വന്നെത്തിയത് തികച്ചും അസുഖകരമായ ഒരന്തരീക്ഷത്തില്‍ ആണല്ലോ എന്ന് ഗ്രാമി ഓര്‍ത്തു. അവളെ കൂട്ടി വരേണ്ടിയിരുന്നില്ല എന്ന് ഷിഹാബുദ്ധീനും... താന്‍ പറഞ്ഞു കൊടുത്ത തെളിമയില്‍ അവള്‍ തന്റെ നാടിനെ ഉള്ളാലെ കണ്ടു കൊള്ളുമായിരുന്നു. യാധാര്‍ത്യത്തിന്റെ മുഖം എത്ര വികൃതമാണ്.
ഓണക്കാലം. എവിടെക്കെന്നില്ലാതെ പായുന്ന ആള്‍കൂട്ടം. ഓണം വര്‍ഗീയ വല്‍ക്കരണത്തിനു വിധേയമാകുന്നു. ഓണം ഹിന്ദുവിന് പതിച്ചു നല്‍കുന്നവര്‍. അത് കേരളത്തിന്റെ കാര്ഷികൊല്‍സവം എന്ന് മറന്നു പോയിരിക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് അത് മറവിയില്‍ ആഴ്ത്തുന്നു. ശിഹാബുദ്ധീന്‍ ആ പഴയ ഇന്നലെകളിലേക്ക് ഉള്‍കണ്ണെറിഞ്ഞു...
ഓണം തനിക്കു പാടത്തെ ചേറിന്റെ മണമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് ഇടതടവില്ലാതെ കരയുന്ന താറാവുകളും... നിറഞ്ഞൊഴുകുന്ന തോട്ടില്‍ പരല്‍ മീന്‍ തിളക്കം... പാട വരമ്പില്‍ നില്‍ക്കുമ്പോള്‍ അവ്യക്തമായി കേള്‍ക്കാവുന്ന ചങ്ങാലി പ്രാവിന്റെ കുറുകല്‍. ആ കുറുകല്‍ ഹൃദയത്തില്‍ പ്രണയത്തിന്റെ പയര്‍ മണി നിക്ഷേപ്പിക്കുമായിരുന്നു. എങ്ങോ ഇരിക്കുന്ന കാമിനിയെ ആ കുറുകലിലൂടെ ഓര്‍ത്തെടുത്തു ഉള്ളാലെ വരഞ്ഞ കവിതകള്‍. ഇന്ന് മലകളും പാടങ്ങളും നഷ്ടമായി. പയര്‍ മണികളില്ല . ചങ്ങാലി പ്രാവുമില്ല . എങ്കിലും ഈ ഓണക്കാലത്തും എല്ലാം ഓര്‍ത്തെടുത്തു ഇങ്ങനെ ...
' എങ്കിലും ഞാനുണ്ടല്ലോ...' ഗ്രാമി പറഞ്ഞു.
'മ്...'
ഇല്ലാത്ത വരമ്പിലൂടെ നടത്ത. തികച്ചും നിര്‍വികാരതയോടെ മഴ. പാടവും മലയും ഇല്ലാത്തിടത്ത് യാന്ത്രികമായി മഴ പെയ്യുകയാണ്. എങ്ങെല്ലാമോ ശാപ വചനങ്ങളും . മഴയെ വെറുക്കുന്നവര്‍. മഴ വന്നാല്‍ തെരുവോര കച്ചവടം നഷ്ടമാകുന്നു എന്ന് ഭയക്കുന്നവര്‍. മഴയത്ത് സ്വസ്ഥമായി സാധനങ്ങള്‍ വാങ്ങാന്‍ ആവില്ലെന്ന് ചിലര്‍....
' മഴ പരാശക്തിയുടെ അനുഗ്രഹം എന്നറിയുക. മുല കുടിക്കുന്ന കുട്ടികളും കന്നുകാലികളും ഇല്ലായിരുന്നെങ്കില്‍ മഴ പെയ്യില്ലായിരുന്നു. മഴ അവയ്ക്ക് വേണ്ടിയാണ്. അതില്‍ നിന്നും മനുഷ്യന്‍ അനുഭവിക്കുന്നു എന്ന് മാത്രം...' സഞ്ചാരി പറഞ്ഞു.
സഞ്ചാരി കഥനത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. സൂഫികളുടെ ലോകം മുന്നില്‍ വെട്ടിത്തിളങ്ങി. ഈശ്വരനെ അനുഭവിച്ചവരുടെ വീഥികള്‍. ആ വീഥികളിലേക്ക് ഷിഹാബുദ്ധീനും ഗ്രാമിയും നോക്കി. അപ്പോള്‍ ഉള്ളിലൊരു പൊള്ളി പിടുത്തം. അത് പരാശക്തി തങ്ങളില്‍ നോക്കുന്നതെന്ന് സഞ്ചാരി ഓര്‍മപ്പെടുത്തി. പരാശക്തി നോക്കുന്നിടത്തു ഹൃദയം തുള്ളി തുളുമ്പുന്നു. ഭാഷയ്ക്ക് വഴങ്ങാത്ത ഒരിത്....
ലോകം പരാശക്തിയില്‍ നിന്നുമകന്ന ഇരുണ്ട കാലഘട്ടത്തിലാണ് സൂഫിസം പുഷ്പ്പിക്കുന്നത്. യാതൊരു സുഖഭോഗങ്ങള്‍ക്കും അതീതമായ സുഖം പരാശക്തിയുടെ സാമീപ്യമെന്നു സൂഫികള്‍ പ്രഖ്യാപിച്ചു. പതിമൂന്നാം നൂറ്റാണ്ടു ക്രൂരതയുടെത് ആയിരുന്നു. മംഗോള്‍ ആക്രമണത്തില്‍ ആ പ്രദേശം പാടെ തകര്‍ന്നു. ധര്‍മവും സത്യവും നഷ്ടപ്പെട്ടു ഭീകരമായൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു അക്കാലത്തെ ഇസ്ലാം. ആ ഇരുട്ടില്‍ റൂമിയും റൂമിയുടെ രചനകളും പ്രകാശമായി മാറുകയായിരുന്നു. അതേ വരള്‍ച്ച, അക്രമം, ക്രൂരത ഏറെക്കുറെ ഇക്കാലത്തും പ്രകടമാണ്. അതിനു കാരണം ഹല്ലാജുമ് റൂമിയും യോഗികളും നമുക്ക് അപരിചിതര്‍ ആയി എന്നിടത്താണ്. ഇന്ന് ഇസ്ലാമില്‍ മാത്രമല്ല അപചയം മറ്റു മതങ്ങളിലും വ്യാപിച്ചിരിക്കുന്നു . മത ഇസ്ലാം, രാഷ്ട്രീയ ഇസ്ലാം എന്ന തലത്തിലേക്ക് ഇസ്ലാമിനെ കൊണ്ട് പോയിരിക്കുന്നു. അതുതന്നെയാണ് ഇതര മതങ്ങളിലും കാണുന്നത്. മനുഷ്യന്‍ ഭൌതീകതയുടെ ക്രൂരമായ തലത്തില്‍ ധര്‍മവും നീതിയും നഷ്ടപ്പെട്ടു ഉഴറി നടക്കുന്നു. ഭൌതീകത മാത്രം സത്യമെന്നും അതില്‍ രമിച്ചും ആന്തരീകമായ തലത്തില്‍ നിന്നും ബഹിഷ്ക്രുതര്‍ ആകുകയും ചെയ്തിരിക്കുന്നു. പുതു സാമ്പത്തീക ആധിപത്യമെന്നാല്‍ നവ കൊളോണലിസം തന്നെ. സാമ്രാജ്യത്വം നേരിട്ട് ഭരിക്കാതെ അവരുടെ ദല്ലാള്‍ വഴി നാലാം ലോകത്തെ കാല്കീഴെ നിര്‍ത്തുന്നു. ഏറ്റവും അപകടകരമായി നമ്മെ സാമ്പത്തീക കെണിയില്‍ പെടുത്തിയിരിക്കുന്നു.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അധിനിവേശത്തിനു ചുവടുറപ്പിക്കണം എങ്കില്‍ ഇവിടത്തെ ധര്‍മം നീതി ഒക്കെ നശിക്കെണ്ടതുണ്ട്. അതായത് ഇന്ത്യ ഒരിക്കലും ഒരു വന്‍ ശക്തിയായി വളരാതിരിക്കാന്‍, നമ്മുടെ നാനാത്വത്തില്‍ ഏകത്വം എന്ന ജീവന്‍ തകര്‍ക്കുന്നു. അതിനു കണ്ടെത്തിയ മാര്‍ഗമാണ് ജാതി മത വിദ്വേഷം, മത വര്‍ഗീയത, ഭീകരത.... ഒരു ജനത പരസ്പരം പൊരുതുകയും, സംശയത്തിലെക്കും ഭീതിയിലെക്കും കൂപ്പു കുത്തുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. അതിനുള്ള മാര്‍ഗം എന്ന നിലക്കാണ് ആദ്യം അക്ഷരങ്ങളെ നമ്മില്‍ നിന്നും അടര്‍ത്തി മാറ്റി ടെലിവിഷന്‍ പോലുള്ള കാഴ്ച്ചയുടെ ലോകത്ത് എത്തിച്ചു മസ്തിഷ്കം തകര്‍ക്കുന്നത്. ഏറെക്കുറെ അവര്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഇവിടെയാണ് സൂഫിസത്തിന്റെ പ്രസക്തി. പക്ഷെ ലോകം സൂഫിസത്തെ അംഗീകരിക്കുന്നില്ല. ഒരാള്‍ സൂഫിയുടെ പാതയിലേക്ക് നീങ്ങുന്നിടത്തു നിരാസമുണ്ട്. ആദ്യം പുസ്തകങ്ങളെ നിരസിക്കുക, അത് പൌരോഹിത്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.
About The Blog

MK Khareem
Novelist
0 comments