കാലത്തിന്റെ പെരുവഴിയില്‍ നില്‍ക്കുന്നത് ഞാനോ നീയോ? എന്റെ മുന്നില്‍ നീണ്ടു കിടക്കുന്ന ആ നിഴലിനെ ഞാനായി കണ്ടു ഒറ്റ ചവിട്ട്. എന്റെ ദൂരം പലപ്പോഴും ഓര്‍മപ്പെടുത്തുക നിഴലാണ്. ഞാന്‍ നിഴലിനെ വെറുക്കുന്നത് ദൂരം അറിയുമ്പോഴാണ്. ഘടികാരം അഴിചെറിഞ്ഞു യാത്ര തിരിക്കുമ്പോള്‍ കാലത്തില്‍ നിന്നും മോചനമെന്ന് ധരിച്ചത് തെറ്റിയോ?
പിന്നെയും നടപ്പ്. കാലം എന്നൊന്നില്ല എന്ന് വിശ്വസിക്കാന്‍ പാടുപെടുകയാണ്. സത്യമല്ലേ? കാലം ഉണ്ടാകുന്നിടത്തു ഞാന്‍ തടവില്‍ ചെന്നു ചാടുന്നു. അപ്പോള്‍ എന്നെ നിയന്ത്രിക്കുക രാപകലുകലാണ് . രാപകലുകളില്ലാത്ത ഒരു പാതയാണ് ഞാന്‍ സ്വപ്നം കണ്ടതും സഞ്ചരിക്കാന്‍ ആശിച്ചതും. ഞാന്‍ യാത്ര തുടങ്ങിയതും അങ്ങനെ ഒരു ബിന്ദുവില്‍ നിന്നും ആയിരുന്നല്ലോ. മോണ പൊട്ടാത്ത ഒരു അവസ്ഥയില്‍ നിന്നും. പേരോ നാളോ ജാതിയോ മതമോ എന്തിനു സ്ത്രീയോ പുരുഷനോ അല്ലാത്ത ആ അവസ്ഥ. ഏറ്റവും പരമമായ സമാധാനത്തിന്റെ താഴ്വര.
About The Blog

MK Khareem
Novelist
0 comments