സി.പി.എം. ന്റെ തെരഞ്ഞെടുപ്പു കാല വിലയിരുത്തല്‍ ഒട്ട് അസുഖത്തോടെയാണ് ശ്രദ്ധിച്ചത്. മലബാറില്‍ മുസ്ലീങ്ങള്‍ പാര്‍ട്ടിയെ തുണച്ചില്ല. അവര്‍ യു.ഡി.എഫ് നു പിന്നില്‍ കൂട്ടമായി അണി ചേര്‍ന്നു. നായന്മാര്‍ വോട്ടു ചെയ്തില്ല. ക്രുസ്ത്യാനിക്ക് പഴയ എതിര്‍പ്പില്ല. ഈഴവര്‍ ... അങ്ങനെ പോകുന്നു വിചാരങ്ങള്‍ .. അത്തരം ചിന്തകള്‍ നമ്മെ എവിടെക്കാണ്‌ കൊണ്ട് പോകുന്നത്? അതെല്ലാം ജന മനസ്സില്‍ ജാതി മത ചിന്ത കോരിയിടാനെ ഉപകരിക്കൂ...
തെരഞ്ഞെടുപ്പിന് നില്‍ക്കുന്നത് ജാതി മതങ്ങളുടെ വോട്ടു നേടാനോ ജനങ്ങളുടെ വോട്ടു നേടാനോ? വിജയിക്കേണ്ടത് മതെതരത്വമോ വര്‍ഗീയതയോ? കൊണ്ഗ്രസ്സോ മറ്റു ഏതെങ്കിലും സംഘടനകളോ ആണ് അങ്ങനെ പറയുന്നത് എങ്കില്‍ ഇത്രയ്ക്കു അസ്വസ്ഥത ഉണ്ടാവില്ല. കാരണം അവരുടെ പ്രവര്‍ത്തനം ആ വഴിക്കാണ്. എന്ന് കരുതി അവര്‍ ആ വഴി തുടരട്ടെ എന്നുമല്ല. എന്നാല്‍ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരം വാക്കുകള്‍ പുറത്തു വരാന്‍ പാടില്ല.
അത്തരം ചിന്താഗതികളാണ് ജാതി മതങ്ങളുടെ തിണ്ണകളിലേക്ക് രാഷ്ട്രീയക്കാരെ നയിക്കുന്നതും, മത നേതൃത്വങ്ങളെ അധികാരം പങ്കിടുന്നതിലേക്ക് എത്തിക്കുന്നതും. ഒരു മതം മേല്‍ക്കൈ നേടുന്നിടത്ത് മറ്റൊരു മതം അസ്വസ്ഥമാകുന്നുണ്ട്. ആ അസ്വസ്ഥത ജാതി മത വെറികളിലേക്ക് നയിച്ചേക്കാം. ജനത ഒരു നോക്കുകുത്തിയായി മാറുകയും... അതൊന്നും ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഭൂഷണമല്ല.

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist