നാലുവരിപ്പാതയിലൂടെ പായുന്ന വാഹനങ്ങള്‍ ... വെളിച്ചത്തിന്റെ പൊട്ടുകളിലാണ് ഞാനിന്നു സഞ്ചാരമറിയുക... ഓരോ സഞ്ചാരവും ഓണത്തിലേക്ക്.... ഓണമില്ലാത്ത മരുഭൂമിയില്‍ ഇങ്ങനെ നിന്ന് പണ്ടത്തെ ഓണങ്ങളെ പെറുക്കിയെടുത്തു അനുഭവിക്കാം.
കൊയ്ത്തു കഴിഞ്ഞ പാടത്തെ കറ്റകളുടെ നറുമണം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി നിന്റെ വിളി അറിയുന്നത്.. ചങ്ങാലിപ്രാവിന്റെ ആ തേങ്ങല്‍ ഒരിക്കല്‍ എന്നില്‍ നിന്നും അടര്‍ന്നു പോയ നിന്റേത്... യുഗങ്ങള്‍ തോറും ആവര്‍ത്തിച്ചു എന്റെ കാലത്തിലേക്ക്...
തുടര്‍ന്നുള്ള യാത്രയില്‍ നീ അങ്ങനെ എന്നില്‍ തേങ്ങികൊണ്ടിരുന്നു... മലകളും തോടുകളും പതുക്കെ നഷ്ടപ്പെടുകയും... എന്തിനു പഞ്ചപാണ്ഡവന്മാര്‍ താവളം കൊണ്ട മുടുക്കുഴി വെട്ടി നിരത്തുകയും അവിടെ ജില്ലാപഞ്ചായത്തിന്റെ കെട്ടിടം പണിയുകയും. ഇന്ന് ആ സ്ഥലത്തെ കുറിച്ച് മുടുക്കുഴിയെന്നും അരക്കില്ലം എന്നുമുള്ള പേര് നമ്മില്‍ മാത്രം ഒതുങ്ങുന്നു. പരിസരത്തെ പാടം നികന്നപ്പോള്‍ പാഞ്ചാലിക്കുളവും ഇല്ലാതായി...
തൃക്കാക്കര എന്നത് തൃക്കാല്‍കരൈ എന്നതില്‍ നിന്നും ഉണ്ടായത്.. തൃക്കാല്‍ പതിഞ്ഞ ഇടം.. എങ്കിലും തൃക്കാക്കര ഒരിക്കല്‍ ജൈനന്റെത് ആയിരുന്നു എന്ന് ലോകം മറന്നു... കുടിയിറക്കപ്പെട്ട ജൈനന്‍ താവളം കൊണ്ട ഇടമാണ് ഇടപ്പള്ളി എന്നും അറിയാതായി... ജൈന ഭാഷയായ ഇടപ്പള്ളി എന്നത് ഇടത്താവളം എന്ന് എത്രപേര്‍ അറിയുന്നു. തൃക്കാക്കരയുടെ പടിഞ്ഞാറ് ഭാഗം വാഴക്കാല മുതല്‍ കടലായിരുന്നു എന്നും ഓര്‍ക്കുക.. ഒരിക്കല്‍ കടല്‍ തന്ന ഇടം. ഒരിക്കല്‍ കടല്‍ അത് മടക്കി എടുത്തേക്കും.
കണ്ണടച്ച് കാതടച്ചു ഇങ്ങനെ ഇരിക്കുമ്പോള്‍ വല്ലാത്തൊരു ഇരുട്ട്. അതിനുള്ളില്‍ മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം. അതെനിക്ക് പുറകോട്ടു സഞ്ചരിക്കാനുള്ള സിഗ്നല്‍ ..
എന്നെ തിരഞ്ഞു പോയി ഏതോ ഇല്ലത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ നിശ്ചലം നിന്നുപോയി...
ഞാന്‍ ആരാണ്?
എവിടെയാണ് എന്റെ വേരുകള്‍ ...
എനിക്കൊന്നുമറിയില്ല.
മീര ഞാനിന്നു അറിയുന്നത് ഇത്രമാത്രം; എന്റെ ഇന്ദ്രിയങ്ങളില്‍ നീ പാറുമ്പോള്‍ മുക്തിയുടെ സംഗീതം അനുഭവപ്പെടുന്നു. ഇതുവരെ കുറിച്ചതും, ഇവിടെ തങ്ങിയതും മറന്നു മറ്റൊരു ലോകത്തേക്ക് പുറപ്പെടാന്‍ ആയോ? അങ്ങനെയാവണം. ഏതോ ഒരു തോണി എനിക്കായി കാത്തു കിടക്കുന്നു. അല്ലെങ്കില്‍ പാതകള്‍ ജനിക്കാന്‍ കാത്തു കിടക്കുന്നു.
പ്രണയം വാക്കുകളില്‍ നിന്നും അടര്‍ന്നു ദിവ്യമായ ഒഴുക്കിലെത്തുന്നതിനു വേണ്ടിയാണ്
പിറവികള്‍ . പിറവിക്കു മുമ്പേ തീരുമാനിക്കപ്പെട്ടത്, നാം ഒന്നാവണം എന്ന്....
മരുക്കാറ്റില്‍ ദര്‍വീസുകള്‍ വാചാലമാകുന്നത് പ്രണയത്തിന്റെ നെടുവീര്‍പ്പിലാണ്.
ഇരുട്ടിലലിഞ്ഞ ഒട്ടക നിഴല്‍ പോലെയാണ് ദേഹിയും ദേഹിയും ചേരുമ്പോള്‍... നീ എന്ന പദത്തില്‍ നിന്നും ഞാനെന്ന ഉണ്മയിലേക്കുള്ള സഞ്ചാരം...
മരുക്കാറ്റ് നിശബ്ദമാകുന്നു
മരുഭൂമി വീര്‍പ്പടക്കുകയും,
പ്രണയത്തിന്റെ ഒറ്റത്താരകയെ
കയറൂരി വിട്ട്
ഓരോ ഉടലും മയങ്ങുന്നു...
About The Blog

MK Khareem
Novelist
0 comments