സന്ധ്യയില്‍ ഞാനിങ്ങനെ ഞെട്ടി നില്‍ക്കുന്നത് നിന്റെ മൌനത്തില്‍ മൂടിപ്പോയത് കൊണ്ടോ? എന്നില്‍ നിറഞ്ഞത്‌ മൂടല്‍ മഞ്ഞ് എന്ന് കരുതിയെങ്കിലും അത് നീയായി അനുഭവപ്പെടുന്നു... ഇടനെഞ്ചു കാര്‍ന്നു തിന്നു വളരുന്ന നിന്നെ പ്രണയമെന്നല്ലാതെ മറ്റെന്തു വിളിക്കും!
കാറ്റേ, എങ്ങനെയാണ് ഞാന്‍ നിന്നെ വീക്ഷിക്കുന്നത് എന്ന ചോദ്യം.. ഉത്തരമില്ലാഞ്ഞിട്ടല്ല. എങ്കിലും ഞാന്‍ മൌനം നടിക്കട്ടെ.
എന്റേത് നിന്നോടുള്ള പ്രണയെമെന്നു നിനക്ക് കൃത്യമായും അറിയാം. നിന്റെ പാതയില്‍ ഞാനും എന്റെതില്‍ നീയും. ഒടുക്കം നാം പാതയായി മാറുകയും.
നീ ഭാഷയില്ലാത്ത നദി; എന്നില്‍ സാന്ദ്രമാവുകയും.... എന്നിലെയെന്നെ നിന്നില്‍ വച്ച് ഭ്രാന്തമായി ഒഴുകുകയും....
ഇന്ന് മഞ്ഞിനെ കുറിച്ച് ചൊല്ലുമ്പോള്‍ അവിശ്വസനീയതയോടെ നീ.. എനിക്ക് മഞ്ഞ് നീയാണ് എന്ന് എന്തേ അറിയാതെ പോയി...
മഞ്ഞുപോലുള്ള കുപ്പായത്തില്‍ നീ പാറി നില്‍ക്കുന്നു.. എന്റെ കണ്ണില്‍ , അതോ ഉള്ളിലോ.. അറിയില്ല.. എവിടെയായാലെന്ത്‌, നോക്കുന്നിടത്തെല്ലാം നീ തന്നെ. കൈകൊണ്ടു കോരിയെടുക്കാനോ, കാല്‍കൊണ്ടു തട്ടാനോ ആവാത്ത ഒന്നായി.. എങ്കിലും എന്നിലെ ഞാന്‍ നിന്നെ സദാ കോരിയെടുക്കുന്നു, എന്നോട് ചേര്‍ക്കുകയും...
മൂടല്‍ മഞ്ഞിലെന്ന പോലെ എനിക്ക് കാണാവുന്നതും നിന്നെ തന്നെ.. ഭാഷകളോട് വിട ചൊല്ലി നിശബ്ദതയുടെ തടാകമായി മാറിയ നീ.
എനിക്കറിയില്ല എന്താണ് ഇങ്ങനെയൊക്കെ എന്ന്..
എങ്കിലും നേരത്തെ ചൊല്ലിയ പോലെ ഏതോ കാലത്ത് അടര്‍ന്നു പോയ എന്റെ പാതി തേടിയുള്ള എന്റെ അലച്ചില്‍ നിന്നില്‍ എത്തി നില്‍ക്കുന്നത് ഞാനോ നീയോ അറിയാതെ.. നിന്റെ സഞ്ചാര പാതയില്‍ നീ നിന്നെ രണ്ടായി അറിഞ്ഞതും അതിലൊന്ന് തീരത്ത്‌ ഏറ്റവും സാന്ദ്രമാകുന്ന തിരയായി മാറിയതും.
നീ തിരയെങ്കില്‍ ഞാന്‍ തീരം.
തിര തീരത്ത്‌ മാത്രം എത്തി മടങ്ങുന്നത് കാഴ്ച.. എന്നാല്‍ തീരവും കടന്നു ആകാശത്തു ലയിക്കുന്നത് കാഴ്ചക്ക് വഴങ്ങാതെ...
എന്റെ പ്രണയവും അങ്ങനെ.. നിന്നിലെത്തി നീയുമായി പേരില്ലാത്ത ഇടങ്ങളിലേക്ക്..


ഞാനൊരു കവിയാണെന്ന് അവള്‍ പറഞ്ഞതില്‍ പിന്നെയാണ് കവിതയെഴുതാന്‍ ശ്രമം. ഇത് കുറിക്കുമ്പോഴും ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കു എന്താണ് കവിതയെന്ന ചോദ്യം.. ഉത്തരത്തിനായി ഉള്ളു പിടയുകയും... ഉത്തരമില്ലാതെ ചോദ്യം പാഴാവരുതെന്നോ! അല്ലെങ്കില്‍ പാണ്ഡിത്യം വിളമ്പുകയോ!
ഫോണും പിടിച്ചു സംസാരം മുറിയാതെ പച്ചക്കറി ചന്തയില്‍ .. വെട്ടിത്തിളക്കത്തോടെ തക്കാളി.. പുതിയ കാലത്ത് പച്ച മുളകിനെ കാമത്തിന്റെ ബിംബമായി രേഖപ്പെടുത്താമെന്ന് മനസ്സ്.
പറയാതെ മനസ്സറിഞ്ഞവള്‍ ...
ബിംബങ്ങള്‍ ഉണ്ടാവുന്നത് പഴഞ്ചന്‍ , പുതുകാലത്ത് ബോധനിര്‍മിതി.
ബാധയെന്നു ചൊല്ലാഞ്ഞതു ഭാഗ്യം.
ബിംബങ്ങള്‍ അമേരിക്കനാവണം എന്ന് കൂടി ചൊല്ലിയതോടെ തല കറങ്ങി. പടിഞ്ഞാറിനെ നിരൂപണത്തിന് രുചിക്കൂ...
ആവട്ടെ, ആലോചിക്കാം. തല്‍ക്കാലം ഫോണ്‍ വയ്ക്കട്ടെ..
മടുത്തോ നിനക്ക്?
അതല്ല, ഇന്നലെ തുടങ്ങിയ സംസാരമല്ലേ...
ഇന്നലെയോ! ഇടയ്ക്കു നാം ഉറങ്ങാത്തത് കൊണ്ട് ദിവസം എത്ര കഴിഞ്ഞാലും ഇന്ന് എന്നെ പറയാവൂ...


ഊണ്‍ മേശകളില്ലാത്ത ലോകത്തെ വിശപ്പിന്റെ നിലവിളിക്കുന്നുകള്‍ ... ദാരിദ്ര്യത്തിന്റെ കാടിപ്പശകള്‍ ഒട്ടിയ ശവങ്ങള്‍ ...
ആകാശത്തു അപ്പോഴും കഴുകന്‍ , വീഴുന്നതിനെ കൊത്തിയെടുക്കാന്‍ പാകത്തില്‍ ചാഞ്ഞു ചിറകുവിരിച്ചു... യുണൈറ്റഡ്‌ നേഷന്‍സില്‍ കടലാസ്സുകള്‍ നീങ്ങുന്നുണ്ട്. നാലാം ലോകമുഴുതുമറിക്കാന്‍ ... ആയുധപുരകളില്‍ കമ്മീഷന്‍ കൈമാറപ്പെടുകയും...
വിശപ്പ്‌ ഒരു ദുരന്തമോ, ശാപമോ?
അടുത്തെങ്ങും തനിക്ക് ഭക്ഷണം കിട്ടാന്‍ പോകുന്നില്ല എന്നറിയണം... കൊടിയ ദാരിദ്ര്യത്തില്‍ അമര്‍ന്നു അയല്പക്കത്ത് കറി തിളയ്ക്കുന്ന മണം കാറ്റിലൂടെ ഒഴുകിയെത്തണം...പോരാ, ദാരിദ്ര്യത്തിന്റെ പേരില്‍ അവഗണിക്കപ്പെടണം. അതനുഭവിച്ച ഒരുത്തന് സോമാലിയക്കാരന്റെ വിശപ്പിന്റെ വിളി കേള്‍ക്കാം.....
വിശപ്പിന്റെ പരിസരങ്ങളില്‍ നിന്നും ഭരണ കേന്ദ്രങ്ങളില്‍ എത്തിയവരുടെ കാലം കഴിഞ്ഞു...


വിരസമെന്ന് കരുതിയേക്കാവുന്ന ചര്‍ച്ചകള്‍ രുചികരമാക്കാന്‍ ചില തന്ത്രങ്ങളുടെ, ചാനലുകള്‍ക്ക്... പരസ്യങ്ങള്‍ കുറച്ചൊക്കെ പരിഹരിക്കുകയും.. അതിലേറെ അപരനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ ...
കൂലി ചര്‍ച്ചകള്‍ എന്ന് പറഞ്ഞാല്‍ പരാതിപ്പെടുമോ?
വര്‍ഗീയത, ഭീകരത, പെണ്‍വാണിഭം, രാഷ്ട്രീയം, അരാഷ്ട്രീയം, സമരം, പ്രകൃതി.. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍ക്കായി ആള്‍ രൂപങ്ങളുണ്ട്... വിഷയം ഏതുമാകട്ടെ, ഓരോ ചാനലിനും ഓരോ മുഖവും...
ചില വേഷങ്ങള്‍ കാണുമ്പോള്‍ കൊട്ടേഷന്‍ തല്ലുകാരെ ഓര്‍ക്കുന്നത് എന്റെ തെറ്റ് ആണോ ആവോ...
എന്റെ തലതിരിഞ്ഞ ചിന്ത എന്തിനാണ് ഇങ്ങനെ കാട് കയറുന്നത്? കേള്‍ക്കുന്നത് വിഴുങ്ങി എവിടെയെങ്കിലും ചുരുണ്ട് കൂടിയാല്‍ പോരേ?
വര്‍ഗീയ വിഷയം കൈകാര്യം ചെയ്യുന്നവന്റെ പ്രാര്‍ത്ഥന എന്താവാം; ലഹളകള്‍ പെരുകട്ടെ എന്നോ? ഒരുവേള പത്രം മറിച്ചു നോക്കുന്നത് ലഹളകള്‍ പ്രതീക്ഷിച്ചിട്ടാവും...
പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണല്ല്ലോ ചര്‍ച്ചകള്‍ ഉണ്ടാവുക.... പോക്കറ്റിനു കനം വയ്ക്കുന്നതും.....


ഒലിവിലകളിലെ കാറ്റ് എന്നെ വല്ലാതെ വിവശനാക്കുന്നു... ഇട നെഞ്ചില്‍ കടുത്ത നിറത്തില്‍ കനല്‍ക്കട്ട... നീറുകയാണ്... കനല്‍ക്കട്ടയോളം എരിയാന്‍ വെമ്പുന്ന ഹൃദയം. നാം ആ കടുത്ത ചോരപ്പിലേക്ക് അലിഞ്ഞു ചേരുന്നതായി...
മഞ്ഞ ഏകാന്തത.. ആരെല്ലാമോ നടന്നു പോയ പാത. മരപ്പലക കൊണ്ട് പണിത കൂര. അതിനകത്ത് കാലു കുത്തുമ്പോള്‍ സഞ്ചാരികളുടെ മണം പിടിക്കാന്‍ മനം വെമ്പി. എനിക്ക് മുന്നേ പോയവര്‍ ....
മുറ്റത്ത് മഴ തുള്ളി വരച്ച വളയങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്‍ ഇരമ്പി കയറുന്നതെന്തേ.. ആ കുട്ടിയിലേക്ക്‌ ഞാന്‍ തുടരെ എറിയപ്പെടുന്നു.. അവിടേക്ക് തിരിച്ചു ഞാന്‍ ഇവിടേയ്ക്ക് നോക്കുന്നു. അന്ന് ഇത് പോലൊരു രംഗം എന്നില്‍ ഉണ്ടായിരുന്നോ..
ഇല്ല..
എന്തിനു അന്നത്തെ ആ വളയങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്നു പോലും ഓര്‍ത്തില്ല.
മീരാ ആ ജലവളയത്തിന്റെ ആയുസ്സേ ജീവിതത്തിനുള്ളൂ.. ഓരോ വളയവും ഓരോ അവസ്ഥയാണ്.. ഓരോ അവസ്ഥയും മരിക്കുകയും മറ്റൊന്നിലേക്കു പിറക്കുകയും..
പുരാതനമായ കാലത്ത് ഒലിവിലകളില്‍ അലയടിച്ചത് തന്നെ നമ്മില്‍ .. കാലവും വേഷവും മാറുന്നു എന്ന് മാത്രം. അത് അത് തന്നെ... നമുക്ക് ശേഷവും അതുണ്ടാവും...
മധുരമുള്ള അസ്വസ്ഥത പകര്‍ന്നു കൊണ്ട് ചിത്രങ്ങള്‍ .. മരപ്പലകയില്‍ എന്റെ ഹൃദയം തൂക്കി, ക്യാന്‍വാസായി കണ്ടു ഞാന്‍ മറ്റൊരു ചിത്രം പണിയട്ടെ.. എനിക്കോ നിനക്കോ അറിയാത്ത എന്നെ... വരക്കുമ്പോള്‍ ചിത്രം പൂര്‍ണമാകരുതെ എന്ന പ്രാര്‍ത്ഥന.
ചിത്രമാകുന്നതോടെ പിന്നെ നാമില്ലല്ലോ!
പ്രണയം പ്രാര്‍ഥനയോ സ്മരണയോ?
ധ്യാനം കലര്‍ന്നൊരു പുഞ്ചിരിയോ...
പ്രാണനില്‍ ഇടിച്ചിറങ്ങിയ കനല്‍ക്കട്ടയുടെ വിങ്ങലോ.....


മീരാ, ഞാനിപ്പോള്‍ വല്ലാതെ കലങ്ങുകയാണ്.. നിന്റെ കത്തുകള്‍ കാണാതെയാവുമ്പോള്‍ കാലത്തിന്റെ പെരുവഴിയില്‍ എറിയപ്പെട്ട നിസ്സാര ജീവി കണക്കെ ഞാന്‍ ... അന്യന്റെ ഒച്ചയില്ലാ നിലവിളി... അല്ലെങ്കില്‍ മയ്യത്ത് കട്ടിലിന്റെ നനഞ്ഞ ശൂന്യത.
ഒരു പ്രണയക്കുറിപ്പില്‍ മരണത്തെ എന്തിനു വരച്ചു ചേര്‍ക്കുന്നു എന്നാവാം.. പിറവിയുണ്ടോ മരണമുണ്ട്. പ്രണയം പിറക്കാത്തത് കൊണ്ട് മരണമില്ലാതെ.
ആവര്‍ത്തനം.. യുഗങ്ങള്‍ തോറും, കല്‍പ്പാന്തത്തിനും അപ്പുറത്തേക്കും...
നെഞ്ചില്‍ ഭാര കൂടുതല്‍ അനുഭവപ്പെടുമ്പോഴാണ് അറിയുക, നീ എന്നെ കുറിച്ച് ചിന്തിക്കുന്നതായി. അതു പ്രണയത്തിന്റെ ഒച്ചയില്ലാത്ത നിലവിളിയായി എത്രയോ ഇടങ്ങളില്‍ കുറിച്ചിരിക്കുന്നു. എന്നിട്ടും ഓരോ നിമിഷവും ആത്മാവ് കൊണ്ട് നീ കൊളുത്തി വലിക്കുമ്പോള്‍ ഞാന്‍ വിവശതയുടെ തുരുത്തില്‍ പെട്ടുപോകുന്നു. ചിലപ്പോള്‍ അജ്ഞാതമായ ഇടങ്ങളിലൂടെ സഞ്ചരിച്ചു എത്തിയ ഒരു സഞ്ചാരിയെ പോലെ. മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം പോലുമില്ലാത്ത ഒരവസ്ഥ.
എങ്കിലും ഇരുട്ടിലെന്തു വെട്ടം.. നീയുള്ളപ്പോള്‍ എനിക്കെന്തിനു വിളക്ക്.. എന്റെ സഞ്ചാരത്തില്‍ നീ തന്നെ വിളക്ക്..
എന്റെ മനസ്സിലേക്ക് പൂത്ത വാകയും പണ്ടത്തെ ഇടവഴികളും സാന്ദ്രമാകുന്നു. ഇതിനു മുമ്പ് അത് എത്രയോ സംസാര വിഷയമായി. വേനല്‍ മഴയില്‍ കെട്ടി നിന്ന ഇത്തിരി വെള്ളവും. എല്ലാം ഒരേ താളത്തില്‍ ഓര്‍ത്തെടുത്തു ആത്മാവില്‍ നിറക്കുമ്പോള്‍ ബാല്യം പെയ്തു തുടങ്ങുന്നു. ഒരേ കാലത്തില്‍ അനുഭവിച്ചു തീര്‍ത്തതും തുടര്‍ന്ന് നമ്മെ പിന്തുടര്‍ന്നതും കൂടുതല്‍ ജ്വലിക്കുന്നു.
അന്നൊരിക്കല്‍ സംസാരത്തിനിടയില്‍ എപ്പോഴോ ഉയര്‍ന്ന നിന്റെ നിശ്വാസം. അതൊരു മഴ പോലെ...
മഴ ചൊല്ലുകയും, നാം മൌനത്തിലെ സഞ്ചാരികള്‍ .
പ്രണയം ഒരു സഞ്ചാരമാണ്. ആത്മാവില്‍ നിന്നും ആത്മാവിലേക്ക് ആവര്‍ത്തിക്കുന്നത്. ഒട്ടും വിരസമല്ലാത്ത ആവര്‍ത്തനം. നമുക്ക് ആവര്‍ത്തനത്തിന്റെ പാളത്തിലൂടെ യാത്ര തുടരാം..


എന്തുകൊണ്ട് ഹസാരെക്ക് പുറകെ ആള്‍കൂട്ടം? അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന രാജ്യത്ത് രാഷ്ട്രീയക്കാര്‍ മുന്‍കൈ എടുക്കുന്ന സമരത്തെക്കാള്‍ ജനം ഹസാരെയില്‍ വിശ്വസിക്കുന്നതിന്റെ പൊരുളെന്താവാം... ഹസാരെ മുന്നോട്ടു വയ്ക്കുന്ന ആശയം നല്ലത് തന്നെ. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത കാണാതെ പോകരുത്.. അരാഷ്ട്രീയത ഫാസിസത്തിന് വളക്കൂറുള്ള മണ്ണാണ്. ഹസാരെക്ക് പിന്നില്‍ അണിനിരന്നത്‌ മധ്യവര്‍ഗവും. വര്‍ത്തമാന ഇന്ത്യയില്‍ അരാഷ്ട്രീയത തഴച്ചു വളരുകയാണോ?
എന്തൊക്കെയോ അപകടങ്ങള്‍ മുന്നിലെത്തിയത് പോലെ... കേവലം അധികാരം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കയ്യില്‍ ഇന്ത്യ എത്രമാത്രം സുരക്ഷിതമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ജനതയ്ക്ക് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ്...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിന്റെ പരസരത്തു നിന്നും വളരെ വേഗം നാം അടിമത്തത്തില്‍ എത്തിയിരിക്കുന്നു.. നാം തെരഞ്ഞെടുത്തു വിടുന്നവര്‍ ഏതേതു സ്ഥാനങ്ങള്‍ അലങ്കരിക്കണം എന്ന തീര്‍പ്പ് പോലും അമേരിക്കയില്‍ നിന്നും...


നാലുവരിപ്പാതയിലൂടെ പായുന്ന വാഹനങ്ങള്‍ ... വെളിച്ചത്തിന്റെ പൊട്ടുകളിലാണ് ഞാനിന്നു സഞ്ചാരമറിയുക... ഓരോ സഞ്ചാരവും ഓണത്തിലേക്ക്.... ഓണമില്ലാത്ത മരുഭൂമിയില്‍ ഇങ്ങനെ നിന്ന് പണ്ടത്തെ ഓണങ്ങളെ പെറുക്കിയെടുത്തു അനുഭവിക്കാം.
കൊയ്ത്തു കഴിഞ്ഞ പാടത്തെ കറ്റകളുടെ നറുമണം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി നിന്റെ വിളി അറിയുന്നത്.. ചങ്ങാലിപ്രാവിന്റെ ആ തേങ്ങല്‍ ഒരിക്കല്‍ എന്നില്‍ നിന്നും അടര്‍ന്നു പോയ നിന്റേത്... യുഗങ്ങള്‍ തോറും ആവര്‍ത്തിച്ചു എന്റെ കാലത്തിലേക്ക്...
തുടര്‍ന്നുള്ള യാത്രയില്‍ നീ അങ്ങനെ എന്നില്‍ തേങ്ങികൊണ്ടിരുന്നു... മലകളും തോടുകളും പതുക്കെ നഷ്ടപ്പെടുകയും... എന്തിനു പഞ്ചപാണ്ഡവന്മാര്‍ താവളം കൊണ്ട മുടുക്കുഴി വെട്ടി നിരത്തുകയും അവിടെ ജില്ലാപഞ്ചായത്തിന്റെ കെട്ടിടം പണിയുകയും. ഇന്ന് ആ സ്ഥലത്തെ കുറിച്ച് മുടുക്കുഴിയെന്നും അരക്കില്ലം എന്നുമുള്ള പേര് നമ്മില്‍ മാത്രം ഒതുങ്ങുന്നു. പരിസരത്തെ പാടം നികന്നപ്പോള്‍ പാഞ്ചാലിക്കുളവും ഇല്ലാതായി...
തൃക്കാക്കര എന്നത് തൃക്കാല്‍കരൈ എന്നതില്‍ നിന്നും ഉണ്ടായത്.. തൃക്കാല്‍ പതിഞ്ഞ ഇടം.. എങ്കിലും തൃക്കാക്കര ഒരിക്കല്‍ ജൈനന്റെത് ആയിരുന്നു എന്ന് ലോകം മറന്നു... കുടിയിറക്കപ്പെട്ട ജൈനന്‍ താവളം കൊണ്ട ഇടമാണ് ഇടപ്പള്ളി എന്നും അറിയാതായി... ജൈന ഭാഷയായ ഇടപ്പള്ളി എന്നത് ഇടത്താവളം എന്ന് എത്രപേര്‍ അറിയുന്നു. തൃക്കാക്കരയുടെ പടിഞ്ഞാറ് ഭാഗം വാഴക്കാല മുതല്‍ കടലായിരുന്നു എന്നും ഓര്‍ക്കുക.. ഒരിക്കല്‍ കടല്‍ തന്ന ഇടം. ഒരിക്കല്‍ കടല്‍ അത് മടക്കി എടുത്തേക്കും.
കണ്ണടച്ച് കാതടച്ചു ഇങ്ങനെ ഇരിക്കുമ്പോള്‍ വല്ലാത്തൊരു ഇരുട്ട്. അതിനുള്ളില്‍ മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം. അതെനിക്ക് പുറകോട്ടു സഞ്ചരിക്കാനുള്ള സിഗ്നല്‍ ..
എന്നെ തിരഞ്ഞു പോയി ഏതോ ഇല്ലത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ നിശ്ചലം നിന്നുപോയി...
ഞാന്‍ ആരാണ്?
എവിടെയാണ് എന്റെ വേരുകള്‍ ...
എനിക്കൊന്നുമറിയില്ല.
മീര ഞാനിന്നു അറിയുന്നത് ഇത്രമാത്രം; എന്റെ ഇന്ദ്രിയങ്ങളില്‍ നീ പാറുമ്പോള്‍ മുക്തിയുടെ സംഗീതം അനുഭവപ്പെടുന്നു. ഇതുവരെ കുറിച്ചതും, ഇവിടെ തങ്ങിയതും മറന്നു മറ്റൊരു ലോകത്തേക്ക് പുറപ്പെടാന്‍ ആയോ? അങ്ങനെയാവണം. ഏതോ ഒരു തോണി എനിക്കായി കാത്തു കിടക്കുന്നു. അല്ലെങ്കില്‍ പാതകള്‍ ജനിക്കാന്‍ കാത്തു കിടക്കുന്നു.
പ്രണയം വാക്കുകളില്‍ നിന്നും അടര്‍ന്നു ദിവ്യമായ ഒഴുക്കിലെത്തുന്നതിനു വേണ്ടിയാണ്
പിറവികള്‍ ‌. പിറവിക്കു മുമ്പേ തീരുമാനിക്കപ്പെട്ടത്‌, നാം ഒന്നാവണം എന്ന്....
മരുക്കാറ്റില്‍ ദര്‍വീസുകള്‍ വാചാലമാകുന്നത് പ്രണയത്തിന്റെ നെടുവീര്‍പ്പിലാണ്.
ഇരുട്ടിലലിഞ്ഞ ഒട്ടക നിഴല്‍ പോലെയാണ് ദേഹിയും ദേഹിയും ചേരുമ്പോള്‍... നീ എന്ന പദത്തില്‍ നിന്നും ഞാനെന്ന ഉണ്മയിലേക്കുള്ള സഞ്ചാരം...

മരുക്കാറ്റ് നിശബ്ദമാകുന്നു
മരുഭൂമി വീര്‍പ്പടക്കുകയും,
പ്രണയത്തിന്റെ ഒറ്റത്താരകയെ
കയറൂരി വിട്ട്‌
ഓരോ ഉടലും മയങ്ങുന്നു...

Followers

About The Blog


MK Khareem
Novelist