രാ - അദ്ധ്യായം ഒന്ന്

Posted by Kazhcha Thursday, September 2, 2010

അഗ്രം കൂര്‍ത്ത വിരലുകള്‍ മുഖത്തിനു നേരെ. കാറ്റിന്റെ ഹുങ്കാരവും… ആദ്യം അത് വിമാനത്തിന്റെ ചിറകെന്നു തോന്നിയിരുന്നു. തിരകളുടെ ഇരമ്പവും. വിമാനവും തിരകളും തമ്മില്‍ ചേരുന്നതിലെ പൊരുത്ത കേടിനെ കുറിച്ച് ചിന്തിക്കേ പശ്ചാത്തലം വിറപ്പിച്ചു കൊണ്ട് അട്ടഹാസം. ചിന്തകളും യാഥാര്ധ്യവും കുഴയുക, പശുവിന്റെ അകിടില്‍ നിന്നെന്ന പോലെ ചോര ചീറ്റുക… അങ്ങനെ രംഗം വല്ലാത്തൊരവസ്ഥയിലേക്ക് ….
താന്‍ ഒരു കുട്ടിയെന്നും ടൈ അണിഞ്ഞു ക്ലാസ് മുറിയില്‍ ഏറ്റവും പിന്നിലായി ഇരിക്കുകയാണെന്നും ഓര്‍ത്തു. ക്ലാസെടുക്കുന്ന അദ്ധ്യാപകന്‍ സംസാരത്തോടൊപ്പം രംഗം പ്രദര്‍ശിപ്പിക്കുകയും . ആധുനിക കാലത്തെ വിദ്യാഭ്യാസം അങ്ങനെ ഒക്കെ ആണ്… എന്നാല്‍ താന്‍ കമ്പ്യൂട്ടറിനോ ഇന്റര്‍നെറ്റിലൂടെയുള്ള സഞ്ചാരത്തിനോ പരുവപ്പെട്ടിട്ടില്ല എന്നും…‌. വേഷത്തില്‍ മാത്രമാണ് താന്‍ മാറിയിരിക്കുന്നത്. ആന്തരികമായി താന്‍ രവി തന്നെ, പാടത്തെ ചേറിന്റെ മണവും ചങ്ങാലി പ്രാവിന്റെ കുറുകലും ഇഷ്ടപ്പെടുന്ന ആ രവി…
ക്ലാസ് മുറുകുമ്പോള്‍ ചിത്രത്തില്‍ ആ വെളുത്ത താടി. അത് എം.എഫ്.ഹുസൈന്‍ എന്ന് അദ്ധ്യാപകന്‍ ഓര്‍മപ്പെടുത്തി. കാലത്തില്‍ നിന്നും എറിയപ്പെട്ട ചിത്രകാരന്‍. മനസാ അങ്ങനെ പറഞ്ഞു. എന്നാല്‍ അങ്ങനെയല്ല അയാള്‍ എന്ന് സ്ഥാപിക്കാനായിരുന്നു അധ്യാപകന്റെ ശ്രമം. അയാള്‍ ഒരു മുസ്ലീം ആണെന്നും അതുകൊണ്ടാണ് ഹിന്ദു ദൈവത്തിന്റെ ചിത്രം നഗ്നമായി വരച്ചതെന്നും അയാള്‍ പലയാവര്‍ത്തി പറഞ്ഞു. അത് ഉറപ്പിക്കാനായി ഇങ്ങനെ കൂട്ടി ചേര്‍ത്തു: ‘ അയാള്‍ മുസ്ലീം ആയതുകൊണ്ടാണ്‌ ഖത്തര്‍ എന്ന രാജ്യം സംരക്ഷണം നല്‍കിയത്…’
ക്ഷമകെട്ടു രവി എണീറ്റു. അപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് ,ടൈ അണിഞ്ഞ രവിയല്ല താന്‍. ഒറ്റ മുണ്ടുടുത്ത്, തോര്‍ത്തു മുണ്ട് തോളിലൂടെയിട്ട്… എങ്ങനെയാണ് ഇങ്ങനെ ഒരു വേഷം മാറിയത് എന്ന് തന്നെ പോലെ മറ്റു കുട്ടികളും അത്ഭുതപെടുന്നുണ്ടായിരുന്നു .
‘ ഈ ലോക്കലിനെ ആരാണ് ക്ലാസില്‍ കയറ്റിയത്…’ അദ്ധ്യാപകന്‍ അലറി.
‘ അല്ല സര്‍, നാം ഈശ്വരന്‍, ദൈവം, അല്ലാഹു എന്നൊക്കെ പറയുന്ന ആ മഹാ ശക്തി ഏത് കമ്പനിയുടെ തുണിയാണ് അണിയുന്നത്?’ രവി ചോദിച്ചു.
‘ ഷട്ട് അപ് യുവര്‍ ബ്ലഡി മൌത്ത്…’

കാറ്റ്, പിന്നെയും കാറ്റ്, അതിന്റെ ഹുങ്കാരത്തില്‍ സകലതും തകിടം മറിയുന്നു എന്ന് കരുതി . നോക്കി നില്‍ക്കെ രംഗം ഇരുട്ടിനു കീഴ്പെട്ടു . പിന്നെ മുഖങ്ങള്‍ കാണാതായി. താന്‍ മാത്രമായ ഒരു തുരുത്ത്.
അപ്പോള്‍ എല്ലാം ക്ഷണനേരം കൊണ്ട് അവസാനിക്കുന്നു എന്നോര്‍ത്തു…

ആ കിടപ്പില്‍ അദൃശ്യമായ കരങ്ങള്‍ ആകാശത്തോളം എടുത്തുയര്‍ത്തി. കൈ വിട്ടപ്പോള്‍ താഴേക്കു, താഴേക്ക്, ഇരുളിന്റെ അഗാധതയിലേക്ക്‌…
രവി കണ്ണുകള്‍ ഇറുകെയടച്ചു. ഇപ്പോള്‍ ആ വിരലുകള്‍ വ്യക്തമാണ്. അതിന്റെ ഉന്നം കണ്ണുകള്‍ തന്നെ. തന്റെ കണ്ണുകള്‍ പിഴുതെടുക്കും. പിന്നെ അവിടെ ഇരുണ്ട തുളകള്‍ മാത്രം.
കണ്ണ് നഷ്ടപ്പെട്ടാല്‍! അങ്ങനെ ഒരവസ്ഥയെ നേരിടാന്‍ വയ്യ. പകരം അയാള്‍ തന്നെ കൊല്ലട്ടെ.
ആ പല്ലുകള്‍ക്കിടയില്‍ നിന്നും വഴുവഴുത്ത ദ്രാവകം ഇറ്റു വീണു. വേട്ടപ്പട്ടിയുടെ നാവ്‌. അപ്പോള്‍ ഭയമല്ല, അറപ്പ്…
അവിടെ നിന്നും രക്ഷപ്പെടാന്‍ ആയെങ്കില്‍. ഏതു നശിച്ച നേരത്താണ് അവിടെ എത്തപ്പെട്ടത്. അവിടേക്കായി പുറപ്പെട്ടതല്ല. എങ്കില്‍ എവിടെക്കായിരുന്നു യാത്ര?
ക്ഷണത്തില്‍ ബലിഷ്ടമായ കരങ്ങള്‍ കഴുത്തില്‍ മുറുകി. ശ്വാസം കിട്ടാതെ , ഒന്നനങ്ങാന്‍ പോലുമാകാതെ നിശബ്ദം നിലവിളിച്ചു.
നിലവിളിയുടെ അറ്റത്തു തുറക്കപ്പെട്ട ചില്ല് ജാലകങ്ങള്‍. വെള്ളത്തിന്റെ ആഴത്തില്‍ നിന്നെന്ന പോലെ കുതിച്ചു . പായല്‍പ്പരപ്പില്‍ എത്തി നോക്കുന്ന പരല്‍ മീനിന്റെ അമ്പരപ്പ്.
രവി തുറിച്ചു നോക്കി. കിടക്കുന്നത് ഹൃദ് രോഗ സെല്ലില്‍. ആ രംഗവുമായി പൊരുത്തപ്പെടാന്‍ തെല്ലു നേരമെടുത്തു. പശ്ചാത്തലത്തില്‍ കോറല്‍ വീഴ്ത്തുന്ന എയര്‍ കണ്ടീഷണര്‍. എന്തൊരു തണുപ്പ്. കംബ്യൂട്ടറില്‍ നോക്കി ഇരിക്കുന്ന നഴ്സ്. പുതുമയില്ലാത്ത കാഴ്ച. അവള്‍ അല്ലെങ്കില്‍ മറ്റൊരുത്തി യന്ത്രം കണക്കെ അവിടെ ഇരിക്കുന്നു.
ദീര്‍ഘ നിശാസത്തോടെ രവി തല പൊന്തിച്ചു. ഒരു ശബ്ദം, ഒരലര്‍ച്ച, കിതപ്പോ മറ്റോ … അത് കിഴക്കേ അറ്റത്തെ കട്ടിലില്‍ നിന്നുമാണ്. നൂറ്റി എട്ടാം നമ്പര്‍ രോഗി.ഇവിടെ ആര്‍ക്കും പേരില്ല. നമ്പര്‍ മാത്രം. ചെറുപ്പക്കാരന്റെ മരണമാണ് നൂറ്റി എട്ടിനെ നടുക്കുന്നത്. മരണത്തിന്റെ അടുത്ത ഇര ആരാവും? ജീവിതത്തോടു ആസക്തി ഉള്ളവന് മരണം ശത്രു തന്നെ. ആ മിഴികള്‍ നാഴിക മണിയിലാണ്. തുള്ളി നീങ്ങുന്ന സൂചി പേറുന്ന നടുക്കം. ഓരോ സെക്കന്റും മരണത്തോട് അടിപ്പിച്ചു കൊണ്ട്… എല്ലാ വളര്‍ച്ചയും മരണത്തില്‍ അവസാനിക്കുന്നു
രവി കണ്ണടച്ചു. ചതുരംഗ പലകക്ക് അപ്പുറവും ഇപ്പുറവുമായി താനും അച്ഛനും. കാലം ഏതെന്നു വ്യക്തമല്ല. കാലത്തെ അടയാളപ്പെടുത്താന്‍ പരുവത്തില്‍ എന്തെങ്കിലും ഉണ്ടോ എന്ന് പാളി നോക്കി. ചുവരില്‍ കലണ്ടര്‍ പോലുമില്ല. കലണ്ടര്‍ വകയില്‍ പത്തു രൂപ കണക്കു പുസ്തകത്തില്‍ എഴുതി ചേര്‍ക്കാനുള്ള മടി കൊണ്ടോ, പിശുക്ക് കൊണ്ടോ, അല്ലെങ്കില്‍ അങ്ങനെ ഒരു കടലാസിലൂടെ കാലം നിലനില്‍ക്കുന്നതിലെ അവിശ്വാസമോ…. തന്റെ ചോദ്യങ്ങള്‍, അസ്വസ്ഥത എത്ര വേഗം അച്ഛന്‍ ഉള്‍കൊണ്ടു. കണ്ണിലേക്കു ഉറ്റു നോക്കി അച്ഛനൊന്ന് ചിരിച്ചു. ക്ഷണത്തില്‍ ആ ചിരി മായുകയും.
‘രവീ, നീ എന്താ ആയി തീരുക?’
രവി നിശബ്ദം ആ മുഖത്തു നോക്കി. കണ്ണുകളില്‍ ജേതാവിന്റെ തിളക്കമില്ല. ഒരുതരം നിര്ജീവാവസ്ഥ. എങ്കിലും ഒരു കരു മറ്റേ കളത്തിലേക്ക് നീങ്ങുന്നുണ്ട്. കളിയുടെ രസം കെട്ടിരുന്നു. ഇനി എങ്ങനെയും അവിടെ നിന്നും എണീറ്റാല്‍ മതിയെന്നായി. അങ്ങനെ രംഗം വിട്ടാല്‍ അച്ഛന്‍ മുഷിഞ്ഞെങ്കിലോ… നടന്നു നീങ്ങുമ്പോള്‍ പിന്നില്‍ നിന്നും അച്ഛന്‍ പരിഹാസത്തോടെ വിളിച്ചു പറയും : ഭീരു, നീ ചോദ്യങ്ങള്‍ ഭയക്കുന്നു…
‘നാം പലതും ആവാന്‍ ശ്രമിക്കുന്നു. സത്യത്തില്‍ സംഭവിക്കുന്നത്‌ എന്താ? ശവമാവും, അത്ര തന്നെ…’
പുതു മഴയ്ക്ക് ശേഷം പറന്നുയര്‍ന്നു കൊഴിയുന്ന ഈയാംപാറ്റയുടെ ആയുസ്സേ മനുഷ്യന് കല്പ്പിക്കാവൂ. അച്ഛന്‍ ഇപ്പോഴും കാലത്തിനു പിന്നാമ്പുറത്തിരുന്നു ചതുരംഗം കളിക്കുന്നു. ഇടയ്ക്കു വെളിപാട് പോലെ തന്നിലേക്ക് ടോര്‍ച്ചടിക്കുന്നു.
തനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെടാനുമില്ല. മരിച്ചു കഴിയുമ്പോള്‍ ആരെങ്കിലും കുഴിച്ചു മൂടും. അത് സ്നേഹമോ ബഹുമാനമോ കൊണ്ടല്ല. വഴിയില്‍ കിടന്നു ചീഞ്ഞു നാറരുതല്ലോ എന്ന് കരുതി…




തുടരും…..

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist