ഉണ്ണുന്നവനെയും പാത്രം നോക്കിയും വേണം വിളമ്പാന്‍ എന്ന് ചിലര്‍ പറയും. ഭക്ഷണ കാര്യത്തില്‍ അതങ്ങ് സമ്മതിച്ചു കൊടുക്കാം.പക്ഷെ സാഹിത്യത്തില്‍? ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ലോകത്തെ നേരായ വഴിയില്‍ നടത്താന്‍ ബാധ്യസ്ഥമാണ്. അവിടെ വായനക്കാരെ പടി പടിയായി ശരിയായ ദിശയിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കണം. അല്ലാതെ നിലവിലെ അപചയത്തിനൊത്ത് പേനയുന്തി കയ്യടി വാങ്ങാന്‍ ശ്രമിക്കരുത്. ഒരെഴുത്തുകാരന്‍ ആകാന്‍ തയ്യാറാകുമ്പോള്‍ ആക്രമിക്കപ്പെടാന്‍ കൂടി ഒരുങ്ങുക. എഴുത്ത് യുദ്ധമാണ്, എല്ലാത്തരം നെറിവു കേടിനെതിരെയും യുദ്ധം ചെയ്യുക. അവിടെ എതിര്‍ചേരിയില്‍ നില്‍ക്കുന്നത് ശക്തമായ നിരയാണ് എന്ന് കൂടി ഓര്‍ക്കുക. ഒഴുക്കിന് എതിരെ നീന്താന്‍ ഒരുങ്ങുക. അല്ലാത്തവര്‍ എഴുത്ത് നിര്‍ത്തുക. ഉണ്ണുന്നവനെ , പാത്രം നോക്കി വിളമ്പണം എന്നൊരു പറച്ചില്‍ ചെറുപ്പക്കാരായ എഴുത്തുകാര്‍ക്കിടയില്‍, പ്രത്യേകിച്ച് ഇലക്ട്രോണിക് മീഡിയയില്‍ വളരുന്നുണ്ട് . ഇ-രംഗത്തെ എഴുത്തുകാരെ പരിഹസിച്ചു എം.മുകുന്ദന്‍ എഴുതിയത് അത്തരം ബ്ലോഗ് രചനകള്‍ കണ്ടിട്ടാണോ. എഴുതാന്‍ വേണ്ടി എഴുതുക , അത്തരം ഏര്‍പ്പാട് ഇ – മീഡിയയില്‍ കുറവല്ല. ഏറ്റവും എളുപ്പത്തില്‍ കവിതകള്‍ ഉണ്ടാക്കാനും അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുമുള്ള സൌകര്യം ഇ – രംഗത്ത് കൂടുതലാണ്. ചില കവിതകള്‍ കണ്ടു കഴിയുമ്പോള്‍ എങ്കില്‍ എനിക്കും ഒരു കവിയായി കൂടെ എന്ന് ചിന്തിക്കുന്നവരും വിരളമല്ല. കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും ഇ – രംഗത്തെ പാടെ തള്ളുകയല്ല. ഇ- രംഗം തരുന്ന സ്വാതന്ത്ര്യം അപാരമാണ്. അതൊരിക്കലും പ്രിന്റ് മീഡിയയില്‍ നിന്നും കിട്ടില്ല. എങ്കിലും ഇ – രംഗം വായനയെ തകിടം മറിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. ഭൂരിപക്ഷത്തിന്റെയും മസ്തിഷ്കം സാമ്ര്യാജ്യത്വം പിടിച്ചെടുത്തുവോ എന്ന് പലപ്പോഴും സംശയിച്ചു പോകുന്നു. കൂടുതല്‍ വായനക്കാര്‍ ദിനംപ്രതി ഇ – രംഗത്തോട് അടുക്കുന്നു. ആ പ്രവണത തുടര്‍ന്നാല്‍ ഭാവിയില്‍ ഒരു മരവിപ്പിന്റെ സാധ്യത മുന്നില്‍ കാണുന്നതില്‍ അപാകതയില്ല.
ശീര്‍ഷകങ്ങള്‍ കൊണ്ട് അതി വ്യത്യസ്ഥതയാര്‍ന്ന വിപുലമായ അര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനാണ് എം.എസ്.ബനേഷ്. അദ്ധേഹത്തിന്‍റെതായി എടുത്തു പറയാവുന്ന രണ്ടു കവിതകള്‍ ‘എന്‍ കെ ആശാസ്യകുമാര്‍ ഐ പി എസ് ‘(കലാകൌമുദി ആഴ്ചപതിപ്പ്, 2010 മെയ് 2), ‘നിവേദ്യങ്ങള്‍ കാത്തിരിക്കുന്ന പെണ്‍കുട്ടി ‘( മലയാളം വാരിക, മേയ്, 14 , 2010 ) …
‘ നിന്റെ ഭൂതകണ്ണില്‍ മലം
നഷ്ട ഭക്ഷണങ്ങളുടെ അനീതിയില്‍
പട്ടിണി മരണങ്ങള്‍ക്കിരയായ
പതിനായിരം കോടി
സന്താനഗോപാലം കഥകളെ
കാലിഡോസ്കോപ്പാക്കുന്നു…’
ലാബില്‍ മലത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടി. അവള്‍ക്കു ജാതി മത വെറിയില്ല. അതെ അമലവും രക്തവും കറങ്ങി തിരിഞ്ഞ ഉടലുകളിലെ മസ്ഥിഷ്കങ്ങള്‍ക്ക് അങ്ങനെ ഒരവകാശ വാദത്തിനു ഇടമില്ലെങ്കിലും… ഉണ്ണാന്‍ ഉള്ളവനെ മലമുള്ളു. എന്നാല്‍ നാലാം ലോകത്തെ പട്ടിണി കോലങ്ങള്‍ക്ക് മലമോ രക്തമോ ഇല്ലാതെയാവുന്ന ഒരവസ്ഥയിലേക്കു കവി വിരല്‍ ചൂണ്ടുന്നു. അങ്ങനെ ഒരവസ്ഥയില്‍ ടെക്നീഷ്യന്‍മാര്‍ക്ക് പരിശോധിക്കാന്‍ മലം കിട്ടാതെയാവുന്നു. പുസ്തകതാളില്‍ മയില്‍പ്പീലി തിരുകി പ്രണയം പങ്കിടുന്ന കവികള്‍ക്കുള്ള പ്രഹരം കൂടിയാകുന്നു ‘നിവേദ്യങ്ങള്‍ കാത്തിരിക്കുന്ന പെണ്‍കുട്ടി…’
ഉച്ച ഭക്ഷണത്തിനു ശേഷം ഹിമാനിക്ക് വെള്ളത്തിനു പകരമായി ഉപയോഗിക്കാവുന്ന ഗുളികകള്‍ കിട്ടി. സ്പടിക ചില്ലുകള്‍ പോലെ കാണപ്പെട്ട കാപ്സ്യൂളുകളിലേക്ക് അവള്‍ മടുപ്പോടെ നോക്കി…’ പച്ചയുടെ ആല്‍ബം – കഥ, ധന്യാരാജ് ( മാതൃഭൂമി വാരിക മേയ് 16 ,22 , 2010 ). ആ കഥ ഭാവിയിലേക്ക് നമ്മെ നടുക്കുകയാണ്. ബ്ലഡ് ബാങ്ക് പോലെ ശുദ്ധജല സംഭരണിയായ വാട്ടര്‍ ബാങ്കിലേക്ക് നമ്മെ കൊണ്ട് പോകുന്നു. ആഖ്യാനത്തില്‍ പുതുമയൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും വര്‍ത്തമാനത്തിലെ സൂര്യാഘാതം അനുഭവിക്കാനാവുന്നു. എഴുത്ത് എന്നത് കേവലം ആധുനികമോ ഉത്തരാധുനികമോ അല്ല നാം ജീവിക്കുന്ന ലോകത്തെ അനുഭവം വരച്ചിടലെന്നു കഥയിലൂടെ ഓര്‍മിപ്പിക്കുന്നു. എഴുത്ത് എന്നത് കേവലം നേരമ്പോക്കല്ല എന്ന് അടിവരയിടുകയാണ് കഥാകാരി.
പലരുടെയും നിര്‍ദേശം മാനിച്ചു ഇ – മീഡിയയില്‍ നിന്നും കവിത ഉള്‍പ്പെടുത്താം എന്ന് കരുതി. കവിത തേടി അലഞ്ഞപ്പോഴാണ് സത്യത്തില്‍ ഒരു കാര്യം മനസ്സിലായത്, ഇ – മീഡിയ ഒരു കടല്‍ തന്നെ. ചെല്ലുന്തോറും പിടിതരാതെ അതങ്ങനെ പരന്നു കിടക്കുന്നു. സമയക്കുറവു മൂലം എല്ലായിടത്തും എത്തി ചേരാന്‍ കഴിയുന്നില്ല. വായനക്കാര്‍ കൊള്ളാവുന്ന കവിതകള്‍ നിര്‍ദേശിച്ചാല്‍ തരക്കേടില്ല എന്ന് തോന്നി.
‘കിടക്കയില്‍ കിടന്നുറങ്ങുന്നത്
ഞാനോ എന്റെ അപരനോ?
അവര്‍ തലപുകഞ്ഞാലോചിച്ചു.
ശാന്തമായ നിദ്രാ പുരികങ്ങളില്‍
എവിടെയോ
കപടമായ കണ്ണിറുക്കല്‍ നടക്കുന്നുണ്ടോ?’
സി.പി അബൂബക്കറുടെ ചാനല്‍ എന്ന കവിതയാണ് അത്. കിടക്കയില്‍ കിടന്നുറങ്ങുന്നത് നാം തന്നെ ആകണമെന്നില്ല. അപരനാവാം. ആധുനികത എന്ന് കൊട്ടി ഘോഷിക്കുന്ന സമൂഹത്തിന്റെ ഒരു സൃഷ്ടിയാണ് അത്. നമ്മെകൊണ്ട് പേന ഉന്തിക്കുക . അവിടെ എഴുത്തുകാരന്‍ തകരുന്നത് സ്വയം അറിയാതെ. മുനയില്ലാത്ത പേന കൊണ്ട് ഏതു ചുവരിലും എഴുതാം. പേന പോറും എന്ന് പേടിക്കാനില്ല. പരമുവിന്റെ ചായക്കട ഇന്നില്ല. അതുകൊണ്ട് ‘ഇവിടെ രാഷ്ട്രീയം പാടില്ല’ എന്ന ബോര്‍ഡ് കാണാനില്ല.
പക്ഷെ വിദ്യാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ ഇറക്കി വിടുന്നു. കെ.എസ്.യു ആകട്ടെ, എസ്.എഫ്.ഐ ആകട്ടെ നമ്മുടെ ചെറുപ്പക്കാരില്‍ അല്‍പ്പമെങ്കിലും ദിശാബോധം നല്‍കാന്‍ അവയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ന് കുട്ടികള്‍ കമ്പി സീരിയലും ഇന്റര്‍നെറ്റുമായി അയല്‍ക്കാരനെ പോലും പരിചയമില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഞാന്‍ ഓര്‍ക്കുന്നത് സൗദി അറേബിയയിലെ അവസ്ഥയെ കുറിച്ചാണ്. അവിടെ സ്വന്തം നാട്ടില്‍ പൌരനു ജോലി കൊടുക്കില്ല. ദാമ്മാമ്മില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് ജോലി കൊടുക്കുക അഞ്ഞൂറോളം കിലോ മീറ്റര്‍ അകലെയുള്ള റിയാദില്‍ ആകും. അതിനു പിന്നിലെ കെണി തമ്മില്‍ അറിയാതെ സംഘടിക്കാതെ കാലം കഴിക്കുക എന്ന് തന്നെ. സംഘടിക്കുമ്പോഴാണല്ലോ ഭരിക്കുന്നവരുടെ തോന്ന്യാസങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുക. അങ്ങനെ ഒരവസ്ഥക്ക് പഴുതില്ലാതെ, അരാഷ്ട്രീയതയിലേക്ക് ജനത്തെ തള്ളി വിടുക. രാഷ്ട്രീയം പാടില്ല എന്നത് തത്വത്തില്‍ സാമ്രാജ്യത്വത്തിന്റെ ഇറക്കുമതിയാണ്. പുതിയ ലോകത്ത് പ്രതിഷ്ഠ നേടുന്ന നേതാക്കളുടെ നിരയില്‍ നോക്കിയാല്‍ അത് പ്രകടമാണ്, അടിസ്ഥാന വര്‍ഗത്തിന്റെ വേദന അറിയാത്തവരെയാണ് ലോകം ഭരിക്കാന്‍ ആവശ്യപ്പെടുന്നത്. . എഴുത്തുകൊണ്ട് എതിരിടാന്‍ നില്‍ക്കുന്ന എഴുത്തുകാരനെ ഇരുചെവി അറിയാതെ സൈബര്‍ ചുവര്‍ മറിച്ചിടും. എത്രമാത്രം എഴുതി എന്നതില്‍ അര്‍ത്ഥമൊന്നുമില്ല. എന്തെഴുതി എന്നത് തന്നെ പ്രസക്തം.നാലാം ലോകത്തേക്കുള്ള സാമ്രാജ്യത്വ ചാനലിന്റെ കടന്നു കയറ്റം. കാഴ്ച നമ്മെ ചിന്താ ദാരിദ്രത്തിലേക്ക് അരാഷ്ട്രീയതയിലേക്ക് എടുത്തെറിയുന്നു. ഒടുക്കം നാം ഇല്ലാതാവുകയും അപരന്‍ രംഗം കീഴ്പെടുത്തുകയും .
Comments
About The Blog

MK Khareem
Novelist
0 comments