മീരാ നനഞ്ഞ ഈ രാത്രിയാണ് നിനക്കെഴുതാന്‍ ഏറ്റവും മനോഹരം.. പെയ്തു പോയ മഴ നല്‍കിയ നല്ല ഓര്‍മ്മകള്‍ ...
സായാഹ്നം മുതല്‍ മഴയില്‍ നീയും വെട്ടി മറിയുകയായിരുന്നല്ലോ ... എന്നില്‍ തപിച്ചു നീ നടന്നതു ഇങ്ങു ദൂരെയിരുന്നു ഞാന്‍ അനുഭവിച്ചു.... എങ്കിലും പാദം മുതല്‍ നെറുകയോളം , അസ്ഥിയിലും അതിനകത്തും, സര്‍വവും നീ നിറയുമ്പോള്‍ നിന്നെ കുറിച്ച് എങ്ങനെ എഴുതും...
ചക്ക കുഴഞ്ഞ പോലെ നാം... വേര്‍ തിരിച്ചെടുക്കാനാവാതെ... അപ്പോള്‍ എന്താണ് കുറിക്കുക?
ഇവിടെ പദങ്ങളില്ല... എങ്കിലും നിന്റെ വരികളിലൂടെ ഒട്ടു ധ്യാനത്തോടെ ഞാന്‍ തുടരെ ചരിക്കുന്നു...
ആരാധനാലയങ്ങളില്‍ ജനിക്കുന്നത് നന്ന്, അവിടെ കിടന്നു മരിക്കരുത്... വിവേകാനന്ദ സ്വാമികളുടെ ചിന്ത നമുക്ക് അനുഭവിക്കാന്‍ ആവുന്നു. ലോകമെന്തേ പുറം തിരിഞ്ഞു നില്‍ക്കുന്നു?
നിന്റെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല...
മീരാ, ഏതൊരു ആചാരവും മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നതിനു വേണ്ടിയാവണം... എങ്കിലും നാം ആചാരങ്ങള്‍ക്ക് അടിപ്പെടരുത്... ഒരാള്‍ മദ്യപനാവട്ടെ, അയാള്‍ മദ്യത്തിന് അടിപ്പെടുന്നതോടെ അയാള്‍ ഇല്ലാതെയാവുന്നു..
പിന്നെ സംസാരിക്കുക മദ്യമാകും....
പ്രണയത്തിലും അങ്ങനെയല്ലേ.. പ്രണയത്തിലാവുന്നതോടെ പ്രണയമാണ് പരക്കുക. അവിടെ പ്രണയം മലിനതയുടെ ഒഴുക്ക് ചെറുക്കുന്നു...
നമ്മില്‍ പ്രണയം ഒഴിയുന്നതോടെ നാം സ്വാര്‍ഥതക്ക് അടിപ്പെടുന്നു.. പിന്നെ ഞാന്‍ മാത്രം ശരി, നീ തെറ്റ് എന്ന അവസ്ഥയിലേക്കും.....
മതങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അത്തരം അസ്വസ്ഥതയില്‍ എത്തിക്കുന്നത് ഇടുങ്ങിയ മനസ്സിന്റെ നേര്‍കാഴ്ചകള്‍ അല്ലെ.. ആവണം.. മതങ്ങള്‍ നന്മകള്‍ക്ക് വേണ്ടി നില കൊള്ളുന്നിടത്തു എന്തിനാണ് വൃണത്തിന്റെ ചാല്‍ ഹൃദയങ്ങളില്‍ പൊട്ടി ഒലിക്കുന്നത്... അതിനര്‍ത്ഥം നമുക്ക് പരാശക്തിയുമായി യാതൊരു ബന്ധവും ഇല്ലെന്നല്ലേ...
മുളച്ചു പൊന്തുന്ന ചെടിയെ വേലി കെട്ടി സംരക്ഷിക്കുന്നത് പോലെയാണ് കുട്ടിയെ മതത്തില്‍ നിര്‍ത്തുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ ... വേലിക്കുള്ളില്‍ ചെടിക്ക് വെള്ളവും വളവും നല്‍കി കന്നുകാലികള്‍ കടിക്കാതെ വളര്‍ത്തുന്നു. ഉയര്‍ന്നു വരുന്നതോടെ വേലികള്‍ പൊളിച്ചു നീക്കണമെന്ന്.. പിന്നെ അത് ആകാശത്തേക്ക് യഥേഷ്ടം വളരട്ടെ... എത്ര മനോഹരമായ ഉദാഹരണമാണ് അത്. എന്നിട്ടും ആ ഗുരുവിന്റെ വചനങ്ങള്‍ ഇരുട്ടില്‍ ഞെരിക്കപ്പെടുന്നു. അതിനര്‍ത്ഥം നാം സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നില്ല എന്നല്ലേ...
മീരാ, പ്രണയത്തിനു ഒരിക്കലും തടവില്‍ പാര്‍ക്കാന്‍ ആവില്ല...അത് പരമമായ സ്വാതന്ത്ര്യം കൊതിക്കുന്നു...
എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു അകലുന്ന ഓരോ ഒട്ടക സഞ്ചാരിയിലും ഞാന്‍ ആ പ്രണയം നുകരുന്നു.. തമ്പില്‍ വീശിയടിക്കുന്ന ഓരോ കാറ്റും സ്വാന്തന്ത്ര്യം പ്രഖ്യാപിക്കുകയാണ്...
കത്ത് ചുരുക്കട്ടെ.. ഈ കത്ത് അവിടെ എത്തുമ്പോഴേക്കും ഞാന്‍ മറ്റൊരു തമ്പ് തേടിയിരിക്കും.. തമ്പ് എവിടെയാവട്ടെ, ഞാന്‍ നിന്നില്‍ തന്നെ...
About The Blog

MK Khareem
Novelist
0 comments