യാത്ര

Posted by Kazhcha Wednesday, September 14, 2011


മീരാ, ഞാനിപ്പോള്‍ വല്ലാതെ കലങ്ങുകയാണ്.. നിന്റെ കത്തുകള്‍ കാണാതെയാവുമ്പോള്‍ കാലത്തിന്റെ പെരുവഴിയില്‍ എറിയപ്പെട്ട നിസ്സാര ജീവി കണക്കെ ഞാന്‍ ... അന്യന്റെ ഒച്ചയില്ലാ നിലവിളി... അല്ലെങ്കില്‍ മയ്യത്ത് കട്ടിലിന്റെ നനഞ്ഞ ശൂന്യത.
ഒരു പ്രണയക്കുറിപ്പില്‍ മരണത്തെ എന്തിനു വരച്ചു ചേര്‍ക്കുന്നു എന്നാവാം.. പിറവിയുണ്ടോ മരണമുണ്ട്. പ്രണയം പിറക്കാത്തത് കൊണ്ട് മരണമില്ലാതെ.
ആവര്‍ത്തനം.. യുഗങ്ങള്‍ തോറും, കല്‍പ്പാന്തത്തിനും അപ്പുറത്തേക്കും...
നെഞ്ചില്‍ ഭാര കൂടുതല്‍ അനുഭവപ്പെടുമ്പോഴാണ് അറിയുക, നീ എന്നെ കുറിച്ച് ചിന്തിക്കുന്നതായി. അതു പ്രണയത്തിന്റെ ഒച്ചയില്ലാത്ത നിലവിളിയായി എത്രയോ ഇടങ്ങളില്‍ കുറിച്ചിരിക്കുന്നു. എന്നിട്ടും ഓരോ നിമിഷവും ആത്മാവ് കൊണ്ട് നീ കൊളുത്തി വലിക്കുമ്പോള്‍ ഞാന്‍ വിവശതയുടെ തുരുത്തില്‍ പെട്ടുപോകുന്നു. ചിലപ്പോള്‍ അജ്ഞാതമായ ഇടങ്ങളിലൂടെ സഞ്ചരിച്ചു എത്തിയ ഒരു സഞ്ചാരിയെ പോലെ. മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം പോലുമില്ലാത്ത ഒരവസ്ഥ.
എങ്കിലും ഇരുട്ടിലെന്തു വെട്ടം.. നീയുള്ളപ്പോള്‍ എനിക്കെന്തിനു വിളക്ക്.. എന്റെ സഞ്ചാരത്തില്‍ നീ തന്നെ വിളക്ക്..
എന്റെ മനസ്സിലേക്ക് പൂത്ത വാകയും പണ്ടത്തെ ഇടവഴികളും സാന്ദ്രമാകുന്നു. ഇതിനു മുമ്പ് അത് എത്രയോ സംസാര വിഷയമായി. വേനല്‍ മഴയില്‍ കെട്ടി നിന്ന ഇത്തിരി വെള്ളവും. എല്ലാം ഒരേ താളത്തില്‍ ഓര്‍ത്തെടുത്തു ആത്മാവില്‍ നിറക്കുമ്പോള്‍ ബാല്യം പെയ്തു തുടങ്ങുന്നു. ഒരേ കാലത്തില്‍ അനുഭവിച്ചു തീര്‍ത്തതും തുടര്‍ന്ന് നമ്മെ പിന്തുടര്‍ന്നതും കൂടുതല്‍ ജ്വലിക്കുന്നു.
അന്നൊരിക്കല്‍ സംസാരത്തിനിടയില്‍ എപ്പോഴോ ഉയര്‍ന്ന നിന്റെ നിശ്വാസം. അതൊരു മഴ പോലെ...
മഴ ചൊല്ലുകയും, നാം മൌനത്തിലെ സഞ്ചാരികള്‍ .
പ്രണയം ഒരു സഞ്ചാരമാണ്. ആത്മാവില്‍ നിന്നും ആത്മാവിലേക്ക് ആവര്‍ത്തിക്കുന്നത്. ഒട്ടും വിരസമല്ലാത്ത ആവര്‍ത്തനം. നമുക്ക് ആവര്‍ത്തനത്തിന്റെ പാളത്തിലൂടെ യാത്ര തുടരാം..

2 comments

 1. Anonymous Says:
 2. നഷ്ടബോധത്തിന്റെ
  ദയനീയമായ മധുരമായി
  മറവിയുടെമാനം എന്നെ
  വിടാതെ പിന്തുടരവെ-
  മറന്നതിന്റെ നിറമില്ലായ്മയോട്‌
  ചേര്‍ന്നാണത്‌ വരാറുള്ളതെന്ന്‌
  നാം അറിയാതിരിക്കുവതെങ്ങിനെ

   
 3. M.K.KHAREEM Says:
 4. ആത്മാവില്‍ നിന്നും ആത്മാവിലേക്ക് ദൂരം ഏറെയെന്നു തോന്നാം... അരികെയാണ്. കൃഷ്ണമണിയെക്കാള്‍ അരികെ...

   

Post a Comment

Followers

About The Blog


MK Khareem
Novelist