പൂവ് വിരിയുന്ന മൌനമോ 
--------------------------
എന്റെ വേരുകൾക്കു  സാന്ത്വനമായി നീ പെയ്യുന്നു. മൌനം കെട്ടിയ ആകാശത്ത് പ്രതീക്ഷയുടെ ചിറകടികൾ. കാറ്റെടുത്തു പോയ, ജലത്തിലൊഴുകി പോയ ചവറുകൾ... എന്റെ വേരുകളിൽ പൊട്ടിയ മൌനത്തിൽ നീ പാടുന്നു..

ആ വേരുകൾ  നിന്നിലേക്കും പിണഞ്ഞുകയറുന്നു.. നിന്റെ വേദന അമ്പു തറഞ്ഞ നിശബ്ദത..  

നീ ഉഴുതുമറിച്ച ഇടങ്ങളിൽ ഒട്ടകപ്പാതയിലെ അടയാളങ്ങൾ.. 
ഒരു പൂവു വിരിയുന്ന മൌനം, ഒരു മുള്ളു തറയുന്ന നൊമ്പരം...
പൂവും നൊമ്പരവും മത്സരിച്ചു വളരുന്നു..
ഭാഷക്കു പ്രവേശനമില്ലാത്തൊരു പുഞ്ചിരി.

====================

 മൌനം ചാറുന്നു..
-------------------
മൌനം മുറിയുമ്പോൾ കിളിയൊന്നു പറക്കും.. ആകാശം മുറിച്ചത്...
ഇതു അതു തന്നെ ഒരിക്കലുമെൻ മുഴക്കോലിനു വഴങ്ങാത്തത്,
ദീപം...
ഇത് പ്രണയ മൌനമല്ലാതെന്ത്..
നിന്റെ മൌനമെന്നെ പ്രണയത്തിന്നാഴിയിലേക്കെത്രയോ...

ഞാൻ വരഞ്ഞതും പാടിയതും നിന്നെക്കുറിച്ച്, ഒരിക്കൽ നമ്മുടെ പാതകൾ ലയിക്കുമെന്നോർത്ത്..

പ്രണയമേ വന്നു കാണുക, ചോർന്നൊലിക്കുന്ന എന്റെ ഹൃദയം.. ഞാൻ മഴയത്തു നിൽക്കുന്നത്. ഇരുട്ടിൽ ഇടിവാൾ വെട്ടിമറിയുന്നു..

കിരണങ്ങൾ വീഴുന്നത്, മഞ്ഞുതുള്ളിയിലോ, എന്റെ പ്രാണന്റെ ചതവുകളിലോ.. നീ എന്നിലേക്കു വരുമെങ്കിൽ, എന്റെ മുറിവുകൾക്ക് ഔഷദമാവുമെങ്കിൽ..

ഇന്നെന്താണീ പകൽ ഇങ്ങനെ മൂകം പെയ്യും അദൃശ്യമഴപോൽ... ഒരു നിശബ്ദ പക്ഷി നിന്നിൽ നിന്നുമെന്നിലേക്ക്....
=====================


കിളിക്കാഴ്ച്ചകൾ
--------------
അടർന്നു പൊരുന്ന തുള്ളികൾ എണ്ണുകയോ കിളി. കിളിക്കാഴ്ച്ചകൾ എന്നിൽ പണിയുന്ന ചിത്രങ്ങൾ..

അഗ്നി പോലൊരു തിര, 
മഞ്ഞു പോലൊരു വസ്ത്രം...
കത്തുന്ന തലയോട്ടി...
പിന്നേയുമെന്തെല്ലാമോ!
സർവം ശൂന്യമാവുകയും 
പിന്നെ....

 ഞാൻ ശൂന്യതയുടെ പുത്രൻ. യാത്രയിൽ രൂപങ്ങളിൽ കുടുങ്ങിയവൻ..

ഇന്നീ മഴ ചില്ലകളിലെന്ന പോലെ എന്നിലുലയുന്നു.. രൂപങ്ങളിൽ നിന്നും വലിച്ചു പുറത്തിടാൻ എന്താവേശമാണ്..

അതു മഴയല്ല,
മഞ്ഞല്ല,തീയുമല്ല.
പിന്നേയോ...

കിളി ഏതു കിനാവിലാവുമപ്പോൾ തോർച്ചയില്ലാതെ..
ഞാനും ഉരുകുന്നു നിന്റെ പരിസരങ്ങളിൽ...
തോരാതെ,
എന്നാൽ ആരവമില്ലാതെ..
നീ അയക്കുന്ന ഓരോ നെടുനിശ്വാസവുമെനിക്കു മഴച്ചീളുകൾ.
കണ്ണാടിയിൽ വെയിലിന്റെ വെട്ടിത്തിളക്കാമായി.
  

1 Responses to പൂവ് വിരിയുന്ന മൌനമോ

  1. ajith Says:
  2. നന്നായിരിക്കുന്നു
    ആശംസകള്‍

     

Post a Comment

Followers

About The Blog


MK Khareem
Novelist