സംഗീതമായും...

Posted by Kazhcha Tuesday, July 5, 2011


രാത്രിയില്‍ കാറ്റിന്റെ ഹുങ്കാരം പെട്ടെന്ന് കടന്നു വന്നപ്പോള്‍ ഞാനൊന്ന് പതറാതെയല്ല. നാലുവരി പാതയില്‍ നിന്നും കാറ്റെന്ന കോരിയെടുത്തു മരുഭൂമിയില്‍ എറിഞ്ഞെങ്കിലോ! മീര, നിന്നിലേക്കുള്ള അകലം കൂടുമോ എന്ന വ്യസനമാണ് അപ്പോള്‍ എന്നെ ഭരിച്ചത്.
നീ ഇവിടെ എവിടെയോ ഉണ്ട് എന്നുറപ്പ്. സന്ധ്യയില്‍ പര്‍ദ്ദയണിഞ്ഞു അരികെ വന്നു നിന്നത് നീ തന്നെ എന്ന് എനിക്കറിയാം. നിന്റെ കണ്ണിന്റെ തിളക്കം വിളക്കു കാലിന്റെ ചുവട്ടില്‍ കൃത്യമായി കണ്ടതാണ്. തിരിച്ചറിയാനാവാത്തൊരു സുഗന്ധമായിരുന്നു അപ്പോള്‍ നിന്നില്‍ നിന്നും...
ഞാനിന്നു നോവലിന്റെ പണിയിലേക്ക്‌... എഴുത്ത് കഴിഞ്ഞു പേന എടുക്കുമ്പോഴെ പെരുണ്ടാവൂ എന്ന അറിവ് തകര്‍ത്ത് കൊണ്ട് - ഗുല്‍മോഹര്‍ .. അങ്ങനെ ഒരു പേര് ചേര്‍ക്കുമ്പോള്‍ എന്നില്‍ നീ മാത്രം. അല്ല മീരാ എന്നാണു നീ എന്നില്‍ ഇല്ലാതിരുന്നിട്ടുള്ളത്...
ഈ മരുഭൂമിയില്‍ ഞാനും കാറ്റും മാത്രം. എണ്ണ തീര്‍ന്ന വിളക്കില്‍ നിന്നും ഇത്തിരി പുക പിന്നെയും തങ്ങി നില്‍ക്കുന്നു. ഓരോ കാറ്റും എന്റെ തമ്പ് കോരിയെടുക്കാന്‍ ശ്രമിക്കുന്നു. ഒരുവേള എന്റെ ഉടലില്‍ നിന്നും ആത്മാവിനെ ഊരിയെടുക്കാന്‍ വാശി പിടിക്കുന്ന അനുരാഗിയാകുമോ കാറ്റ്! ഉടലും തമ്പും ഒന്നാകുന്നത് ഈ രാ കാഴ്ച. അതേ ഇത് അത് തന്നെ. പാതിരാവിലും പ്രണയം വാശിയോടെ കരയുന്നു. തന്റെ പാതിയില്‍ അലിഞ്ഞേ അടങ്ങൂ എന്നും.... തന്റെ പാതിയെ കിട്ടിയേ അടങ്ങൂ എന്നും... കാറ്റും അങ്ങനെ അനുരാഗത്തിന്റെ ഏതോ വാശിയിലല്ലേ. കാറ്റിനുള്ളില്‍ മറ്റൊരു കാറ്റുണ്ടാകുക. ആ കാറ്റ് അതിന്റെ ഇണക്കായി നിലവിളിക്കുക.
പതുക്കെ തമ്പില്‍ നിന്നും പുറത്തിറങ്ങി. മരുഭൂമിയില്‍ കാറ്റ് കെട്ടി മറിയുകയാണ്. മണലിന്റെ അലകള്‍ എന്നെ കൊരിയെടുത്തെക്കുമോ? കടല്‍ അതിന്റെ അടിത്തട്ടിലേക്ക് വലിച്ചു കൊണ്ട് പോകും പോലെ മരുഭൂമി എവിടെക്കാവും കൊണ്ട് പോകുക? എങ്കില്‍ മരുഭൂമിക്കകത്തും മറ്റൊരു മരുഭൂമി ഉണ്ടാകും. എന്റെ അനുരാഗി എവിടെയാണോ ഒളിച്ചിരിക്കുക, അത് പോലെ കാറ്റിനുള്ളിലെ കാറ്റും മരുഭൂമിക്കുള്ളിലെ മരുഭൂമിയും. എന്നിലെ എന്നെ കണ്ടെത്തിയാല്‍ സര്‍വവും അറിയാനായേക്കും...
തിരഞ്ഞു നോക്കുമ്പോള്‍ മങ്ങി കത്തുന്ന വിളക്കാണ് അവിടെയൊരു തമ്പുണ്ട് എന്ന് അറിയിക്കുന്നത്. ഈ ഇരുട്ടില്‍ ഞാന്‍ എന്ന തമ്പിനെ അടയാളപ്പെടുത്തുന്നത് എന്താവാം.. അത് മീരയല്ലേ!
കാറ്റടങ്ങിയപ്പോള്‍ എങ്ങു നിന്നോ ബനാറസിലെ ബിസ്മില്ലാ ഖാന്റെ ഷഹനായി...
കണ്ണുകള്‍ താനേ അടയുന്നു, എനിക്ക് ശ്വാസം മുട്ടുന്നു, മധുരമായൊരു വേദന പകര്‍ന്നു മീര എന്നില്‍ ഇറങ്ങുന്നു..

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist