ഇര

Posted by Kazhcha Thursday, August 15, 2013

എത്രയോ പാതകളിൽ നാം സ്വാതന്ത്ര്യത്തിന്റെ കൊടികൾ നാട്ടി. നാമെത്രയോ ആശംസകൾ പരസ്പരം നേർന്നു. നാം സ്വതന്ത്രരെന്നും, നാം തന്നെയാണെല്ലാമെന്നും അവർ ആണയിടുന്നു... വെളുത്തവൻ പടിയിറങ്ങിയപ്പോൾ എല്ലാം കൈപ്പിടിയിലെന്ന് മനസ്സാ ഉറപ്പിച്ച് നടന്ന തെരുവുജീവിതങ്ങൾ എത്രയോ...

സാമ്രാജ്യത്വം വിതച്ച വർഗീയ വിഷം തെരുവിൽ പലവട്ടം ഏറ്റുമുട്ടി രക്തമൊഴുക്കി. അഭിനവ ഗാന്ധിമാർ ഒളിഞ്ഞും തെളിഞ്ഞും വർഗീയത വിതച്ചു. സൂറത്തും മീറത്തുമൊക്കെ പഴയ വായനകൾ. അയോധ്യയും ഗുജറാത്തുമൊക്കെ മങ്ങിപോകുന്നു. മാറാട് മറമാടിയത് ദന്തഗോപുര വാസികളെയല്ല. കടലിന്റെ മക്കളെ. കടലിന്റെ മക്കൾക്ക് ദൈവവും മതവുമൊക്കെ കടലായിരുന്നിട്ടും അവരിലേക്ക് വർഗീയത ഊതിവിട്ടു മുതലെടുപ്പു നടത്തിയ രാഷ്ട്രീയ നപുംസകങ്ങൾ.

ഏതൊരു കലാപത്തിനും കെടുതിക്കും ചട്ടുകവും ഇരയുമായി മാറുന്നത് സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവർ. അധികാരത്തിനോ അതിന്റെ കങ്കാണിമാർക്കോ അവരെക്കുറിച്ചൊരു ബോധവുമില്ല. ദരിദ്രരുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി ഉയരുന്ന വികസനങ്ങൾ. എൻഡോസൾഫാന്റേയോ ചെങ്ങറയുടെയോ വേദന മറക്കുന്നത് കൂടം കുളം കൊണ്ടോ കാതികുടം കൊണ്ടോ ആണ്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഒന്നിനെ മറ്റൊന്നുകൊണ്ട് മൂടാൻ അധികാരവർഗം പഠിച്ചിരിക്കുന്നു. മറക്കാൻ നാമും.

സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ, പ്രകൃതിയുടെ നിലനിൽ‌പ്പ് അപകടപ്പെടുത്തി വാഴുന്ന ദന്തഗോപുര യാത്രകൾ. മാനുഷീക മൂല്യങ്ങൾ ചവിട്ടി മെതിക്കുന്നതിന്, പ്രകൃതിയോട് ക്രൂരത കാട്ടുന്നതിന് ഉത്തരം പറയേണ്ടിവരും. ഒരിക്കൽ അത് സംഭവിക്കുക തന്നെ ചെയ്യും, പ്രകൃതി മനുഷ്യനെതിരെ തിരിയുക തന്നെ ചെയ്യും. പേമാരിയായും കൊടുങ്കാറ്റായും അവൾ ആഞ്ഞു വീശുമ്പോൾ അന്നതിനെ ചെറുക്കാൻ ലോകത്തൊരു യന്ത്രത്തിനുമാവില്ല. അന്ന്, മനുഷ്യൻ ആരാധിക്കുന്ന വിശ്വസിക്കുന്ന ദൈവം പോലും സഹായത്തിനെത്തില്ല...Followers

About The Blog


MK Khareem
Novelist