പ്രണയത്തിനു കിളിയൊഴിഞ്ഞ കൂടിന്റെ മണം...'
അങ്ങനെ ഒരു സ്ത്രീ ശബ്ദം കാറ്റില്‍ അരിച്ചു കയറിയപ്പോള്‍ ചുറ്റും നോക്കി. പരിസരത്തു ആരുമില്ല. നാലുവരി പാതയില്‍ വാഹനങ്ങളുടെ കുതിപ്പ്, ഈന്തപ്പനകളുടെ നീണ്ട നിര. സ്ഥലം അത് തന്നെ. പക്ഷെ ആ ശബ്ദം. ഇടയ്ക്കു ആലോചിക്കാതെയല്ല, കേട്ടത് മലയാളത്തില്‍ തന്നെയാണോ? ഈ അറേബ്യന്‍ കരയില്‍ അങ്ങനെ ഒരു ശബ്ദം വരാന്‍ ന്യായമില്ല. ആ ശബ്ദം അറബിയോ, ഹിന്ദിയോ ഇംഗ്ലീഷോ ആകട്ടെ, പ്രണയത്തിന്റെ ഭാഷ ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് കാണാമറയത്തെ അവള്‍ക്കു ഏതു ഭാഷയും വഴങ്ങുമല്ലോ.
പരാശക്തി കാണാമറയത്താണ് . അതുകൊണ്ട് ഏതു ഭാഷയിലൂടെയും നമുക്ക് വിളിക്കാം. ഏതു ഭാവത്തിലും നമുക്കതിനെ കാണാം. അതുപോലെ നമുക്ക് തമ്മിലും...
പ്രണയം കാണാമറയത്ത് ആകുമ്പോഴാണ് ഏറ്റവും മിഴിവുണ്ടാകുക എന്ന് ഏതോ സഞ്ചാരത്തില്‍ അവള് തന്നെയല്ലേ പറഞ്ഞത്. പകല്കിനാവിന്റെ തോരണങ്ങള്‍ വകഞ്ഞു ഞാന്‍ ആ പഴയ ഇന്നലെയിലെക്കും ഇന്നില്‍ എത്തി നാളെയിലേക്കും സഞ്ചരിക്കുന്നത് അവള് എന്ന മധുര സാന്നിധ്യത്താലാണ്.
ഓര്‍ക്കുന്നു, ഇടയ്ക്കു പൊന്മാന് വെള്ളത്തില്‍ നിന്നും പരല്‍മീന്‍നെ കൊത്തിയെടുത്തു ഉയരും പോലെ നീ ഞാന്‍ എഴുതിയതില്‍ നിന്നും ചില കുറിപ്പുകള്‍ എടുത്തു ഉയര്‍ന്നു പരക്കുകയും പിന്നീട് എനിക്ക് മുന്നില്‍ അത് വെട്ടമായി ചൊരിഞ്ഞത്. ആ നേരം ഞാന്‍ അറിഞ്ഞത് ഇതാണ്, എന്റെ പദങ്ങള്‍ ഏറ്റവും ഉന്നതം ആകുന്നത് നീ വായിക്കാന്‍ ഉള്ളപ്പോഴാണ്. നിന്റെ ഹൃദയത്തിലൂടെ കയറിയിറങ്ങുമ്പോഴാണ് എന്റെ ആശയങ്ങള്‍ക്ക് തിളക്കമേറുക .
നീ വായിക്കുമെന്നറിയാം. കാരണം എന്റെ കണ് വെട്ടിച്ചു നീയൊരു പൊന്മാനായി ഇതില്‍ കൊത്തി മടങ്ങുന്നുണ്ടല്ലോ. നീ വരുമ്പോള്‍ നിനക്ക് ഈ തടാകം ഒഴിഞ്ഞു കാണാതിരിക്കാന്‍ മാത്രമാണ് ഇങ്ങനെ കുറിച്ച് പോകുന്നത്. പക്ഷെ നീ വന്നു എന്നറിയുമ്പോഴാണ് എഴുത്തിനു കൂടുതല്‍ ജ്വലനം ഉണ്ടാകുന്നത് എന്നോര്‍ക്കുക. അതുകൊണ്ട് എവിടെയാണെങ്കിലും എന്നെ അറിയിക്കുക. നീ ജീവിച്ചിരിക്കുന്നു എന്ന്... നീ ഉണ്ട് എന്നറിഞ്ഞാല്‍ മാത്രം മതി. നീ ഉണ്ടാകുമ്പോള്‍ മാത്രമാണല്ലോ എന്റെ പൂര്‍ണത രേഖപ്പെടുത്താന്‍ ആവുക.
നിന്റെ കണ്ണോ കാതോ എനിക്ക് കാണണ്ട. നിന്റെ ശ്വാസം തട്ടി എന്റെ ആത്മാവ് പുളകം കൊള്ളണ്ട. നിന്റെ മണത്തില്‍ എനിക്ക് അലിയണ്ട. പക്ഷെ നീ ഉണ്ട് എന്ന് എനിക്കറിയണം. എനിക്കെന്റെ നിലനില്‍പ്പ് ഉറപ്പിക്കാന്‍..
About The Blog

MK Khareem
Novelist
ഇതെന്നാ കുന്തമാ?????
:) ഞാന്‍ ഫെനിയുടെ കൂടയാ