വചനങ്ങളുടെ മേൽ‌പ്പരപ്പിലോ അകമേക്കോ കയറി പഠിച്ചതുകൊണ്ടോ പ്രചരിപ്പിച്ചതുകൊണ്ടോ ദൈവത്തിലാവില്ല്ല. ദൈവത്തെ പഠിക്കാനോ പഠിപ്പിക്കാ‍നോ കഴിയില്ല. വെറുത്തെ ആ‍പ്പിളിനെ കുറിച്ച് വർണിച്ചിട്ടെന്ത്, അതനുഭവിക്കാനായില്ലെങ്കിൽ പിന്നെന്തിന്! ശത്രുവെ പോലും സ്നേഹത്തിലൂടെ നെഞ്ചോട് ചേർക്കാനായില്ലെങ്കിൽ ലോകത്തൊരു മതവും യാതൊരു ഗുണവും ചെയ്യില്ല്ല... ദൈവം സ്നേഹമാവുന്നു. സ്നേഹത്തിലായാൽ പിന്നെ ദൈവത്തിലാവുന്നു... സ്നേഹത്തിലേക്ക് കുറുക്കുവഴികളില്ല, സ്നേഹത്തിന്റെ വഴിതന്നെ....

എത്രയോ പലായനങ്ങൾ...
എത്രയോ ഓർമ്മകൾ, മറവികൾ...
എല്ലാമെല്ലാം ഒരു ബിന്ദുവിലേക്ക്...
ഒരു ബിന്ദുവിലേക്കെത്തുകയെന്നാൽ,
ചുരുക്കപ്പെടുകയല്ല,
അവിടെ നിന്നങ്ങോട്ട് മറ്റൊരാകാശം..

ഈ പലായനത്തില്‍ നിന്റെ മൌനം
എന്നില്‍ പ്രണയത്തിന്റെ പുടവകള്‍ കൊണ്ട് മൂടുന്നു.

ഒരു കവിതയിൽ
കുത്തും കോമയുമിടേണ്ടതെവിടെയെന്നറിയാതെ;
ഒരു ചിത്രത്തിൽ വെയിലിനെ വരക്കുന്നത്
എങ്ങനെയെന്നറിയാതെ...
അതെ ഞാനലഞ്ഞിട്ടുണ്ട്.

ഒരു കവിതയെഴുതുകയെന്നാൽ,
ഒരു ചിത്രം വരക്കുകയെന്നാൽ ,
ഒന്ന് പ്രണയിക്കുകയെന്നാൽ...
എങ്ങനെയാവണമെന്ന്
എന്റെതന്നെ തീർപ്പ്,
അതെങ്ങനെയെന്നോ;
എഴുതിയെഴുതി ഈ പ്രാണൻ എനിക്ക് തന്നെ കീറണം.
അതെനിക്ക് വലിച്ചെറിയണം...

ഈ മരച്ചാർത്തിൽ
എവിടെയോ പതുങ്ങിയിരിക്കുന്ന പക്ഷിക്ക് അന്നമാവാൻ
പുതിയൊരു പലായനത്തിന് ഊർജ്ജമാവാൻ
എന്നെ ഞാൻ..

ഒരു പൂവും ശലഭത്ത തടഞ്ഞുനിർത്തുന്നില്ല.
ഒരു ശലഭവും പൂവിനെ തടവിലാക്കുന്നില്ല..
ശലഭങ്ങൾക്ക് മറവിയോ ഓർമ്മയോ ഉണ്ടോ എന്ന്
ഒരു ഗായകൻ പാടുന്നുണ്ട്.
രക്തത്തിനും മാംസത്തിനും വേണ്ടി
ഒരു ദൈവവും കച്ചകെട്ടില്ലെന്ന്
അയാൾ ആവർത്തിക്കുന്നുണ്ട്.

എന്റെ തെരുവ് ഗായകനാൽ മൂകമായിരിക്കുന്നു.
ഞങ്ങളിന്ന് അയാൾക്കുമാത്രമായി
ഉറക്കമിളച്ചിരിക്കുന്നു.

നടന്നു പോന്ന വഴി മറക്കുന്നവർ
എത്രവേണമെങ്കിലുമുണ്ട്...
നടന്ന വഴി മറക്കാതിരിക്കാൻ പട്ടികൾ
മൈൽകുറ്റിയിൽ മൂത്രമൊഴിക്കുന്നു.
പക്ഷെ മനുഷ്യർ?!
പുതിയ കാലം
മറവി രുചിക്കാൻ പഠിപ്പിക്കുന്നു..
മറന്നേ പോകുന്നവർ നേടുന്നു.

ഞങ്ങളുടെ തെരുവിൽ
ഞങ്ങൾ ഓമനിച്ചിരുന്ന
ഞങ്ങളൂടെ കുഞ്ഞുങ്ങൾ
അധികാരത്തിന്റെ വിഷവായു ശ്വസിച്ചു
നിലം പൊത്തികിടക്കുമ്പോൾ
സമാധാനത്തിന്റെ അപ്പസ്തലാ
നീ ഒരുങ്ങുന്നതും അതേ മാർഗത്തിൽ.
നിനക്കാവുമെങ്കിൽ കിരാതന്റെ കഴുത്തുഞെരിച്ച് കൊല്ലുക;
അല്ലാതെ
ഞങ്ങളുടെ കൂരകൾക്ക് തീവയ്ക്കുകയല്ല.

മനുഷ്യൻ
ത്ഫൂ...
നീ മനുഷ്യനെങ്കിൽ
ഞങ്ങൾ മനുഷ്യരല്ലെന്ന് ഉറക്കെയുറക്കെ...


എത്രയോ പാതകളിൽ നാം സ്വാതന്ത്ര്യത്തിന്റെ കൊടികൾ നാട്ടി. നാമെത്രയോ ആശംസകൾ പരസ്പരം നേർന്നു. നാം സ്വതന്ത്രരെന്നും, നാം തന്നെയാണെല്ലാമെന്നും അവർ ആണയിടുന്നു... വെളുത്തവൻ പടിയിറങ്ങിയപ്പോൾ എല്ലാം കൈപ്പിടിയിലെന്ന് മനസ്സാ ഉറപ്പിച്ച് നടന്ന തെരുവുജീവിതങ്ങൾ എത്രയോ...

സാമ്രാജ്യത്വം വിതച്ച വർഗീയ വിഷം തെരുവിൽ പലവട്ടം ഏറ്റുമുട്ടി രക്തമൊഴുക്കി. അഭിനവ ഗാന്ധിമാർ ഒളിഞ്ഞും തെളിഞ്ഞും വർഗീയത വിതച്ചു. സൂറത്തും മീറത്തുമൊക്കെ പഴയ വായനകൾ. അയോധ്യയും ഗുജറാത്തുമൊക്കെ മങ്ങിപോകുന്നു. മാറാട് മറമാടിയത് ദന്തഗോപുര വാസികളെയല്ല. കടലിന്റെ മക്കളെ. കടലിന്റെ മക്കൾക്ക് ദൈവവും മതവുമൊക്കെ കടലായിരുന്നിട്ടും അവരിലേക്ക് വർഗീയത ഊതിവിട്ടു മുതലെടുപ്പു നടത്തിയ രാഷ്ട്രീയ നപുംസകങ്ങൾ.

ഏതൊരു കലാപത്തിനും കെടുതിക്കും ചട്ടുകവും ഇരയുമായി മാറുന്നത് സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവർ. അധികാരത്തിനോ അതിന്റെ കങ്കാണിമാർക്കോ അവരെക്കുറിച്ചൊരു ബോധവുമില്ല. ദരിദ്രരുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി ഉയരുന്ന വികസനങ്ങൾ. എൻഡോസൾഫാന്റേയോ ചെങ്ങറയുടെയോ വേദന മറക്കുന്നത് കൂടം കുളം കൊണ്ടോ കാതികുടം കൊണ്ടോ ആണ്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഒന്നിനെ മറ്റൊന്നുകൊണ്ട് മൂടാൻ അധികാരവർഗം പഠിച്ചിരിക്കുന്നു. മറക്കാൻ നാമും.

സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ, പ്രകൃതിയുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി വാഴുന്ന ദന്തഗോപുര യാത്രകൾ. മാനുഷീക മൂല്യങ്ങൾ ചവിട്ടി മെതിക്കുന്നതിന്, പ്രകൃതിയോട് ക്രൂരത കാട്ടുന്നതിന് ഉത്തരം പറയേണ്ടിവരും. ഒരിക്കൽ അത് സംഭവിക്കുക തന്നെ ചെയ്യും, പ്രകൃതി മനുഷ്യനെതിരെ തിരിയുക തന്നെ ചെയ്യും. പേമാരിയായും കൊടുങ്കാറ്റായും അവൾ ആഞ്ഞു വീശുമ്പോൾ അന്നതിനെ ചെറുക്കാൻ ലോകത്തൊരു യന്ത്രത്തിനുമാവില്ല. അന്ന്, മനുഷ്യൻ ആരാധിക്കുന്ന വിശ്വസിക്കുന്ന ദൈവം പോലും സഹായത്തിനെത്തില്ല...അമ്പലത്തിന്റേയോ പള്ളിയുടേയോ ആവട്ടെ,
പാർട്ടിയാപ്പീസിന്റെ തിണ്ണയിലാവട്ടെ,
മനസ്സിലൊരു കഠാര തിരുകുന്നെങ്കിൽ
നിന്നെ മനുഷ്യനെന്ന് വിളിക്കാമോ?
നിന്നെ മുസൽമാനെന്നും ഹിന്ദുവെന്നും കമ്യൂണിസ്റ്റെന്നും
തെരുവിൽ നിന്നും തെരുവിലേക്ക് ആണയിടും;
എന്നാലോ നീ അതാണോ?

മനുഷ്യന്റെ മരണമാണ്
ചെകുത്താന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത്.
നീ ഭക്ഷിച്ചത്,
നീ ആഘോഷിച്ചതും പിൻതുടരുന്നതും
ദൈവത്തെയല്ല.
പിന്നേയോ
കൂട്ടിക്കൊടുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ...
നീയൊരു മനുഷ്യപാതയിലെങ്കിൽ
എങ്ങനെ ഒരാളെ വെട്ടിനുറുക്കാനാവും.
ദൈവത്തെ,
ദൈവ ഗ്രന്ഥത്തെ
നീ കക്ഷത്തിലോ തലച്ചുമടായോ നടക്കട്ടെ,
നീ ദൈവ പ്രഭാഷണത്തിലോ
രാഷ്ട്രീയ പ്രചരണത്തിലോ ആവട്ടെ,
സുഹൃത്തേ ഇപ്പോഴെങ്കിലും ഓർത്താലെന്ത്,
നീ ചുമക്കുന്നതൊരു അശ്ലീലമെന്ന്..
നീ നഗ്നനായിരിക്കുന്നു.
നിന്റെ നഗ്നത
ഈ തെരുവിൽ വിളപ്പിൽ ശാലകൾ പണിയുന്നു...

നീ അടുത്തുവരുമ്പോഴൊക്കെ
ചുവന്ന തെരുവിലെ ചീഞ്ഞളിഞ്ഞ
ഗുഹ്യഭാഗം തുറന്നുകിട്ടുന്നതു പോലെ
അല്ലെങ്കിൽ ചെളിയിൽ പാമ്പിന്റെ
അളിഞ്ഞ മണം.
എനിക്കൊന്ന് മുഖം പൊത്താൻ
ഈ കണ്ണുകൾ അടക്കാൻ
എന്റെ കാതുകൾ എന്നന്നെക്കുമായി
അടച്ചു വയ്ക്കാൻ പരക്കം പായുകയാണ്.

ഞാൻ നിന്നെ എന്നേ വെറുത്തുകഴിഞ്ഞു,
ഇനിയെങ്കിലും എന്റെ കൺവെട്ടത്ത് നീ വരാതിരിക്കുക
അല്ലെങ്കിൽ എന്നന്നേക്കുമായി
എന്നെയിവിടെ നിന്നും നാടുകടത്തുക.

വര്‍ഷം രണ്ടായിരത്തിയാറ്. അന്ന് മാധവിക്കുട്ടി എറണാകുളത്തു കടവന്ത്രയിലെ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. അതിനു മുമ്പ് തിരുവനന്തപുരത്ത് ആയിരുന്നപ്പോള്‍ എത്രയോ കാണാന്‍ കൊതിച്ചു. കഴിഞ്ഞില്ല, എല്ലാം പിന്നത്തേക്ക് മാറ്റി വയ്ക്കുന്ന എന്റെ ശീലം അതും വൈകിച്ചു. പിന്നീട് മതം മാറി എന്ന വാര്‍ത്ത കൊടും കാറ്റായി മാറിയപ്പോള്‍ നങ്കൂരമിടാന്‍ പാട് പെടുന്ന ഒരു കപ്പലിന്റെ ചിത്രമല്ല എനിക്ക് കിട്ടിയത്. അമേരിക്കയെ പോലും വെല്ലു വിളിച്ചു നില്‍ക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ചിത്രമാണ്. ഉള്ളില്‍ പറഞ്ഞു ‘സ്ത്രീ ആയാല്‍ അങ്ങനെ വേണം ഉരുക്ക് പോലെ നില്‍ക്കുക, എന്തിനോടും എതിരിട്ടു അങ്ങനെ’. എഴുത്ത് കൊണ്ട് എതിരിടുമ്പോഴും പലരും ജീവിതത്തില്‍ നിസ്സഹായതയോടെ കീഴടങ്ങുന്നത് എത്രയോ കണ്ടിരിക്കുന്നു. മാധവിക്കുട്ടി അങ്ങനെയല്ല. സ്വന്തമായി തെളിച്ച വഴിയിലൂടെ അങ്ങനെ സഞ്ചരിക്കുക.

മാധവിക്കുട്ടി മതം മാറി എന്ന് പറയുന്നിടത്ത് നാം വായിക്കാതെ പോകുന്ന മറ്റൊരു സത്യമുണ്ട്. അവര്‍ മതം മാറുകയല്ല ചെയ്തത് മതങ്ങളെ തകര്‍ക്കുകയാണ് ചെയ്തത്. കുട്ടിക്കാലം മുതല്‍ക്കേ അറിഞ്ഞും അനുഭവിച്ചും പോന്ന ഒരു മതത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തനിക്കു എല്ലാം വഴങ്ങും എന്ന ഒരു സത്യം മാധവിക്കുട്ടി വെളിപ്പെടുത്തുകയായിരുന്നുവോ? അല്ലെങ്കില്‍ ആദ്യം സൂചിപ്പിച്ച പോലെ വേലിക്കെട്ടു പൊളിക്കുക. അതായത് മതങ്ങള്‍ എന്ന നിലയില്‍ കെട്ടി ഉയര്‍ത്തപെട്ടിരിക്കുന്ന സകല മതിലുകളും തകര്‍ക്കുക എന്ന് തന്നെ. ഇവിടെ ആലോചിക്കേണ്ട , അടിവരയിടേണ്ട ഒന്നുണ്ട് . അത്, ഒരു എഴുത്തുകാരി എന്ന നിലയില്‍ നിന്നും അവധൂതന്റെ തലത്തിലേക്കോ സൂഫിയുടെ തലത്തിലെക്കോ ഉയരുക എന്നത്.. സൂഫികള്‍ മാത്രമാണ് ചട്ടക്കൂട് തകര്‍ത്ത് സത്യത്തിന്റെ തെളിനീര്‍ തേടുക. സൂഫി എന്ന് പറയുമ്പോള്‍ അതില്‍ ഇസ്ലാമിക ചുവ തേടുന്നവര്‍ ഉണ്ടാകാം. എന്നാല്‍ സൂഫി എന്നാല്‍ പരാശക്തിയെ തേടുന്ന യോഗിയാണ്. ഭൌതീകമായ എല്ലാ സുഖവും ഇട്ടെറിഞ്ഞു അശാന്തിയോടെ പുറപ്പെട്ടു പോകുന്നവരാണ്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന്റെ പരിസരത്തു നിന്നും ബാബറി പള്ളിയുടെ തകര്‍ച്ചയിലേക്ക് നോക്കുമ്പോള്‍ ഹിന്ദു എന്നും മുസ്ലീം എന്നും അവകാശപ്പെട്ടു നടക്കുന്ന സാധുക്കളോട് സഹതാപം തോന്നുന്നു. പാവങ്ങള്‍ ഈശ്വരന് വേണ്ടി പണവും സമയവും നഷ്ടപ്പെടുത്തി അശാന്തി അനുഭവിച്ചു. കഷ്ടം !

എഴുത്തിലൂടെ എത്ര ഉന്നതമായ ആശയവും വിളമ്പാം, എന്നാല്‍ ജീവിതത്തില്‍ എത്രപേര്‍ക്ക് അത് പകര്‍ത്താന്‍ ആകും! എന്നാല്‍ മാധവിക്കുട്ടി എന്ന വനിതക്ക് അത് കഴിഞ്ഞു. മതങ്ങള്‍ മാറുക എന്നത് കേവലം ചായ കുടിക്കുന്ന ലാഘവത്തോടെ ആകാം എന്ന് നമ്മെ കാട്ടി തന്നു. നമുക്കൊക്കെ ആദര്‍ശം എഴുതാനും സംസാരിക്കാനും ഉള്ളതാണ്. എന്നാല്‍ മോഹന്‍ദാസ് കരംചന്ദ്‌ ഗാന്ധിക്കോ മാധവിക്കുട്ടിക്കോ അങ്ങനെയല്ല എന്നതാണ് പുതിയ കാലത്തും നമുക്ക് കിട്ടുന്ന അറിവ്. എങ്കിലും ഞാന്‍ അവരെ വിരോധിക്കുന്നത്, മാധവിക്കുട്ടി എന്ന പേരിലോ, കമലാ ദാസ് എന്ന പേരിലോ, അതുമല്ലെങ്കില്‍ ആമി എന്ന പേരിലോ അവര്‍ക്ക് നില്‍ക്കാമായിരുന്നു. സൂരയ്യ എന്ന പേര് വാന്നാല്‍ മാത്രമേ മുസ്ലീം ആകൂ എന്ന ചിന്തയെ ഞാന്‍ അന്നും ഇന്നും വിരോധിക്കുന്നു. അതില്‍ ഞാന്‍ ഭാഷയുടെ ഭിന്ന മുഖങ്ങള്‍ കാണുന്നു. അതായത് ഭാഷയിലൂടെ പല തട്ടുകളിലേക്ക് തിരിയുന ആ പരാശക്തിയെ. ഒരാള്‍ മുസ്ലീം ആകണമെങ്കില്‍ അറബി ഭാഷയിലെ പേര് സ്വീകരിക്കണം എന്നത് ഞാന്‍ എതിര്‍ക്കുന്നു. ഒരാള്‍ മുസ്ലീം നാമകാരി ആയാല്‍ അയാള്‍ മുസ്ലീം ആകുകയില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. വേഷമോ, ഭാഷയോ അല്ല ഒരാളെ മുസ്ലീം ആക്കുക.

ഫോണിലൂടെ പലവട്ടം ബന്ധപ്പെട്ടിരുന്നു , അപ്പോഴൊക്കെ എന്നില്‍ ഉണര്‍ന്ന വികാരം എന്താകാം, ഒരമ്മയുടെ സാന്നിധ്യമായിരുന്നോ, അല്ലെങ്കില്‍ അനുരാഗത്തിന്റെ കയ്യൊപ്പ് പോലെ എന്തോ, അതിനുമപ്പുറം പിന്നെയും എന്തെല്ലാമോ. എങ്കിലും…. പുറപ്പെടുമ്പോള്‍ എന്‍റെ ‘ഗുല്‍മോഹര്‍’ എന്ന നോവലിന്റെ ഒരു കോപ്പി കയ്യില്‍ കരുതിയിരുന്നു. ആ കയ്യില്‍ വച്ച് കൊടുത്ത് പറയുക, ഇതാ പുരുഷന്‍ എഴുതിയ ഒരു പെണ്ണെഴുത്ത്. ഗുല്‍മോഹര്‍ എന്ന നോവലിന്റെ പരിസരങ്ങളില്‍ ഇടക്കെപ്പോഴോ കയറി കൂടിയ മാധവിക്കുട്ടി, കമല, അല്ലെങ്കില്‍ ആമി. മീര എന്ന കഥാപാത്രത്തിലേക്ക് ആ നിഴല്‍ എത്ര വേണമെങ്കിലും വന്നു പോയിട്ടുണ്ട്. എല്ലാം സ്വയമറിയാതെ. രചനയുടെ ഏതെല്ലാമോ ഇടവേളകളില്‍ ആ മുഖം എന്നെ അലട്ടിയിരുന്നുവോ? എന്തോ എനിക്കറിയില്ല.

ഫ്ലാറ്റിനു മുന്നില്‍ എത്തുമ്പോള്‍ മഴചാറി. പ്രണയം പോലെ അത്. നനയുമ്പോള്‍ ഒരു പ്രത്യേകാനുഭൂതി. ഉള്ളില്‍ കൊണ്ട് നടന്ന ആഗ്രഹത്തിന്റെ വിങ്ങല്‍ കൂടിയായപ്പോള്‍ വല്ലാത്തൊരു വിവശത. കാണാന്‍ പോകുന്നത് നിസ്സാരക്കാരിയെ അല്ലല്ലോ! ഫ്ലാറ്റിലെ കാവല്‍ക്കാരന്‍ എന്നെ വിലക്കി, അകത്തേക്ക് വിടില്ല. അയാള്‍ക്ക്‌ ഞാന്‍ ആരാണ് എന്താണ് എന്നൊക്കെ അറിയണം. ചോദ്യങ്ങള്‍ എല്ലാം കരുതലോടെ ശേഖരിച്ചു വച്ചത് പോലുണ്ട്. അല്ലെങ്കില്‍ ശത്രു വരുമ്പോള്‍ ചാടിവീഴാന്‍ പാകത്തില്‍ ആ നില്‍പ്പ്. അയാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, മാധവിക്കുട്ടിക്ക് ധാരാളം വധഭീഷണികള്‍ പലയിടത്ത് നിന്നും ഉണ്ടല്ലോ…. കൂടാതെ രോഗ പീഡയും. എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ മാധവിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചു, അകത്തേക്ക് പോകാന്‍ അനുമതിയായി… കൂടിയാല്‍ അഞ്ചു മിനിട്ട്, അതിനുള്ളില്‍ മടങ്ങണം. അയാള്‍ ഓര്‍മ്മപ്പെടുത്തി. അപ്പോള്‍ അയാള്‍ക്ക്‌ ഒരു ഭീകര ഭാവം ഉണ്ടായിരുന്നോ? അയാളെ വെറുത്തു, ഉടന്‍ തിരുത്തി, വെറുക്കരുത്, മാധവിക്കുട്ടിയെ കാക്കുന്ന ആളല്ലേ!

അകത്തു കാലെടുത്തു വയ്ക്കുമ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. എവിടെ തുടങ്ങണം എങ്ങനെ എന്നൊക്കെ യുള്ള ചിന്ത ഉള്ളില്‍ കുത്തി മറിയുകയായിരുന്നു. നിലാവ് പോലെ ആ മുഖം. ഏതോ തീര്‍ഥാടനകേന്ദ്രത്തില്‍ എത്തിയ പ്രതീതി. എന്തൊക്കെയോ ഭാരം അവിടെ ഇറക്കിവയ്ക്കാനുണ്ട് എന്നൊരു തോന്നലും. മേശമേല്‍ ഇരുന്ന ആ കയ്യില്‍ മുറുകെ പിടിച്ചു. പഞ്ഞി പോലെ അത്.
നിശബ്ദതക്ക് എന്താഴം ! രണ്ടാളുടെ നിശബ്ദത തമ്മില്‍ കലരുമ്പോള്‍ വല്ലാത്തൊരു സംഗീതാനുഭൂതി. ആ വാചാലതയില്‍ അങ്ങനെ നില്‍ക്കെ അവര്‍ പറഞ്ഞു: “ഇരിക്കൂ കുട്ടീ…”

എവിടെ നിന്നുമാണ് സംസാരം തുടങ്ങിയത്? മതമാറ്റം, പേര് മാറ്റം. എഴുത്തിന്‍റെ വഴികള്‍, മലയാളിയുടെ കപട സദാചാരം… അങ്ങനെ പലതും… അതിനിടെ പലവട്ടം കാവല്‍ക്കാരന്‍ വന്നു മടങ്ങി. അയാള്‍ ഓരോ വട്ടവും വന്നു മടങ്ങുമ്പോള്‍ കൂടുതല്‍ അസ്വസ്ഥനായി കാണപ്പെട്ടു. എന്നെ എങ്ങനെയെങ്കിലും പറഞ്ഞു വിട്ടാല്‍ ആശ്വാസമെന്ന മട്ട്. നിമിഷങ്ങള്‍ മണിക്കൂറിലേക്ക് പെരുകിയത് എത്ര വേഗം…

” മാധവിക്കുട്ടി ആയാലും, കമല സൂരയ്യ ആയാലും എനിക്ക് ആമിയാണ്….”
അത് കേള്‍ക്കെ ആ കണ്ണുകള്‍ പ്രകാശിച്ചു. ആ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഓര്മ വന്നത് വടക്കേ ഇന്ത്യയിലും മറ്റും കണ്ടുമുട്ടിയ ആ സൂഫികളെയാണ്.അവര്‍ പരാശക്തിയോട് ഏറ്റവും അടുത്തവര്‍. എല്ലാ ചട്ടക്കൂടുകളോടും സകല വേദ ഗ്രന്ധങ്ങളോടും രാജിയായി താന്താങ്ങളുടെ പാതയില്‍ സഞ്ചരിച്ചു പരാശക്തിയെ അനുഭവിക്കുന്നവര്‍. ഒരാള്‍ സംഗീതം എങ്ങനെയാണോ അനുഭവിക്കുക അത് പോലെയാണ് പരാശക്തിയെ അനുഭവിക്കുക എന്ന് സൂഫികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എഴുത്ത് മാധവിക്കുട്ടിക്ക് സഞ്ചാരം ആയിരുന്നില്ലേ. സ്വത്വം തേടിയുള്ള അശാന്തമായ സഞ്ചാരം. പരാശക്തിയെ അനുഭവിച്ചു തുടങ്ങുന്നതോടെ പരാശക്തി അയാളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. പിന്നെ ആമിയില്ല, മാധവിക്കുട്ടിയോ കമല സൂരയ്യയോ ഇല്ല. ആ പ്രകാശം മാത്രം. ഹിന്ദുവോ മുസല്‍മാനോ എന്ന് അടയാളപ്പെടുത്താന്‍ ആവാത്ത തലത്തില്‍ അവര്‍ .
എഴുത്ത് അവര്‍ക്ക് പദങ്ങള്‍ പെറുക്കി വയ്ക്കലല്ല. കല്ലും മുള്ളും, കാറ്റും കോളും നിറഞ്ഞ ഇടങ്ങളിലൂടെ ആ പരാശക്തിയിലേക്ക്…

രണ്ടു പുസ്തകം, പേന, ഗ്ലാസ് കൊണ്ടുള്ള പള്ളിയുടെ ചിത്രമുള്ള അല്ലാഹു എന്നെഴുതിയ പേപ്പര്‍ വെയിറ്റും എനിക്ക് സമ്മാനമായി നല്‍കി തലയില്‍ കൈ വച്ചു പറഞ്ഞു:
” നന്നായി വരൂ…”
എഴുതുന്ന കടലാസ്സിന്റെ തലക്കല്‍ ആ പേപ്പര്‍ വെയിറ്റ് വയ്ക്കുക, എഴുത്ത് വന്നു കൊള്ളുമെന്നും…
മരണം ആരുടേയും കുത്തകയല്ല, ജനിച്ചാല്‍ മരിക്കണം. മാധവിക്കുട്ടിയുടെ മരണം എന്നില്‍ എന്ത് വികാരമാണ് പകര്‍ന്നത്? എന്തുകൊണ്ടോ എനിക്ക് വേദനിക്കാനായില്ല. അതൊരു രക്ഷപ്പെടല്‍ ആയി തോന്നി. രോഗ പീഡയിലൂടെ അങ്ങനെ പരാശ്രയത്തോടെ കഴിയുന്നത്‌ അത്ര സുഖമുള്ള കാര്യമല്ല എന്ന അറിവ്.

തുടര്‍ന്ന് വന്ന വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മാധവിക്കുട്ടിക്ക് വേണ്ടി പള്ളിയിൽ മയ്യത്ത് നിസ്കാരം ഉണ്ടായിരുന്നു. … മറ്റിടങ്ങളില്‍ മരിക്കുന്നവര്‍ക്കായി, അവര്‍ സമ്പത്തുകൊണ്ട് വലിയവര്‍ ആണെങ്കില്‍ ഞങ്ങളുടെ പള്ളിയില്‍ മയ്യത്ത് നമസ്കാരം ഉണ്ടാകാറുണ്ട്. മറ്റിടങ്ങളിലെ സ്ഥിതി എന്തെന്ന് അറിയില്ല. മരണത്തിലും സാമ്പത്തീകനില കാണുന്ന നാറിയ ഏര്‍പ്പാടിനോട് ഏതിരിട്ടുകൊണ്ട് അങ്ങനെയുള്ള പ്രാര്‍ഥനകളില്‍ ഞാന്‍ പങ്കെടുക്കാറില്ല. ഒരാളുടെ വലുപ്പത്തിന്റെ മാനദണ്ഡം പണം ആയിപ്പോയ ഒരു ലോകത്തെ സഞ്ചാരികള്‍ ആണ് നാം. വിശ്വസിച്ചാലും ഇല്ലെങ്കിലും…

മയ്യത്ത് നിസ്കാരം… മരിച്ചുപോയ ഒരാള്‍ക്ക്‌ ജീവിച്ചിരിക്കുന്നവര്‍ചെയ്യുന്ന ഏറ്റവും വലിയ കര്‍മം…
അന്ന് ജുമുഅ നിസ്കാരം കഴിഞ്ഞു മാധവിക്കുട്ടിക്കായി പ്രാര്‍ഥനയോടെ നിന്നു. എന്റെ മനസിലേക്ക് പുഞ്ചിരി തൂകി ആ മുഖം… ആ മുഖം നിശബ്ദം എന്നോട് ചൊല്ലുന്നതുപോലെ. ജീവിച്ചിരിക്കെ എന്തെങ്കിലും സഹായം എത്തിക്കുക.. മരിച്ച ശേഷം എന്ത് കിട്ടിയിട്ടെന്ത്.. ഉടലിൽ നിന്നും രക്ഷപ്പെടുന്ന ആത്മാവിനു എന്തിനു ജീവിച്ചിരിക്കുന്നവരുടെ ബഹളങ്ങൾ.. 

മാധവിക്കുട്ടി നമ്മെ വിട്ടുപോയി. ദേഹമാണ് വിട പറയുക. സൂഫികളുടെ ദേഹത്തെ മണ്ണ് തിന്നാത്തത് പോലെ ആ ശരീരവും മണ്ണില്‍ അലിയാതെ ഉണ്ടാകും… ജീവിതം രേഖപ്പെടുത്തിയ കഥ, കവിത നോവലുകളും നമ്മോടൊപ്പമുണ്ട്. മരണം ഒരു പറിച്ചുനടല്‍ ആണ്, മറ്റൊരു തലത്തിലേക്ക്. ഒരുവേള മാധവിക്കുട്ടിയില്‍ നിന്നും കമല സൂരയ്യയിലേക്കെന്ന പോലെ മറ്റൊന്നിലേക്ക്‌. നീര്‍മാതളത്തെ സ്നേഹിച്ച , കണ്ണനെ ഉള്ളില്‍ പേറിയ എഴുത്തുകാരി. കാല്‍പാടുകളെ മഴ വന്നു കൊണ്ട് പോകും, നീര്‍മാതളത്തെ ഋതുക്കളും… പക്ഷെ കണ്ണനെ നെഞ്ചേറ്റിയ ആമിക്ക് മരണമില്ല. എഴുത്തുകാര്‍ക്ക് അവരുടെ എഴുത്ത് ജീവിതം രേഖപ്പെടുത്തലാണ്‌. ആമിയുടെ ഖബറിടത്തിലേക്കുള്ള ഓരോ സഞ്ചാരവും സൂഫിയുടെ വിശ്രമ കേന്ദ്രത്തിലേക്കെന്ന പോലെ.. കാലം അവരെ സൂഫിയായി അടയാളപ്പെടുത്തുകതന്നെ ചെയ്യും …Followers

About The Blog


MK Khareem
Novelist