നിന്റെ മൌനം എന്നില്‍ കനം വയ്ക്കുമ്പോള്‍ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം പോലെ ഹൃദയം... പരിസങ്ങളില്‍ വീശുന്ന ഏതു കാറ്റാണ് മൊട്ടു സൂചിയായി എന്നില്‍ .
എനിക്കൊന്നു തുളയണം,
അതുവഴി പെയ്യണം.
എന്റെ കനം അങ്ങനെ ഒഴുകി പോകുമെങ്കില്‍ ..

പിന്നെ ഞാനും മൌനത്തിലേക്ക്‌ പിന്‍വാങ്ങാം. നിന്റെ നിഴല്‍ പോലും കണ്ടില്ലെന്നു നടിച്ചു ഏകാന്ത പാതയില്‍ അങ്ങനെ ഏകാന്തമായി യാത്ര തുടരാം. ഞാനെന്റെ നിഴലിനെ ഭക്ഷിച്ചു വിശപ്പടക്കാം. ഏതെങ്കിലും വഴിവക്കില്‍ നീ എന്നെ തിരിച്ചറിയുമ്പോള്‍ ഞാന്‍ മടങ്ങി വരാം...
അതുവരേക്കും ഞാന്‍ നിന്നെ ഓര്‍ത്ത്‌ പാടി കൊണ്ടിരിക്കും..
മീരാ, നിന്റെ കണ്ണീരിന്റെ തിളക്കമോ എന്റെ ഹൃദയത്തില്‍ ഇടനാഴിയില്‍ ഉതിച്ചു നില്‍ക്കുന്ന നക്ഷത്രം.
ജാലകം വഴി കിനിഞ്ഞിറങ്ങുന്ന പ്രകാശം നിന്റെ പ്രണയമോ?
നീ നിന്റെ വിരലുകള്‍ വായുവില്‍ വരക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ പോറല്‍ വീഴുന്നു.

ഒലിവു മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് പ്രണയം തൂങ്ങിയിട്ട്. ഞാനും മുന്നോട്ടു ചാഞ്ഞു നടക്കുന്നു. എന്റെ ഉള്‍ക്കണ്ണില്‍ പൊടി പരത്തുന്ന കാറ്റില്‍ ചാഞ്ഞു ചാഞ്ഞു നീങ്ങുന്ന നീ.
ഞാന്‍ എങ്ങനെയോ അതുപോലെ നീയും...

നിന്റെ നിശബ്ദത എന്നില്‍ പ്രണയമായി ആളുന്നു.
നാളത്തിന്റെ ബ്ലേഡ് മൂച്ച ഹൃദയത്തെ അരിഞ്ഞിടുന്നു.
കടന്നു പോകുന്ന വീഥിയില്‍ വിരലുകള്‍ വായുവില്‍ ചിത്രം വരക്കുകയല്ല. കാഴ്ചയില്‍ ഭ്രാന്തമെന്നു തോന്നിയേക്കാം. ഞാന്‍ നിന്നെ വാരിയെടുക്കാന്‍ തിടുക്കപ്പെടുകയും.
നീ എവിടെയുമുണ്ടല്ലോ!

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist