ഇത്തിരി നേരും ഒത്തിരി നുണയും ചേര്‍ത്തു പാകം ചെയ്ത രാഷ്ട്രീയമാണ് വര്‍ത്തമാന കാലം വിഴുങ്ങാന്‍ തരുന്നത്. മുല്ലപ്പൂ വിപ്ലവം ഒരു നുണയെന്നു പോലും ഇടയ്ക്കു തോന്നിപ്പോകുന്നു. ഏകാധിപതികളില്‍ നിന്നും ഭരണം ചെന്നെത്തുന്നത് ഭീകരരിലും സാമ്രാജ്യത കരങ്ങളിലും... ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്ക പറഞ്ഞ വാചകമുണ്ട്, 'ഒന്നുകില്‍ ലാദന്റെ പക്ഷം അല്ലെങ്കില്‍ അമേരിക്കന്‍ പക്ഷം.' കാസ്ട്രോ ഒഴികെയുള്ള നേതാക്കള്‍ അത് ശരിവച്ചു അമേരിക്കയോടൊപ്പം ചേര്‍ന്നു. അമേരിക്കയോടൊപ്പം നിന്നില്ലെങ്കില്‍ തങ്ങള്‍ ഭീകര പക്ഷത്തെന്നു കരുതിയാലോ എന്ന ചിന്തയാവണം അവരെ അലട്ടിയിരിക്കുക. അന്ന് കാസ്ട്രോ പറഞ്ഞത് രണ്ടു കൂട്ടരുടെയും പക്ഷത്തില്ല താന്‍ എന്ന്.. രണ്ടു പക്ഷത്തെയും വിശ്വസിക്കാന്‍ കൊള്ളില്ല. ആ സത്യം ലോകം ചെവിക്കൊണ്ടില്ല.. ലോകത്തിന്റെ നെഞ്ചില്‍ അത്തരം സത്യങ്ങള്‍ക്ക് ഇടമില്ല.. ലാദനും അമേരിക്കയും തമ്മിലെന്ത്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ .. ലാദനെ പാല് കൊടുത്ത് ഊട്ടിയതും മുപ്പതു ഡോളര്‍ വില വച്ച് അമേരിക്ക അഫ്ഘാന്‍ മുജാഹിദീന് മൈനുകള്‍ വിറ്റതും ചരിത്രത്തില്‍ അടയാളപ്പെടില്ല.. പിന്നീട്, കുഴിച്ചിട്ട മൈനുകള്‍ പൊട്ടി എത്രയോ മനുഷ്യര്‍ മരിച്ചു, എത്രയോ പേര്‍ക്ക് അംഗ വൈകല്യം നേരിട്ടു.. ഭീകര പ്രവര്‍ത്തനം പോലെ തന്നെയാണ് ഭീകരതയെ സഹായിക്കലും എന്ന് എന്തേ നാം അറിയാതെ പോകുന്നു!
മുല്ലപ്പൂ വിപ്ലവം നടന്ന ഇടങ്ങളിലേക്ക് നോക്കുക. അതിന്റെ ഗുണ ഭോക്താക്കള്‍ മത മൌലിക വാദികളും സാമ്രാജ്യത്വവുമാണ്. ഏതൊരു ഭീകരതയുടെയും പരിസരത്തു സാമ്രാജ്യത്വ നിഴലുണ്ട്. അവര്‍ക്ക് എളുപ്പം ഭീകരരുമായി കൈകോര്‍ക്കാം.

ഭാരതം ഒരു വിപ്ലവത്തിന് കാതോര്‍ക്കുന്നു.. ഹസാരെയുടെ സമരം അത്തരത്തില്‍ ഒന്നുമാത്രം.. ഭാരതത്തില്‍ പലയിടങ്ങളില്‍ നടന്നു വരുന്ന സമരങ്ങള്‍ ... രാഷ്ട്രീയ പിന്‍ബലമില്ലാത്ത അത്തരം സമരങ്ങളുടെ അമരത്ത് മത മൌലിക, തീവ്രവാദികള്‍ക്ക് എളുപ്പം കയറിപ്പറ്റാം. അറേബ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടെങ്കില്‍ ഭാരതത്തില്‍ ഹൈന്ദവ ഫാസിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടായി മാറും.
അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ വിപ്ലവത്തിന്റെ കടിഞ്ഞാണ്‍ ഇടതു പക്ഷ കരങ്ങളില്‍ ചെന്ന് ചേരണം. അതൊരിക്കലും നവ ഇടതു പക്ഷത്തിന്റെ കരങ്ങളില്‍ ആയിക്കൂടാ. നവ ഇടതുപക്ഷം ഒളിഞ്ഞും തെളിഞ്ഞും സാമ്രാജ്യത്വ മത മൌലിക ശക്തികളുമായി കൂട്ട് കൂടുന്നുണ്ട്. ഇടതുപക്ഷം പാര്‍ലമെന്ററി വ്യാമോഹം ഉപേക്ഷിച്ച് ജനപക്ഷത്തു അണിനിരക്കുക.. അല്ലാത്ത പക്ഷം ഇരുട്ടിലേക്ക് രാജ്യത്തെ പൂര്‍ണമായും എറിഞ്ഞു കൊടുക്കലാവും ഫലം..

2 comments

  1. ajith Says:
  2. ഇടതുപക്ഷം വലതുപക്ഷമായി...ഇനി അരാഷ്ട്രീയവാദികളുടെ സമരം വല്ലതും നടക്കുമോന്ന് നോക്കാം

     
  3. ഇറക്കുമതി ചെയ്ത വിപ്ലവ മോഹങ്ങളേ വെടിഞ്ഞ്, ഒരുവട്ടം കൂടി ഭാരതീയമെന്നു വിളിക്കുന്ന മതേതരദേശീയതയെ ആയുധമാക്കി ഭാരതത്തിന്റെ മോചനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇടതു പക്ഷം ഒരു നയം മാറ്റത്തിനു തയ്യറാവാതിരുന്നാല്‍ അടുപ്പത്ത് വെച്ച കഞ്ഞി കങ്ങിപ്പോവും ..അത്രമാത്രം !

     

Post a Comment

Followers

About The Blog


MK Khareem
Novelist