നീയോ ഞാനോ

Posted by Kazhcha Sunday, February 26, 2012


മുറിവിന്റെ ചാറില്‍ പ്രണയം തുള്ളി തുളുമ്പുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ തൂങ്ങുന്ന മൌനം... കനം കൂടിയതും എന്നാല്‍ ഒട്ടും ഭാരം അനുഭവപ്പെടാതെയും നീ.
ചെരുപ്പുകളുടെ കിരുകിരുപ്പ്‌ നീ വെറുക്കുന്നുണ്ട്.
നിന്റെ മൌനത്തെ മുറിക്കുന്ന എന്തിനെയും ശപിക്കുകയും.
ഉള്ളിലേക്ക് ഏതൊക്കെയോ പഴുതാര പുളച്ചില്‍ പോലെ ... ചിലപ്പോള്‍ ഭാഷയ്ക്ക്‌ വഴങ്ങാത്തൊരു സങ്കടം. ഒരിക്കല്‍ കുറിച്ചത് പോലെ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം കണക്കെ നീ.
എന്റെ കണ്ണുകളില്‍ നിന്റെ മുഖം. അക്ഷരങ്ങളില്‍ അക്ഷരം ലയിച്ചുണ്ടാവുന്ന വെട്ടം. അത് നീ തന്നെയെന്നു നിനക്ക് മുമ്പേ അറിഞ്ഞത്.
ആരാണ് ഈ വീഥിയില്‍ ആദ്യമായി മൌനം മുറിക്കുക?
നീയോ ഞാനോ?
ഇന്ന് പൂത്ത വാകയില്‍ എന്റെ കൂട്ടുകാരിയുടെ നനവൂറുന്ന നയനങ്ങള്‍ .. കടന്നു പോകുന്ന കാറ്റില്‍ നിന്റെ പുഞ്ചിരി.

പ്രണയമേ, ഈ രാത്രി നിന്റെ മൌനം പൂത്തു നില്‍ക്കുന്നു. തീരത്ത്‌ അലസം വരുന്ന തിരകള്‍ പോലെ നിന്റെ സാന്നിധ്യവും. അങ്ങ് ദൂരെ വെളിച്ചത്തിന്റെ സുഷിരങ്ങള്‍ പാകി കപ്പല്‍ .. ഞാനീ ഹൃദയ തീരത്ത്‌ പ്രണയത്തിന്റെ സൈറന്‍ കാത്തു നില്‍ക്കുന്നു..

എന്നില്‍ നിന്നും അടര്‍ന്നു പോയ ഹൃദയം കണ്ടെടുക്കാന്‍ നീ വേണം.. നീയൊരു സൂചിയും നൂലുമായി എന്നില്‍ തയ്ച്ചു കയറുന്നത് അനുഭവിക്കാന്‍ ഈ തീരത്തെ അന്തന്തമായ നില്‍പ്പ്. അല്ലയോ ലബനോന്‍ കാരീ, ഇന്ന് നിന്റെ പാതയില്‍ ഒലിവു മരങ്ങള്‍ മഞ്ഞു ചൂടിയിരുന്നോ. എന്റെ കുതിരകള്‍ വീഞ്ഞുമായി അതുവഴി കടന്നു പോയോ.
നിന്റെ പൂങ്കാവനത്തില്‍ ഇന്ന് ലില്ലി ചെടികള്‍ നിരന്നിരിക്കാം. അതുകൊണ്ടാണല്ലോ നീ ഇതുവഴി വരാന്‍ മടിക്കുന്നത്.
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു, നീളന്‍ കോട്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞു പാളികള്‍ ..
എന്റെ ഹൃദയത്തിന്റെ ചുവരുകള്‍ വിണ്ടു കീറി,
അതുവഴി തുളഞ്ഞിറങ്ങിയ സൂര്യ രശ്മികള്‍ ..

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist