സഞ്ചാരി ഞാനല്ല, നീയല്ല മറ്റൊരാള്‍ അല്ല. ഇനിയും വരാത്ത ആ അവധൂതന്‍ ആകാം. അണിയറയില്‍ അയാള്‍ എന്തെല്ലാമോ എഴുതി കൂട്ടുന്നുണ്ട്. കണ്ണിനോ കാതിനോ ചെന്നെത്താനാവാത്ത അകലെ അയാള്‍ കുറിക്കുന്നത്. അതത്രയും കാറ്റിലും മഞ്ഞിലും പിന്നെ മഴയിലും നമ്മില്‍ എത്തുമ്പോള്‍ അത് വാക്കായി പിഴുതെടുത്ത് ഇവിടെ കുറിക്കാം. വാക്ക് ഉണ്ട്. അത് ഏതു ഭാഷയിലൂടെ ആകട്ടെ അത് സത്യമായി അവതരിക്കുന്നു. അതിന്റെ നിയോഗം അതാകുന്നു. ഓരോ കാലത്തും പ്രകാശിക്കപ്പെടുക. അതിന്റെ പാതയിലാണ് ഓരോ പ്രവാചകനും നമ്മോടു സംസാരിക്കുക. നാമത് നമ്മുടെ കാതിനാല്‍ ഒപ്പിയെടുത്തു മറുകാതിലൂടെ തള്ളി കളയുന്നു. ബസ് കയറ്റം കയറുന്ന പാതയില്‍ ചാഞ്ഞു നില്‍ക്കുന്ന ആഞ്ഞിലി മരത്തില്‍ തെറിച്ചു പോന്ന വാക്കുകളിലേക്കു കൊക്കുരുമ്മി ആണ്‍ കിളിയും പെണ് കിളിയും. നമുക്ക് വാക്കുകള്‍ അന്യമെന്നു തോന്നുന്ന ആലോകത്തെ സഞ്ചാരികള്‍ അവയും. എങ്കിലും അവയ്ക്കും വാക്കുകളുണ്ട്. നമ്മുടെതല്ലാത്ത ഭാഷയോടെ അവയത്രയും നെഞ്ചേറ്റി അവ അവയുടെ കാലം ജീവിച്ചു തീര്‍ക്കുന്നു. മനുഷ്യനോ? കിട്ടുന്ന വാക്കുകളില്‍ മായം ചേര്‍ത്തു ജീവിതമെന്ന് വ്യാഖ്യാനിച്ചു ജനി മൃതികള്‍ക്കിടയിലെ ദൂരം തീര്‍ക്കുന്നു. ദൂരം സത്യമാകുന്നു. ആ ദൂരത്തില്‍ മാത്രം സത്യമായി നിലന്നിന്നു പൊഴിയുന്ന ഉടലിനെ അതെ കാലത്ത് നാം സത്യമായി കാണുന്നു. എന്നാല്‍ അതിനുള്ളിലെ ആ തുടിപ്പിനെ നാം അറിയാതെ പോകുന്നു.
About The Blog

MK Khareem
Novelist
0 comments