പ്രണയമെന്നാല്‍ തേടലാണോ? നഷ്ടപ്പെട്ട മാണിക്യം തേടി അലയുന്ന നാഗത്തിന്റെ പാരവശ്യം അതിനുണ്ടാവണം. ഉടലുകള്‍ക്കുള്ളില്‍ പെട്ടുപോയ ആത്മാക്കളുടെ പ്രണയ സഞ്ചാരങ്ങള്‍ ... ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള വിഹ്വല യാത്രകള്‍ ...
യാത്ര, മണല്‍ക്കാട്ടിലെ കാറ്റിലും യാത്രയുടെ മധുരം. ഞെളിഞ്ഞു നീങ്ങുന്ന ഓരോ നിഴലും ആ അനുഭൂതി അനുഭവിക്കുകയും...
അല്‍പ്പം തടിച്ചൊരു രൂപം. ഇരുട്ടില്‍ ആണോ പെണ്ണോ എന്ന് വ്യക്തമല്ല. എങ്കിലും ആ ഇരുണ്ട നിഴല്‍ ഉള്ളിലേക്ക് കോരിയിട്ട വികാരത്തിന്റെ പൊരുളെന്ത്? കയറ്റു കട്ടിലില്‍ നിന്നും തപ്പി പിടിച്ചെണീറ്റു ആടുകല്‍ക്കിടയിലൂടെ നിഴല്‍ നിന്ന സ്ഥലത്തെത്തിയപ്പോള്‍ ശൂന്യത. കണ്ടത് സ്വപ്നമോ? അല്ലെങ്കില്‍ ഈ തിരച്ചിലും നില്‍പ്പും സ്വപ്നമോ? ആടുകള്‍ കരയുന്നുണ്ട്. ആകാശത്തിന്റെ മങ്ങിയ വെട്ടം മണല്‍ക്കാട്ടില്‍ പുളഞ്ഞു കിടക്കുന്നു.
കാറ്റ് പറയുന്നു, പ്രണയത്തിലാവുക എന്നാല്‍ നൊമ്പരത്തിന്റെ അലകടലില്‍ മുങ്ങുക എന്ന്. ഒരാള്‍ മറ്റേ ആളെ ഓര്‍മിക്കാന്‍ തുടങ്ങുന്നതോടെ ഹൃദയം പിന്നി പോകുന്ന നൊമ്പരം. പിന്നെ മൌനമാണ്. വൃതകാലത്തെ ലഹരിയും മന്ദതയും അനുഭവിക്കാനാവുന്നു. ചിലപ്പോള്‍ മാഞ്ചോട്ടില്‍ കോഴിയുടെ മയക്കം പോലെ. ഇലച്ചാര്‍ത്തിലൂടെ ഒഴുകി വരുന്ന പുള്ളി വെയിലും ഒരുതരം പനിക്കുന്ന സുഖം പകരുന്നു.
അവിടെ ശൂന്യതയുടെ പിടി അയയുന്നു. പിന്നെ ആരും ഇല്ലെങ്കിലും എല്ലാം ഉള്ളതായി അനുഭവിക്കാം.
കാറ്റ് തുടരുന്നു: തള്ള പൂച്ച കണ്ണ് തുറക്കാത്ത കുഞ്ഞിനെ കടിച്ചു പിടിച്ചു നടക്കുന്നത് പോലെയാണ് പ്രണയത്തിലാവുന്ന നിമിഷം മുതല്‍ ...
അതെ... എന്റെ ഹൃദയമോ ആത്മാവോ നീയിങ്ങനെ കടിച്ചു കൊണ്ട് നീങ്ങുന്നത്... എന്നാല്‍ നിന്റെ നടപ്പിനും വേഗക്കുറവ്. കാരണം നിന്റെ ഹൃദയത്തില്‍ ഞാനും കടിച്ചു നടക്കുന്നു. തമ്മില്‍ കാണുന്നില്ലെങ്കിലും നാം ആ ഭാരത്തിന്റെ ലഹരിയത്രയും ഒരേ നിമിഷം അനുഭവിക്കുന്നു...
About The Blog

MK Khareem
Novelist
0 comments