മുറിവിന്റെ ചാറില്‍ പ്രണയം തുള്ളി തുളുമ്പുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ തൂങ്ങുന്ന മൌനം... കനം കൂടിയതും എന്നാല്‍ ഒട്ടും ഭാരം അനുഭവപ്പെടാതെയും നീ.
ചെരുപ്പുകളുടെ കിരുകിരുപ്പ്‌ നീ വെറുക്കുന്നുണ്ട്.
നിന്റെ മൌനത്തെ മുറിക്കുന്ന എന്തിനെയും ശപിക്കുകയും.
ഉള്ളിലേക്ക് ഏതൊക്കെയോ പഴുതാര പുളച്ചില്‍ പോലെ ... ചിലപ്പോള്‍ ഭാഷയ്ക്ക്‌ വഴങ്ങാത്തൊരു സങ്കടം. ഒരിക്കല്‍ കുറിച്ചത് പോലെ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം കണക്കെ നീ.
എന്റെ കണ്ണുകളില്‍ നിന്റെ മുഖം. അക്ഷരങ്ങളില്‍ അക്ഷരം ലയിച്ചുണ്ടാവുന്ന വെട്ടം. അത് നീ തന്നെയെന്നു നിനക്ക് മുമ്പേ അറിഞ്ഞത്.
ആരാണ് ഈ വീഥിയില്‍ ആദ്യമായി മൌനം മുറിക്കുക?
നീയോ ഞാനോ?
ഇന്ന് പൂത്ത വാകയില്‍ എന്റെ കൂട്ടുകാരിയുടെ നനവൂറുന്ന നയനങ്ങള്‍ .. കടന്നു പോകുന്ന കാറ്റില്‍ നിന്റെ പുഞ്ചിരി.

പ്രണയമേ, ഈ രാത്രി നിന്റെ മൌനം പൂത്തു നില്‍ക്കുന്നു. തീരത്ത്‌ അലസം വരുന്ന തിരകള്‍ പോലെ നിന്റെ സാന്നിധ്യവും. അങ്ങ് ദൂരെ വെളിച്ചത്തിന്റെ സുഷിരങ്ങള്‍ പാകി കപ്പല്‍ .. ഞാനീ ഹൃദയ തീരത്ത്‌ പ്രണയത്തിന്റെ സൈറന്‍ കാത്തു നില്‍ക്കുന്നു..

എന്നില്‍ നിന്നും അടര്‍ന്നു പോയ ഹൃദയം കണ്ടെടുക്കാന്‍ നീ വേണം.. നീയൊരു സൂചിയും നൂലുമായി എന്നില്‍ തയ്ച്ചു കയറുന്നത് അനുഭവിക്കാന്‍ ഈ തീരത്തെ അന്തന്തമായ നില്‍പ്പ്. അല്ലയോ ലബനോന്‍ കാരീ, ഇന്ന് നിന്റെ പാതയില്‍ ഒലിവു മരങ്ങള്‍ മഞ്ഞു ചൂടിയിരുന്നോ. എന്റെ കുതിരകള്‍ വീഞ്ഞുമായി അതുവഴി കടന്നു പോയോ.
നിന്റെ പൂങ്കാവനത്തില്‍ ഇന്ന് ലില്ലി ചെടികള്‍ നിരന്നിരിക്കാം. അതുകൊണ്ടാണല്ലോ നീ ഇതുവഴി വരാന്‍ മടിക്കുന്നത്.
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു, നീളന്‍ കോട്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞു പാളികള്‍ ..
എന്റെ ഹൃദയത്തിന്റെ ചുവരുകള്‍ വിണ്ടു കീറി,
അതുവഴി തുളഞ്ഞിറങ്ങിയ സൂര്യ രശ്മികള്‍ ..


മാമൂല്‍ ധാരണകളെ പറിച്ചെറിയുന്ന പ്രണയകഥാഖ്യാനമാണ് എന്റെ മുന്നിരിക്കുന്ന ഈ മാനുസ്‌ക്രിപ്റ്റിലുള്ളത്. മാനുസ്‌ക്രിപ്‌റ്റെന്ന് എടുത്തുപറയാനൊരു കാരണമുണ്ട്. കൈകൊണ്ടല്ലാതെ എഴുതാനാവാത്ത ഒരു കഥയാണ്, അല്ലെങ്കില്‍ ആഖ്യാനമാണ് ' ആത്മായനത്തിന്റെ തമ്പുകള്‍' . ഇതിന് അവതാരികയെഴുതാന്‍ കൃതഹസ്തനായ എം. കെ. ഖരീം എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഊഹം പോലുമില്ല. ഞാന്‍ അംഗീകാരമുള്ള എഴുത്തുകാരനല്ല. സാഹിത്യത്തിന്റെ മഹാക്ഷേത്രത്തില്‍ എവിടെയെങ്കിലും കയറിയിരിക്കാനുള്ളയോഗ്യതയൊന്നും ആരും എനിക്ക് നല്കിയിട്ടില്ല; അത് ഇടത്തുള്ളവരായാലും വലത്തുള്ളവരായാലും. അപ്പോള്‍ എന്തിനാണ് ഖരീമിനെ പോലെ ലബ്ധപ്രതിഷ്ഠനായ ഒരു നോവലിസ്റ്റ്, കൈരളി അറ്റ്‌ലസ് അവാര്‍ഡും ഒ. വി. വിജയന്‍ അവാര്‍ഡും നേടിയ ഒരാള്‍ എന്നെ അവതാരികാകാരനായി കണ്ടെത്തുന്നത്?

അവിടെയാണ് ഈ നോവലിലെ വിഗ്രഹധ്വംസനം ഞാന്‍ കാണുന്നത്. ഞാന്‍ ഒരു സ്ഥിരം വായനക്കാരനാണ്. ചേതന്‍ ഭഗത്തിന്റെ അവസാനത്തെ പൈങ്കിളിയും ഞാന്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല. വായിക്കാന്‍നിയോഗമുള്ള പലരുടെ കൂട്ടത്തില്‍ ഒരാളായതിനാല്‍ അങ്ങനെ ചെയ്യുന്നു.. അത്തരം രചനകള്‍പോലും, വായിച്ച ഉടനെ മറന്നുപോവുന്ന രചനകള്‍പോലും, വായിക്കുകയെന്ന നിയോഗം സ്വയം ഏറ്റെടുത്ത ഒരാളാണ് ഞാനെന്നര്‍ത്ഥം. അതൊരനര്‍ത്ഥമാണ് താനും. പക്ഷേ ഈയനര്‍ത്ഥത്തില്‍നിന്ന് ഉണ്ടായ ഒരു നേട്ടമാണ് ഈ അവതരണകര്‍മ്മം. വായനക്കാരുടെ പക്ഷത്തുനിന്ന് നോവലിനെ കാണുന്ന ഒരാളെന്നനിലയിലാവണം ഖരീം അവതാരികയെഴുതാന്‍ എന്നെ ചുമതലപ്പെടുത്തിയത്. നോക്കൂ, വായനക്കാരുടെ പക്ഷമറിഞ്ഞ് നോവലെഴുതാന്‍ എം. മുകുന്ദന്‍ തയ്യാറെടുക്കുന്ന കാലമാണിത്.
ഈ നോവല്‍ ഒരുപ്രണയകഥാഖ്യാനമാണ്. രമണന് ശേഷം മലയാളത്തില്‍ പ്രണയം വീണ്ടും ജീവിതവുമായി ലയിച്ചുചേരുകയാണ്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള അപൂര്‍വ്വമായ ഒരുപ്രണയാനുഭവം. പ്രായത്തിനും പദവിക്കുമപ്പുറം പ്രണയാനുഭവം തീക്ഷ്ണവും തീവ്രവുമായിത്തീരുന്ന നോവലാണ് എം. കെ. ഖരീമിന്റെ ഏറ്റവും പുതിയ ഈ കൃതി. വിശ്വം മുഴുവന്‍ രണ്ടു ബിന്ദുക്കളായി ചുരുങ്ങുന്നു. അവലയിച്ചുചേരുന്നു. സൂഫികളുടെ ആത്മലയത്തിന്റെ ധ്വനി ഈ രചനയില്‍ പൂവിടരുന്നപോലെ കേള്‍ക്കാവുന്നു.

അതെ, സൂഫികള്‍ക്ക് സവിശേഷമായ പ്രണയമാണ് ഈ രചനയുടെ സവിശേഷത. സൂഫികള്‍ക്ക് ജീവിതം മുഴുവന്‍ പ്രണയാനുഭവമാണ്. റൂമിയുടെ ജീവിതം ഇതിനു നല്ല ഉദാഹരണമാണ്. അപ്പോഴും ഒരു സൂഫിയും ജീവിതത്തില്‍നിന്ന് ഒളിച്ചോടുകയില്ല. അയാള്‍ രമണന്റെ വിഡ്ഢിത്തം കാണിക്കുകയില്ല. കാരണം, സൂഫിയില്‍ ആസക്തി പരിത്യാഗമായി പരിണമിക്കുകയാണ്. അതോ മറിച്ചോ? നിങ്ങള്‍ ഒരു സാധാരണ കാമുകനായിക്കൊള്ളട്ടെ, സൂഫിസം നിങ്ങളില്‍ ചേക്കേറുകയാണെങ്കില്‍ നിങ്ങളുടെ അനുരാഗം ദൃഢവും ശക്തവുമായി പരിണമിക്കും. നിങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകനാണെങ്കില്‍ സൂഫിസം നിങ്ങളിലെ പ്രതിബദ്ധതയെ ദൃഢതരമാക്കും. യോദ്ധാവിനെ ജേതാവാക്കുന്ന വിദ്യയാണ് സൂഫിസം എന്നൊന്നും ഇതിനര്‍ത്ഥമില്ല.
സമാധാനം എന്നത് കേവലം അലങ്കാരമല്ലെന്നും ജീവിതത്തിന്റെ അര്‍ത്ഥം തന്നെയാണെന്നും അതിനു സ്‌നേഹം കൂടിയേ കഴിയൂ എന്നും, സ്‌നേഹം ഉണ്ടാവാനുള്ളപോരാട്ടം നടക്കണമെന്നുമാണ് ഖരീം സംപ്രേഷണം ചെയ്യാനാഗ്രഹിക്കുന്ന സന്ദേശം.
' സൂഫികള്‍. യോഗികള്‍ ഏതുരാജ്യക്കാര്‍ ആവട്ടെ, ഏതുഭാഷസംസാരിക്കട്ടെ, ഏതേതുകാലങ്ങളിലായി ഉടലുകളിലൂടെ സഞ്ചരിക്കട്ടെ, അവര്‍ ചിന്തിക്കുന്നത്, സംസാരിക്കുന്നത് അറിവിനെ കുറിച്ച്, സ്‌നേഹത്തെയും പരാശക്തിയെയും കുറിച്ച്.. അതില്‍ ആവര്‍ത്തനമുണട്, സ്‌നേഹിക്കുക എന്നതു തന്നെ ആവര്‍ത്തനമല്ലേ?' സ്‌നേഹത്തിന്റെ ഈ നിത്യാവര്‍ത്തനമാണ് വിശ്വസാഹിത്യത്തിലെ എല്ലാ മഹാരചനകളിലും ആത്യന്തികമായി കാണാവുന്നത്.

ജിഹാദിനെ കുറിച്ചുള്ള ചില ആശയങ്ങള്‍ ഖരീമിന്റെ കഥാപാത്രം പലപ്പോഴായി പറയുന്നുണ്ട്. അവയില്‍ എനിക്ക് യോജിക്കാനാവാത്തകാര്യങ്ങളുണ്ടെന്ന് പറയട്ടെ. ലൗജിഹാദ് എന്ന പ്രചാരവേല തികച്ചും ഹീനമായ ഒരാരോപണവും ജിഹാദ് ആത്മശുദ്ധിക്കുവേണ്ടിയാണെന്ന ആശയം അതിരുകവിഞ്ഞ അവകാശവാദവും ആണെന്നേ ഞാന്‍ പറയൂ. ലൗജിഹാദിന്റെ ഇരയായിരുന്നു കമലാസുരയ്യ എന്ന വാദം ചില അസഹിഷ്ണുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം എന്ന ആശയത്തിന് സാമാന്യമായി എതിരാണ് ഞാന്‍, അത് ഏത് മതത്തിലേക്കായാലും. അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി അബ്ദുള്ളയായി മാറി, കാണാന്‍ ചെല്ലുമ്പോള്‍ കുഞ്ഞരക്കാര്‍ പ്രകടിപ്പിക്കുന്ന ആ മനോഭാവമാണ് മതപരിവര്‍ത്തനത്തോട് എനിക്കുള്ളത്. അതിനര്‍ത്ഥം ഒരു വിശ്വാസപ്രമാണം തനിക്ക് അഹിതമായാല്‍ ആവ്യക്തി അതില്‍തന്നെ തുടര്‍ന്നുകൊള്ളണമെന്നല്ല. കമലാദാസിനെ പോലെ ഉയര്‍ന്ന സര്‍ഗ്ഗാത്മകതയും ധൈഷണികതയുമുള്ളൊരാള്‍ തന്റെ വിശ്വാസത്തില്‍ മാറ്റം വരുത്തുമ്പോള്‍ അത് സ്വന്തം മനസ്സാക്ഷിയുടെ തീരുമാനമാണെന്ന് വിട്ടുകൊടുക്കുന്നതാണ് യുക്തി. മാത്രമല്ല, നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ ജാതിയും മതവും നോക്കിയുള്ള അനുരാഗങ്ങളേ നടക്കാവൂ എന്ന ശാഠ്യം ഒട്ടും പ്രായോഗികവുമല്ല. പക്ഷേ , ഇതൊന്നും അസഹിഷ്ണുക്കളുടെ മത്ത് കുറയ്ക്കാന്‍പോന്ന ന്യായങ്ങളാവില്ല, തീര്‍ച്ച.
അനല്‍ ഹഖ് എന്ന കഥയെഴുതിയതിനു ബഷീറിനോട് മതമൗലികവാദം ഒരിക്കലും ക്ഷമിച്ചിരുന്നില്ലെന്നോര്‍മ്മിക്കുക. സംഘടിതമതങ്ങള്‍ക്ക് അദൈ്വതം അംഗീകരിക്കാനാവില്ല. സൂഫിസമാവട്ടെ , അല്പമൊരളവിലെങ്കിലും അദൈ്വതമാണ് താനും. പ്രണയിയുമായുള്ളതാദാത്മ്യം തന്നെയാണ് സൂഫിസം. അവിടെ ജാതിമതങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല.

എന്നാല്‍ ഇന്നത്തെ ലോകസാഹചര്യത്തിലും എന്നും ജിഹാദ് എന്നാല്‍ യുദ്ധം തന്നെയായിരുന്നുവെന്ന് കാണാന്‍പ്രയാസമില്ല. ഒസാമാബ്ന്‍ ലാദന്‍ നടത്തുന്നപോരാണ് ജിഹാദ് എന്ന് സാമാന്യ സമൂഹം ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഖുര്‍ ആനിലും അവിശ്വാസികള്‍്‌ക്കെതിരായ പോരാട്ടം തന്നെയാണ് ജിഹാദ്. സൈനികമായപോരാട്ടം മാത്രമല്ല, ആശയപരമായ പോരാട്ടവും അതില്‍ ഉള്‍പ്പെടും. അതായത് , പ്രധാനമായും അത് സൈനികമായ പോരാട്ടം തന്നെയാണ്. അത് കൊണ്ടാണ് ജിഹാദ് എന്നാല്‍ ആത്മശുദ്ധീകരണമാണെന്ന വാദം അതിരുകവിഞ്ഞ അവകാശവാദമാണെന്ന് പറയേണ്ടിവന്നത്.
ഇത്രയും പറയുന്നത്, ആത്മായനങ്ങളുടെ തമ്പുകള്‍ ജിഹാദിനനുകൂലമായ നോവലായതുകൊണ്ടല്ല. സമാധാനത്തിനുവേണ്ടിയുള്ള ഏറ്റവും അര്‍ത്ഥവത്തായ രചനയാണത്. ജാതിമതങ്ങള്‍, വംശവര്‍ണ്ണങ്ങള്‍ക്കും അതീതമായ ഉദാത്തമായ സ്‌നേഹമാണ് ഈ നോവലിലൂടെ ഖരീം മനുഷ്യരാശിക്കുനല്കുന്നത്.

ആത്മായനത്തിന്റെ തമ്പുകള്‍ നോവലാണ്, ദാര്‍ശനികകൃതിയോ മതശാസ്ത്രവ്യാഖ്യാനമോ അല്ല. രണ്ടുകഥാപത്രങ്ങളുടെ ഹൃദയൈക്യത്തിന്റെ പ്രഘോഷണമാണ് ഈ കൃതി. ഉടല്‍ അപ്രധാനമാവുന്ന ആത്മൈക്യമാണ് ഖരീം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നത്. ഉടല്‍ മാത്രമല്ല, സാധാരണ മട്ടിലുള്ള വ്യാകരണം പോലും ഈ ആത്മൈക്യത്തിനു മുന്നില്‍ അപ്രധാനമാണെന്ന് കാണാം. ചിലവാക്യങ്ങള്‍ പൂര്‍ണമാവാതെ നില്ക്കുകയാണ്. ആ അപൂര്‍ണതയാണ് ഈ ഭാവോന്മീലനത്തിന്റെ വ്യാകരണം. ' പാടത്തു നില്ക്കുന്ന കൊക്കില്‍ നമ്മെ വായിച്ചിട്ടുണ്ട്. മേഘങ്ങളില്‍, മഴയിലും താമരയിലും അതേ വായന.' ഈ ഉദ്ധരണിയിലെ രണ്ടാം വാക്യം അപൂര്‍ണമാണ്. പക്ഷേ ഈയപൂര്‍ണതയോടെയാണ് അതിലെ സൗന്ദര്യം പൂര്‍ണമാവുന്നത്.

ഈ നോവല്‍ വളരെ ചാരിതാര്‍ത്ഥ്യത്തോടെ മലയാളികളുടെ സമക്ഷം അവതരിപ്പിച്ചുകൊള്ളട്ടെ. ഇത് അവതരിപ്പിക്കുവാനുള്ള അവസരം നല്കിയതിന് നോവലിസ്റ്റിനോട് അഗാധമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

സി.പി. അബൂബക്കര്‍, തണല്‍, മേപ്പയൂര്‍
209 നവംബര്‍ 30.


പുരാതനമായ തെരുവില്‍ ബാക്കി നിര്‍ത്തിയ സംസാരം ... പൊടിപാറുന്ന കാറ്റും വ്യസനം പേറുന്ന മഞ്ഞും. സ്ഥലനാമം വ്യര്‍ത്ഥമെന്നു കരുതിയിട്ടോ ഓര്‍മയില്‍ തങ്ങാതെ.
വരകളും കുറികളും മാത്രം, എങ്കിലും അതിനു എന്തെല്ലാം അര്‍ഥങ്ങള്‍ ... നമുക്കന്നു എന്തിലും അര്‍ഥങ്ങള്‍ ഉണ്ടായിരുന്നല്ലോ! യാത്രയുടെ ഏതു കടവിലാണ് അര്‍ഥങ്ങള്‍ നഷ്ടമായത്...
വെല്ലുവിളിയായി ഉയര്‍ന്ന അഹങ്കാരം ഇല്ലാത്ത വലുപ്പം അഭിനയിച്ചു ഫലിപ്പിച്ചു.
അരങ്ങുകള്‍ പലതു മാറി,
വേഷങ്ങള്‍ കൊഴിയുകയും.
ഋതുക്കള്‍ മാറി മാറി ...
അന്ന് നീ കുറിച്ച പ്രണയം, പുതിയ കാലത്ത് വായിക്കാന്‍ ആവാതെ.
എന്റെ പാതയില്‍ മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു. മരം കൊണ്ട് പണിത ഉയരം കുറഞ്ഞ കുടിലിന്റെ വരാന്തയില്‍ നീ ഒരു ഗ്ലാസ് വീഞ്ഞുമായി നില്‍ക്കുന്നു.
കടന്നു പോകുന്ന സഞ്ചാരികളില്‍ നീ തേടുന്നത് എന്നെയോ..
എന്നിട്ടും മുഖാമുഖം എത്തുമ്പോള്‍ നിന്റെ ചോദ്യം,
മീരക്ക് സുഖമല്ലേ?
ഉടല്‍ ധരിക്കുമ്പോള്‍ അതെന്നും തന്റേതെന്ന തോന്നല്‍ . എന്നുമതില്‍ വസിക്കാമെന്ന അഹങ്കാരം...
യാത്രകളില്‍ ഉടലുകള്‍ പലതു കൊഴിയുന്നു. ഉള്ളിത്തോട് ഊരിപോകും പോലെ.. ആത്മലയത്തില്‍ ബിംബങ്ങള്‍ നഷ്ടപ്പെടുന്നു, പേരും.
കാംബിലെത്തുമ്പോള്‍ ഉള്ളിയില്ലാതാവും പോലെ ആത്മാവെന്ന സത്യം.
എങ്കിലും,
കാണാവുന്ന അത്രയും ദൂരേക്ക്‌ നോട്ടമയച്ചു നില്‍ക്കുന്നു... നീ മാത്രമെന്നില്‍ എന്നറിയുമ്പോഴും പിന്നെയും അറിയാന്‍ ബാക്കി.
ഉള്ളിന്റെയുള്ളില്‍ തടാകം സൃഷ്ടിച്ചു നീരാടുകയും.
തടാകമായി മാറുകയും,
ജലമെന്ന തിരിച്ചറിവിലേക്കും.


നിന്റെ മൌനം എന്നില്‍ കനം വയ്ക്കുമ്പോള്‍ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം പോലെ ഹൃദയം... പരിസങ്ങളില്‍ വീശുന്ന ഏതു കാറ്റാണ് മൊട്ടു സൂചിയായി എന്നില്‍ .
എനിക്കൊന്നു തുളയണം,
അതുവഴി പെയ്യണം.
എന്റെ കനം അങ്ങനെ ഒഴുകി പോകുമെങ്കില്‍ ..

പിന്നെ ഞാനും മൌനത്തിലേക്ക്‌ പിന്‍വാങ്ങാം. നിന്റെ നിഴല്‍ പോലും കണ്ടില്ലെന്നു നടിച്ചു ഏകാന്ത പാതയില്‍ അങ്ങനെ ഏകാന്തമായി യാത്ര തുടരാം. ഞാനെന്റെ നിഴലിനെ ഭക്ഷിച്ചു വിശപ്പടക്കാം. ഏതെങ്കിലും വഴിവക്കില്‍ നീ എന്നെ തിരിച്ചറിയുമ്പോള്‍ ഞാന്‍ മടങ്ങി വരാം...
അതുവരേക്കും ഞാന്‍ നിന്നെ ഓര്‍ത്ത്‌ പാടി കൊണ്ടിരിക്കും..
മീരാ, നിന്റെ കണ്ണീരിന്റെ തിളക്കമോ എന്റെ ഹൃദയത്തില്‍ ഇടനാഴിയില്‍ ഉതിച്ചു നില്‍ക്കുന്ന നക്ഷത്രം.
ജാലകം വഴി കിനിഞ്ഞിറങ്ങുന്ന പ്രകാശം നിന്റെ പ്രണയമോ?
നീ നിന്റെ വിരലുകള്‍ വായുവില്‍ വരക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ പോറല്‍ വീഴുന്നു.

ഒലിവു മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് പ്രണയം തൂങ്ങിയിട്ട്. ഞാനും മുന്നോട്ടു ചാഞ്ഞു നടക്കുന്നു. എന്റെ ഉള്‍ക്കണ്ണില്‍ പൊടി പരത്തുന്ന കാറ്റില്‍ ചാഞ്ഞു ചാഞ്ഞു നീങ്ങുന്ന നീ.
ഞാന്‍ എങ്ങനെയോ അതുപോലെ നീയും...

നിന്റെ നിശബ്ദത എന്നില്‍ പ്രണയമായി ആളുന്നു.
നാളത്തിന്റെ ബ്ലേഡ് മൂച്ച ഹൃദയത്തെ അരിഞ്ഞിടുന്നു.
കടന്നു പോകുന്ന വീഥിയില്‍ വിരലുകള്‍ വായുവില്‍ ചിത്രം വരക്കുകയല്ല. കാഴ്ചയില്‍ ഭ്രാന്തമെന്നു തോന്നിയേക്കാം. ഞാന്‍ നിന്നെ വാരിയെടുക്കാന്‍ തിടുക്കപ്പെടുകയും.
നീ എവിടെയുമുണ്ടല്ലോ!


നമുക്കെന്തേ വിഡ്ഢിത്തത്തെ വിഡ്ഢിത്തമായി കാണാനാവുന്നില്ല? പോയ വിഡ്ഢിത്തത്തിന്റെ പ്രേതങ്ങള്‍ അരങ്ങു വാഴുന്നത് ഒട്ടു അങ്കലാപ്പോടെ വീക്ഷിച്ചു ചിലരെങ്കിലുമുണ്ട്. എന്നാല്‍ ഭൂരിപക്ഷവും അതൊരു അലങ്കാരമായോ അഭിമാനമായോ കൊണ്ടുനടക്കുകയാണ്. പ്രേതങ്ങള്‍ക്കു പുതുമയൊന്നുമില്ല ലേബലില്‍ മാത്രമാണ് മാറ്റം. മുടിയെ കേശമാക്കി പവിത്രമാക്കാന്‍ ശ്രമിക്കുന്നു. ഒരു മുസല്‍മാന്‍ മരിച്ചാല്‍ അവന്റെ ഉടലിന്റെ ഭാഗമായതെല്ലാം മണ്ണിനടിയില്‍ പോകണം എന്നിരിക്കെ പ്രവാചകന്റെ മുടിക്ക് മാത്രം എന്തെങ്കിലും പ്രത്യേകത കല്‍പ്പിച്ചിട്ടുണ്ടോ? ഇസ്ലാമില്‍ അങ്ങനെ കുചേലനും കുബേരനും പ്രവാചകനും വ്യത്യസ്തമായ നിയമങ്ങളില്ല. ഇത് നമ്മുടെ പണപ്പെട്ടിയുടെ കനത്തിന്റെ പ്രശ്നമാണ് ഇത് വിട്ടു പിടി എന്നാവും എ.പി.അബുബക്കര്‍ മുതലാളിയുടെ ഭാഷ്യം. കുട്ടിക്കാലത്ത് എന്നോ കേട്ടൊരു കഥയുണ്ട്. അത് ശരിയോ തെറ്റോ എന്നറിയില്ല. മരണാനന്തരം നരകം ഉദ്ഘാടനം ചെയ്യുന്നത് പണ്ഡിതരെ കൊണ്ടാവും എന്ന്. ഇത്തരം ജന്മങ്ങള്‍ ഉണ്ടായാലല്ലേ നരകത്തിന്റെ വിശപ്പടങ്ങൂ.. ഇതെഴുതുന്നത് ആരെയും നരകത്തിലേക്കോ സ്വര്‍ഗത്തിലെക്കോ വിടാനല്ല.
പ്രവാചക സ്നേഹം നല്ലത് തന്നെ. പക്ഷെ പ്രവാചകനെ പരാശക്തിക്ക് മുകളില്‍ പ്രതിഷ്ടിക്കരുത്. അത് പ്രവാചകന്‍ പോലും വെറുക്കുന്നത്. ഇവിടെയാര്‍ക്കും പരാശക്തിയെ വേണ്ട, മതങ്ങളും ആരാധനലായങ്ങളും മതി. പരാശക്തി തെരുവ് തോറും അനാഥയായി അലയുന്നു.
മത മുതലാളിമാര്‍ കരുതുന്നത് അവരൊന്നും ഇല്ലെങ്കില്‍ പരാശക്തിക്ക് നിലനില്‍പ്പില്ലെന്ന്. അവരിങ്ങനെ സേവിച്ചു സേവിച്ചു നടക്കുന്നു. ഭൂതം നിധി കാത്തു കൊണ്ടിരിക്കുന്നത് പോലെയോ. ഭൂതത്തിനും ഉണ്ടാവും കനിവ്. പക്ഷെ മത മുതലാളിമാര്‍ക്ക്?

ഉടല്‍ തേച്ചു കഴുകാതെ നല്ല വസ്ത്രം അണിഞ്ഞിട്ടെന്ത്.
വെടിപ്പില്ലാത്ത ആത്മാവില്‍ ഉടലോ....

എളുപ്പം സമ്പന്നനാവണം. അധികാരം നിലനിര്‍ത്തുകയും വേണം. രാവിലെ വിതക്കുന്നതിനു വൈകുന്നേരം തന്നെ വിള കിട്ടണമെന്ന് വാശിപിടിക്കുകയാണ്. ഒന്നിനും കാത്തു നില്‍ക്കാനുള്ള ക്ഷമയില്ല. പ്രാര്‍ഥനയില്‍ പോലും അതാണ്‌ സ്ഥിതി. വിളിപ്പുറത്ത് എത്താത്ത പരാശക്തിയെ വേണ്ട. എളുപ്പം കാര്യം നടത്തിക്കിട്ടാന്‍ പരക്കം പായുകയാണ്. കാണാത്ത പരാശക്തി പ്രസാദിച്ചില്ലെങ്കില്‍ കിട്ടിയ തിരുകേശത്തിലൂടെ കാര്യം സാധിക്കാം എന്നൊരു തലത്തിലേക്ക് മനുഷ്യന്‍ നയിക്കപ്പെടുന്നു. ഈ പഴുതിലൂടെ ദൈവത്തെ പിന്തള്ളി ആള്‍ദൈവങ്ങള്‍ ഉയര്‍ന്നു വരുന്നു.


മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ പാടില്ല എന്നൊരു അലിഖിത നിയമമുള്ളത് പോലെയാണ് പാര്‍ട്ടിയെ വിമര്‍ശിച്ചു എഴുതുമ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന പ്രതികരണം സൂചിപ്പിക്കുന്നത്. മതങ്ങളെ പോലെ തന്നെ തങ്ങളും വിമര്‍ശന വിധേയരല്ല എന്നോ? അല്ലെങ്കില്‍ മതങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഉണ്ടാകുന്ന വൃണപ്പെടല്‍ ... മറ്റേതൊരു പ്രസ്ഥാനത്തെയും പോലെ കമ്യൂണിസ്റ്റു പ്രസ്ഥാനവും ക്ഷയിക്കുന്നു എന്ന് കാണുമ്പോള്‍ ആ പ്രസ്ഥാനത്തെ സ്നേഹിക്കുകയും ആ പ്രസ്ഥാനം എല്ലാത്തരം മലിനതകളില്‍ നിന്നും മുക്തമായി നിലനില്‍ക്കണം എന്നും ആഗ്രഹിക്കുന്നവര്‍ അതിനു നേരായ ഒരു പാത ചൂണ്ടിക്കാട്ടാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ തങ്ങള്‍ മാത്രം ബുദ്ധി ജീവികളും മറ്റെല്ലാവരും തങ്ങള്‍ ഓക്കാനിക്കുന്നത് വിഴുങ്ങേണ്ടവരുമാണ് എന്ന മനോഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത്തരം ചിന്താഗതി പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലേക്കു തള്ളുകയാണ്.കൃസ്തുവെ പോലെ മനുഷ്യ പക്ഷത്തു നിലയുറപ്പിച്ച ഒരു മഹാനെ കൂട്ട് പിടിക്കുന്നതില്‍ അപാകതയില്ല. അതിനു ഇവിടെ ആരും എതിര്‍ക്കുന്നുമില്ല. പക്ഷെ പാര്‍ട്ടി നിലവില്‍ വന്നു ഇക്കാലമത്രയും സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ ഏത് ബോധിവൃക്ഷമാണ് പിണറായി വിജയനും ജയരാജനും ബോധോദയത്തിന് തണലേകിയത്‌? പാര്‍ട്ടി കൊണ്ഗ്രസ്സിനു മുന്നോടിയായി നടന്ന സമ്മേളനങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പരാജയം വിലയിരുത്തുന്ന കൂട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ ന്യൂന പക്ഷത്തിന്റെ വോട്ടു തങ്ങള്‍ക്കു ലഭിച്ചില്ലെന്ന പ്രമേയങ്ങളുടെ വരവില്‍ ന്യൂനപക്ഷ പ്രീണനത്തിനുള്ള വഴി ഒരുങ്ങിയിരുന്നുവോ? എന്തുകൊണ്ട് തികച്ചും മതേതരവും മതങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന മാനിഫസ്ടോയുടെ തണലില്‍ കഴിയുന്ന ഒരു പാര്‍ട്ടി തികച്ചു മ്ലേച്ചമായ മത പ്രീണനത്തില്‍ പെട്ടുപോകുന്നു. ഇത്തരം ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ നാം പാര്‍ട്ടി വിരുദ്ധരായോ . സാമ്രാജ്യത്വ ശക്തികളെ സഹായിക്കുന്നവരായോ മുദ്രകുത്തപ്പെടുന്നു. എന്തിനാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ പോലുള്ള ഒരു പുരോഗമന പ്രസ്ഥാനം സത്യങ്ങളെ ഭയക്കുന്നത്?ലോകത്ത് എവിടെയും അതാതു കാലത്ത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടാന്‍ മനുഷ്യര്‍ അവതരിച്ചിട്ടുണ്ട്. അവരെ പിന്നീട് പ്രവാചകര്‍ എന്നോ അവധൂതന്മാര്‍ എന്നോ ദേശത്തിനൊത്ത ഭാഷയോടെ രേഖപ്പെടുത്തി. അവരുടെ പോരാട്ടങ്ങളെ ആദ്യം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും അത് തങ്ങള്‍ക്കു കീഴ്പ്പെടില്ലെന്നു ബോധ്യമാകുമ്പോള്‍ നേതാക്കളെ വക വരുത്തുകയും ചെയ്യുക അധികാര വര്‍ഗത്തിന്റെ നയമാണ്. പില്‍ക്കാലത്ത് അതൊരു രാഷ്ട്രീയ പ്രസ്ഥാനമായോ മതമായോ രൂപം കൊള്ളുമ്പോള്‍ അതിനെ മൊത്തമായും ഹൈജാക്ക് ചെയ്തു കൊണ്ട് അത് തങ്ങളുടെതാക്കുകയും ചെയ്യുന്നു. ഏതു മതത്തിലാവട്ടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാവട്ടെ അതാണ്‌ കണ്ടുവരുന്നത്‌. കൃസ്തുവെ തങ്ങളാലാവും വിദം ഉപയോഗിച്ച് വിളവെടുപ്പ് നടത്തി കൊണ്ടിരിക്കുന്ന സഭകള്‍ .. അതിനിടയിലാണ് മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടി കയറി കൂടാന്‍ ശ്രമിക്കുന്നത്. ഇവിടെ നഷ്ടപ്പെടുന്നത് പാര്‍ട്ടിയുടെ മതേതര മുഖമാണ്. ഇത് കലര്‍പ്പില്ലാത്ത മത പ്രീണനമാണ്. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്തേ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഉയര്‍ത്തി പിടിക്കുന്നില്ല. എന്തേ ടാഗോറിനെയും ബുദ്ധനെയും ഉയര്‍ത്തി കാട്ടുന്നില്ല? ഇന്ത്യന്‍ പരിസരത്തിനു യോജിച്ച എത്രയോ മഹദ് വ്യക്തികളുണ്ട്‌; എന്നിട്ടും അതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ പാടെ അവഗണിക്കുകയോ ചെയ്തു കൃസ്തുവില്‍ കൈ വയ്ക്കുമ്പോള്‍ അത് ആ മതത്തിന്റെ വോട്ടു നേടാം എന്ന കണക്കു കൂട്ടലല്ലേ?

ഇതിനു മുമ്പ് ലോക സഭാ തെരഞ്ഞെടുപ്പില്‍ മദനിയുമായി വേദി പങ്കിടുകയും മുസ്ലീം വോട്ടു നേടാന്‍ ശ്രമിക്കുകയുമുണ്ടായി. അതിനൊക്കെ മുമ്പാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം മുസ്ലീം ലീഗില്‍ നിന്നും അടര്‍ന്നു പോന്ന സുലൈമാന്‍ സേട്ടിന്റെ പാര്‍ട്ടിയെ (ഐ.എന്‍ .എല്‍ ) കൂടെ നിര്‍ത്താന്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മത മൌലിക വാദിയാണ് എന്ന് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്‌ പ്രസ്താവിച്ചത്.

ഇവിടെ നമുക്ക് നഷ്ടപ്പെടുകയും ചിന്തിക്കാതെ പോകുന്നതുമായ ഒരു ചോദ്യമുണ്ട്, എന്തിനാണ് എം.വി.രാഘവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്? അധികാരത്തില്‍ കയറാന്‍ ഏതു വര്‍ഗീയ പാര്‍ട്ടികളെയും കൂട്ടുപിടിക്കാം എന്ന് പറഞ്ഞതിനോ? എങ്കില്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊമ്പതില്‍ കൊണ്ഗ്രസിന് ബദല്‍ എന്ന നിലയില്‍ ബി.ജെ.പി.യുമായി കൈകോര്‍ത്തു വി.പി.സിംഗിനെ അധികാരത്തില്‍ പ്രതിഷ്ടിച്ചതിനു എന്ത് ന്യായീകരണമാണുള്ളത്‌? ആ കൂട്ടുകെട്ടിലൂടെ ബി.ജെ.പി.യെ വളരാന്‍ സഹായിക്കുകയും പിന്നീട് അധികാരത്തില്‍ കയറാന്‍ അവസരം ഒരുക്കി. തുടര്‍ന്ന് ബി.ജെ.പി.യെ അധികാരത്തില്‍ നിന്നും അകറ്റാന്‍ കൊണ്ഗ്രസ്സുകായി കൂട്ട് കൂടി.

ഇതൊന്നുമല്ല ചെയ്യേണ്ടിയിരുന്നത്. പല തട്ടുകളില്‍ നില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു ഒരു ശക്തിയായി വളര്‍ന്നു അധികാരം പിടിച്ചെടുക്കുകയാണ് ഇടതുപക്ഷ നയം നടപ്പിലാക്കാന്‍ നല്ല മാര്‍ഗം എന്ന് എന്തെ ചിന്തിക്കുന്നില്ല? എന്തേ അതിനായൊരു ശ്രമം നടക്കുന്നില്ല. പകരം തെരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാന്‍ ജാതി മത പ്രീണനം നടത്തി പാര്‍ട്ടിയെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുകയാണോ വേണ്ടത്?കൃത്യമായ ലക്ഷ്യ ബോധമുള്ള ഒരു പാര്‍ട്ടിക്ക് കൃസ്തുവിനെ താങ്ങ് പിടിച്ചു മുന്നോട്ടു പോകേണ്ട ആവശ്യമില്ല. കൃസ്തുവിനെ ഒരു പോരാളിയായി കൊണ്ടുവരണമായിരുന്നെങ്കില്‍ മാര്‍ക്സ് അത് ചെയ്യുമായിരുന്നു. എന്തായാലും പിണറായി ഇടയനെക്കാള്‍ താഴെയല്ലല്ലോ മാര്‍ക്സ്. എന്തിനു മാര്‍ക്സിന്റെ സമകാലികര്‍ പോലും കൃസ്തുവെ എഴുന്നള്ളിച്ചു കൊണ്ടുവന്നില്ല. പകരം മാര്‍ക്സ് പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന്. മാര്‍ക്സിന്റെ വാക്കുകള്‍ക്കു ഇന്നും പ്രസക്തിയുണ്ട്. മതങ്ങള്‍ക്കുള്ളില്‍ മതങ്ങള്‍ , ദൈവത്തിനുള്ളില്‍ ദൈവവത്തെയും സൃഷ്ടിച്ചു ഭക്തരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് മത വ്യാപാരികള്‍ . എന്നാല്‍ പുരോഗമനപരം എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മതങ്ങളുടെ തിണ്ണ നിരങ്ങി വോട്ട് ഉറപ്പിക്കുന്ന ധീനമായ കാഴ്ചയാണ് കണ്ടു വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തങ്ങള്‍ക്ക്‌ ജമാ അത്തെ ഇസ്ലാമിയുടെയും ആര്‍ .എസ്‌.എസ്.ന്റേയും വോട്ട് വേണമെന്ന് സി.പി.ഐ.യുടെ സെക്രടറി പരസ്യമായി പറഞ്ഞത് മറക്കാറായിട്ടില്ല. അത്തരം പ്രസ്താവനകള്‍ ചോരയും ജീവിതവും കളഞ്ഞു കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ വളര്‍ത്തിയ പച്ച മനുഷ്യരോട് ചെയ്യുന്ന ചതിയാണ്.

കൃസ്തുവെ ഉയര്‍ത്തി കാട്ടുന്നതിലൂടെ നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ പരിസരത്ത് പിണറായിയും കൂട്ടരും മത പ്രീണനം നടത്തുന്നു എന്നേ അര്‍ത്ഥമുള്ളൂ.. നമുക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ഇടതു പക്ഷ പ്രസ്ഥാനത്തില്‍ നിന്നും ഇങ്ങനെ ഒരു നീക്കം ഉണ്ടാവുമ്പോള്‍ നടുങ്ങാതിരിക്കുന്നത് എങ്ങനെ! ജാതി മത കൂട്ട് കെട്ടില്ലാത്ത ഒരു ഇടതു പക്ഷത്തെയാണ് നമുക്ക് വേണ്ടത്.. പാര്‍ട്ടി സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ കൃസ്തു വചനങ്ങള്‍ കയറി കൂടിയിരിക്കുന്നു. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നത് കണ്ടു ഞെട്ടിയത് സി.ഐ.എ ആയിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ജാതി മതങ്ങളെ ഒരു നുകത്തില്‍ കെട്ടി വിമോചന സമരം എന്ന് ഓമന പേരിട്ടു നടത്തിയ സമരം മറക്കാതിരിക്കുക. നിലവില്‍ കാണുന്ന ഈ പ്രീണനം എവിടെക്കാണ്‌ വിരല്‍ ചൂണ്ടുന്നത്? ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തിന്റെ നെഞ്ചില്‍ ആണി അടിക്കാനുള്ള സി.ഐ.എ യുടെ ശ്രമം ആയിക്കൂടെ ഇതിനു പിന്നില്‍ ..

അല്ലെങ്കില്‍ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു കരുനീക്കമാവാം. അതുമല്ലെങ്കില്‍ മകന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കാതെ ഒട്ടു നിരാശയില്‍ കഴിയുന്ന കെ.എം.മാണിയെ ഇടതു മുന്നണിയോടു അടുപ്പിച്ചു ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ആയിക്കൂടെ?ഇതിനൊക്കെ മുമ്പ് അച്യുതാനന്തനാണ് ശരിയായ കമ്യൂണിസ്റ്റു എന്നും ബാക്കിയുള്ളവര്‍ കമ്യൂണിസത്തെ നശിപ്പിക്കുന്നു എന്നും സിന്റിക്കേറ്റ് പത്രങ്ങള്‍ എഴുതി പിടിപ്പിച്ചു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സാമ്രാജ്യത്വ ശക്തികളല്ലേ. അച്യുതാനന്തന്റെ തല അരിയുന്നതോടെ കമ്യൂണിസത്തെ മൊത്തമായും തകര്‍ക്കാം എന്നവര്‍ കണക്കു കൂട്ടിയിരിക്കാം.പിണറായിയുടെ പ്രസ്താവന കൊണ്ട് ആര്‍ക്കാണ് നേട്ടം? സഭ പറയുന്നിടത്ത് വോട്ടു ചെയ്തു ശീലിച്ചവരുടെ പിന്തുണ എന്തായാലും കിട്ടാന്‍ പോണില്ല. മറിച്ച് ഈ പ്രവര്‍ത്തനത്തിലൂടെ കൃസ്ത്യന്‍ പക്ഷത്തു സ്വതന്ത്രമായി ചിന്തിക്കുകയും പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുകയും ചെയ്യുന്നവര്‍ പാര്‍ട്ടിയോട് അകലം പാലിക്കുകയും ചെയ്യും. കൂടാതെ പാര്‍ട്ടിയില്‍ നിന്നും മതേതരത്വത്തെ മുറുകെ പിടിക്കുന്നവരുടെ കൊഴിഞ്ഞു പോക്കാണ് ഉണ്ടാവുക. അത് കേരള പരിസരത്തെ വര്‍ഗീയതക്കും ഫാസിസത്തിനും തഴച്ചു വളരാനുള്ള മണ്ണ് പാകപ്പെടുത്തല്‍ കൂടിയാണ്... ഓര്‍ക്കുക, ഇടതു പക്ഷം ശക്തിയാര്‍ജിച്ച ഇടങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ കുറവാണെന്ന്. കേവലം വോട്ട് മാത്രം ലാക്കാക്കി ഇടതുപക്ഷം പ്രവര്‍ത്തിക്കരുത്‌. അടിസ്ഥാന വര്‍ഗത്തില്‍ നിന്നും പാര്‍ട്ടി അകന്നതിന്റെ ലക്ഷണമാണ് കണ്ടുവരുന്നത്‌. അടിസ്ഥാന വര്‍ഗത്തെ കേവലം വോട്ടു ബാങ്ക് മാത്രമായി നിലനിര്‍ത്തുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ മറ്റു ലാവണങ്ങള്‍ തേടും. അഖില ലോക തൊഴിലാളികളെ സംഘടിക്കുക എന്ന മുദ്രാവാക്യത്തില്‍ നിന്നും അഖില ലോക മുതലാളിമാരെ സംഘടിക്കുക എന്ന തലത്തിലേക്ക് പാര്‍ട്ടി താഴരുത്.

നിലവിലെ രാഷ്ട്രീയം മടുത്തും വെറുത്തും അതില്‍ നിന്നും ഇറങ്ങി പോകുന്നവരെ വല വീശിക്കൊണ്ട് മതങ്ങളുണ്ട്. അവരെ മൊത്തമായും മതങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് രാജ്യത്തെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളാതിരിക്കാന്‍ ഇടതു പക്ഷം ജാഗരൂകരായിരിക്കുക.

കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് വേണ്ടത് ജാതി മതങ്ങളുടെ വോട്ടു ബാങ്കല്ല. പകരം മനുഷ്യരുടെ വോട്ടാണ്. കൃസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കൃസ്ത്യന്‍ സ്ഥാനാര്‍ഥിയെയും മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ഥിയേയും നിര്‍ത്തി ജയിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് പോലും പിന്മാറി ജന പക്ഷത്തുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി രാജ്യ സുരക്ഷക്കും ജന പുരോഗതിക്കും വേണ്ടി നിലയുറപ്പിച്ച് മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് പോലും മാതൃകയാവാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് കഴിയട്ടെ.


വണ്ടികള്‍ പലതു കടന്നു പോകുന്നു. ചിലപ്പോള്‍ സ്വയമറിയാതെ പുരാതന ഗ്രീസ്സോളം ചിറകു വിരിക്കുന്നു. ഗ്രന്ഥ ശാലകളുടെ പഴകിയ ഗന്ധം എന്റെ ഇന്ദ്രിയങ്ങളില്‍ കൊടുംകാറ്റു വേഗം കൊള്ളുകയും.
ഹാ നെഞ്ചിലൊരു നെരിപ്പോട്. എന്തെല്ലാമോ ഉരുകി എന്നിലേക്ക്‌ തന്നെ.
യാത്രയില്‍ കണ്ട തുരങ്കങ്ങള്‍ , മറവി ഭക്ഷിക്കാതെ ചൂളം കുത്തുന്നു. കല്‍ക്കരി എരിയുന്ന ചൂളയില്‍ ഹൃദയം ചുവപ്പ് പുതച്ചു കിടക്കുകയും. പരാഗവേളയില്‍ എന്നെയെടുത്തെറിഞ്ഞ കാറ്റ് കാതില്‍ മധുരം മൂളുന്നു.
എനിക്കിന്ന് ഇവിടെയും അവിടെയും ഒരേ താളത്തോടെ നില കൊള്ളാമല്ലോ! വേണമെങ്കില്‍ വളയമില്ലാത്ത കുതിപ്പെന്നു നിനക്ക് അടി കുറിപ്പെഴുതാം.
ലെവല്‍ ക്രോസ്സില്ലാത്ത സഞ്ചാരങ്ങള്‍ ..
പുറപ്പാടിന്റെ ആരവമില്ലാതെ...

Followers

About The Blog


MK Khareem
Novelist