എവിടെയാണ് നീ എന്ന് പോലുമറിയാതെ നിന്നെയോര്‍ത്തു ധ്യാനിച്ച്, ഈ മരുക്കാട്ടില്‍ ഞാന്‍ ... കടന്നു പോകുന്ന ഓരോ സഞ്ചാരിയും എന്നിലേക്ക് മിഴിയെറിയുന്നു. അവര്‍ക്കെല്ലാം എങ്ങെല്ലാമോ എത്തി ചേരാനുണ്ട്. എങ്ങും പോകാനില്ലാതെ ഞാന്‍ മാത്രം.
മീരാ, ഒരു വേള ഗ്രാമ പാതയില്‍ വാകമരത്തില്‍ പൂക്കള്‍ കൊഴിയുന്നതും നോക്കി നീ ഇരുപ്പുണ്ടാവാം. അല്ലെങ്കില്‍ എന്നെ പോലെ ഈ മണലാരണ്യത്തില്‍ നീയും. കടന്നു പോകുന്ന ഒട്ടക സഞ്ചാരികളില്‍ മിഴിയെരിഞ്ഞു ഞാന്‍ ... മാനം ചുവക്കുമ്പോള്‍ ഉള്ളു പിടയുന്നുണ്ട്. നിന്നെ കുറിച്ച് അറിയാത്ത ഒരു ദിനം കൂടി കത്തിയെരിയുന്നു. സ്വര്‍ണ ഞൊറിവുകളായി തീര്‍ന്ന മണല്‍ കൂനയില്‍ എല്ലാ ഭാരവും ഇറക്കി വച്ചു ഇരിക്കുമ്പോള്‍ എന്നില്‍ നിന്നും ഭാരമൊന്നും ഒഴിയുന്നില്ല. ഉടലിന്റെ ഭാരത്തെ താങ്ങാന്‍ മണല്ക്കൂനക്കുള്ള കരുത്തു അപാരം തന്നെ. എന്നാല്‍ എന്റെ ഹൃദയഭാരം ഏറ്റെടുക്കാന്‍ നീയല്ലാതെ മറ്റാരുണ്ട്...
രാത്രിയിലേക്ക് കാറ്റിനോടൊപ്പം നീങ്ങുമ്പോള്‍ ഞാനറിയുന്നു, നിന്നെ വിളിക്കാന്‍ എനിക്കൊരു പേര് കിട്ടിയതിനെ കുറിച്ച് ഒട്ടക സഞ്ചാരിയുമായി പങ്കിട്ടത്. അയാള്‍ ആദ്യമത് ചിരിച്ചു തള്ളി. അയാള്‍ പേരുപേക്ഷിച്ചവന് , നാടും വീടും ഉപേക്ഷിച്ചവന് .. ഒരിക്കല്‍ ആ ഉടല് പോലും ഉപേക്ഷിച്ചു സ്വതന്ത്രന് ആവേണ്ടവന് .. അപ്പോള്‍ പിന്നെ പേരിന്റെ ഭാരത്തിലേക്ക് എന്തിനു പോകണം?
പേരില്ലായ്മയുടെ ഭാരമില്ലായ്മ. അതാണ് പ്രണയമെന്ന്. കടലാസ്സില്‍ അക്ഷരങ്ങളായി തെളിയാത്തത്. എന്നാല്‍ അതൊരു ഗ്രന്ഥമത്രേ. ആയുസ്സുകള്‍ പലതു ചിലവിട്ടാല്‍ പോലും പഠിക്കാന്‍ ആവാത്തത്.. എന്നാല്‍ അത് പഠിക്കാന്‍ ഗ്രന്ഥവും വേണ്ട..
അയാള്‍ കേവലമൊരു സന്ചാരിയോ അവധൂതനോ. എന്റെ ഇന്ദ്രിയങ്ങളില്‍ വെളിച്ചം വീശാന്‍ എത്തിയ ഗ്രന്ഥമോ? അല്ലെങ്കില്‍ മീരാ, നീ തന്നെയോ അയാള്‍ ...
ജീവിതം ഉപേക്ഷിക്കളിന്റെയും സ്വയം വിട്ടു പോകുന്നതിന്റെയും ആകത്തുകയെന്നു അയാള്‍ .. ബാല്യം ഉപേക്ഷിച്ചു കൌമാരത്തിലേക്ക്, അങ്ങനെയങ്ങനെ...
നിനക്കൊരു മുഖം ഇല്ലാത്തത് പോകട്ടെ. നീ എന്റെ ഹൃദയത്തില്‍ പടര്‍ന്നു കിടക്കുന്നുണ്ടല്ലോ. എങ്കിലും നിന്നെ വിളിക്കാന്‍ എനിക്കൊരു പേര്. ഞാന്‍ തുടര്‍ന്ന്...
എന്റെ നാവടക്കാന്‍ എന്നോണം ഇരമ്പി വന്ന കാറ്റും, പൊടിപടലങ്ങളും ..
അതെന്റെ ഭ്രാന്താവാം. എനിക്ക് തുടരാതിരിക്കാന്‍ ആവില്ല. കാരണം നീ എന്നില്‍ എത്ര ഉറച്ചതാണെങ്കിലും നിന്നെ ഉറപ്പിക്കേണ്ടത് ഉണ്ടായിരുന്നു. ചിലപ്പോള്‍ ഓരോ കുഴിയും പാതാളത്തിനും അപ്പുറത്തേക്ക് പോകുന്നതായി..
മുഖം പോലുമില്ലാത്ത നിനക്കൊരു പേര് നല്‍കാനുള്ള കൊതി. ചിലപ്പോള്‍ ആ പേര് അങ്ങനെ ഉരുവിട്ട് പാതിരാവിനപ്പുറത്തെക്കും ധ്യാനിച്ച് ഇരുന്നാല്‍ നീ എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന ചിന്തയാകാം . എന്തോ എനിക്കറിയില്ല. എന്റെ ഹൃദയത്തിന് നിനക്കായി ഇങ്ങനെ പാടി കൊണ്ടിരിക്കാനെ ആവൂ. എന്നാലും നീ ഒരു സത്യമാണെങ്കില്‍ , നീ എത്ര അകലെയാണെങ്കിലും, ഇനി മരിച്ചു മണ്ണടിഞ്ഞു പോയിട്ടുണ്ടെങ്കിലും ഈ ഹൃദയത്തിന്റെ വിളി കേള്‍ക്കാതിരിക്കാന്‍ ആവില്ല. എന്നിലേക്ക് ചേരാതിരിക്കാന്‍ ആവില്ല.
കാരണം ഞാന്‍ നിനക്കായി ധ്യാനിച്ചിരിക്കുന്നു.
About The Blog

MK Khareem
Novelist
MEERA NEETHANNEYANO AYAAAAAAAAAALL
PERILLAYMAYUDE BHARAMILLAYMAYE KURICHU CHINTHICHA ORAL KOODI EELOKATHILO?
NANNYI ELLAM ATHMAKKAL ELLAM BRAHMAM
IVIDE UPESHICHU POKUNNA UDUTHUNI MAATHRAMALLE SAREERAM