രാ…. 2

Posted by Kazhcha Thursday, September 2, 2010

ക്യാമറ ഒപ്പിയെടുത്ത ചിത്രങ്ങള്‍ തല്‍ക്ഷണം മുന്നില്‍ ജീവന്‍ വയ്ക്കുന്നത് ഒട്ട് അങ്കലാപ്പോടെ നോക്കി നിന്നു . ഏതോ പഴയ സിനിമയിലെ രംഗം ആവര്‍ത്തിക്കുന്നതാണെന്നു കരുതി. അത് യാഥാര്‍ത്ഥ്യം എന്നിരിക്കെ അങ്ങനെ ഒരു സിനിമ സങ്കല്‍പ്പത്തിലേക്ക്‌ കൊണ്ട് പോയി പ്രേക്ഷകനെ അട്ടി മറിക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചാത്തലത്തില്‍ നിന്നൊരു സ്വരം. സത്യങ്ങളെ സിനിമയിലേക്കും നുണകളെ യാഥാര്‍ത്‌ഥ്യത്തിലെക്കും…

ഇരുട്ടില്‍ ഒരാള്‍. അയാള്‍ സ്ത്രീയോ പുരുഷനോ എന്ന് വ്യകതമല്ല. കസേരയില്‍ ഇരിക്കുകയാണ് എന്ന് മുന്നിലെ കടലാസ്സില്‍ നിന്നും പേന പിടിച്ച കയ്യിലൂടെയും ഊഹിച്ചു. അയാള്‍ ഒരു കവിത എഴുതുകയാണ്. കാരാഗൃഹത്തില്‍ പെട്ടിട്ടെന്ന പോലെ ആ വിരലുകള്‍ വിറക്കുന്നുണ്ട്‌. ഒരു വേള എഴുതുന്നത്‌ കവിത ആകണമെന്നില്ല. തനിക്കു പറയാനുള്ളത് കത്തിന്റെ രൂപത്തില്‍ ലോകത്തെ അറിയിക്കുക. കത്തുകള്‍ ഏറെയും സെന്‍സര്‍ ചെയ്യപ്പെടില്ല. അവര്‍ക്ക് കവിത ഭയമാണ്. അതുകൊണ്ട് തന്നെ അവര്‍ കവികളെ തിരഞ്ഞു പിടിച്ചു കൊന്നൊടുക്കാന്‍ ശ്രമിക്കുന്നു. അഗ്രം കൂര്‍ത്ത സ്ത്രീയുടെതെന്നു തോന്നിക്കുന്ന വിരലുകള്‍ മൌസ് ചലിപ്പിച്ചു; അത് ഏതെല്ലാമോ ഇടങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. രവി വീര്‍പ്പടക്കി. മരണത്തിന്റെ കളങ്ങള്‍. വെടിയുണ്ടയേറ്റ് തകര്‍ന്ന തലയില്‍ ആ മൌസ് നിശ്ചലം. ഒന്നുകില്‍ ആ രംഗം തന്നില്‍ കയറ്റുക, അല്ലെങ്കില്‍ അതൊരു നേരമ്പോക്കായി അവതരിപ്പിക്കുക. മൌസ് പിടിച്ച വിരലുകളുടെ തലച്ചോറിനു അങ്ങനെ എന്തെല്ലാം ദൌത്യങ്ങള്‍. അഫ്ഗാന്‍ സ്കെച്ചസ് എന്ന കോളത്തില്‍ നാരായണന്‍ എഴുതിയിരിക്കുന്നത് അവള്‍ നീക്കം ചെയ്യുകയാണ്. ആ വരികള്‍ മറക്കാതിരിക്കാന്‍ രവി മന്ത്രിച്ചു കൊണ്ടിരുന്നു:

‘അമേരിക്കയും ബ്രിട്ടനും ജെര്‍മനിയുമടക്കം നാല്‍പ്പതിലധികം രാജ്യങ്ങള്‍ അഫ്ഘാനിസ്ഥാനിലുണ്ട്. അവരുടെ പതാകകള്‍ക്കിടയില്‍ പലയിടത്തും അഫ്ഘാന്‍ പതാകയും കാണാം. ദന്ത ഗോപുരങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടുന്ന കുടിലിന്റെ ദീനത അഫ്ഘാന്‍ പതാകയില്‍ നിന്നും വായിച്ചെടുക്കാം.കാബുളില്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് :

‘ഇതാരുടെ രാജ്യമാണ്?’ ഒരു ജനത എന്ന നിലയില്‍ അഫ്ഘാനികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയണിത്. സ്വത്വം നഷ്ടമാകുന്ന അവസ്ഥ. അധിനിവേശങ്ങളുടെ ആവര്‍ത്തനങ്ങളില്‍ കളഞ്ഞുപോകുന്ന ദേശീയത. ഇതാണ് അഫ്ഘാനിസ്ഥാന്റെ ഇന്നത്തെ ദുഃഖം.

എന്നാല്‍ അതിനിടയിലും ജീവിതമുണ്ട്.’
കൂടുതല്‍ വായിക്കാന്‍ അനുവദിക്കാതെ അവള്‍ അതില്‍ മറ്റു പദങ്ങള്‍ തിരുകി കയറ്റുന്നുണ്ടായിരുന്നു…
രവി ഉറക്കം ഞെട്ടി. അപ്പോള്‍ അതൊരു സ്വപനമോ യാഥാര്‍ത്‌ഥ്യമോ എന്നറിയാതെ കുഴങ്ങി. അതിനിടയിലും മാഞ്ഞു പോകുന്ന ആ അക്ഷരങ്ങളെ എത്തിപ്പിടിക്കാന്‍ വെമ്പി…

ആ ചുണ്ടെലിയുടെ അടുത്ത ഉന്നം താനാകാം. പെരുവിരലില്‍ നിന്നും തുടങ്ങി തലച്ചോറിലേക്കുള്ള നുഴഞ്ഞു കയറ്റം. തന്നില്‍ ഉള്ളതെല്ലാം ചുരണ്ടി പുറത്തു തള്ളി മറ്റൊന്ന് തിരുകി കയറ്റുക. പിന്നീട് ഈ ഇരുട്ട് മുറിയില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ രവി എന്ന് പോലും ഉച്ചരിക്കാന്‍ ആവാതെ. അല്ലെങ്കില്‍ ഒരു സങ്കര ഭാഷ കുത്തിനിറച്ചു തന്നെ മറ്റൊരാളാക്കി മാറ്റുക. കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് പുറം തിരഞ്ഞിരിക്കുന്ന അവള്‍ക്കു ആനച്ചന്ദമാണെങ്കിലും ആ ചുണ്ടെലിയിലൂടെ അവള്‍ പലതും ഒപ്പിക്കുന്നുണ്ട്.

വാതില്‍ തുറക്കുന്ന ശബ്ദം, കാതോര്‍ത്തു. നേരം പത്തെന്നു ഊഹിച്ചു. പത്തിനും നാലിനുമാണ്‌ സന്ദര്‍ശക സമയം. ബന്ധുക്കളില്‍ ഒരാള്‍ക്ക്‌ അകത്തു കടക്കാം. പക്ഷെ തനിക്കു സന്ദര്‍ശകരില്ല. ആരെയും പ്രതീക്ഷിക്കുന്നില്ല. ഭാര്യയുണ്ട്, മകനും… അവര്‍ക്ക് താന്‍ എടുക്കാത്ത നായത്തുട്ട്. ജീവന്‍ പോയി കിട്ടിയാല്‍ മതി. പിന്നെ മരണത്തിന്റെ തണുത്ത താഴ്വരയില്‍ വ്യഥകളില്ലാതെ മൂടിപ്പുതച്ചു കിടക്കാം. അതൊരു സുഖമാണ്. വെളുപ്പാന്‍ കാലത്ത് ഉടുമുണ്ടഴിച്ചു മൂടിപ്പുതച്ചു കിടക്കുമ്പോള്‍ അനുഭവിക്കാറുള്ള സുഖം. ഉറക്കത്തിന്റെ മധുരം.
‘ മതി നേരം കഴിഞ്ഞു…’
നഴ്സിന്റെ ശബ്ദം ഉയര്‍ന്നു. വിമ്മിഷ്ടത്തോടെ പിന്‍വാങ്ങുന്ന സന്ദര്‍ശകര്‍. ഇനി തമ്മില്‍ കാണുമോ എന്ന് പോലും ഉറപ്പില്ല. പുറത്തേക്ക് നടക്കുകയായിരുന്ന യുവതിയോട് നൂറ്റി എട്ടാം നമ്പര്‍ രോഗി ദീനമായി പറഞ്ഞു:
‘ വനജേ അപ്പൂനോട്‌ വരാന്‍ പറയണേ…’
‘ ശരിയച്ഛാ ..’
വിതുംബലടക്കി അവള്‍…
അപ്പു നൂറ്റിയെട്ടിന്റെ മകനോ മരുമകനോ ? എന്തായാലും അവര്‍ക്കിടയില്‍ ആലോഹ്യമുണ്ട്. മരണവുമായി തലനാരിഴ അകലെ കിടക്കുന്ന ആളോട് പക വച്ച് പുലര്‍ത്തുന്നു. മനുഷ്യത്വം എന്നൊന്നില്ലേ? കൊടിയ ശത്രു ആണെങ്കിലും മരണ സമയം….? അവന്‍ വരുമോയെന്തോ… കണ്ണടയും മുമ്പൊരു കൂടിക്കാഴ്ച?
വാതിലടഞ്ഞു. ഇനിയത് തുറക്കുക നാല് മണിക്ക്. പത്തില്‍ നിന്നും നാലിലേക്കുള്ള ദൂരത്തിനിടയില്‍ മരണം എത്ര വേണമെങ്കിലും സംഭവിക്കാം.

ശരിക്കും ജയിലോ നരകമോ? മരണം കാത്തു കിടക്കുന്നവരുടെ കൂടാരം. യാത്രയുടെ തിടുക്കവും പേറി. രവി ഊറി ചിരിച്ചു. മരണത്തെ കുറിച്ച് ചിന്തിച്ചു രസം കൊള്ളുക. കാലത്തിന്റെ നേരമ്പോക്ക്. പിറക്കുക, വളരുക, മരിക്കുക. മൂന്നു ക്രിയകള്‍ ഉള്‍കൊള്ളുന്ന തമാശ.
‘അല്ല മാഷേ, മരിച്ചാല്‍ പിന്നൊരു ജന്മം കിട്ട്വോ ?’
അടുത്ത കട്ടിലിലെ രോഗിയുടെതാണ് ചോദ്യം. തന്നെ പോലെ അയാളും മരണത്തിന്റെ ഇഴകള്‍ ചികയുന്നു. ആ ചോദ്യം മറ്റുള്ളവരിലും അസ്വസ്ഥത വിതച്ചു.
‘ മരണം ഒന്നിന്റെയും അവസാനമല്ല, മറ്റൊന്നിന്റെ തുടക്കം…’ രവി അലസമായി പറഞ്ഞു.
‘ അതാണൊരു…’
അയാള്‍ ശരിവച്ചു. അതുമതി, തന്റെ ചിന്തയോട് യോചിക്കുന്ന എന്തിനെയും സ്വീകരിക്കുക. വിരുദ്ധമായി വരുന്നതിനെ തഴയുക. താനും അങ്ങനെയല്ലേ. അല്ലാതെ കൃത്യമായി ഒരു സത്യാന്വേഷണം ഉണ്ടോ? അല്ലെങ്കില്‍ അങ്ങനെ ഒന്ന് ഉണ്ടാവണം എന്നുണ്ടോ? അപ്പോള്‍ എങ്ങു നിന്നോ ആരവം കേള്‍ക്കായി. അത് ആ മുറിയില്‍ നിന്നല്ല, പുറമേ നിന്നുമല്ല. കൊഴിഞ്ഞ ഇന്നലെകളുടെ ഏടുകള്‍ തനിക്കു മുന്നില്‍ അണി നിരക്കുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതുമ്പോള്‍ അവയത്രയും തീക്ഷ്ണമായി മടങ്ങി എത്തുക. പുറപ്പെട്ടു പോയ കാരണവര്‍ മടങ്ങി വരുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് പൊരുത്തപ്പെടാന്‍ ആവാത്തത് പോലെ. അങ്ങനെ ഒരാളുടെ സാന്നിധ്യം എന്നന്നേക്കുമായി ഒഴിഞ്ഞു എന്ന് കരുതി പുതിയ ചുറ്റുപാടിലേക്ക് ലയിക്കുമ്പോള്‍ മടങ്ങാന്‍ മടിക്കുന്ന മനസ്സ്. ഇത് അങ്ങനെയല്ല, കവലയില്‍ കൊട്ടകയിലെ ശബ്ദരേഖ കേട്ട് കലുങ്കില്‍ ഇരുന്നത്, സ്കൂളില്‍ ഒരുമിച്ചു പഠിച്ച മിനിയെ കാണാന്‍ തിടുക്കം കൂട്ടിയത്. അച്ഛന്റെ കീശയില്‍ നിന്നും അമ്പത് പൈസ തുട്ടു മോഷ്ടിച്ച് കവലയില്‍ നിന്ന്‍ ഞെളിഞ്ഞു നിന്ന് സിഗരട്ട് വലിച്ചത് . അതത്രയും മടങ്ങി വരുമ്പോള്‍ ഏതുമായി സന്ധി ചെയ്യണം എന്ന് അറിയായ്ക.

ഇപ്പോള്‍ രോഗിയുടെ കൊട്ടുവായ്ക്ക് പുതിയ അര്‍ഥം കിട്ടിയ ഭാവം. പക്ഷെ തനിക്കൊന്നും അറിയില്ല. മരണ ശേഷം എവിടേക്ക് പോകുന്നു? രവി, രവിയുടെ ശവം, രവിയുടെ ആത്മാവ്… അപ്പോള്‍ രവി ആരാണ്? ചിന്തിക്കുമ്പോള്‍ കൂടുതല്‍ അനിശ്ചിതത്വം. രവി ഓര്‍ത്തു, ഊര്‍ജത്തിന് നാശമില്ല. ഊര്‍ജത്തിലാണല്ലോ ഓരോന്നും നിലനില്‍ക്കുക. ഊര്‍ജം മറ്റൊന്നായി പരിണമിക്കുന്നു. എങ്കില്‍ ഉടലില്‍ നിന്നും വേര്‍പ്പെടുന്ന ഊര്‍ജം അനശ്വരമാണ്.
ഒരു പഴയ സിനിമയുടെ ഏതോ റീലില്‍ നിന്നെന്ന പോലെ സ്ത്രീ സ്വരം:’ നിങ്ങള്‍ ഭൌതീകനും ആത്മീയനുമാണ്. ഒരേ അളവില്‍ അങ്ങനെ നിലനില്‍ക്കുന്നതുകൊണ്ട് അതൊരു കപടതയായി കാണാമോ?’
രജനിയുടെ സ്വരം. അവള്‍ തന്നെ വിമര്ശിക്കയോ, അറിയാന്‍ ശ്രമിക്കുകയോ? തെല്ലു നേരം അങ്കലാപ്പോടെ നിന്നു.

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist