സഞ്ചാരം ഗുരു മാത്രമല്ല കാമിനി കൂടി... എന്നാണതു എന്നില്‍ താവളം കൊണ്ടത്? ഓര്‍മയില്ലാത്ത കാലത്തു ചെയ്ത തീവണ്ടിയാത്രയിലോ.... എവിടെയോ, ഏതോ ഒരു ദശാസന്ധിയില്‍... ഒര്മയുള്ളപ്പോള്‍, ആറോ ഏഴോ വയസ്സ് കാണും പാടത്തിനരികെ ചാഞ്ഞുനീങ്ങിയ ആ തീ വണ്ടി. ആ താളം കൊട്ട്. പിന്നീടുള്ള യാത്രയിലേക്കുള്ള സിഗ്നല്‍ ആയിരുന്നോ? എന്തോ... എങ്കിലും ആ കിടിലംകൊള്ളിച്ച വണ്ടിയില്‍, വാതില്‍ക്കല്‍ നിന്ന സഞ്ചാരികള്‍ ഇന്നും എന്നെ ഉറ്റു നോക്കുന്നുണ്ട്... എവിടേക്കോ കൊണ്ടു പോകാനുള്ള അത്യാര്‍ത്തിയോടെ... അതിലേറെ, അതില്‍ കയറി കൂടി അറിയാത്ത നാടുകളിലേക്ക് പോകാനുള്ള എന്‍റെ കൊതിയും....പിന്നീട് "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍" എന്ന നോവല്‍ എഴുതാന്‍ കാരണം ചിലപ്പോള്‍ ആ വണ്ടി ആകാം. കുട്ടിയായ ദുരൈലാലില് ഞാനുണ്ട്. വള്ളി നിക്കറും ഇട്ടു കളിക്കൂട്ടുകാരിയോടൊപ്പം... ഗോതമ്പ് വയലിന്‍റെ അരികു പറ്റി നടക്കുമ്പോള്‍ കുതിക്കുന്ന വണ്ടി. പാളത്തിലെ താളം കൊട്ടിലെക്കും വണ്ടി ഒഴിഞ്ഞ ശൂന്യതയിലെക്കും. ആ ശൂന്യതയില്‍ എറിച്ചു നില്ക്കുന്ന തീട്ടത്തിന്റെ, തുരുംബിന്റെ മണവും... അതില്‍ ദുരൈലാല്‍ നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്നു....ആ നടത്തയില്‍ ചിലപ്പോള്‍ അറിയാത്ത ഇടങ്ങളിലേക്ക് കുതിക്കാനുള്ള ആവേശവും... കുഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുകയല്ല, ജീവന്‍റെ അറിയാത്ത പൊരുളുകളിലേക്ക് കൂടി... അതെ , ദുരൈലാല്‍ എവിടെയൊക്കെയോ ഞാനുമായി ചേരുന്നു. ഒരു സഞ്ചാരമാണ് ദുരൈലാലിനെ എനിക്ക് നല്കിയത്. എന്‍പത്തിയോമ്ബതില്‍ എന്ന് തോന്നുന്നു, ആ തീവണ്ടി യാത്ര. ഗുജറാത്തിലേക്ക്. അങ്ങിനെ പോകാന്‍ കാരണം ആ വര്ഷത്തെ ലോകസഭാ തിരഞ്ഞെടുപ്പും. അന്ന് ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. കൊണ്ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഇടതു പക്ഷം വര്‍ഗീയ കക്ഷിയുമായി ചങ്ങാത്തം കൂടിയതില്‍ പ്രദിക്ഷേതിച്ചു വോട്ടു ചെയ്യാതെ ഞാന്‍ മുങ്ങുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വര്‍ഗീയതയുമായി പൊരുത്തപ്പെടാന്‍ ആവില്ല.അന്ന് എവിടേക്ക് പോകണം എന്ന് നിശ്ചയമില്ല. പുറപ്പെടുക. അത്ര മാത്രമെ മുന്നിലുള്ളൂ. അപ്പോഴാണ് എന്‍റെ ഒരമ്മാവന്റെ മകന്‍ അവിടേക്ക് ക്ഷണിച്ചത്....
About The Blog

MK Khareem
Novelist
0 comments