തിരിച്ചറിവ്..

Posted by Kazhcha Thursday, February 16, 2012


പുരാതനമായ തെരുവില്‍ ബാക്കി നിര്‍ത്തിയ സംസാരം ... പൊടിപാറുന്ന കാറ്റും വ്യസനം പേറുന്ന മഞ്ഞും. സ്ഥലനാമം വ്യര്‍ത്ഥമെന്നു കരുതിയിട്ടോ ഓര്‍മയില്‍ തങ്ങാതെ.
വരകളും കുറികളും മാത്രം, എങ്കിലും അതിനു എന്തെല്ലാം അര്‍ഥങ്ങള്‍ ... നമുക്കന്നു എന്തിലും അര്‍ഥങ്ങള്‍ ഉണ്ടായിരുന്നല്ലോ! യാത്രയുടെ ഏതു കടവിലാണ് അര്‍ഥങ്ങള്‍ നഷ്ടമായത്...
വെല്ലുവിളിയായി ഉയര്‍ന്ന അഹങ്കാരം ഇല്ലാത്ത വലുപ്പം അഭിനയിച്ചു ഫലിപ്പിച്ചു.
അരങ്ങുകള്‍ പലതു മാറി,
വേഷങ്ങള്‍ കൊഴിയുകയും.
ഋതുക്കള്‍ മാറി മാറി ...
അന്ന് നീ കുറിച്ച പ്രണയം, പുതിയ കാലത്ത് വായിക്കാന്‍ ആവാതെ.
എന്റെ പാതയില്‍ മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു. മരം കൊണ്ട് പണിത ഉയരം കുറഞ്ഞ കുടിലിന്റെ വരാന്തയില്‍ നീ ഒരു ഗ്ലാസ് വീഞ്ഞുമായി നില്‍ക്കുന്നു.
കടന്നു പോകുന്ന സഞ്ചാരികളില്‍ നീ തേടുന്നത് എന്നെയോ..
എന്നിട്ടും മുഖാമുഖം എത്തുമ്പോള്‍ നിന്റെ ചോദ്യം,
മീരക്ക് സുഖമല്ലേ?
ഉടല്‍ ധരിക്കുമ്പോള്‍ അതെന്നും തന്റേതെന്ന തോന്നല്‍ . എന്നുമതില്‍ വസിക്കാമെന്ന അഹങ്കാരം...
യാത്രകളില്‍ ഉടലുകള്‍ പലതു കൊഴിയുന്നു. ഉള്ളിത്തോട് ഊരിപോകും പോലെ.. ആത്മലയത്തില്‍ ബിംബങ്ങള്‍ നഷ്ടപ്പെടുന്നു, പേരും.
കാംബിലെത്തുമ്പോള്‍ ഉള്ളിയില്ലാതാവും പോലെ ആത്മാവെന്ന സത്യം.
എങ്കിലും,
കാണാവുന്ന അത്രയും ദൂരേക്ക്‌ നോട്ടമയച്ചു നില്‍ക്കുന്നു... നീ മാത്രമെന്നില്‍ എന്നറിയുമ്പോഴും പിന്നെയും അറിയാന്‍ ബാക്കി.
ഉള്ളിന്റെയുള്ളില്‍ തടാകം സൃഷ്ടിച്ചു നീരാടുകയും.
തടാകമായി മാറുകയും,
ജലമെന്ന തിരിച്ചറിവിലേക്കും.

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist