എന്തിനാണ് ഈ വേദനയെന്ന് അറിയാതെ. എന്തോ ഒന്ന് അലട്ടുന്നുണ്ട്. എന്താവാം. ഭാഷയില്‍ ഇല്ലാത്ത ഒന്ന്. എന്റെ കാലത്തിന്റെ അതിരുകളില്‍ പ്രണയം പെയ്തു നില്‍ക്കുന്നു. അതെന്നിലേക്ക് അടുക്കാന്‍ മടിച്ചും. ചിലപ്പോഴൊരു ഞൊണ്ടി കാറ്റ് അടക്കം പറയുന്നുണ്ട്, മലിന നീക്കി പുറത്തു വരാന്‍ ..
മനസ്സ് തെളിവെയില്‍ നുകരാന്‍ കൂട്ടാക്കുന്നില്ല. കടലാസിലെ സ്വപ്നങ്ങള്‍ അയവിറക്കി നാറുന്ന ഇരുട്ടിനെ വെളിച്ചമായി കണ്ടു. കുണ്ടിലാണ്ട ആത്മാവ് പുറത്തേക്ക് ചാടാന്‍ വെമ്പുന്നുണ്ട്.
ഒരിക്കല്‍ നിന്നോട് പറഞ്ഞിട്ടുണ്ട്, എന്നിലുള്ളത് എന്താണോ അത് തന്നെ പ്രകൃതിയിലും അനുഭവിക്കാനാവുന്നു.. എന്നില്‍ പ്രണയം കെടുമ്പോള്‍ മരവിപ്പായി മടക്കി കിട്ടുന്നു. എന്നിലുള്ള ഈ വേദന പ്രകൃതിയുടെതോ, അല്ലെങ്കില്‍ എന്നില്‍ നിന്നും പുറപ്പെട്ടു കനംവച്ചു മടങ്ങി വരുന്നതോ...
പേനത്തുമ്പില്‍ നിന്നും ഇറങ്ങി പോയ കഥാപാത്രം അകലങ്ങള്‍ തേടുന്നു. ഓടിത്തളര്‍ന്ന വണ്ടി പോലെ ഈ പാളത്തില്‍ ഞാന്‍ വെറുതെ നില്‍ക്കുന്നു. എങ്കിലും ഒച്ചയില്ലാതെ പ്രണയം അലയടിക്കുന്നുണ്ട്. വേഗത്തിനു വേഗമെന്നു അറിയുന്നത് പ്രാണനില്‍ പ്രാണന്‍ പിടി മുറുക്കുമ്പോള്‍ ...
എന്റെയീ വേദനയുടെ പൊരുള്‍ നീയാണ്.. നിന്റെ നഖങ്ങളാണ് എന്റെ ഹൃദയത്തില്‍ പിടി മുറുക്കുന്നത്. ഞാനീ നോവിന്റെ ചാലിലൂടെ ഉഴറി നടക്കാം. യാത്രയില്‍ ഏതോ ഇടവഴിയില്‍ കളഞ്ഞു പോയ വേദനയുടെ മടങ്ങി വരവായി കരുതട്ടെ. മുറിവില്‍ തൂലിക മുക്കി എഴുതട്ടെ...
പ്രാണന്‍ അറിയുന്നുണ്ട്, ഉള്ളില്‍ പിടി മുറുകുന്നത്, അദൃശ്യമായ വിരലുകളും മുഖവും.
മനുഷ്യന് കിട്ടിയ വരദാനത്തിനു പ്രകൃതിയുമായൊരു കരാറുണ്ടായിരുന്നു. നല്ലത് ചിന്തിച്ച് സല്‍കര്‍മങ്ങള്‍ ചെയ്ത് പ്രകൃതിയെ ഊര്‍ജസ്വലമാക്കാന്‍ . എന്നില്‍ നിന്നും ചെല്ലുന്നത് എന്തോ അത് പ്രകൃതി പക്ഷി മൃഗാദികള്‍ക്ക് പകര്‍ന്നു കൊടുക്കുമെന്നും. അത് പ്രണയമെങ്കില്‍ അതുവഴി സ്വര്‍ഗീയാനുഭൂതി നിറയുമെന്നും.
യാത്രയില്‍ മനുഷ്യന്‍ സ്വാര്‍ത്ഥതയുടെ കളിയരങ്ങായി. തിന്മകള്‍ വളര്‍ന്നു. വെളിച്ചം കെടുകയും.
മനുഷ്യന്റെ നെഗറ്റീവ് ചിന്തയാണ് പ്രകൃതിയില്‍ നിന്നും വായിക്കാനാവുക.. നോക്കിയിരിക്കെ അംഗവൈകല്യം വന്നവളെ പോലെ പ്രകൃതി. ഞാന്‍ കൊടുക്കുന്ന നെഗറ്റീവിന്‌ അടിപ്പെട്ടു പ്രകൃതി. മറ്റു ജീവികള്‍ക്ക് അത് തന്നെ കിട്ടുമ്പോള്‍ പ്രകൃതിയാകെ ഇരുണ്ടു പോകുന്നു.
ഞാനീ വാതിലുകള്‍ അടക്കട്ടെ. തനിയെ ഇരിക്കട്ടെ. എല്ലാത്തരം ആരവങ്ങളും ഒഴിഞ്ഞു പോകട്ടെ. ഞാനെന്റെ പ്രണയത്തോടൊപ്പം സഞ്ചരിക്കട്ടെ...

4 comments

 1. മനുഷ്യന് കിട്ടിയ വരദാനത്തിനു പ്രകൃതിയുമായൊരു കരാറുണ്ടായിരുന്നു. നല്ലത് ചിന്തിച്ച് സല്‍കര്‍മങ്ങള്‍ ചെയ്ത് പ്രകൃതിയെ ഊര്‍ജസ്വലമാക്കാന്‍ . എന്നില്‍ നിന്നും ചെല്ലുന്നത് എന്തോ അത് പ്രകൃതി പക്ഷി മൃഗാദികള്‍ക്ക് പകര്‍ന്നു കൊടുക്കുമെന്നും. അത് പ്രണയമെങ്കില്‍ അതുവഴി സ്വര്‍ഗീയാനുഭൂതി നിറയുമെന്നും.
  എല്ലാത്തരം ആരവങ്ങളും ഒഴിഞ്ഞു പോകട്ടെ. ഞാനെന്റെ പ്രണയത്തോടൊപ്പം സഞ്ചരിക്കട്ടെ...
  പുനര്‍ജനി തേടുന്ന പ്രണയം പടര്‍ന്നു കൊണ്ടേ ഇരിക്കുന്നു ..ഇരുളിലേക്ക് വെളിചം ചെന്നെത്തുന്ന പോല്‍ ....മനോഹരം ഈ വരികള്‍

   
 2. Anonymous Says:
 3. മനോഹരം !

   
 4. എന്റെയീ വേദനയുടെ പൊരുള്‍ നീയാണ്.. നിന്റെ നഖങ്ങളാണ് എന്റെ ഹൃദയത്തില്‍ പിടി മുറുക്കുന്നത്. ഞാനീ നോവിന്റെ ചാലിലൂടെ ഉഴറി നടക്കാം. യാത്രയില്‍ ഏതോ ഇടവഴിയില്‍ കളഞ്ഞു പോയ വേദനയുടെ മടങ്ങി വരവായി കരുതട്ടെ. മുറിവില്‍ തൂലിക മുക്കി എഴുതട്ടെ...

   
 5. പ്രണയത്തിന്റെ അസ്തിത്വങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ദര്‍ശിക്കാനാവുന്നതു കരുണയാണ്..അഹങ്കാരവിമുക്തമായ കരുണാമയമായ ഹൃദയത്തിലെ പ്രണയം വാഴുന്നുള്ളൂ...പ്രകൃതിയോടുള്ള അടക്കാനാവാത്ത പ്രണയം ..കാലത്തിനും ലിംഗത്തിനും ബാഹ്യ സൌന്ദര്യത്തിനും അതീതമായ പ്രണയം ..അതുള്‍കൊള്ളാനാവണമെങ്കില്‍ നന്മയുടെ മേലാടയില്‍ പൊതിഞ്ഞ ശുഭചിന്താഗതിയുണ്ടാകണം ...പ്രണയം ​നന്മയുള്ളവരോടൊപ്പം പ്രപഞ്ചമുണ്ടാകും വരെ തന്റെ സഞ്ചാരം തുടരട്ടെ ..

   

Post a Comment

Followers

About The Blog


MK Khareem
Novelist