്പിലെവിടെയോകപ്പിത്താനില്ലാതെ കപ്പല്‍ പോകുന്നു.
അത് ഞാന്‍...
ജീവിതത്തിന്‍റെ ഇരുണ്ട ഇടനാഴിയില്‍യാത്രക്കിടയില്‍മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടത്തില്‍നിന്നെ കണ്ടുഅവ്യക്തമായി...
അപ്പോള്‍,
മരുഭൂമിയിലെവിടെയോ ദാഹം പൂണ്ടുമഴമേഘത്തെ കാത്തിരിക്കുന്ന വേഴാമ്പലിനുകനിഞ്ഞു കിട്ടിയ ഇത്തിരി ജലം പോലെയായി അത്...
എങ്കിലും,
നിന്‍ മുഖം വിഷാദത്തിന്‍ കരിമ്പടം പേറിയിരിക്കുമ്പോള്‍ഞാന്‍ കരയുകയായിരുന്നു,
നിന്‍റെ ദുര്‍വിധിയോര്‍ത്ത്...
ഇപ്പോള്‍ദൂരക്കാഴ്ച്ചയില്‍ആ മുഖം വീണ്ടും കാണുമ്പോള്‍ പ്രിയേആ ഗര്‍ഭപാത്രത്തില്‍ ചോരകുഞ്ഞായി മയങ്ങിക്കിടക്കുവാന്‍ മോഹം..."

(ഒരു പഴയ കുറിപ്പ്... എന്‍റെ നോട്ടു പുസ്തകതാളില്‍ വിശ്രമിക്കുന്നത്... ഇത് കഥയോ കവിതയോ ഒന്നും അല്ല. ജീവിതത്തിന്‍റെ ഏടുകളില്‍ നിന്നും ഇത്തിരി... 1992 )

സഞ്ചാരി ഞാനല്ല, നീയല്ല മറ്റൊരാള്‍ അല്ല. ഇനിയും വരാത്ത ആ അവധൂതന്‍ ആകാം. അണിയറയില്‍ അയാള്‍ എന്തെല്ലാമോ എഴുതി കൂട്ടുന്നുണ്ട്. കണ്ണിനോ കാതിനോ ചെന്നെത്താനാവാത്ത അകലെ അയാള്‍ കുറിക്കുന്നത്. അതത്രയും കാറ്റിലും മഞ്ഞിലും പിന്നെ മഴയിലും നമ്മില്‍ എത്തുമ്പോള്‍ അത് വാക്കായി പിഴുതെടുത്ത് ഇവിടെ കുറിക്കാം. വാക്ക് ഉണ്ട്. അത് ഏതു ഭാഷയിലൂടെ ആകട്ടെ അത് സത്യമായി അവതരിക്കുന്നു. അതിന്റെ നിയോഗം അതാകുന്നു. ഓരോ കാലത്തും പ്രകാശിക്കപ്പെടുക. അതിന്റെ പാതയിലാണ് ഓരോ പ്രവാചകനും നമ്മോടു സംസാരിക്കുക. നാമത് നമ്മുടെ കാതിനാല്‍ ഒപ്പിയെടുത്തു മറുകാതിലൂടെ തള്ളി കളയുന്നു. ബസ് കയറ്റം കയറുന്ന പാതയില്‍ ചാഞ്ഞു നില്‍ക്കുന്ന ആഞ്ഞിലി മരത്തില്‍ തെറിച്ചു പോന്ന വാക്കുകളിലേക്കു കൊക്കുരുമ്മി ആണ്‍ കിളിയും പെണ് കിളിയും. നമുക്ക് വാക്കുകള്‍ അന്യമെന്നു തോന്നുന്ന ആലോകത്തെ സഞ്ചാരികള്‍ അവയും. എങ്കിലും അവയ്ക്കും വാക്കുകളുണ്ട്. നമ്മുടെതല്ലാത്ത ഭാഷയോടെ അവയത്രയും നെഞ്ചേറ്റി അവ അവയുടെ കാലം ജീവിച്ചു തീര്‍ക്കുന്നു. മനുഷ്യനോ? കിട്ടുന്ന വാക്കുകളില്‍ മായം ചേര്‍ത്തു ജീവിതമെന്ന് വ്യാഖ്യാനിച്ചു ജനി മൃതികള്‍ക്കിടയിലെ ദൂരം തീര്‍ക്കുന്നു. ദൂരം സത്യമാകുന്നു. ആ ദൂരത്തില്‍ മാത്രം സത്യമായി നിലന്നിന്നു പൊഴിയുന്ന ഉടലിനെ അതെ കാലത്ത് നാം സത്യമായി കാണുന്നു. എന്നാല്‍ അതിനുള്ളിലെ ആ തുടിപ്പിനെ നാം അറിയാതെ പോകുന്നു.

നിന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ആത്മാവിനു ഭ്രാന്തു പിടിക്കുന്നു. ചില്ല തെങ്ങില്‍ കാറ്റ് പിടിക്കും പോലെ ഞാന്‍. എന്റെ തല മന്ദിക്കുകയോ, ഹൃദയം പട പാടാ ഇടിക്കുകയോ. ഇതിനെ പ്രണയമെന്നു വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. കയ്യും കാലും ഇല്ലാത്ത, മുഖമില്ലാത്ത പ്രണയം. അതുകൊണ്ട് തന്നെ പ്രണയത്തിനു കാഴ്ചയില്ല. എങ്കിലും അതു ഇരുട്ടല്ല. വെളിച്ചത്തിന്റെ വെളിമ്പറമ്പില്‍ കണ്ണഞ്ചി ഞാന്‍ അങ്ങനെ.
മഞ്ഞു പെയ്യുന്നുണ്ട്, സന്ധ്യ പെയ്തിറങ്ങുകയും. നോക്കി നില്‍ക്കെ നീ മാത്രമില്ല. നീ എവിടെയാണ്? ഒരിടത്ത്, എന്തെല്ലാമോ ചിന്തകളില്‍ മുഴങ്ങി... തുടരെ ഉള്ളാലെ നിന്നെ വിളിക്കുമ്പോള്‍ മറ്റൊരറിവ്, നീ അകലെയല്ലല്ലോ, എത്രയോ അരികെയാണ്. എന്നാല്‍ അരികെ എന്ന് പോലും തീര്‍പ്പില്ല. കാരണം നീ എന്നില്‍ തന്നെയുണ്ട്‌. നീയും ഞാനും എന്ന് വേര്‍തിരിവില്ലാതെ, നൊമ്പരത്തിന്റെ ഒഴുക്കായി.

കാലത്തിന്റെ പെരുവഴിയില്‍ നില്‍ക്കുന്നത് ഞാനോ നീയോ? എന്റെ മുന്നില്‍ നീണ്ടു കിടക്കുന്ന ആ നിഴലിനെ ഞാനായി കണ്ടു ഒറ്റ ചവിട്ട്. എന്റെ ദൂരം പലപ്പോഴും ഓര്‍മപ്പെടുത്തുക നിഴലാണ്. ഞാന്‍ നിഴലിനെ വെറുക്കുന്നത് ദൂരം അറിയുമ്പോഴാണ്. ഘടികാരം അഴിചെറിഞ്ഞു യാത്ര തിരിക്കുമ്പോള്‍ കാലത്തില്‍ നിന്നും മോചനമെന്ന് ധരിച്ചത് തെറ്റിയോ?
പിന്നെയും നടപ്പ്. കാലം എന്നൊന്നില്ല എന്ന് വിശ്വസിക്കാന്‍ പാടുപെടുകയാണ്. സത്യമല്ലേ? കാലം ഉണ്ടാകുന്നിടത്തു ഞാന്‍ തടവില്‍ ചെന്നു ചാടുന്നു. അപ്പോള്‍ എന്നെ നിയന്ത്രിക്കുക രാപകലുകലാണ് . രാപകലുകളില്ലാത്ത ഒരു പാതയാണ് ഞാന്‍ സ്വപ്നം കണ്ടതും സഞ്ചരിക്കാന്‍ ആശിച്ചതും. ഞാന്‍ യാത്ര തുടങ്ങിയതും അങ്ങനെ ഒരു ബിന്ദുവില്‍ നിന്നും ആയിരുന്നല്ലോ. മോണ പൊട്ടാത്ത ഒരു അവസ്ഥയില്‍ നിന്നും. പേരോ നാളോ ജാതിയോ മതമോ എന്തിനു സ്ത്രീയോ പുരുഷനോ അല്ലാത്ത ആ അവസ്ഥ. ഏറ്റവും പരമമായ സമാധാനത്തിന്റെ താഴ്വര.

ഞാന്‍ ഉണ്ടാകുന്നത് നിന്നിലൂടെ. നീ ഇല്ലെങ്കില്‍ ഞാനെന്തിന്... നീ ഇല്ലാതെയാകുക എന്നാല്‍ എനിക്ക് ശൂന്യത, മരണവും...

എന്‍റെ അസ്ഥികളില്‍ പ്രണയത്തിന്‍ ഗുല്‍മോഹര്‍.... ആത്മാവില്‍ ഒഴുകിയ പ്രണയ സംഗീതം. എങ്ങോ ഇരിക്കുന്ന നീയും ഇങ്ങകലെ ഞാനും... നമുക്കിടയില്‍ കാലം വരച്ചു ചേര്‍ക്കുന്ന അതിരുകള്‍.... എങ്കിലും എന്‍റെ ഓരോ ശ്വാസവും നീയായി പരിണമിക്കുന്നു...

ആത്മാവ്‌ ആത്മാവിലേക്ക് ഇറങ്ങുമ്പോള്‍ വേദന. അത് പകര്‍ത്താന്‍ ഒരു ഭാഷക്കും ആവില്ല. അത് സുഖമോ? അറിയില്ലെന്ന് നീ.... എനിക്കും അറിയില്ല. നിന്റെ ഹൃദയം എന്നില്‍ പിടി മുറുക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദനയിലൂടെയാണ് ഞാന്‍ നിന്നെ അറിഞ്ഞത്. നിന്റെ ആലസ്യവും ആ മഴക്കിനാവും എന്നിലേക്ക്‌ എത്രവേഗം കലര്‍ന്ന്. തൊണ്ടയോളം നിറഞ്ഞ നിലവിളി, നിന്‍റെ ഒച്ചയില്ലാകരച്ചില്‍...
" ഞാന്‍ പറഞ്ഞല്ലോ, നിര്‍വചിച്ചു നിര്‍വചിച്ചു അതിന്റെ അര്‍ഥം നഷ്ട്ടമാക്കരുതെന്ന്, ഇത് അതാണ്‌... പ്രണയം ഉപയോഗിച്ച് അര്‍ഥം നഷ്ടമായ പദം.... " അവള്‍: " ഇത് അതിനേക്കാള്‍ മേലെ... ഒരുപാട് മേലെ..."
" ഹൃദയം ഹൃദയത്തെ അറിഞ്ഞത്, നാം പോലും അറിയ‌ാതെ... എനിക്ക് മനസിലാകുന്നില്ല. അതെപ്പോള്‍ സംഭവിച്ചു? " അവള്‍." നീ എന്നില്‍ നിറഞ്ഞു കത്തുകയാ.." അവന്‍.
" ഹൃദയം അതിന്‍റെ പാതിയെ കണ്ടെതിയതാകാം. മുന്‍ ജന്‍മം ആണോ? "
" യോഗിയുടെ ആ മുക്തിയെക്കാള്‍ ഉയരെ നാം..."

പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ എന്നില്‍ പകര്‍ന്ന വികാരം. അതിന്റെ പൊരുളറിയാതെ അറിയാത്ത നാടുകളിലേക്ക് കണ്ണും കാതും കൊടുത്ത് ഞാന്‍ അങ്ങനെ നിന്നു....
മടങ്ങുമ്പോള്‍ ഓര്‍ത്തു എവിടേക്കും പോകാനില്ലാതെ ഞ്ഞാന്‍. സ്കൂളില്‍ എന്റെ ചങ്ങാതിമാര്‍ വേനലവധിക്ക് നാട്ടില്‍ പോയി വന്നു എനിക്ക് മുന്നില്‍ വയ്ക്കുന്ന മധുരം പുരണ്ട ഓര്‍മ്മകള്‍. എനിക്കും പോകേണ്ടേ? പക്ഷെ എവിടേക്ക്? ഉമ്മിച്ചിയുടെത് വാപ്പിചിയുടെയും വീടുകള്‍ ഒരു പഞ്ചായത്തില്‍ തന്നെ ആയത് ആരുടെ ശാപം. അവര്‍ ബന്ധത്തില്‍ നിന്നും കല്യാണം കഴിച്ചത് കൊണ്ടല്ലേ എനിക്ക് യാത്ര പോകാന്‍ കഴിയാത്തത്.
തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു.
എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്.എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി.അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്.അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്.കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...


എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യധെഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. എങ്കിലും കുറി പൊളിഞ്ഞു പാട്ട കാഷ്ടം പുരണ്ട ബില്‍ ബുക്കുകളെ എനിക്കിഷ്ടമായിരുന്നു. അക്ഷരങ്ങള്‍ നേരെ ചൊവ്വേ എഴുതാന്‍ അറിയാത്ത ആ കാലത്ത് അതില്‍ എന്തൊക്കെയോ കോറിയിടുകയും പിന്നെ ആ ബുക്ക് മണത്തു നോക്കുകയും... ഈ നിമിഷം പദങ്ങള്‍ നിരത്തി വാചകമാക്കുമ്പോള്‍ ആ മണം എന്നിലുണ്ട്. ഒരുതരം ഭ്രാന്തോടെ ആ കാലം എന്നില്‍ താവളമടയുന്നു .
ഒരു നേരം കഷ്ട്ടിച്ചു ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ പുസ്തകം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം ഞ്ഞാന്‍ എവിടെയും അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...

പഴയ കാലത്തേക്ക് മനസ്... വെളിച്ചപ്പാടിന്റെ 'ഹിയ്യേ' എന്ന ശബ്ദം. കാടുകള്‍, വയലുകള്‍, കുന്നുകള്‍ മറഞ്ഞിടത്തു വെളിച്ചപ്പാടിനെയും നമുക്ക് നഷ്ടമായി. നഷ്ടപ്പെടുത്തി എന്ന് പറയുന്നതാണ് ശരി. വെളിച്ചപ്പാടും ആല്‍ത്തറയും മമ്മദും വാസുവും വര്‍ക്കിയും ഒക്കെ ഇരുന്നു സംസാരിച്ച ആ ചായക്കട വരാന്തയും വായന ശാലയും നഷ്ടപ്പെടുത്തി നാം വിപണിയിലെ ഇറച്ചി കോഴികളായി... നാം മുന്നോട്ടല്ല, പിന്നോട്ട്, ഒരുപാട് പുറകോട്ടു പോയി കഴിഞ്ഞു. ഇനി ഇരുട്ടിന്റെ ചുരത്തിലേക്ക് ഏതാനും വാര മാത്രം....

Followers

About The Blog


MK Khareem
Novelist