സായാഹ്നം പെയ്യുന്ന നാട്ടുവഴിയില്‍ നോക്കി അവള്‍ ... കാറ്റില്‍ പെയ്യുന്ന ഓരോ ഇല മഴയും തന്നില്‍ കോറുന്ന വികാരം അവനാണ്...അങ്ങകലെ ഇരിക്കുന്ന അവനിലേക്ക് തന്റെ ശ്വാസം എത്തുന്നുണ്ട്. അത് ഒരിളം കാറ്റ് കണക്കെ തന്നെയാകെ പൊതിയുന്നു. കിണറ്റില്‍ ചെന്ന് വീഴുന്ന പാള കൊണ്ടുണ്ടാക്കിയ ആ തൊട്ടി പോലും സംഗീതം ഉണ്ടാക്കുന്നു. പറങ്കി മാവില്‍ വന്നിരിക്കുന്ന ആ പൂത്താംകീരിക്ക് പോലും എന്ത് ചന്തമെന്നോ! കാഴ്ചയില്‍ നൃത്തം ചെയ്യുന്ന ആ നിറങ്ങള്‍ എന്നെ മൂടാന്‍ വരികയാണോ?
പ്രണയമേ ഞാന്‍ നിന്നെ ആരാധിക്കുന്നു. പ്രണയ നഷ്ടം എന്നൊന്നില്ലെന്ന് അറിഞ്ഞത് നിന്നിലൂടെ. പ്രണയത്തില്‍ എവിടെയാണ് പരാജയം! ഉടലിനെ പ്രണയിക്കുന്നു എങ്കില്‍ ഉടല്‍ നഷ്ടപ്പെടുന്നതോടെ പ്രണയവും അവസാനിക്കുന്നു. ഞാന്‍ അങ്ങനെയല്ല. നിന്റെ രൂപം അല്ല എന്നെ പ്രണയത്തിലേക്ക് ക്ഷണിച്ചതും അതിന്റെ ആഴത്തില്‍ അടക്കി പിടിച്ചിരിക്കുന്നതും. നീയെനിക്ക് എന്നിലെ പ്രണയം തിരിച്ചറിയാന്‍ നിമിത്തമായി എന്ന് മാത്രം.
അപ്പോള്‍ ഞാന്‍ പ്രണയിക്കുന്നത് എന്നെ തന്നെയോ? എന്നിലെ എന്നെ നിന്നില്‍ വച്ചിട്ടാണോ ഞാന്‍ പ്രണയിക്കുന്നത്?
അല്ലയോ പ്രണയമേ എനിക്കൊന്നും അറിയില്ലല്ലോ!
ചില ഏകാന്തതകളില്‍ നിന്നില്‍ അലിയുമ്പോള്‍ എന്റെ മുലകള്‍ ചുരത്താന്‍ നില്‍ക്കുന്നത് പോലെ. അപ്പോള്‍ അഗ്നി കുണ്ടത്തില്‍ ചാടി എരിയാനുള്ള ആവേശം പോലുമുണ്ട്...
ഇടവഴിയുടെ അറ്റത്ത് ആരോ പുകച്ച കരിയിലകള്‍ . ആകാശത്തെക്കുയരുന്ന പുകയില്‍ പ്രണയം തേടുമ്പോള്‍ ആത്മാവിന്റെ പരിസരങ്ങളില്‍ വിയര്‍പ്പു പൊടിഞ്ഞു. കാലവും കാലമില്ലായ്മയും ഒരേ ബിന്ദുവില്‍ കിടന്നു കറങ്ങുകയാണല്ലോ.
അനന്തമായി അങ്ങനെ നോക്കുമ്പോള്‍ പുകമറക്കപ്പുറം കുടില്‍ സങ്കല്‍പ്പിച്ചു. പ്രണയം നഗ്നപാദനായി നടക്കുന്നു. നെഞ്ചുരുകി, മുലകള്‍ക്കിടയില്‍ കെട്ടി നില്‍ക്കുന്ന ഭാരം...
About The Blog

MK Khareem
Novelist
0 comments