മുല്ലപ്പെരിയാര്‍ സമരം അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതിനു തെളിവാണ് അഡ്വക്കേറ്റ് ജനറലിന്റെ പ്രസ്താവനയും തുടര്‍ന്ന് വന്ന ഭൌമ ശാസ്ത്രജ്ഞന്റെ റിപ്പോര്‍ട്ടും. ഭൂമി കുലുക്കം മൂലമല്ല മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് എന്ന അഭിപ്രായം ഉടനടി ഡാം തകരില്ലെന്ന ചിന്ത മനുഷ്യനില്‍ കുത്തിവയ്ക്കാനും തുടര്‍ന്ന് സമരത്തില്‍ നിന്നും ജനത്തെ പിന്മാറ്റാനുമുള്ള നീക്കമായി കരുതേണ്ടിയിരിക്കുന്നു. ഡാം അപകടാവസ്ഥയില്‍ അല്ലെന്നും വെറും പ്രചരണമാണെന്നുമുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രസ്താവനയും എ.ജി യുടെയും ശാസ്ത്രജ്ഞന്റെയും വാക്കുകളും തമ്മില്‍ കൂട്ടിവായിച്ചാല്‍ ചില ഉത്തരങ്ങള്‍ കിട്ടും.. മാത്രമല്ല ദേശിയ കക്ഷികളായ കൊണ്ഗ്രസ്സിന്റെയും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ഇരട്ടത്താപ്പും കേരളത്തിന്റെ വികാരത്തെ തകര്‍ക്കുന്ന തരത്തിലാണ്.. മുല്ലപ്പെരിയാര്‍ ഡാം ഉടനടി തകരാതിരിക്കട്ടെ. എന്നാല്‍ ഡാം കാലഹരണപ്പെട്ടു എന്ന് സമ്മതിക്കുന്ന സ്ഥിതിക്ക് മറ്റൊന്ന് പണിയാനുള്ള നീക്കം ഭരണ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്.. എന്നെങ്കിലും ഉണ്ടായേക്കാവുന്ന അപകടാവസ്ഥയെ ഉടനടി നീക്കെണ്ടിയിരിക്കുന്നു.. അപകടത്തില്‍ പെടും മുമ്പേ ജനത്തെ സുരക്ഷിതര്‍ ആക്കേണ്ട ബാധ്യത ഭരണ കേന്ദ്രങ്ങള്‍ക്കാണ്.
മുല്ലപ്പെരിയാര്‍ സമരം ചപ്പാത്തില്‍ ആരംഭിച്ചത് രണ്ടായിരത്തി ആറ് ഡിസംബര്‍ ഇരുപത്തഞ്ചാം തീയതിയാണ്.. അന്നത് ജനകീയ സമരമായി വളരുകയും റിലെ സത്യാഗ്രഹം പോലുള്ള സമാധാന പരമായ മാര്‍ഗത്തിലൂടെ മുന്നോട്ടു പോകുകയും ചെയ്തു. എന്നാല്‍ അതിനു ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല.. ഇന്നും സമര സമിതി രൂപീകരണ വേളയില്‍ അതിന്റെ തലപ്പത്ത് ഉണ്ടായിരുന്നവര്‍ മാറിയിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.. സമരത്തിനു രാഷ്ട്രീയ മുഖം കൈവരുന്നത് ബിജി മോള്‍ എം.എല്‍ .എ യുടെ നിരാഹാര സമരത്തോട് കൂടിയാണ്.
രാഷ്ട്രീയക്കാര്‍ സമരത്തെ ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുകയല്ല.. രാഷ്ട്രീയക്കാര്‍ തന്നെ സമരം ഏറ്റെടുക്കുകയും അത് ശക്തമായ നിലയില്‍ മുന്നോട്ടു കൊണ്ടുപോയി വിജയിപ്പിക്കുകയും വേണം. അതിനു ജനം രാഷ്ട്രീയക്കാര്‍ക്ക് പുറകില്‍ അണിനിരക്കുകയും അവര്‍ക്ക് ശക്തി പകരുകയും വേണം. ശക്തമായ നേതൃത്വം ഇല്ലാതെ ചിന്നി ചിതറി നില്‍ക്കുന്ന ജനത്തിനു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൃത്യമായ ഒരു പരിഹാരം കാണാനാവില്ല. ആള്‍ക്കൂട്ടങ്ങള്‍ അങ്ങിങ്ങായി നില്‍ക്കുകയും അതിലേക്കു രാജ്യത്തെ ക്ഷയിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ദുഷ്ട ശക്തികള്‍ നുഴഞ്ഞു കയറുകയും നിയമം കയ്യിലെടുക്കാനും കലാപത്തിലേക്ക് നീങ്ങാനും ഇടയുണ്ട്. അത് വന്‍ ദുരന്തത്തില്‍ കലാശിക്കുകയും രാജ്യത്തെ അശാന്തിയിലേക്ക് കൊണ്ട് പോകുകയും ചെയ്യും.
നിയമത്തിനും ഭരണ ഘടനക്കും കീഴ്പ്പെട്ടു സമരം ചെയ്യുമ്പോഴേ സത്യം പുലരൂ.. സമരത്തില്‍ മറ്റു മനുഷ്യര്‍ക്കോ മറ്റു ജീവികല്‍ക്കോ ദേശങ്ങള്‍ക്കോ അപകടം വരുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാവരുത്. ഈ സമരം ദേശങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിലെക്കോ യുദ്ധത്തിലേക്കോ വളരരുത്‌.. തമിഴ്നാട് ഏതെല്ലാം തരത്തില്‍ നമ്മെ പ്രകോപിതരാക്കട്ടെ, നാം സംയമനം പാലിക്കുക.
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കും വരെ ജനം രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ചില മത കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രസ്താവന ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനെ ഉതകൂ.. രാഷ്ട്രീയം ഉപേക്ഷിക്കുന്ന ജനതയെ മൊത്തമായി ജാതി മതങ്ങള്‍ക്ക് വീതം വയ്ക്കാനും പുതിയൊരു വോട്ടു ബാങ്ക് പരുവപ്പെടുത്താനും കഴിയും. ജാതി മതങ്ങള്‍ കടന്നു കയറി നമ്മുടെ രാഷ്ട്രീയ കഷികളെ മലിനമാക്കിയത് നമുക്ക് മുന്നിലുണ്ട്. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ആരെയും അനുവദിക്കരുത്.. ജനം രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല വേണ്ടത്, ദേശീയ മതേതര കക്ഷികളിലെ മലിനത നീക്കുകയും അവയെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത് .. അരാഷ്ട്രീയത ഫാസിസത്തിലെക്കുള്ള വാതില്‍ തുറക്കുന്നു..

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist