ബസ്സിന്റെ ചവിട്ടു പടിയില്‍ വെറുതെ നോട്ടം. ഏതെല്ലാം കാല്പാടുകള്‍ പതിഞ്ഞു മാഞ്ഞിട്ടുണ്ട്. അകത്ത് ഏതെല്ലാം ഉടലുകള്‍ സഞ്ചരിക്കുകയും. സഞ്ചാരങ്ങള്‍ മാഞ്ഞിട്ടുണ്ട്, സഞ്ചാരികളും.
മുകളില്‍ കമ്പിയില്‍ തൂങ്ങിയ കൈകളില്‍ പലതിലും ഘടികാരം ഉണ്ടായിരുന്നു. ഘടികാരത്തിന്റെ ഭംഗിയും മികച്ച മോഡലുകളും നിര്‍മിത കേന്ദ്രങ്ങളും തിരഞ്ഞു പോയ മനസ്സുകള്‍ .. ഘടികാരത്തിന്റെ സ്പന്ധന്ദനം ഏറ്റുവാങ്ങിയവര്‍ ... മുഷിഞ്ഞതും നടക്കാതെ ആയതും തെരുവില്‍ എറിഞ്ഞവര്‍ ...
ചലനമറ്റൊരു ഘടികാരം എന്റെ ചുവരില്‍ തൂങ്ങുന്നുണ്ട്. മാറാമ്പല്‍ പിടിച്ചിരിക്കുന്നു. നിന്ന സമയം ഏഴ് മുപ്പത്തഞ്ചെന്നു തുടരെ ഓര്‍മിപ്പിക്കുകയും...
ഞാന്‍ അത് കേള്‍ക്കുന്നില്ല. വന്നു മടങ്ങുന്നവരില്‍ ചിലര്‍ ഘടികാരം കണ്ടു നില്‍ക്കുന്ന സമയം ഏതെന്നു അബദ്ധത്തില്‍ പെടുന്നു.
ചിലര്‍ അതൊന്നു ശരിപ്പെടുത്താന്‍ ഉപദേശിക്കുകയും..
ഞാനിന്നു ഘടികാരം പറയുന്നത് എന്ന തലക്കെട്ടില്‍ എന്തൊക്കെയോ എഴുതുന്നു. എന്റെ ഘടികാരം എന്റെ ഹൃദയമിടിപ്പായി വായിക്കാതെ. എന്തിനു കടന്നു പോകുന്ന ഓരോ നിമിഷവും നഷ്ടങ്ങള്‍ തന്നെ എന്നോര്‍മിക്കാതെ...
ഞാനെന്തൊക്കെയോ പണികളിലാണ്. കഥകളോ കവിതകളോ എന്ന് തിട്ടമില്ലാത്ത ഏതെല്ലാമോ വരികളിലാണ്. ഓരോ വരിയും പുതുക്കി പണിയണമെന്നുണ്ട്. ജീവിതം പുതുക്കി പണിയാന്‍ ഒരുങ്ങുന്നില്ലെങ്കിലും...
About The Blog

MK Khareem
Novelist
0 comments