എന്റെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളിയെടുത്തു പേനയില്‍ മുക്കി നിന്നെ കാലത്തിലേക്ക് വിടുന്നു. നീ എന്റെ പ്രണയമല്ലാതെ മറ്റൊന്നുമല്ല. യാത്രയില്‍ നിന്നില്‍ മലിനത അടിഞ്ഞു കൂടുന്നു എങ്കില്‍ എന്റെ തെറ്റല്ല.
നീ ശരിയായ പാതയില്‍ ആവുക, പ്രണയമായി തിളങ്ങുക. നിന്റെ നന്മകളിലോ എനിക്കൊരു അവകാശവും ഇല്ല.
നിന്റെ നന്മകള്‍ , തിന്മകളും .. അതിലെനിക്കൊരു പങ്കുമില്ല.
നീ പുറപ്പെട്ടു പോകുക. നിന്റെ ആകാശങ്ങളിലേക്ക്, ധ്യാനത്തിന്റെ തുറസ്സിലേക്ക് ...
മീരാ അത്രയും എഴുതി ആ അദ്ധ്യായം നിര്‍ത്തി. ആ കഥാപാത്രം അതിന്റെ ലോകം പണിയട്ടെ. അവിടെ ഒരു ചൂരലുമായി നില്‍ക്കാന്‍ ഞാന്‍ ആളല്ല. എന്നില്‍ നിന്നും അവനെ സൃഷ്ടിക്കുക എന്നത് മാത്രമാണ് എന്റെ കര്‍മം. അതിനപ്പുറം അവന്റെ കര്‍മം പുതിയ ഭാഷയോടെ തുടരട്ടെ.
ഞാവന് പരിപൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
എന്റെ പുതിയ എഴുത്തിനെ കുറിച്ചുള്ള നിന്റെ വിശകലനം എന്നെ അസ്വസ്ഥനാക്കി. മീരാ ഞാന്‍ വരട്ടു നിയമങ്ങളുടെ തടവ്‌ ഭേദിക്കാന്‍ തുനിയുന്നത് തെറ്റോ? കഥയോ കവിതയോ ലേഖനമോ എന്ന് നിര്‍വചിക്കാന്‍ ആവാത്ത അവസ്ഥയിലാണ് ഞാന്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുക. അവിടെ ഒരു വാക്കോ വാചകമോ കൂടുതല്‍ വച്ചാല്‍ വരയുടെ പുറത്തു കടക്കും, അത് മുഴച്ചു നില്‍ക്കും എന്നൊരു ഭീതി എന്നെ അലട്ടുന്നില്ല. എനിക്ക് പറയാനുള്ളത് എന്റെ ഭാഷയിലൂടെ പറയുകയും ആവാം.
കാറ്റാടി മരങ്ങളില്‍ സായാഹ്നം മയങ്ങി. എങ്ങു നിന്നെല്ലാമോ എത്തിച്ചേര്‍ന്ന പക്ഷികളുടെ കൂട്ട കരച്ചില്‍ .. ചിലപ്പോള്‍ അവ അവയുടെ സഞ്ചാരപാതയിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതായി. അല്ലെങ്കില്‍ വേര്‍പാടിന്റെ നിമിഷങ്ങളെ ഒച്ചകളിലൂടെ അകറ്റുകയോ..
ആ ഒച്ചകള്‍ക്കിടയിലാണ് സഞ്ചാരി അവതരിച്ചത്. അദ്ദേഹം ഏതുവഴിയാണ് എത്തിയത് എന്നറിയില്ല. എന്നിലുള്ള പ്രണയത്തെ പക്ഷികളില്‍ എറിഞ്ഞു അവയിലൂടെ പ്രണയം ഇരട്ടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ. പ്രണയം വന്നാല്‍ പിന്നെ സ്ഥലകാലം അകന്നില്ലേ. അതുകൊണ്ടാവാം വിജനമായ പാതയിലൂടെ എത്തിയ അദ്ദേഹത്തെ ഞാന്‍ കാണാതെ പോയത്.
അദ്ദേഹം എന്റെ തോളില്‍ കൈ വച്ച് മധുരമായി പുഞ്ചിരിച്ചു. ആ നിമിഷം എന്നില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. എനിക്ക് അപ്രാപ്യം എന്ന് തോന്നിയിരുന്നതോ, ഞാന്‍ തിരിച്ചറിയാതെ കിടന്നതോ ആയ ചില ചരടുകള്‍ പൊട്ടുകയും. ആ സ്വരം എന്നില്‍ ആര്‍ദ്രമായി.
ഞാന്‍ എന്റെ എഴുത്ത് എഴുതണമെന്നു പല പുസ്തകങ്ങളില്‍ വായിച്ചിടുത്തിട്ടുണ്ടെങ്കിലും കുടത്തിനു മീതെ ജലം ഒഴിച്ച പോലെ.. ഇടയ്ക്കു ഓര്‍ക്കാതെയല്ല, ഹൃദയത്തില്‍ നിന്നും വരുന്ന ഭാഷക്കല്ലേ മറ്റൊരു ഹൃദയത്തില്‍ ഇടമുള്ളൂ....
ചട്ടക്കൂടുകളെ ഭേദിക്കുന്നവര്‍ക്കേ എന്തെങ്കിലും പുതുതായി നിര്‍മിക്കാന്‍ ആവൂ. അല്ലാത്ത പക്ഷം പഴയ പാതയില്‍ കിടന്നു കാലം പോക്കാം. അവിടെ കെട്ടി കിടക്കുന്ന ജലമായി മലിനമാകുന്നു.
മീരാ, എന്നെ ന്യായീകരിക്കാന്‍ പറയുകയല്ല. ചട്ടക്കൂടിന് പുറത്തു നമുക്ക് പരമമായ സ്വാതന്ത്ര്യം നുകരാം. നീളവും വീതിയും ഒപ്പിച്ചു നില്‍ക്കുമ്പോള്‍ നാമതില്‍ കുരുങ്ങി പോകുന്നു. അവിടെ ഹൃദയത്തിന് പ്രത്യേകിച്ച് ക്രിയകള്‍ ഒന്നും ഇല്ലാതെ ആവുകയും. പറയാന്‍ വച്ചത് പറയാന്‍ ആവാതെയും. അത് തന്നെയല്ലേ പ്രണയത്തിലും.
മുഖം മൂടികള്‍ വലിച്ചെറിയുമ്പോഴെ പ്രണയം തിളങ്ങൂ. അല്ലെങ്കില്‍ പ്രണയിക്കാന്‍ വേണ്ടി പ്രണയിക്കുകയും..
ഞാന്‍ വീണ്ടും സഞ്ചാരിയില്‍ എത്തട്ടെ.
എന്തിനാണ് ആ സായാഹ്നം ഒരു കൂടിക്കാഴ്ചക്ക് തിരഞ്ഞെടുത്തത്.. കാലത്തിന്റെ ഏകാന്തതയിലേക്ക് തെറിച്ച പക്ഷി കൂട്ടത്തിന്റെ കരച്ചിലില്‍ പ്രണയത്തിന്റെ തരംഗം ഉണ്ടായിരുന്നുവോ? സഞ്ചാരി ബോധത്തോടെയല്ല എന്നില്‍ അടഞ്ഞു കിടന്ന വാതില്‍ ചവിട്ടി പൊളിച്ചത്... ആ നിമിഷം സഞ്ചാരി പരാശക്തിയായി മാറുകയായിരുന്നു. എന്നിലേക്ക്‌ വെളിച്ചത്തിന്റെ ഒഴുക്ക് തുറന്നു വിട്ടുകൊണ്ട് പുഞ്ചിരിച്ചത് ഇപ്പോഴും മങ്ങാതെ...

3 comments

 1. indu Says:
 2. good..poetic and strong

   
 3. M.K.KHAREEM Says:
 4. നന്ദി...

   
 5. ഒന്നും മനസിലാകാതെ പോകുന്ന എഴുത്തുകൾ

   

Post a Comment

Followers

About The Blog


MK Khareem
Novelist