പ്രണയത്തിന്റെ ആകാശങ്ങള്‍ വയലറ്റ് നിറം ചൂടി നില്ക്കുന്നു.. അകം നിറയെ അവിടേക്ക് ചാടാനുള്ള തിളച്ചുമറിയലില്‍ ഞാന്‍ ...
മീരാ, ആ നിറം നീയല്ലേ?
നീര് പക്ഷികള്‍ വരുമ്പോഴാണ് തടാകത്തില്‍ ചലനം ഉണ്ടാവുക... ഓളങ്ങള്‍ സാന്നിധ്യം ശരിവയ്ക്കുകയും... ഏറ്റവും സ്വകാര്യമായി എന്റെ ഹൃദയത്തില്‍ നീ മന്ത്രിക്കുമ്പോള്‍ എനിക്ക് ചിറകു മുളക്കുക... അത് ചുവപ്പോ നീലയോ ആവട്ടെ പറന്നുയരുന്നതോടെ നിറങ്ങള്‍ നഷ്ടപ്പെടുന്നു...
പാതിരാത്രിയില്‍ മരച്ചുവട്ടില്‍ നില്ക്കുമ്പോള് ഞാനോ മരമോ ഇല്ലായിരുന്നു. എന്നിലേക്ക് ഒഴുകിയ നിറമില്ലാത്ത അനുഭൂതിയാണ് എന്നെ നിന്നില്‍ എത്തിച്ചത്... പാടവും മലകളും താണ്ടുമ്പോള്‍ നിന്റെ അദൃശ്യ കരങ്ങള്‍ എന്നിലാകെ ചുറ്റിയിരുന്നു...
ആത്മാവിലെ ഓളം വെട്ട് പ്രണയമായി അറിഞ്ഞു.. ഇടയ്ക്കു വന്നു ഹൃദയത്തില്‍ നുള്ളി പോയ കാറ്റിനെ നീയായി കണ്ടു... പക്ഷെ നീ, മൌനത്തിന്റെ കരിമ്പടം പുതച്ചു...
എങ്കിലും കാറ്റ് പെന്‍സില്‍ മുനയായി എന്നില്‍ എന്തെല്ലാമോ വരയുന്നുണ്ടായിരുന്നു. അതുകൊണ്ടല്ലേ നീ അകന്നിട്ടും നൊമ്പരം കെട്ടിനിന്നത്... അതുവഴി നീയാവാന്‍ .. ശാപമോ അനുഗ്രഹമോ മീരാ?
നിന്റെ മൌനം അസ്വസ്ഥതയുടെ മുള്‍പ്പരപ്പില്‍ എറിയുന്നു.
ഇനി മൌനത്തെ പ്രണയമേ എന്ന് വിളിക്കട്ടെ..
മൌനം ഭക്ഷിക്കുന്ന പ്രണയത്തെ കുറിച്ച് നീയൊരു പുസ്തകം എഴുതുന്നു. അതിനു ദൂരം താണ്ടിയത് എന്തിനെന്നു അറിയില്ല. ഏറ്റവും ദൂരത്താവുമ്പോള്‍ ലയത്തിലാവാം എന്ന് നീ.
നീ കുറിക്കുന ഓരോ അക്ഷരവും കൊള്ളുന്നത് ഹൃദയത്തില്‍ .. മുറിവുകള്‍ പാത ജനിപ്പിക്കുകയും. ഞാനിനി മുറിവിന്റെ ആഴത്തിലേക്ക് കുതിക്കട്ടെ. ഏറ്റവും സ്വകാര്യതയില്‍ നീ തുടിക്കുന്നല്ലോ!
പറഞ്ഞു വിടുക; തിളച്ചു മറിയുന്ന വികാരങ്ങളെ മഴയിലൂടെയോ മേഘത്തിലൂടെയോ എന്നിലേക്ക് വിടുക.. ഏതുവഴി വരുന്നു എന്നതിലല്ല. നിന്നില്‍ നിന്നും എത്തിയോ; അത് മാത്രമാണ് നോക്കുക.
വന്നത് നീ തന്നെയാണോ എന്നും. നിനക്കപ്പുറം മറ്റൊന്ന് കൊണ്ടും ശാന്തിയില്ല..
ഞാന്‍ നിന്നെ ഏറ്റുവാങ്ങുക തന്നെ ചെയ്യും.. എനിക്ക് മാത്രമേ നിന്നെ അറിയൂ. കാരണം ഒരിക്കല്‍ നീ എന്റേതായിരുന്നു... കാലങ്ങള്‍ക്ക് അപ്പുറവും നീയും എന്നിലേക്ക് മഴക്കാറിനോടും കാറ്റിനോടും എന്തൊക്കെയോ പറഞ്ഞു ഇരുന്നിട്ടുണ്ട്...
അറിയാതെ എങ്ങനെ? പറയാതെ എങ്ങനെ. നമ്മള് തേടുകയല്ലേ.. ചിലപ്പോള്‍ ഈ ജന്മത്തില് കൂട്ടി മുട്ടില്ലെന്നു അറിഞ്ഞിട്ടും. പ്രണയത്തിന്റെ തോരാ പെയ്ത്തില്‍ നിറയാന്‍ കൊതിച്ചും..
ഒരിക്കല്‍ ഞാന്‍ ഇഷ്ടപ്പെട്ട ചങ്ങാലി പ്രാവിന്റെ കുറുകല്‍ നിനക്ക് ഇഷ്ടമായിരിക്കും. ചങ്ങാലി പ്രാവ് കുറുകുമ്പോള്‍ എന്നിലൊരു തേങ്ങല്‍ ഉണ്ടായിരുന്നു. നീ അരികെ വരുമ്പോഴൊക്കെ അതെ തേങ്ങലില്‍ ഞാന്‍ നഷ്ടപ്പെടുകയും...
കണ്ണടച്ച്, കാതടച്ച്, നാവടച്ചു പ്രണയത്തിന്റെ വയലറ്റ് പുഞ്ചിരിയില്‍ അലിയട്ടെ... വസന്തങ്ങള്‍ക്കു കാത്തു നില്‍ക്കാതെ കാലത്തിന്റെ പെരുവഴികള് തോറും വയലറ്റ് പൂക്കളായി പാറാം..
About The Blog

MK Khareem
Novelist
നന്നായിരിക്കുന്നു സുഹൃത്തേ ,,,,,,ഈ പ്രണയത്തിന്റെ വയലറ്റ് പുഞ്ചിരി