നിന്നെ പ്രണയിക്കുക എന്നാല്‍ തീവണ്ടിക്കു മുന്നില്‍ തല വയ്ക്കുന്നതിനു തുല്യമെന്ന് നീ. എനിക്കതില്‍ പുതുമ തോന്നുന്നില്ല. അത്ഭുതവുമില്ല. പ്രണയം വന്നു വിളിച്ചാല്‍ പിന്നെ എന്ത് വണ്ടി! പാളത്തിലെ തണുത്ത ഏകാന്തതയില്‍ എത്ര വേണമെങ്കിലും കിടക്കാം. വണ്ടി വരികയോ പോകുകയോ. അത് പ്രണയികള്‍ക്കൊരു വിഷയമല്ല. പ്രണയം എന്നത് പ്രാണനുമായി ബന്ധപ്പെടുമ്പോള്‍ വണ്ടിച്ചക്രങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കില്ലെന്നറിയുക...
വണ്ടിച്ചക്രങ്ങള്‍ക്കുമുണ്ടൊരു പ്രണയം, പാളത്തോട്, സഞ്ചാരങ്ങളോട്.. പരിസരങ്ങളിലേക്ക് കിതച്ചുകൊണ്ട് ചക്രങ്ങള്‍ പറയുന്നത് കേട്ടിട്ടില്ലേ: 'പുറപ്പെട്ടു പോകുക, പുറപ്പെട്ടു പോകുക...'
നോക്കൂ പ്രണയം പുറപ്പാടാണ്. ഉടലില്‍ നിന്നും ആത്മാവിലേക്ക്. പിന്നെ ആത്മാവിലാകെ നിറയാന്‍ ... മഹത്തായ പ്രണയത്തില്‍ മടക്കമില്ല. കടന്നു പോകുന്ന വണ്ടിയുടെ ഒടുക്കത്തെ ബോഗിക്ക് പിന്നിലൊരു വെട്ടു പോലെ ... അതെ പ്രണയത്തിനു മടക്കമില്ലെന്ന്...
നിനക്ക് പ്രണയിക്കാന്‍ അറിയില്ലെന്ന് ... അല്ല എങ്ങനെയാണ് പ്രണയിക്കുക. വാക്കുകള്‍ കൊണ്ടുള്ള കിന്നാര മാല അണിയിക്കലോ പ്രണയം? നീ ചിലപ്പോള്‍ അങ്ങനെ ധരിച്ചിരിക്കാം..
അബദ്ധ ധാരണ തിരുത്തുക. ഏറ്റവും നിശബ്ദമാവുക, എന്നിലേക്ക്‌ നോക്കുക. എന്നില്‍ നിന്നും ഒഴുകുന്ന നിന്നെ അനുഭവിക്കുക...


എന്റെ പ്രണയം ആചാരമോ അനുഷ്ടാനമോ അല്ല. ഒഴുകുക എന്ന ക്രിയയിലാണ് എന്റെ വിശ്വാസം. വിശ്വസിക്കുക എന്നത് പോലും തള്ളിക്കൊണ്ട്... ഉള്ളതിനെ വിശ്വസിക്കുന്നതെന്തിന്... അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെയോ അറിയാത്ത ഒന്നിനെയോ അല്ലെ വിശ്വസിക്കേണ്ടത്? എന്റെ ചോദ്യത്തിന് കാറ്റിനു ഉത്തരമില്ല. സഞ്ചരിക്കുന്ന ഇടത്തെ മാത്രം ഓര്‍ത്തുകൊണ്ട്‌.
എനിക്ക് മുന്നിലും പിന്നിലും ഇന്നലെകള്‍ മാഞ്ഞു പോകുന്നു. മായ്ക്കാന്‍ വേണ്ടിയല്ല മറവി, ഓര്‍മ്മകള്‍ മറവിയെ ഉണ്ടാക്കുന്നതാണ്. എന്റെ മറവിയിലോ ഓര്‍മയിലോ എനിക്കൊരു പങ്കുമില്ല. ഇന്നില്‍ പോലും എനിക്കുറക്കാനാവില്ല , ഈ നിമിഷത്തെ കുതിപ്പിലാണ് ഞാന്‍. കുതിപ്പ് എവിടെയാണോ അത് നീയാകുന്നു. അതുകൊണ്ടാണ് ഞാന്‍ കുതിപ്പില്‍ മാത്രം വിശ്വസിക്കുന്നത്, മതിമറക്കുന്നതും...

'ആത്മാവിന്റെ പരിസരങ്ങളില്‍
പ്രണയത്തിന്റെ കപ്പല്‍ എത്തിയാല്‍
എനിക്ക് ചാകര...
ഇടം വലം നോക്കാതെ
ഞാന്‍ ഓടുകയും...
കിനാവുകള്‍ക്കിടം നല്‍കാത്ത
പ്രണയത്തിന്റെ ചില്ല് ജാലകങ്ങള്‍ തോറും
ഞാന്‍ പരക്കുകയും...
പ്രണയം എന്നിലാണോ
ഞാന്‍ പ്രണയത്തിലാണോ
എന്ന് തിരയാനാവാതെ ...'


ഇരുട്ടില്‍ ഹൃദയങ്ങള്‍ തമ്മിലൊട്ടിയപ്പോള്‍ വെളിച്ചത്തിന്റെ ചാറ്... പുതുമഴയുടെ ആവേശത്തോടെ തളിര്‍ത്ത ചില്ലകള്‍ ... പാടാനൊരു കുയിലും ഭ്രാന്തു പിടിക്കാന്‍ നമ്മളും. വിളക്കുകള്‍ പലതുണ്ടാവാം. ഇരുട്ടില്‍ വിളക്കുകള്‍ ചേര്‍ന്ന് കത്തുമ്പോള്‍ പിന്നെ വെളിച്ചം മാത്രം... അതുപോലെയാണല്ലോ നാമും... ഉടലില്ലാതെ വചനങ്ങളില്ലാതെ... അപ്പോള്‍ തുടക്കം ഓര്‍മയില്ല, പാതയോ, ഒടുക്കത്തെ കുറിച്ചുള്ള ചിന്തയോ നമ്മെ ഭരിക്കുന്നില്ല.
ഞാന്‍ നീയായി മാറുമ്പോള്‍ എന്നില്‍ നിന്റെ പെയ്ത്ത്.. പിന്നെ തോരല്ലേ തോരല്ലേ എന്ന പ്രാര്‍ത്ഥന.
ചില രാത്രി മഴകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ... ഇടതടവില്ലാതെ അങ്ങനെ പെയ്തു നില്‍ക്കുന്നത്. അപ്പോള്‍ ഇരുട്ടും മരങ്ങളും മൊത്തമായിട്ടും വീര്‍പ്പടക്കി നിന്ന് കൊടുക്കുന്നു... നാം ആ പരുവത്തിലേക്ക്‌....
എന്റെ മൌനമായ വാക്കുകള്‍ നീ കേള്‍ക്കുമോ എന്തോ.. ഏറ്റവും ചേര്‍ന്നിരിക്കുന്നതിനോട് ചൊല്ലുന്നതെന്തിന്...
നീ പെയ്തു തുടങ്ങിയ നാളിലാണ് എന്നില്‍ നിന്നും മലിനത ഒഴുകി പോകാന്‍ തുടങ്ങിയത്. നീ തെളിഞ്ഞത് മുതലാണ്‌ ഞാന്‍ ഒഴുക്കിലെ തെളിനീര്‍ കണ്ടു തുടങ്ങിയത്. എന്നിട്ടും വെളിച്ചമേ വെളിച്ചമെന്ന് നിനക്കുന്ന പലതിലും ഞാന്‍ നിന്നെ ചേര്‍ക്കുന്നു എന്നോ... നീയല്ലേ സത്യം.. എനിക്കിപ്പോള്‍ വെള്ളത്തിനടിയിലെ ചരല്‍ പാത കാണാം.
പ്രനയത്തിലാണ്ട് നില്‍ക്കുമ്പോള്‍ സന്ധ്യയില്‍ ഏറ്റവും ചെറിയ പക്ഷിയുടെ ചിറകടിക്ക് വല്ലാത്ത മുഴക്കം. വായുവില്‍ വീശുന്ന ആ ചിറകിന്റെ വിവശത എത്രയോ നേരം മേഘത്തിനു വിങ്ങലാവുന്നു. നേരിന്റെയോ നേരില്ലായ്മയുടെയോ അടയാളങ്ങളില്ല. സ്വപ്നങ്ങളില്ല. പാത പോലും വേണ്ടാത്ത സഞ്ചാരം. പിന്നെ വിവശതയുടെ വര്‍ത്തമാനങ്ങള്‍ .. തിരകളില്‍ പെട്ട് ഉലയുന്ന പായ്ക്കപ്പല്‍ പോലെ ഞാന്‍ ... അങ്ങ് ദൂരെ ഇരുന്നു എന്നിലെക്കെറിയുന്ന ചുംബനങ്ങള്‍ എന്റെ ഹൃദയത്തെ പാതാളത്തോളം താഴ്ത്തുന്നു. അതിഭാരത്തിന്റെ നൊമ്പരം. പ്രണയം ചിറകില്‍ പോലും പടര്‍ന്നിരിക്കുന്നു.
ഹൃദയത്തിനുള്ളില്‍ ആ ഉറവകള്‍ വെയിലില്‍ തിളങ്ങുന്നത്.. അത് കണ്ണീരല്ല പരമമായ പ്രണയമാണ്. പ്രണയത്തില്‍ ആകുമ്പോള്‍ പിന്നെ വേദനയുടെ ഓളം വെട്ട്‌. പാതിരാതിയിലെ കനത്ത നിശബ്ദതയില്‍ വെള്ളത്തിനു മേല്‍ വന്നു വെട്ടി നീങ്ങുന്ന മത്സ്യം. അല്ലെങ്കില്‍ അനന്തതയിലെക്കെന്ന പോലെ സഞ്ചരിക്കുന്ന തോണിയില്‍ നിന്നും വീഴുന്ന തുഴ പകരുന്ന ഒച്ചകള്‍ ... അകലേക്ക് നേരത്ത് നേരത്ത് നീങ്ങുന്ന ആ സംഗീതം. പിന്നെ ഭയങ്കരമായ ശൂന്യത...
നീയൊരു മൂലയില്‍ ഒതുങ്ങുന്നു. ശരിക്കും ആ മൂലയിലിരുന്നു നീ വിശാലമായൊരു ലോകം കാണുന്നു. നിന്റെ തന്നെ ആത്മാവുള്ള ഒരിടം. എനിക്ക് തോന്നുന്നു, ഏതോ കാലത്തെ തുടര്‍ച്ചയിലാണ് നീ. പണ്ടത്തെ ആ നിശബ്ദതയുടെ മഞ്ഞു പെയ്ത താഴ്വരയില്‍ വച്ച് തെറിച്ചു പോയൊരു ആത്മപാതിക്കു വേണ്ടിയുള്ള പരക്കം പാച്ചില്‍ .. നീ കരഞ്ഞ നിലാവും. എന്റെ ഹൃദയ കുനുപ്പുകളില്‍ പിടി മുറുക്കുന്ന വെളിച്ചവും...
മണ്ണിന്റെ സുഗന്ധമേറ്റു ഞാന്‍ കിടക്കുന്നു.... ശരിക്കും ചിറകൊടിഞ്ഞ പക്ഷിയെ പോലെ ... ഒരായിരം തുള്ളികള്‍ പെയ്തിറങ്ങുന്നുണ്ടെങ്കിലും ഞാന്‍ ഒരു ദാഹാര്‍ത്തയായ വേഴാമ്പലിനെ പോലെ പിന്നെയും മഴ കാത്തുകിടക്കുന്നു.
ഒരില തണലില്‍ കിടക്കുന്ന നിന്റെ ആലസ്യം കനത്ത നോട്ടമേറ്റ് എന്നില്‍ പ്രണയം ആളുന്നു. ഒരു കുടുന്ന ജലമായി വന്നു നീയെന്നില്‍ നിമിഷം തോറും വളരുന്നു... നിന്റെ മൂകത എന്നില്‍ പ്രണയം കായ്ക്കുന്ന മരമായി വളരുമ്പോള്‍ ഉള്ളാലെ ചൊല്ലുന്നു ഹൃദയം, നിന്നെ എനിക്കെന്തിഷ്ടമെന്നോ... പ്രണയം ചൊല്ലുന്നു ഒച്ചകളരുത്.
എന്റെ പ്രണയം നിനക്കുള്ളതെന്ന്..
ഞാനും നീയും ഈ ചെറു ദൂരത്തെ ഇത്തിരി ചെറിയ ഒത്തിരി വലിയ സത്യം. അതുകൊണ്ടല്ലേ എന്നില്‍ നിന്നെ കാണുന്നത്.. നോക്കൂ, നിന്റെ ശ്വാസം മുട്ടല്‍ എന്നില്‍ അലയടിക്കുന്നു... നിന്റെ കണ്ണ് നിറഞ്ഞത്‌
എന്റെ ഹൃദയം ഏറ്റു വാങ്ങുന്നു... ജലപ്പരപ്പില്‍ ഒന്നെത്തി നോക്കി എന്റെ ഹൃദയത്തില്‍ ഓളങ്ങള്‍ പണിതു നീ
വീണ്ടും അടിത്തട്ടിലേക്ക്... ജലപ്പാളികളില്‍ നീ എന്തെടുക്കുകയാവാം. എന്നെ അയവിറക്കുന്നോ. എങ്കില്‍ എന്നില്‍ സുഷിരങ്ങള്‍ വീഴുന്നു. നിന്റെ വരവ് എന്നില്‍ പ്രണയം ചൊരിയുന്നു.. അകലേക്ക്‌ ചിറകടിച്ചു നീങ്ങുന്നത്‌ എന്നെ എത്തി പിടിക്കാനാണ്. ഞാന്‍ അകലെയല്ല. ഇവിടെയാണ്‌. നീ ഏതില്‍ നിന്നാണോ പുറപ്പെട്ടത്‌ അത് ഞാനാണ്. എന്നില്‍ നിന്നും നീ എവിടെക്കാണ്‌ എന്നെ തിരഞ്ഞു അലയുന്നത്. ഉള്‍ കണ്ണ് തുറക്കുക. നിന്നെ നോക്കുക. അവിടെ ഞാനുണ്ട്. എന്നില്‍ നിന്നും പുറപ്പെട്ട നാളമേ, മടങ്ങി വരിക എന്റെ ആത്മാവ് നിനക്കിതാ തരുന്നു ; നിനക്ക് മതിയാവുവോളം കൊത്തി പറിക്കുക. അശേഷം ഭാരമില്ലാതെ മേയുക...


എന്തിനാണ് ഞാനിങ്ങനെ ഒഴുകുന്നതെന്നോ! നീ ഒഴുക്കല്ലേ; അപ്പോള്‍ എങ്ങനെ ഞാന്‍ ഒഴുകാതിരിക്കും. ഒഴുക്കുകള്‍ ചേരുന്നിടത്ത്‌ പതയലും ചുഴിയും... നീ ഓടി എന്നിലെത്തുമ്പോള്‍ എന്റെ ആത്മാവ് ചാഞ്ഞു പോകുന്നു. ഭാരത്തിന്റെയോ ഭാരമില്ലായ്മയുടെയോ കിതപ്പുകള്‍ .. ഇത് താളം കൊട്ടി പോകുന്ന തീവണ്ടി ബാക്കി വയ്ക്കുന്ന നിശ്വാസം. പ്രണയമേ, പ്രണയത്തിനു പലായനത്തിന്റെ മുറുക്കമുണ്ട്. ചില നേരത്തത് മരണ വെപ്രാളത്തോടെ.
നിന്റെ ഹൃദയ പല്ലുകള്‍ എന്നില്‍ മുറുകുന്നു. എന്തൊരു കടിയാണ് നിന്റെത്. എനിക്ക് വയ്യ. ഈ മധുരമുള്ള ഭാരത്തിനു എന്ത് ഭാരം സഖീ...
ഒഴുകണം. ആ ഒഴുക്കില്‍ നിറയണം.. മഴയില്‍ പ്രാര്‍ഥനയോടെ ചാഞ്ഞു നില്‍ക്കുന്ന മര ചില്ല പോലെയാവണം. എന്നില്‍ നീ വീശുമ്പോള്‍ ഞാന്‍ അങ്ങനെ നിന്ന് തരും.. നിന്റെ കിതപ്പുകളും നെടുവീര്‍പ്പുകളും ഞാനേറ്റു വാങ്ങും. മഴയുടെ തോരണങ്ങളില്‍ പരിസരം നഷ്ടപ്പെടും പോലെ നമ്മുടെ ഉടലുകള്‍ ഇല്ലാതാവാം. പിന്നെ നാം മഴയാവും. നാം കാലദേശം വെടിഞ്ഞു പെയ്തുകൊണ്ടിരിക്കും.
എനിക്കിപ്പോള്‍ നിന്നോടുള്ള പ്രണയം ആളിപ്പടരുന്നു... നിനക്കോ? എനിക്കറിയില്ല. നീയ്ങ്ങനെയാണ് പ്രണയത്തെ വരവേല്‍ക്കുന്നത് എന്ന് എനിക്കറിയില്ല. എങ്കിലും എനിക്ക് തോന്നുന്നത് ചൊല്ലട്ടെ, ഒരു സമാധാന പാതയില്‍ രണ്ടു ബിന്ദുക്കള്‍ ‍, എങ്ങു നിന്നോ യാത്ര തിരിച്ചവ... എവിടെയൊക്കെയോ നാം ഇണങ്ങുന്നു...
എന്റെ അക്ഷരങ്ങള്‍ നീയാണ്. ആ ഹൃദയത്തുടിപ്പുകള്‍ ഏറ്റാണ് ഞാനിപ്പോള്‍ എഴുതുന്നത്‌. നോക്കൂ, നിന്നില്‍ അണയാന്‍ ശ്രമിക്കുന്ന ഒരു തിരയാണ് ഞാന്‍ . ഞാന്‍ ജ്വലിക്കുകയാണ്. പറയു, ഇത് പ്രണയമല്ലേ...
ഇടറുന്ന നിന്റെ ഹൃദയത്തിലെ ഞാനെന്റെ ഹൃദയം വയ്ക്കട്ടെ. കത്തുമ്പോള്‍ നമുക്കൊരുമിച്ച്... വിളയുന്ന വിയര്‍പ്പു മഷിയാക്കി നമുക്ക് കവിതയെഴുതാം... വകതിരിവില്ലാതെ കിടക്കുന്ന കൈ വെള്ളയിലെ വരയില്‍ ഇടയ്ക്കു നീ നോക്കുന്നതെന്തിന്... അവിടെ നീ എന്നെയാണോ തേടുന്നത്? ഇടതു കൈത്തണ്ടയിലെ ആ കൊച്ചു മറുക് എന്റെ നോട്ടമായി കരുതുക. ഞാന്‍ നിന്നെ നോക്കി കൊണ്ടിരിക്കുകയാണ്. ഹൃദയം തുറക്കുന്ന വേളയില്‍ കയറിപ്പറ്റാന്‍ ... പിന്നെ നീ തല്ലിയോടിചിട്ടെന്ത്, എങ്ങും പോകാതെ ഞാന്‍ നിന്നില്‍ ചുരുണ്ട് കൂടി ഇരിക്കും. എനികതാണ് ഇഷ്ടം. നിന്നെ പ്രണയിച്ചു കൊണ്ടിരിക്കുക..
സന്ധ്യയില്‍ എന്തിനാണ് ഹൃദയത്തില്‍ കൊളുത്തുകള്‍ പാകി നീയെന്നെ വലിച്ചത്. വല്ലാത്ത നോവോടെ യാതൊന്നും ചെയാനാവാതെ ഞാന്‍ നിന്നു. പൊടി കയറി വിറങ്ങലിച്ച വേനല്‍ മരങ്ങള്‍ ഒക്കെ സൌന്ദര്യം ചൊരിയുന്നതായി തോന്നി. എന്റെ പ്രണയമേ, ആ നിമിഷം നീ ചാരെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി...


മറഞ്ഞിരിക്കുന്ന നിന്നെ ഹൃദയം കൊണ്ട് എത്തി പിടിക്കുന്നു. ആഞ്ഞാഞ്ഞു വലിക്കുകയും. എന്റെ ഹൃദയ വലിവ് എങ്ങനെയോ അത് പോലെ അവിടെയും.. കൈകാലുകള്‍ ഇല്ലെങ്കിലെന്ത്‌, പാതകള്‍ ഇല്ലാതിരുന്നിട്ടും അതവിടെ പിടി മുറുക്കുന്നുണ്ട്.
എന്റെ പാതിയെ തേടിയുള്ള അലച്ചിലിനെ വിരഹം എന്ന് പറയാമോ.. ഞാന്‍ തേടി അലയുന്നു എന്നത് ശരിയാണ്... അലച്ചിലില്‍ ഒരു നൊമ്പരമുണ്ട്, അനുഭൂതിയുണ്ട്... നനഞ്ഞ കണ്ണാടി ചില്ലിനപ്പുറത്തെ മങ്ങിയ മുഖവും... പ്രണയം ഇരിക്കാന്‍ ഇരിപ്പിടം തേടുന്നത് ... അതല്ലേ ശരി..
കഴിഞ്ഞ ദിവസം കാറ്റ് പറഞ്ഞത്,
നീ പ്രണയത്തെ ഇങ്ങനെ പ്രണയിക്കരുത്.... ഇതു വായിച്ചാല്‍ ചിലപ്പോള്‍ എന്നിലും പ്രണയത്തിന്റെ പൂമൊട്ടുകള്‍ വിരിയും... പിന്നെ ഞാന്‍ എന്റെ പ്രണയത്തെ കണ്ടുപിടിക്കാനും അതിന്റെ വിരഹത്തില്‍ സ്വയം ചാമ്പലാവാനും ശ്രമിക്കും...

പ്രണയത്തിലായി
സ്വയം ചാംബലാകുന്നത് ഒരു സുഖമല്ലേ...
ഉള്ളാലെ കരയുന്ന നീ
പിന്നെയും ചൊല്ലുന്നു
പ്രണയം തേടി അലയുന്നതിനെ കുറിച്ച്...
പ്രണയം ഒരു യോഗമാണ്...
പ്രണയം ഇല്ലാത്തവരെ എന്തിനു കൊള്ളാം.
അവര്‍ കരിമ്പാറയുടെ പരുപരുത്ത തലം.
പ്രണയം ദൈവീകമാണ്‌..
പ്രണയം ഹൃദയ ഭിത്തിയില്‍ തട്ടിയാല്‍
പിന്നെ ഇരിക്കാനാവില്ല...
തലയില്‍ തീ പടര്‍ന്നവളെ പോലെ ഓടുക...
നിന്റെ ഹൃദയത്തില്‍
പ്രണയത്തിന്റെ പൂമൊട്ടുകള്‍ വിരിയുന്നത്
എനിക്ക് കാണാം...
വഴി നീളെ പൂത്ത വാക മരത്തിന്റെ
ചോരപ്പായി ആളുകയും......

എന്റെ നിശബ്ദതക്കു വേദനയുടെ നിറമാണ്‌. നഷ്ടപെട്ട പ്രണയത്തിന്റെയും, വസന്തത്തിന്റെയും മണമുള്ള വേദന. അതൊരു അഗ്നിയായി എന്നില്‍ കത്തിപടര്‍ന്നു; എന്നെ തന്നെ ഇല്ലാതാക്കുന്നത് വരെ ഞാന്‍ ആ നിശബ്ദതയുടെ കൂടുകാരിയായിരിക്കും.
കര്‍ക്കിടകത്തിലെ ഇരുണ്ട സന്ധ്യ പോലെ ചിലപ്പോള്‍ ... അല്ലെങ്കില്‍ നനഞ്ഞ സായാഹ്നത്തിന്റെ വിങ്ങല്‍ ... ചിലപ്പോള്‍ മഴ തോര്‍ന്ന മരത്തില്‍ നിന്നും ഇറ്റു വീഴുന്ന തുള്ളി പോലെ.. കരിയിലയില്‍ വന്നു വീഴുമ്പോഴും തുള്ളികള്‍ക്കൊരു ഒച്ചയുണ്ട്. നിന്റെ ഹൃദയ തുടിപ്പ് പോലെ...
നനഞ്ഞ തോര്‍ത്തു പിഴിയുന്നത് പോലെയാണ് ആത്മാവ് ആത്മാവിന്റെ ഞെരിക്കുന്നത്‌. എത്ര ബലം കൊണ്ടാലും പോരാതാവുകയും. അപ്പോള്‍ എന്നിലും നിന്നിലും ആ നിലവിളിയുണ്ട്. കൊടുങ്കാറ്റു വേഗത്തില്‍ ഉയര്‍ന്നു തൊണ്ടയില്‍ തിങ്ങുന്ന നിലവിളി...
ഉള്ളില്‍ ആളി വിമൂകം പ്രാര്‍ഥനയോടെ നില്‍ക്കുന്ന ആ തിരിയുടെ വെട്ടവും ചൂടും എനിക്ക് കിട്ടുന്നുണ്ട്‌. എന്തിനാണ് അത് വളഞ്ഞു പുളഞ്ഞു എന്നില്‍ ആണ്ടിറങ്ങുന്നത് എന്ന് എനിക്കറിയില്ല. എങ്കിലും ആ വരവ് ഞാന്‍ ഇഷ്ടപ്പെടുന്നു...
നിന്റെ നിശബ്ദതയെ മഴയായി കാണുന്നു.
കാര്‍മെഘത്തിനുള്ളില്‍ വിങ്ങുന്ന തുള്ളിയായി നീ.
ഞാനത് ഏറ്റെടുക്കുന്നു,
നിന്റെ ഓരോ പെയ്ത്തും എനിക്ക് ഊര്‍ജമാണ്..


മഴ പെയ്യുമ്പോള്‍
മണ്ണിന്റെ പ്രാര്‍ത്ഥന
തോരാതെ പെയ്യുക.
പ്രണയം വന്നു മുട്ടുമ്പോള്‍
ഹൃദയത്തിന്റെ പ്രാര്‍ത്ഥന
എന്നിലാകെ നിറയുക.
പകരം ഞാന്‍ പ്രണയമായി
നിന്നെ മൂടാം.
നിന്റെ നിശബ്ദതയിലാകെ
ഞാന്‍ അതി വാചാലതയാവാം.
പിന്നെ ചുഴിയിലേക്ക്
ഇലയെന്ന പോലെ
നിന്റെ ഹൃദയത്തിലേക്ക്
ഞാന്‍ ...
പ്രണയം വന്നു മൂടുമ്പോള്‍
യാഗാഗ്നിയുടെ തരിപ്പ്...
പിന്നെ അതുമായി
ഞാനെന്റെ ശാന്തി നുകരാം.

രാത്രി മഴയില്‍ മുറിഞ്ഞു പോയ നെടുവീര്‍പ്പുകളെ ചേര്‍ത്തു ഞാനൊരു മാല തീര്‍ക്കുന്നുണ്ട്. എന്ത് പേര് കൊടുക്കണം, പ്രണയത്തിന്റെ മധുര നൊമ്പര സഞ്ചാരം, എന്നില്‍ നിന്നെ കുടിയിരുത്തിയുള്ള പിടച്ചില്‍ ...
അത് അങ്ങനെയാണോ, ചുവ നിറത്തില്‍ കിലുങ്ങാതെ നിശബ്ദം കേഴുന്ന മുത്തുകള്‍ ... കൂടിചേരുമ്പോള്‍
മഞ്ചാടിയെക്കാള്‍ തിളക്കത്തില്‍ ...
ഹൃദയം തുണ്ട് തുണ്ടായി അടര്‍ന്നു പോകുന്നത് പോലെ. ഹൃദയത്തിന് നനഞ്ഞൊരു തുണി വേണം. പല്ലുകള്‍ക്കിടയില്‍ അമര്‍ത്താന്‍ . ഇതൊരു തോരാ വേദനയുടെ തുടക്കമോ എന്നോര്‍ക്കാതെയല്ല. പ്രണയം പനിച്ചാല്‍ പിന്നെ വിയര്‍ക്കാതിരിക്കുന്നതെങ്ങനെ. ആ വിയര്‍പ്പിലെ ഒഴുക്കില്‍ കവിതകള്‍ പാറും. പ്രണയത്തിന്റെ വിയര്‍പ്പിന് ഉപ്പു രസമല്ല. അതിനു രുചിയെ ഇല്ല. എന്നാല്‍ അതാണ്‌ ശരിയായ രുചിയും.


സായാഹ്നം പെയ്യുന്ന നാട്ടുവഴിയില്‍ നോക്കി അവള്‍ ... കാറ്റില്‍ പെയ്യുന്ന ഓരോ ഇല മഴയും തന്നില്‍ കോറുന്ന വികാരം അവനാണ്...അങ്ങകലെ ഇരിക്കുന്ന അവനിലേക്ക്‌ തന്റെ ശ്വാസം എത്തുന്നുണ്ട്. അത് ഒരിളം കാറ്റ് കണക്കെ തന്നെയാകെ പൊതിയുന്നു. കിണറ്റില്‍ ചെന്ന് വീഴുന്ന പാള കൊണ്ടുണ്ടാക്കിയ ആ തൊട്ടി പോലും സംഗീതം ഉണ്ടാക്കുന്നു. പറങ്കി മാവില്‍ വന്നിരിക്കുന്ന ആ പൂത്താംകീരിക്ക് പോലും എന്ത് ചന്തമെന്നോ! കാഴ്ചയില്‍ നൃത്തം ചെയ്യുന്ന ആ നിറങ്ങള്‍ എന്നെ മൂടാന്‍ വരികയാണോ?
പ്രണയമേ ഞാന്‍ നിന്നെ ആരാധിക്കുന്നു. പ്രണയ നഷ്ടം എന്നൊന്നില്ലെന്ന് അറിഞ്ഞത് നിന്നിലൂടെ. പ്രണയത്തില്‍ എവിടെയാണ് പരാജയം! ഉടലിനെ പ്രണയിക്കുന്നു എങ്കില്‍ ഉടല്‍ നഷ്ടപ്പെടുന്നതോടെ പ്രണയവും അവസാനിക്കുന്നു. ഞാന്‍ അങ്ങനെയല്ല. നിന്റെ രൂപം അല്ല എന്നെ പ്രണയത്തിലേക്ക് ക്ഷണിച്ചതും അതിന്റെ ആഴത്തില്‍ അടക്കി പിടിച്ചിരിക്കുന്നതും. നീയെനിക്ക് എന്നിലെ പ്രണയം തിരിച്ചറിയാന്‍ നിമിത്തമായി എന്ന് മാത്രം.
അപ്പോള്‍ ഞാന്‍ പ്രണയിക്കുന്നത്‌ എന്നെ തന്നെയോ? എന്നിലെ എന്നെ നിന്നില്‍ വച്ചിട്ടാണോ ഞാന്‍ പ്രണയിക്കുന്നത്‌?
അല്ലയോ പ്രണയമേ എനിക്കൊന്നും അറിയില്ലല്ലോ!
ചില ഏകാന്തതകളില്‍ നിന്നില്‍ അലിയുമ്പോള്‍ എന്റെ മുലകള്‍ ചുരത്താന്‍ നില്‍ക്കുന്നത് പോലെ. അപ്പോള്‍ അഗ്നി കുണ്ടത്തില്‍ ചാടി എരിയാനുള്ള ആവേശം പോലുമുണ്ട്...
ഇടവഴിയുടെ അറ്റത്ത്‌ ആരോ പുകച്ച കരിയിലകള്‍ . ആകാശത്തെക്കുയരുന്ന പുകയില്‍ പ്രണയം തേടുമ്പോള്‍ ആത്മാവിന്റെ പരിസരങ്ങളില്‍ വിയര്‍പ്പു പൊടിഞ്ഞു. കാലവും കാലമില്ലായ്മയും ഒരേ ബിന്ദുവില്‍ കിടന്നു കറങ്ങുകയാണല്ലോ.
അനന്തമായി അങ്ങനെ നോക്കുമ്പോള്‍ പുകമറക്കപ്പുറം കുടില്‍ സങ്കല്‍പ്പിച്ചു. പ്രണയം നഗ്നപാദനായി നടക്കുന്നു. നെഞ്ചുരുകി, മുലകള്‍ക്കിടയില്‍ കെട്ടി നില്‍ക്കുന്ന ഭാരം...

Followers

About The Blog


MK Khareem
Novelist