സാഹിത്യത്തിലെ പക്ഷങ്ങളും പക്ഷങ്ങളുടെ രാഷ്ട്രീയവും ജീര്‍ണതക്ക് വളം വയ്ക്കുന്നു. ദളിത്, സവര്‍ണ, മാപ്പിള, നസ്രാണി, ആണ്‍ പെണ്ണെഴുത്തുകള്‍ …. ഇങ്ങനെ സാഹിത്യത്തെ കളങ്ങളിലേക്ക് തരം താഴ്ത്തുന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് ചോദിച്ചാല്‍ പരസ്യമായി ഉത്തരം ഇല്ലെങ്കിലും ചിലരുടെ സ്വകാര്യതകളില്‍ അതിനു ഉത്തരമുണ്ട്. സംവരണം കൊണ്ട് എന്തെങ്കിലും ഒക്കെ നേടാമെന്ന വിചാരത്തോടെയാണ് പലരും ക്ലിക്കുകളില്‍ പെടുന്നത്. ചിലര്‍ക്ക് കസേരകള്‍ തരപ്പെടാം, ചില കുറുക്കു വഴികളിലൂടെ അവാര്‍ഡോ പ്രശസ്തിയോ ലഭിച്ചേക്കാം. അത്തരം കുറുക്കു വഴികള്‍ കൊണ്ടുള്ള നേട്ടം ക്ഷണികമാണ്. കാലം അതിനെ തകിടം മറിക്കുക തന്നെ ചെയ്യും.
പ്രശസ്തി വേണ്ടെങ്കില്‍ കവിതയും മറ്റും എഴുതി പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുന്നത് എന്തിനെന്നു, പുസ്തക രൂപത്തില്‍ ആക്കുന്നത് എന്തിനെന്നു ചില വരട്ടു ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. എഴുത്ത് സമൂഹത്തില്‍ വെളിച്ചം വീഴ്ത്തുന്നതിനു വേണ്ടിയാവണം.
പക്ഷങ്ങളുടെ തടവറകളില്‍ ഒതുങ്ങി പോകുന്ന എഴുത്തുകാര്‍ സാഹിത്യ സാംസ്കാരിക പരിസരങ്ങളില്‍ മലിനത കൊരിയുടുന്നു. മൂപ്പ് നോക്കുകയാണെങ്കില്‍ മനുഷ്യന്‍ തന്നെ മുന്നിട്ടു നില്‍ക്കുന്നു. അതിനു എത്രയോ മൂത്തതാണ് പ്രകൃതി. മനുഷ്യന്‍ ഉണ്ടായ ശേഷമാണല്ലോ മതവും സാഹിത്യവും ഒക്കെ ഉണ്ടായത്. മനുഷ്യര്‍ക്കിടയില്‍ കണ്ടു വരുന്ന പ്രവണത ശേഷം ഉണ്ടായതിനു വേണ്ടി ആദ്യം ഉണ്ടായതൊക്കെ തകര്‍ക്കുന്നു. എഴുത്ത് മനുഷ്യന് വേണ്ടി മാത്രമല്ല പ്രകൃതിക്ക് കൂടി വേണ്ടിയാവണം. നിരാശാജനകമെന്ന് പറയാതെ തരമില്ല, മനുഷ്യര്‍ക്കോ പ്രകൃതിക്കോ വേണ്ടി എഴുതാന്‍ ആളില്ലാതാവുന്നു.
പതിറ്റാണ്ടുകളായി എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി എഴുത്തുകാര്‍ എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.
കക്ഷി രാഷ്ട്രീയക്കാര്‍ മനുഷ്യനെ നിരാശയിലാഴ്ത്തിയ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വൈകാതെ ആരാഷ്ട്രീയതയിലേക്കും ഫാഷിസത്തിലെക്കും മനുഷ്യന്‍ കൂപ്പു കുത്തും. അതിനു മുമ്പ് എഴുത്തുകാര്‍ ഉണരെണ്ടിയിരിക്കുന്നു. എഴുത്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഇത്രമാത്രം :
‘മനുഷ്യനും പ്രകൃതിക്കും വേണ്ടി എഴുതുക. തലമുറകള്‍ തോറും കൈമാറാന്‍ വെളിച്ചം പകരുക…’
About The Blog

MK Khareem
Novelist
0 comments